കോവിഡ് കാലത്തെ ആരോപണ പ്രത്യാരോപണങ്ങള്‍

2020 ഏപ്രില്‍ 17
കോവിഡ് കാലത്തെ ആരോപണ പ്രത്യാരോപണങ്ങള്‍
സുധീര്‍ നാഥ്


രാജ്യം കോവിഡ് ഭീതിയിലാണെന്നങ്കിലും ദേശിയ പ്രാദേശിക തലത്തില്‍ പഴിചാരുന്നത് വ്യാപകമായി തുടരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു കൂട്ടര്‍ വ്യാപകമായി കല്ലെറിയുന്നു. സംസ്ഥാനങ്ങളിലെ സ്ഥിതിയും മറിച്ചല്ല. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഭരിക്കുന്ന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടക്കുന്നു. ഇതിനിടയിലാണ് ജാതി തിരിച്ചുള്ള ആക്ഷേപം. കോവിഡിന്‍റെ ഭീതിജനകമായ കാലത്തും രാജ്യത്ത് നടക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ രാജ്യത്തിന്‍റെ ആരോഗ്യകരമായ കെട്ടുറപ്പിനെ ദേഷകരമായി ബാധിക്കും.

കൊറോണ വൈറസ് ഡിസീസ് എന്ന കോവിഡ് 19 രാജ്യത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാന്ന്. ചൈനയില്‍ വുഹാനില്‍ നിന്ന് വന്നവരായിരുന്നു അവര്‍. പിന്നാലെ വുഹാനില്‍ കുടുങ്ങി കിടന്ന ഇന്ത്യക്കാരെ പ്രത്യേക വിമാനം അയച്ച് ഡല്‍ഹിയില്‍ എത്തിച്ചു. ജനുവരി 31നും ഫെബ്രുവരി 2നും എയര്‍ ഇന്ത്യ വുഹാനില്‍ നിന്ന് 647 ഇന്ത്യക്കാരെ രക്ഷപെടുത്തി. മലയാളികളടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വുഹാന്‍ വിമാനതാവളത്തില്‍ പരിശോധന പൂര്‍ത്തിയാക്കിയാണ് വിമാനത്തില്‍  ഇന്ത്യന്‍ വംശജരെ കയറ്റിയത്.

ഫെബ്രുവരി അവസാന വാരം കോവിഡ് ലോകമാകമാനമുള്ള മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ സംസാര വിഷയയായിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ഇന്ത്യയില്‍ പറന്നിറങ്ങിയപ്പോള്‍ അവിടെ, അമേരിക്കയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച മനുഷ്യരുടെ എണ്ണം നൂറിനോടടുക്കുകയായിരുന്നു. അന്ന് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ വഴി രാജ്യത്തിന് അപകട സൂചന നല്‍കിയിരുന്നു എന്നത് വാസ്ഥവമാണ്. ലോക പരിചയമുള്ള ശശി തരൂരും കോവിഡ് വൈറസിന്‍റെ അപകടമായ വരവിനെ രാഥത്തിന് മുന്നില്‍ അവതരിപ്പിച്ചിരുന്നു. പക്ഷെ അതിന് കേന്ദ്ര സര്‍ക്കാര്‍ ചെവികൊടുത്തില്ല എന്ന വീഴ്ച തിരിഞ്ഞ് നോക്കിയാല്‍ ബോധ്യപ്പെടും.

പാര്‍ലമെന്‍റ് സമ്മേളനം മാര്‍ച്ച് മാസം സജീവമായി നീണ്ടത് വ്യാപക പ്രതിഷേധത്തിന് ഇടനല്‍കിയിരുന്നു. രാജ്യം അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ലോകരാജ്യങ്ങളില്‍ പടരുന്ന വൈറസിനെതിരെ ഭയത്തോടെ നോക്കി കണ്ടു. കേരളവും ഗോവയും ശക്തമായ നടപടികളുമായി മുന്നേറി. കേന്ദ്ര ആരോഗ്യ വകുപ്പ് രാജ്യത്ത് നിയന്ത്രണങ്ങള്‍ മാത്രം കൊണ്ടു വന്നു. നീപ്പ വൈറസിന്‍റെ വ്യാപനം തടഞ്ഞ അനുഭവ പരിചയം കേരളത്തിന് തുണയായി.

