കോവിഡ് ശുദ്ധീകരിക്കുന്ന ലോകം...

കോവിഡ് ശുദ്ധീകരിക്കുന്ന ലോകം...
സുധീര്‍ നാഥ്


കോവിഡ് കാലം ലോകത്ത് വലിയ മാറ്റങ്ങള്‍ സ്യഷ്ടിക്കാന്‍ പോകുന്നു. കോവിഡ് രോഗം മൂലം ലോകമാകെ ഭീതിയിലാണ്. പല രാജ്യങ്ങളും, ഇന്ത്യ ഉള്‍പ്പടെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ വീടിനുള്ളിലേയ്ക്ക് സ്വയം വലിഞ്ഞു. ലോക് ഡൗണ്‍ രണ്ടാഴ്ച്ച കൂടി വീണ്ടും നീട്ടിയിരിക്കുകയാണ്. അത് വീണ്ടും നീണ്ടുകൂടായ്കയില്ല. പൊതുഗതാഗതം രാജ്യത്ത് സജീവമാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ഇവിടെ ഇന്ത്യയിലെ എല്ലാ വഴികളും വിജനമായി. ഫാക്റ്ററികള്‍ അടച്ചു. നിര്‍മ്മാണ മേഖല നിലച്ചു. തൊഴില്‍ നഷ്ടപ്പെട്ട പാവങ്ങളായ ദിവസ കൂലിക്കാര്‍ സ്വന്തം ഗ്രാമം ലക്ഷ്യമാക്കി നടന്നു. രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും നമ്മള്‍ പാലായനം കണ്ടു. ഭീതിപ്പെടുത്തിയ കൊറോണ വൈറസ് പടര്‍ന്ന കാലത്ത് മനുഷ്യര്‍ പലതും പഠിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യന്‍റെ ഉള്ളില്‍ ഒളിഞ്ഞു കിടന്ന പല നന്‍മകളും കോവിഡ് കാലത്ത് പുറത്തു വന്നതായി കാണാം.

കോവിഡ് കാലത്ത് ലോകത്താകമാനം വന്ന മാറ്റങ്ങള്‍ ജനങ്ങള്‍ നേരില്‍ കണ്ടു. ഇവിടെ ഇന്ത്യയില്‍ തന്നെ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കിളികള്‍ ചിലയ്ക്കുന്ന ശബ്ദം കേള്‍ക്കുന്നു. മ്യഗങ്ങള്‍ ഭയമില്ലാതെ ജനവാസ കേന്ദ്രങ്ങളില്‍ എത്തുന്നു. ഡല്‍ഹിയിലെ റോഡുകളില്‍ നീല്‍ഗായുകളും, മാനുകളും കാണാം. ഏപ്രില്‍ 12 ഞായറാഴ്ച്ച ഈസ്റ്റര്‍ ദിനത്തില്‍ വൈകീട്ട് ഡല്‍ഹിയില്‍ ഭൂമി കുലുക്കമുണ്ടായപ്പോള്‍ മ്യഗങ്ങളും, പക്ഷികളും അസാധരണമായി ശബ്ദമുണ്ടാക്കിയത് വേറിട്ട അനുഭവമായിരുന്നു. മുന്‍പ് ഭൂമി കുലുക്കമുണ്ടായപ്പോള്‍ ഇ
ങ്ങനെ അനുഭവപ്പെട്ടിട്ടില്ല. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കാടുകളില്‍ നിന്ന് മ്യഗങ്ങള്‍ റോഡുകളില്‍ എത്തുന്ന കാഴ്ച്ചകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ജനങ്ങള്‍ കൗതുകത്തോടെ കാണുന്നു. മ്യഗങ്ങളുടെ മുഖത്ത് ഒരുപക്ഷെ ചിരിയും, ആശ്വാസവും ഉണ്ടായിരിക്കും. ഭൂമിയുടെ മേല്‍ അവകാശത്തിന് മനുഷ്യന്‍ മാത്രമല്ല അവകാശികള്‍ എന്ന തിരിച്ചറിവ് എടുത്ത് പറയേണ്ട ഒന്നാണ്.

