കാര്‍ട്ടൂണിസ്റ്റ് ഒ വി വിജയന്‍ മലയാളിക്ക് നോവലിസ്റ്റ്

കാര്‍ട്ടൂണിസ്റ്റ് ഒ വി വിജയന്‍ മലയാളിക്ക് നോവലിസ്റ്റ്
സുധീര്‍ നാഥ്

1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയില്‍ ആണ് ഓട്ടുപുലിക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ വി. വിജയന്‍റെ ജനനം. അച്ഛന്‍ വേലുക്കുട്ടി. അമ്മ കമലാക്ഷിയമ്മ. മലയാറ്റൂരിനെ പോലെ മലയാളിക്ക് സാഹിത്യകാരനാണ് ഒ വി വിജയന്‍. പക്ഷെ ഇന്ത്യക്കാരന് മുന്നില്‍ ശക്തനായ കാര്‍ട്ടൂണിസ്റ്റായിരുന്നു വിജയന്‍. വിജയന്‍റെ കാര്‍ട്ടൂണുകള്‍ മറ്റ് കാര്‍ട്ടൂണിസ്റ്റുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥത പുലര്‍ത്തുന്നതായിരുന്നു. ശങ്കറിന് കീഴിലാണ് വിജയന്‍ കാര്‍ട്ടൂണുകള്‍ സജീവമായി വരച്ച് തുടങ്ങിയിരുന്നത്. ശങ്കറിന്‍റെ കുടകീഴില്‍ നിന്ന് മാറിയ ശേഷമാണ് സ്വന്തം ശൈലിയിലേയ്ക്ക് വിജയന്‍ എത്തിയത്.  ഒട്ടേറെ നോവലുകള്‍ അദ്ദേഹം എഴുതിയിട്ടില്ല. കഥകളും ഏറെ ഒന്നും എഴുതിയിട്ടില്ല. പക്ഷേ മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരില്‍ ഒരാളായി അദ്ദേഹം മാറി.

മലമ്പാര്‍ ക്യസ്ത്യന്‍ കോളേജിലും, കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജിലും അദ്ധ്യാപകനായിട്ടായിരുന്നു ഒ വി വിജയന്‍. പതിഞ്ഞ സ്വരം ഉണ്ടായിരുന്ന അദ്ദേഹത്തിന് കോളേജിലെ അവസാന ബെഞ്ചില്‍ ഇരിക്കുന്ന കുട്ടികളിലേയ്ക്ക് ശബ്ദം എത്തിക്കാന്‍ സാധിച്ചില്ല. ഇത് വലിയ തിരിച്ചടിയായി. രണ്ട് കോളേജുകളില്‍ നിന്നും അദ്ധ്യാപക ജീവിതം ഉപേക്ഷിക്കാന്‍ അതായിരുന്നു കാരണം. അദ്ദേഹം കാര്‍ട്ടൂണുകള്‍ വരച്ചു, ലേഖനങ്ങള്‍ എഴുതി. ഒരിക്കല്‍ ഇത് ശങ്കേഴ്സ് വീക്കിലിയിലേയ്ക്ക് അയച്ചു കൊടുത്തു. വിജയന്‍റെ ചില കാര്‍ട്ടൂണുകളും, ലേഖനങ്ങളും കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒ വി വിജയന് ശങ്കര്‍ പ്രതിഫലവും അയച്ചു. ഒപ്പം ശങ്കര്‍ ഒരു കത്തും എഴുതി. ഡല്‍ഹിയില്‍ എത്തുകയാണെങ്കില്‍ ശങ്കേഴ്സ് വീക്കിലിയില്‍ ജോലി തരാമെന്ന്. പക്ഷേ ഒ വി വിജയന്‍ ഡല്‍ഹിയിലേക്ക് പോയില്ല. പകരം പാലക്കാട് തിരിച്ചെത്തി താമസം തുടങ്ങി.

