ഡല്‍ഹിയെ വിഴുങ്ങിയ വൈറസുകള്‍

ഡല്‍ഹിയെ വിഴുങ്ങിയ വൈറസുകള്‍
സുധീര്‍ നാഥ്
2020 മാര്‍ച്ച് 6


രാജ്യതലസ്ഥാനത്ത് വൈറസുകളുടെ വിളയാട്ടങ്ങളാണ് നടക്കുയാണ്. രണ്ട് തരം വൈറസുകള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. കൊറോണ വൈറസും, കമ്മ്യൂണല്‍ വൈറസും. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കമ്മ്യൂണല്‍ വൈറസിന്‍റെ ആക്രമണത്തില്‍ മരണസംഖ്യ അന്‍പത്തിനാലായി എന്നാണ് ഔദ്യോഗിക കണക്ക്. പക്ഷെ അതിലും കൂടുതലാണെന്നാണ് സംസാരം. കൊറോണ വൈറസ് ഡല്‍ഹിയെ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ്. ഒരു മരണവും സംഭവിക്കാതെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്.

മനുഷ്യ നിര്‍മ്മിതമായ കമ്മ്യൂണല്‍ വൈറസിന്‍റെ അക്രമണത്തില്‍ ജാതിയും, മതവും, രാഷ്ട്രീയവും പരിഗണനാ വിഷയമായിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് ഭൂമി ഒന്ന് നന്നായി കുടഞ്ഞാല്‍ ജാതിയും, മതവും, രാഷ്ട്രീയവും അപ്രത്യക്ഷമാകും. കേരളത്തില്‍ 2018ലെ മഹാ പ്രളയ സമയത്ത് നമ്മളത് കണ്ടതാണ്. പക്ഷെ അതിജീവനത്തിന്‍റെ സമയം തുടങ്ങിയതോടെ, അതിശക്തമായ വിഭാഗിയത കേരളത്തിലെ മനുഷ്യരില്‍ ഉണ്ടായി എന്നത് നേരാണ്. 2019ലെ പ്രളയത്തിലും നമ്മള്‍ വേണ്ടത്ര പാഠം ഉള്‍ക്കൊണ്ടോ എന്ന കാര്യം സംശയമാണ്. തിരുവനന്തപുരത്ത് 36 ഡിഗ്രി ചൂട് അനുഭവപ്പെട്ട ദിവസം തന്നെ 100 കിലോമീറ്റര്‍ ദൂരെയുള്ള മൂന്നാറില്‍ താപനില പൂജ്യമായിരുന്നു. ഇത് 2020ലെ അതിഭയങ്കരമായ ദുരന്തത്തിന്‍റെ സൂചനയായി ശാസ്ത്രലോകം വിലയിരുത്തിയിട്ടുണ്ട്.

ഡല്‍ഹിയുടെ പുറത്ത് പടുത്തുയര്‍ത്തുന്ന കെട്ടിട സമുച്ചയങ്ങള്‍ വലിയ അപകടമാണ് വിളച്ച് വരുത്തുന്നത് എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കാലങ്ങളായി പറയുന്നുണ്ട്. ഭൂമിയിലേയ്ക്ക് പില്ലറുകള്‍ താഴ്ത്തി എണ്‍പതും നൂറും നിലകളുള്ള കെട്ടിടങ്ങള്‍ പണിയുമ്പോള്‍ ഭൂമിക്കടിയില്‍ പത്തും ഇരുപതും നിലകള്‍ പണിയുന്നു. ഒരു വലിയ ഭൂമി കുലുക്കം വന്നാലും കെട്ടിടം സുരക്ഷിതമാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത് ശരിയായിരിക്കാം. പക്ഷെ, ഇതിന്‍റെ പ്രത്യാഘാതം ഒറ്റകല്ലില്‍ ചുറ്റുവട്ടത് അനധിക്യതമായി ഉയര്‍ത്തിയ കോളനികളിലെ കെട്ടിടങ്ങള്‍ക്കായിരിക്കും. ശക്തമായ ഭൂചലനത്തെ അതിജീവിക്കാന്‍ ഇത്തരം ചെറിയ കെട്ടിടങ്ങള്‍ക്ക് സാധിക്കില്ല. അവിടെ മതവും, ജാതിയും, രാഷ്ട്രീയവും നോക്കിയായിരിക്കില്ല പ്രക്യതിയുടെ കലാപം ഉണ്ടാകുക.

ആരോഗ്യ രംഗത്ത് വൈറസിനെ തുരത്തുന്നതില്‍ കേരളത്തെ മാത്യകയാക്കണമെന്ന് ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ മാത്രമല്ല, ലോക രാജ്യങ്ങള്‍ പോലും അഭിപ്രായപ്പെടുന്നു. മലയാളിക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് ഇത് എന്നതില്‍ സംശയമില്ല. നീപ്പ വൈറസിനെ കണ്ടെത്തി പ്രതിരോധം തീര്‍ത്ത കേരളം ലോകത്തിന് തന്നെ മാത്യകയാണ്. കൊറോണ വൈറസിനെ രാജ്യത്തേയ്ക്ക് കൊണ്ടു വന്നതാണ്. കേരളം അതിനെ തടുത്തുവെങ്കിലും, മറ്റ് സംസ്ഥാനങ്ങള്‍ ഇപ്പോഴും ഭീതിയുടെ നിഴലില്‍ തന്നെയാണ്. ഡല്‍ഹിയിലും പരിസര പട്ടണങ്ങളിലും കൊറോണ വൈറസ് ഭീതി പരന്നിരിക്കുകയാണ്.