കോവിഡ് പടര്‍ന്നപ്പോള്‍ ലോക്ഡൗണ്‍ പ്രഖ്യാപനത്തില്‍ രാജ്യത്തെ ആരാധനാലയങ്ങള്‍ ജാതിമത വ്യത്യാസം കൂടാതെ വിശക്കുന്നവന് ഭക്ഷണം വിതരണം ചെയ്യുന്നു. ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ലാതായിരിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകരെ ഈശ്വര തുല്ല്യരായി ജനങ്ങള്‍ അംഗീകരിക്കുന്ന കാഴ്ച്ച നമ്മള്‍ കാണുന്നു. മാനവ സേവയാണ് മാധവ സേവ എന്ന മുദ്രാവാക്യത്തിന്‍റെ അര്‍ത്ഥം ജനങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. പരസ്പരം മനുഷ്യന്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് ഇതില്‍ ഏറെ ശ്രദ്ധേയം. ജനങ്ങള്‍ ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കാന്‍ ശീലിച്ചിരിക്കുന്നു. ഭക്ഷണത്തിന്‍റെ വില എന്തെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ഭക്ഷണം ആവശ്യത്തിന് മാത്രം തയ്യാറാക്കുന്നതിനും, ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കുന്നതിലും ശ്രദ്ധ ഉണ്ടായിരിക്കുന്നു.

രാജ്യത്തിന്‍റെ വടക്ക് തലഉയര്‍ത്തി നില്‍ക്കുന്ന ഹിമാലയ പര്‍വ്വതനിരകള്‍ 250 കിലോമീറ്റര്‍ ദൂരത്ത് നിന്ന് നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്നു. കോവിഡിന്‍റെ ഭീതിയിലെ ലോക്ക്ഡൗണ്‍ കാരണം അന്തരീക്ഷ മാലിന്യങ്ങള്‍ കുറഞ്ഞതാണ് ആ മനോഹര ദ്യശ്യ സാഫല്യത്തിന് വഴിയൊരുക്കിയത്. ഡല്‍ഹിയിലെ ആകാശ കാഴ്ച്ചകള്‍ക്ക് നല്ല അഴക് വന്നിരിക്കുന്നു. ഡല്‍ഹിയിലൂടെ ഒഴുകുന്ന യമുനയില്‍ തെളിനീരാണ്. യമുനയിലെ ജലത്തിന് ആകാശത്തിന്‍റെ നീലനിറമായി എന്നത്, എത്ര നാള്‍ ഗോപ്യമായിരുന്ന നദീ സൗന്ദര്യത്തിന്‍റെ പ്രകാശപ്പെടലാണ്. കമ്പനികള്‍ അടച്ചതും, ജനങ്ങള്‍ മാലിന്യം യമുനയില്‍ തള്ളാന്‍ എത്താത്തതും അതിന് കാരണമായിരിക്കാം. മാലിന്യങ്ങള്‍ നീങ്ങി എന്നല്ല അതിനര്‍ത്ഥം. മാലിന്യങ്ങള്‍ യമുനയുടെ ആഴങ്ങളില്‍ അടിഞ്ഞ് കൂടിയിരിക്കുന്നു എന്നതാണ് സത്യം.

പുരാതന നഗരത്തിന്‍റെ ജനവാസത്തിന് ഭീഷണിയായ വായു മലിനീകരണമാണ് മറ്റൊരു വിഷയം. വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് ഒഴിഞ്ഞതോടെ വായു മലിനീകരണം ഗണ്യമായി കുറഞ്ഞു. വായു മലിനീകരണം ഉണ്ടാക്കുന്ന ചെറുകിട ഫാക്റ്ററികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഡല്‍ഹിക്ക് ഭീഷണിയായിരുന്നു വളരെ അപകട നിലയിലും കൂടുതലായ വായു മലിനീകരണം. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വയലുകളില്‍ കര്‍ഷകര്‍ തീയിട്ടതോടെ ഡല്‍ഹി ശ്വാസം മുട്ടലിന്‍റെ വക്കിലായി. ചുരുക്കം ചില ജനങ്ങള്‍ ഈ സമയങ്ങളില്‍ വായു മലിനീകരണത്തില്‍ നിന്ന് രക്ഷ നേടാന്‍ മാസ്ക്കുകള്‍ വെച്ച് നടന്നിരുന്ന കാഴ്ച്ച ഉണ്ടായിരുന്നു. കോവിഡ് പടര്‍ന്നതോടെ ഭൂരിപക്ഷം ജനങ്ങള്‍ മാസ്ക്കുകള്‍ ധരിക്കുവാന്‍ തുടങ്ങി. മാസ്ക്ക് ധരിക്കാത്തവര്‍ തൂവാലയും, ഷോളും മാസ്ക്കിന് പകരമാക്കി മൂക്കും വായും മൂടി നടക്കുന്ന കാഴ്ച്ചയാണ് ഡല്‍ഹിയില്‍.