മാര്‍ച്ച് 10ന് കേരളം ശക്തമായ നടപടികളുമായി മുന്നിട്ടിറങ്ങി. പിന്നാലെ മറ്റ് സംസ്ഥാനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വൈറസ് പരക്കുന്നത് തടയുവാന്‍ നടപടികള്‍ എടുത്തു. തമിഴ്നാട്ടില്‍ റോഡരുകിലിരുന്ന് ഇഡിലി തിന്നുന്ന ആരോഗ്യ മന്ത്രിയുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ച്, പ്രതിരോധ പ്രവര്‍ത്തനത്തിന് തമിഴ്നാട് മോഡല്‍ കണ്ട് പഠിക്കണമെന്ന് പറഞ്ഞ് കേരളത്തിന്‍റെ നടപടികളെ പരിഹസിക്കകയുണ്ടായി. പക്ഷെ ഇപ്പോള്‍ കോവിഡ് രോഗികളുടെ എണ്ണം കൊണ്ട് തമിഴ്നാട് രാജ്യത്തിന് തന്നെ ഭീഷണി ഉയര്‍ത്തുന്ന സ്ഥിതിയിലാണ് ഉള്ളത്.

കോവിഡ് രോഗം രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന അവസരത്തിലാണ് മധ്യപ്രദേശ് സര്‍ക്കാരിനെ അട്ടിമറിച്ച് ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി ചുമതല ഏറ്റത്. ഇതിന് പിന്നാലെ പാര്‍ലമെന്‍റ് സമ്മേളനം നിര്‍ത്തിവെയ്ക്കാനും, രാജ്യം ലോക്ക് ഡൗണിലേയ്ക്ക് പോകാനും തീരുമാനമായി. വ്യോമയാന മേഖലയും, റെയില്‍, പൊതുഗതാഗത മാര്‍ഗ്ഗങ്ങളും നിര്‍ത്തലാക്കിയത് വൈറസ് വ്യാപനത്തിന് തടയിട്ടു എന്ന് തന്നെ പറയണം. മധ്യപ്രദേശ് പിടിച്ചടക്കുന്നതിനാണ് പാര്‍ലമെന്‍റ് സമ്മേളനം നീട്ടികൊണ്ടു പോയതെന്നും, ലോക്ക് ഡൗണ്‍ വൈകിപ്പിച്ചതെന്നും ആക്ഷേപമുണ്ടായി.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കാന്‍ പ്രഖ്യാപിച്ച ധനസഹായത്തിന്‍റെ കണക്ക് രാജ്യം കൗതുകത്തോടെ ആണ് കണ്ടത്. രാഷ്ട്രീയ ചായ്വ് നോക്കി കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കിയത് വ്യാപകമായി പ്രതിഷേധത്തിന് സാഹചര്യമൊരുക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് തടസമായി പ്രാദേശിക വിശ്വാസങ്ങളും നിരക്ഷരതയും വ്യാജ വാര്‍ത്തകളും കാരണമായി എന്ന് പറയേണ്ടിയിരിക്കുന്നു. തമിഴ്നാട്ടില്‍ ജെല്ലികെട്ട് കാളയുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ മൂവായിരത്തിലേറെ പേര്‍ കൂടിയതും, രാജ്യത്തിന്‍റെ പല മേഖലകളിലും അന്യസംസ്ഥാന തൊഴിലാളികള്‍ തെരുവില്‍ കൂട്ടമായി ഇറങ്ങിയതും ചില ഉദാഹരണങ്ങള്‍ മാത്രം.