ഡല്‍ഹിയില്‍ നടക്കുന്നതും, നടക്കാനിരിക്കുന്നതുമായ പൊതുപരിപാടികള്‍ വേണ്ടെന്ന് വെച്ചിരിക്കുന്നു എന്നാണ് ഒടുവില്‍ ലഭ്യമായ വിവരം. പാര്‍ലമെന്‍റ് സമ്മേളനം നിര്‍ത്തി വെയ്ക്കുന്നതിനെ കുറിച്ച് ആലോചന തുടങ്ങിയിട്ടുണ്ട്. ഡല്‍ഹിയിലേയും പരിസരങ്ങളിലേയും പല ഓഫീസുകളിലെ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ബയോമെട്രിക്ക് ഹാജര്‍ സംവിധാനം നിര്‍ത്തി വെയ്ക്കുന്നതിന് എല്ലാ സ്ഥാപങ്ങളോടും ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹിയിലേയും പരിസങ്ങളിലേയും ഓഫീസുകളിലെ ഹാജര്‍ നില അന്‍പത് ശതമാനമായി കുറഞ്ഞിരിക്കുകയാണ്. റേഡിയോ ടാക്സികള്‍ക്ക് ബുക്കിങ്ങ് കുറഞ്ഞു. വ്യാപകമായി വിമാന ടിക്കറ്റുകളും തീവണ്ടി ടിക്കറ്റുകളും ഡല്‍ഹിയില്‍ റദ്ദാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയില്‍ പനി അളക്കുന്ന തെര്‍മോമീറ്ററുകളും, മാസ്ക്കുകളും ലഭിക്കാത്ത സാഹചര്യമാണ് നിലവില്‍. മാസ്കുകള്‍ ഇരട്ടിയിലേറെ വിലയ്ക്ക് കരിച്ചന്തയില്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍ ആശപത്രികളിലും കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന് സജ്ജമായി കഴിഞ്ഞതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സംശയം തോന്നുന്ന രോഗികളെ ഉടനെ പരിശോധിക്കാനും, പ്രത്യേക വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. 

ബിസിനസ് ടൂറുമായി പോയ മയൂര്‍ വിഹാര്‍ രണ്ടിലെ ഒരു സംരംഭകന്‍ തിരികെ എത്തിയ് കൊറോണയുമായാണ്. അയാള്‍ കുട്ടികളുടെ സ്ക്കൂളില്‍ ജന്‍മദിന പാര്‍ട്ടി നടത്തി. അയാളില്‍ കൊറോണ സ്ഥിരീകരിച്ചതോടെ സ്ക്കൂളിന് തന്നെ അവധി നല്‍കി. ഡല്‍ഹിയിലെ എല്ലാ സ്ക്കൂളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ ഡല്‍ഹി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ട് കഴിഞ്ഞു.  പേടിഎം കമ്പനിയിലെ ഒരു ഉദ്യോസസ്ഥന്‍ ഹണിമൂണ്‍ ട്രിപ്പായി ഇറ്റലിയില്‍ പോയി കൊറോണയുമായി ഇന്ത്യയിലെത്തി. അദ്ദേഹം എല്ലാ യൂണിറ്റിലേയും പ്രതിനിധികളെ വിളിച്ച് മീറ്റിങ്ങ് നടത്തി. മീറ്റിങ്ങില്‍ പങ്കെടുത്തവര്‍ അവരവരുടെ യൂണിറ്റിലെത്തി മറ്റ് അംഗങ്ങള്‍ക്ക് മീറ്റിങ്ങിന്‍റെ വിവരം പങ്ക് വെയ്ക്കാന്‍ മീറ്റിങ്ങ് നടത്തി. ഒടുവില്‍ ഇറ്റലിയില്‍ നിന്ന് കൊറോണ കൊണ്ടു വന്നത് സ്ഥിരീകരിച്ചതോൈ വരാഴ്ച്ച പേ ടിഎം ഓഫീസുകള്‍ അടച്ചിട്ടിരിക്കുകയാണ് 

ഡല്‍ഹിയെ അങ്ങിനെ രണ്ട് ഭീകര വൈറസുകള്‍ വേട്ടയാടികൊണ്ടിരിക്കയാണ്. രണ്ടും ഭീകരമായ ഭയമാണ് ജനങ്ങളില്‍ വിതച്ചിരിക്കുന്നത്. കേരളം വൈറസുകളെ തുരത്തിയ മാത്യക എല്ലാ സംസ്ഥാനങ്ങളും സ്വകരിക്കുന്നത് ഉചിതമാകും.