കോവിഡ് കാലം കഴിഞ്ഞാല്‍ രാജ്യത്തെ ജനങ്ങളുടെ ജീവിത ശൈലികള്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുകയാണ്. ശുചിത്വത്തില്‍ പ്രഥമ പരിഗണന കല്‍പ്പിക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നത് വലിയ മാറ്റമാണ് രാജ്യത്ത് ഉണ്ടാക്കുക. ശുചിത്വത്തില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കും. കോവിഡ് കാലത്ത് ഏറെ പരിശീലിപ്പിക്കപ്പെട്ട കൈകള്‍ കഴുകുന്ന ശീലം ഉപേക്ഷിക്കില്ല. പൊതുസ്ഥലങ്ങളില്‍ പോകുന്ന അവസരത്തില്‍ മാസ്ക്കുകള്‍ ഉപയോഗിക്കുന്ന ശീലം ഉണ്ടാകും. സാമൂഹിക അകലവും, ശാരീരിക അകലവും സൂക്ഷിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ ബദ്ധശ്രദ്ധരാകും. പരസ്യമായി തുപ്പുന്ന ശീലം ജനങ്ങളില്‍ കുറയും. പട്ടണങ്ങളില്‍ വിശേഷിച്ച് പരസ്യമായി തുപ്പുന്നതും മറ്റും വലിയ ശിക്ഷയായി മാറാന്‍ പോകുകയാണ്. പരസ്യമായി തുപ്പുക എന്നത് പരസ്യമായി മലമൂത്ര വിസര്‍ജനം നടത്തുക എന്നത് പോലെ ദുശ്ശീലമായി ജനങ്ങള്‍ കരുതുന്ന കാലമാണ് വരുന്നത്. മദ്യാസക്തിയും, മാംസാഹാര ശീലവും പലരും ഉപേക്ഷിക്കും എന്നാണ് ഒരു പഠനം പറയുന്നത്.

കോവിഡിന് മുന്‍പ് എപ്പോഴും ചുറ്റാന്‍ പോയിരുന്ന ഒരു കൂട്ടര്‍ നമുക്കിടയിലുണ്ട്. മറ്റ് രാജ്യങ്ങളും, അന്യ സംസ്ഥാനങ്ങളും ലക്ഷ്യം വെച്ചുള്ള യാത്രകള്‍ കഴിവതും കുറയ്ക്കും. സ്വന്തം നാട്ടിലെ കാഴ്ച്ചകള്‍ക്ക് സമയം കൂടുതല്‍ ചിലവഴിക്കും. നാട്ടിലെ തനത് കലാ പ്രകടനങ്ങള്‍ എത്രയോ മികച്ചതായിരുന്നു എന്ന് തിരിച്ചറിയാന്‍ പോകുന്ന കാലമാണ് വരുന്നത്. ടൂറിസം വ്യവസായം തകര്‍ന്നു എന്നത് താത്കാലികം മാത്രമാകും. വിദേശത്ത് വിനോദ സഞ്ചാരത്തിന് പോയിരുന്ന വലിയൊരു സമൂഹം സ്വദേശത്ത് തന്നെ ആനന്ദം കാണും. തീര്‍ത്ഥയാത്രകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ഉണ്ടാകും. ജാതിയും, മതവും, ലിംഗവും ചോദിച്ചുള്ള തടസങ്ങള്‍ ആരാധനാലയങ്ങള്‍ ഉപേക്ഷിക്കും.

കോവിഡ് വന്നതോടെ സ്വന്തം കാര്യം ചെയ്യാന്‍ മിക്ക ജനങ്ങളും പഠിച്ചിരിക്കുന്നു. മറ്റൊരാളുടെ സഹായം കൂടാതെ ജീവിക്കാന്‍ സാധിക്കുമെന്ന് നല്ലൊരു ശതമാനം ജനങ്ങള്‍ തിരിച്ചറിഞ്ഞത് ഈ ലോക്ഡൗണ്‍ കാലത്താണ്. വീട് സ്വയം വ്യത്തിയാക്കിയും, മാലിന്യങ്ങള്‍ നീക്കം ചെയ്തും സ്വയംപര്യാപ്തതയിലേയ്ക്ക് ജനങ്ങള്‍ എത്തി. വരും ദിനങ്ങളില്‍ സഹായി ഇല്ലാതെ ജീവിക്കാമെന്ന് നല്ലൊരു ശതമാനം ജനങ്ങളും തീരുമാനിക്കും.