കേരളം ലോകത്തിന് ആരോഗ്യരംഗത്ത് മാതൃകയായത് എല്ലാ മലയാളിക്കും അഭിമാനിക്കാം. ഇത് കോവിഡ് കാലത്ത് നടന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രം ലഭിച്ചതല്ല. കാലങ്ങളായി കേരളത്തിലെ പ്രാഥമിക ആരോഗ്യ രംഗത്ത് നടത്തിയ ശ്രദ്ധയും, വികസനവും ഒരു കാരണമാണ്. ക്രിസ്ത്യന്‍ മിഷിനറി നല്‍കിയ സംഭാവനയും എടുത്ത് പറയേണ്ട ഒന്നാണ്. കേരള സര്‍ക്കാര്‍? കോവിഡ് വ്യാപന പ്രതിരോധ പ്രവര്‍ത്തനത്തില്‍ മികച്ച നടപടികളാണ് സ്വീകരിച്ചത് എന്നത് വിസ്മരിക്കാനും സാധിക്കില്ല. ധീര്‍ഘ വീക്ഷണത്തോടെയുള്ള മികച്ച നേത്യത്ത്വവും, അച്ചടക്കമുള്ള പ്രവര്‍ത്തിയും വിജയത്തിന് കാരണമായി. ഇത് ലോകാരോഗ്യ സംഘടന അടക്കം എല്ലാവരും അംഗീകരിച്ചു. കേന്ദ്ര സര്‍ക്കാരും, ആരോഗ്യ മന്ത്രാലയവും പരസ്യമായി ഇത് പ്രഖ്യാപിക്കുകയും ചെയ്തു.

കേരള സര്‍ക്കാരിന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ലോകമാകമാനം കൈയ്യടി കിട്ടിയത് ആശങ്ക ഉണ്ടാക്കിയത് കേരളത്തിലെ പ്രതിപക്ഷത്തിനാണ്. സ്പ്രിങ്ങ്ളര്‍ അഴിമതി ഒരു മികച്ച ആയുധമായി അവര്‍ എടുത്തു. അത് കൊണ്ടു വരുന്നതിന് പിന്നില്‍ ഡാറ്റാ അനലൈസ് രംഗത്ത് സമാനമായി പ്രവര്‍ത്തിക്കുന്ന ഇടത്പക്ഷ അനുഭാവമുള്ള മറ്റൊരു മലയാളിയുടെ സ്ഥാപനമാണെന്നാന്ന് പറയുന്നത്. അവരും ഈ ജോലിക്കായി അവര്‍ ശ്രമം നടത്തിയിരുന്നതായി അറിയുന്നു. വലയില്‍ നിന്ന് നഷ്ടപ്പെട്ട കരാറാണ് വിവാദങ്ങള്‍ക്ക് കാരണം.

2021 ല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പമായിരിക്കും 2020ല്‍ നടക്കേണ്ട തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നടക്കുക എന്നത് ഏതാണ്ട് ഉറപ്പായിരിക്കുന്നു. നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇങ്ങനെയുള്ള ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ പാണറായി വിജയന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത അപകടമാണെന്ന് പ്രതിപക്ഷം തിരിച്ചറിഞ്ഞു. കോവിഡ് കാലത്ത് പ്രത്യേക സാഹചര്യത്തിലായാലും കാസര്‍ഗോഡ് നടന്ന ആരോഗ്യ മേഖലയിലെ വലിയ ഉണര്‍വ്വ് മുസ്ലീം ലീഗിനെ പ്രതികൂലമായി ബാധിച്ചു. പ്രതിപക്ഷ നേതാവിന്‍റെ പ്രസ്ഥാവനകള്‍ മുന്നണിക്ക് തുടര്‍ച്ചയായ ക്ഷീണമാണ് ഉണ്ടാക്കിയത്. ഇത് മാറ്റാന്‍ മുസ്ലീം ലീഗിന്‍റെ നേതൃത്ത്വത്തില്‍ യുവനിരയാണ് ഇപ്പോള്‍ പ്രതിരോധം തീര്‍ക്കുകയാണ്.