പാലക്കാട് ഒരു തൊഴിലാളി സമ്മേളനം നടക്കുമ്പോള്‍ എത്തിയ എകെജിയോട് ശങ്കര്‍ അയച്ച കത്തിനെ കുറിച്ച് വിജയന്‍ സംസാരിച്ചു. ഡല്‍ഹിയിലേക്ക് ഉടനെ തന്നെ പോകണമെന്ന് എകെജി പറഞ്ഞു. ശങ്കറിനെ കാണണം എന്നും പറഞ്ഞു. എകെജി പറഞ്ഞ പ്രകാരമാണ് ഡല്‍ഹിയില്‍ വിജയന്‍ എത്തുന്നത്. ഡല്‍ഹിയിലെത്തിയ ഒ വി വിജയന് ശങ്കേഴ്സ് വീക്കിലിയില്‍ ജോലിയും ലഭിച്ചു. ശങ്കേഴ്സ് വീക്കിലിയില്‍ കഴമ്പുള്ള ഒട്ടേറെ ലേഖനങ്ങളും കാര്‍ട്ടൂണുകളും പ്രസിദ്ധീകരിക്കുകയുണ്ടായി. ശങ്കേഴ്സ് വീക്കിലി വഴി വിജയന്‍ ദേശീയ തലത്തില്‍ അറിയപ്പെടുന്ന ഒരു കാര്‍ട്ടൂണിസ്റ്റായി മാറി.

അയഞ്ഞ്, മുട്ട് വരെയുള്ള ജുബ്ബയും, ചുണ്ടില്‍ പുകയുന്ന പൈപ്പുമായി, ബുള്‍ഗാന്‍ താടിയും, നീട്ടി വളര്‍ത്തിയ മുടിയും ഉള്ള ഓ വി വിജയന്‍റെ രൂപം വളരെ പ്രശസ്തമാണ്. അങ്ങനെ തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ ഡല്‍ഹിയിലെ ജീവിതവും. വേറിട്ട ശൈലിയും മൂര്‍ച്ചയേറിയ കറുത്ത ഹാസ്യം കൊണ്ട് വ്യത്യസ്തമായ കാര്‍ട്ടൂണുകള്‍ വരച്ച് ദേശീയതലത്തില്‍ ശ്രദ്ധേയനായ ഒ വി വിജയന്‍ എപ്പോഴും വിഷാദ ഭാവത്തിലായിരുന്നു ഉണ്ടായിരുന്നത്. ജീവിച്ചിരിക്കുമ്പോള്‍  സന്തോഷം എന്തെന്ന്  അനുഭവിച്ചില്ല എന്ന് അദ്ദേഹത്തിന്‍റെ ശരീര ഭാഷയില്‍ നിന്ന് ആര്‍ക്കും വായിച്ചെടുക്കാമായിരുന്നു.