കേരളത്തിലെ ആരോഗ്യ രംഗത്തെ പുകഴ്ത്തുന്ന കാലം വരാനിരിക്കുന്നു. കൊറോണ വ്യാപക നാശം വിതറിയ അമേരിക്കയിലേയും, ഇറ്റലിയിലേയും ആശുപത്രികളിലെ നേഴ്സുമാര്‍ എത്ര ആത്മാര്‍ത്ഥതയോടെയാണ് കോവിഡ് കാലത്ത് പ്രവര്‍ത്തിച്ചത് എന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്നു. കേരളത്തില്‍ നിന്നുള്ള നേഴ്സിങ്ങ് സ്റ്റാഫിന് ലോക രാജ്യങ്ങളില്‍ വന്‍ ഡിമാന്‍റാണ് ഉണ്ടാകാന്‍ പോകുന്നത്. തൊഴിലിലായ്മ വരുന്നു എന്ന് ഭയപ്പെടുന്നതോടൊപ്പം തൊഴില്‍ അവസരങ്ങള്‍ പല മേഖലയിലും കൂടുതല്‍ ഉണ്ടാകും എന്നാണ് മനസ്സിലാക്കേണ്ടത്. ഡോക്ടര്‍മാരോടൊപ്പം നില്‍ക്കുന്ന ശമ്പളമായിരിക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നേഴ്സിങ്ങ്  സ്റ്റാഫിനും ഇനി ലഭിക്കാന്‍ പോകുന്നത്.

രാജ്യത്ത് ഒട്ടേറെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികളാണ് മാറ്റി വെച്ചിരിക്കുന്നത്. പുതിയ പാര്‍ലമെന്‍റ് സമുച്ചയങ്ങളും, പ്രതിമകളും, സ്മാരകങ്ങളും നിര്‍മ്മിക്കുന്നത് തത്കാലം ഉപേക്ഷിച്ചാല്‍ തന്നെ 30,000 കോടി രൂപയെങ്കിലും ചുരുങ്ങിയത് കേന്ദ്ര സര്‍ക്കാരിന് കോവിഡ് പ്രതിരോധത്തിനും, ജനക്ഷേമത്തിനും ഉപയോഗിക്കാം. 20,000 കോടി രൂപയാണ് പാര്‍ലമെന്‍റിന്‍റെ പുതിയ കെട്ടിട സമുച്ചയത്തിനായി മാത്രം മറ്റിവെച്ചിരിക്കുന്നത്. അതിസമ്പന്ന രാജ്യങ്ങളിലെ മരണ കണക്കുകള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നത് ആയുധസംഭരണത്തെക്കാള്‍ കൂടുതല്‍ ഗവേഷണ രംഗങ്ങളിലാണ് പണം ചിലവഴിക്കേണ്ടതെന്നാണ്. സംഹാര സാമഗ്രഹികള്‍ ഒരിക്കലും ജീവന്‍ രക്ഷാ ഔഷധങ്ങള്‍ക്ക് പകരമാകില്ല എന്ന സത്യം നമ്മള്‍ മുന്നില്‍ കണ്ട് കഴിഞ്ഞു.

രാജ്യം ഇപ്പോള്‍ കൂടുതലായി ആശ്രയിക്കുന്നത് ഡിജിറ്റല്‍ മേഖലയെ ആണ്. ജനങ്ങള്‍ കൂടുതല്‍ സുരക്ഷിതരാണെന്ന് സ്വയം വിലയിരുത്തുന്നത് അവിടെയാണ്. വാര്‍ത്താ മാധ്യമങ്ങളും, സാഹിത്യ രാഷ്ട്രീയ ആനുകാലികങ്ങളും സ്വന്തം വിരല്‍തുമ്പിലെ മൊബൈലില്‍ വായിച്ച് ത്യപ്തി അടഞ്ഞത് തുടരുമായിരിക്കും. അച്ചടി മേഖലയെ അത് കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. പൊതുയോഗങ്ങളും, പ്രതിഷേധങ്ങളും, മീറ്റിങ്ങുകളും വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. തെളിഞ്ഞ ആകാശവും, മാലിന്യമില്ലാത്ത ഭൂമിയും ഓരോരുത്തരും സ്വന്തം കടമയായി തിരിച്ചറിഞ്ഞിരിക്കുന്നു. പ്രക്യതിയെ സംരക്ഷിക്കേണ്ടത് മനുഷ്യരുടെ കടമയാണെന്ന തിരിച്ചറിവാണ് ഏറ്റവും ശ്രദ്ധേയം.

ഫോട്ടോ: ജലന്തറില്‍ നിന്ന് നോക്കുമ്പോള്‍ 250 കിലോമീറ്റര്‍ അകലെ കാണുന്ന പര്‍വ്വത നിര. ഫോട്ടോ: അന്‍ഷുല്‍ ചോപ്റ