1996ല്‍ ഡല്‍ഹിയിലെത്തിയ ഞാന്‍ കാണുവാന്‍ ആഗ്രഹിച്ച മഹാ പ്രതിഭയായിരുന്നു ഒ വി വിജയന്‍. അദ്ദേഹം ചാണ്യപുരിയിലെ സര്‍ക്കാര്‍ ഫ്ളാറ്റിലാണ് താമസിക്കുന്നത്. ഫോണ്‍ വിളിച്ച് നേരില്‍ കാണുവാന്‍ അനുമതി വാങ്ങി. ഡല്‍ഹിയില്‍ എത്തിയിട്ടേയുള്ളൂ, ഹിന്ദി അത്ര വശമില്ല. ജോലിയും ഇല്ല. രാവിലെ നടന്നു തുടങ്ങി, പാര്‍ലമെന്‍റ് മന്ദിരവും, സൗത്ത് അവന്യൂവും, തീന്‍മൂര്‍ത്തി ഭവനും കണ്ട് നടന്ന്, നടന്ന് ചാണക്ക്യപുരിയിലെത്തി. ക്യഷിഭവനില്‍ നിന്ന് ബസുണ്ട്, പക്ഷെ നടക്കാനുള്ള ദൂരമേ ഉള്ളൂ എന്ന ഒ വി വിജയന്‍റെ വാക്കു കേട്ടാണ് നടന്ന് തുടങ്ങിയത്. ചുരുങ്ങിയത് പത്ത് കിലോമീറ്ററിലതികം നടന്നിരിക്കും. കൊണാട്ട് പ്ലേസില്‍ നിന്ന് ചാണക്ക്യപുരിയിലേയ്ക്ക് നടക്കാനുള്ള ദൂരമേ ഉള്ളൂ എന്ന് പറഞ്ഞ അദ്ദേഹം എന്നെ പത്ത് കിലോമീറ്ററിലതികമുള്ള ദൂരം നടത്തിച്ചു. അദ്ദേഹം എന്നേയും പ്രതീക്ഷിച്ചിരിക്കുകയാണ്. വീട്ടില്‍ ഒറ്റയ്ക്കേ ഉള്ളൂ. ഭാര്യ തെരേസ പുറത്ത് പോയിരിക്കുന്നു. വീട്ടിലെ സഹായിയും ഇല്ല. ചാണക്ക്യ പുരയിലെ സര്‍ക്കാര്‍ വീടിന്‍റെ ആദ്യ മുറി ഞാനിന്നും ഓര്‍ക്കുന്നു. കയറി ചെല്ലുന്ന ആദ്യമുറിയില്‍ നിറയെ പുസ്തകങ്ങള്‍, മാസികകള്‍, കത്തുകള്‍... അത് വലിയ കൂമ്പാരമായി മൂലയില്‍ കൂട്ടിയിട്ടിരിക്കുന്നു. പോകുമ്പോള്‍ ആവശ്യമുള്ള പുസ്തകങ്ങളും, വാരികകളും കൊണ്ടു പോകാം എന്ന് അദ്ദേഹം പറഞ്ഞു. മിക്ക മാസികകളും, പുസ്തകങ്ങളും തുറന്ന് പോലും നോയ്ക്കിയിട്ടില്ല. കവര്‍ പൊട്ടിച്ചിരുന്നില്ല. ഫ്രിഡ്ജ് തുറന്ന് വെള്ളം എടുത്ത് കുടിക്കാന്‍ പറഞ്ഞു. ജൂണ്‍ മാസമായതിനാല്‍ നല്ല ചൂണ്ടുണ്ട് പുറത്ത്. അദ്ദേഹം ചാരു കസേരയില്‍ ഇരുന്ന് കൊണ്ട് പറഞ്ഞു. വരയ്ക്കാന്‍ ഉപയോഗിക്കുന്ന ബോര്‍ഡ് ചുമരിനോട് ചാരി വെച്ചത് കാണിച്ചു തന്നു. ആയിരകണക്കിന് കാര്‍ട്ടൂണുകള്‍ വരച്ചത് അതില്‍ വെച്ചാണ്. ആവശ്യത്തിന് മാത്രം സംസാരിക്കുന്ന, ഒ വി വിജയനെ അന്ന് കണ്ടു. വീട്ടില്‍ അദ്ദേഹം ഒറ്റയ്ക്കായിരുന്നു. ആവേശപൂര്‍വ്വം അദ്ദേഹത്തോടൊപ്പം സംസാരിച്ചിരുന്നത് ഓര്‍ക്കുകയാണ്. വളരെ പതുക്കെയാണ് സംസാരം. കാര്‍ട്ടൂണ്‍ ജീവിതമായിരുന്നു സംസാര വിഷയം.

പിന്നീട് അദ്ദേഹം ഹൈദ്രബാദിലേയ്ക്ക് താമസം മാറ്റി. കാലം കടന്നു പോയി. ചികിത്സയ്ക്കായി ഇടയ്ക്കിടെ വിജയന്‍ ഡല്‍ഹിയില്‍ ചികിത്സയ്ക്കായി എത്തുമായിരുന്നു. വിജയന്‍ സംസാരവും, ക്ഷീണം വന്നാല്‍ പറയേണ്ടത് പേപ്പറില്‍ കുറിച്ച് തരുന്ന തലത്തിലേയ്ക്ക് അദ്ദേഹം മാറി. മയൂര്‍ വിഹാര്‍ ഫേസ് ഒന്നിലെ തെരേസ ടീച്ചറുടെ ബന്ധു വീട്ടിലായിരുന്നു വിജയന്‍ എപ്പോഴും താമസിച്ചിരുന്നത്. മയൂര്‍ വിഹാര്‍ രണ്ടില്‍ അക്കാലത്ത് താമസിച്ചിരുന്ന എന്നെ എപ്പോഴും അദ്ദേഹം വിളിച്ച് വരുത്തും. തെരേസ ടീച്ചറാണ് വിളിക്കുക. യേട്ടന് കാണണമെന്ന്, ഒന്നിവിടം വരെ വരണം. ഹൈദ്രബാദുകാരിയായ അവര്‍ പച്ച മലയാളത്തിലാണ് പറഞ്ഞിരുന്നത്. പിന്നീട് ചികിത്സയുടേയും മറ്റും ഭാഗമായി അദ്ദേഹം പലതവണ എത്തിയിട്ടുണ്ട്. ഓരോ തവണയും അദ്ദേഹം ക്ഷീണിതനായി കാണപ്പെട്ടു.
ആദ്യമൊക്കെ കുറച്ചു സംസാരവും ശേഷിച്ചത് ഒരു പേപ്പറില്‍ എഴുതുകയും ചെയ്തിരുന്നു. വിജയന്‍ പിന്നീടുള്ള കാലത്ത് സംസാരശേഷി നഷ്ടപ്പെടുന്ന കാഴ്ച്ച നേരില്‍ കണ്ടു. ഒടുവില്‍ പൂര്‍ണമായും സംസാരശേഷി നഷ്ടപ്പെട്ട അവസ്ഥയില്‍ അദ്ദേഹത്തെ കാണുകയുണ്ടായി. പൂര്‍ണ്ണമായും നിശബ്ദനായ ഒരു മനുഷ്യനായി അദ്ദേഹം മാറി. സംസാരമില്ല. പിന്നെ കിടക്കയിലേയ്ക്ക് ... എരിഞ്ഞടങ്ങലായി അദ്ദേഹത്തിന്‍റെ ജീവിതം എന്ന് തോന്നി.

ഹൈദ്രബാദില്‍ വെച്ച് ഒടുവില്‍ അദ്ദേഹം 2005 മാര്‍ച്ച് 30ന് ലോകത്തോട് വിടപറഞ്ഞു. സംസ്ക്കാര ചടങ്ങുകള്‍ കേരളത്തില്‍ വെച്ചായിരുന്നു. ഏക മകന്‍ മധു ഹൈദ്രബാദ് വിമാനതാവളത്തില്‍ വെച്ച് പിതാവിന് യാത്രാമൊഴി നല്‍കി. സംസ്ക്കാര ചടങ്ങില്‍ മകന്‍ പങ്കെടുത്തില്ല. ഒ വി വിജയന്‍റെ പിതാവ് പാലക്കാട് മരിച്ചപ്പോള്‍ ഒ വി വിജയന്‍ ഡല്‍ഹിയിലായിരുന്നു. അന്ന് ഒ വി വിജയന്‍ പിതാവിന്‍റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ പോയിരുന്നില്ല. ആരുടെ മുന്നിലും ക്കൈനീട്ടാതിരുന്ന ഒ വി വിജയന്‍ ഡല്‍ഹിയില്‍ കടുത്ത ദാരിദ്രത്തിലായിരുന്നു ജീവിച്ചത്.   പക്ഷേ, ഇപ്പോള്‍ അദ്ദേഹത്തിന്‍റെ വരകളും വരികളും ശബ്ദ കോലാഹലങ്ങള്‍ ഉണ്ടാക്കി ഓര്‍മ്മകളായി നിലനില്‍ക്കുന്നു.