എ രാമചന്ദ്രന്‍റെ ചിത്രലോകം

എ രാമചന്ദ്രന്‍റെ ചിത്രലോകം
സുധീര്‍നാഥ്

ഡല്‍ഹിയില്‍ ലക്ഷമി നഗറിന് സമീപമുള്ള ആര്‍ട്ടിസ്റ്റ് കോളനിയില്‍ എ രാമചന്ദ്രന്‍ എന്ന ചിത്രകാരന്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത് കാണുക തന്നെ വേണം. എട്ട് അടി ഉയരമുള്ള കാന്‍വാസില്‍ 85ാം വയസ്സിലും അദ്ദേഹം ചിത്രങ്ങള്‍ വരയ്ക്കുന്നു. ഒരു ചിത്രം പൂര്‍ത്തീകരിക്കാന്‍ മാസങ്ങള്‍ എടുക്കുന്നു. ഏപ്രന്‍ അണിഞ്ഞ് വിവിധ ബ്രഷുകളും, പെയിന്‍റുകളും നിരത്തി വെച്ച് ചിത്ര രചനയില്‍ മുഴുകിയിരിക്കുന്ന അദ്ദേഹത്തിന്‍റെ അര്‍പ്പണ ബോധം വ്യത്യസ്ഥമാണ്.

കഴിഞ്ഞ കുറേ നാളുകളായി താമരകുളത്തെ കുറിച്ചാണ് രാമചന്ദ്രന്‍ ചിന്തിക്കുന്നതും വരയ്ക്കുന്നതും. രാജസ്ഥാനിലെ ഒബേശ്വറും, ബനേശ്വറും താമര കുളങ്ങാല്‍ സമ്യതമാണ്. അവിടുത്തെ താമര കുളങ്ങളാണ് അദ്ദേഹം വരയ്ക്കുന്നത്. അദ്ദേഹത്തിന് ഈ പ്രദേശത്തോട് വല്ലാത്ത ആത്മ ബന്ധം തന്നെ ഉണ്ടെന്ന് പറയണം. എഴുപതുകളുടെ മധ്യത്തിലാണ് രാജസ്ഥാനില്‍ രാമചന്ദ്രന്‍ ആദ്യമായി പോകുന്നത്. അന്ന് മുതല്‍ക്കുള്ള അവിടുത്തെ ജനങ്ങള്‍, ഭാഷ, സംസ്ക്കാരം എല്ലാം രാമചന്ദ്രന്‍ മനസിലാക്കി. അവിടുത്തെ ആദിവാസി ജനങ്ങള്‍ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. അദ്ദേഹത്തിന്‍റെ ചിത്രങ്ങളില്‍ അത് പ്രതിഫലിച്ചിട്ടുണ്ട്.

രാജസ്ഥാനിലെ ജനങ്ങള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലെ വര്‍ണ്ണങ്ങള്‍ മറ്റൊരു ആകര്‍ഷണമാണ്. രാമചന്ദ്രന്‍റെ ചിത്രങ്ങളെ അതും സ്വാധീനിച്ചിരിക്കുന്നതായി കാണാവുന്നതാണ്. ഒരു ചിത്രം വരയ്ക്കും മുന്‍പ് അതിനായി തിരഞ്ഞെടുക്കുന്ന പ്രദേശത്ത് യാത്ര ചെയ്ത് സ്ക്കെച്ചുകള്‍ തയ്യാറാക്കും. ഇങ്ങനെ തയ്യാറാക്കുന്ന സ്ക്കെച്ചുകള്‍ തന്നെ എത്ര മനോഹരമാണെന്നോ. അത് മനസില്‍ പകര്‍ത്തിയ ശേഷമാണ് കാന്‍വാസിലേയ്ക്ക് അദ്ദേഹം പകര്‍ത്തുന്നത്.

സ്ക്കെച്ചുകള്‍ വരയ്ക്കുന്നത് പരസ്യമായിട്ടാണെങ്കിലും, കാന്‍വാസിലേയ്ക്ക് അത് വരയ്ക്കുന്നത് സ്റ്റുഡിയോയുടെ ഉള്ളിലാണ്. ചിത്രങ്ങള്‍ കാന്‍വാസിലേയ്ക്ക് വരയ്ക്കുമ്പോള്‍ ഭാര്യയേയും മക്കളേയും പോലും അകറ്റി നിര്‍ത്തും. താന്‍ ചിത്രം കാന്‍വാസില്‍ വരയ്ക്കുമ്പോള്‍ മനസ് ഏകാഗ്രമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാന്‍വാസ് മാത്രമായിരിക്കും എന്നില്‍. അതിന് മറ്റുള്ളവരുടെ സാനിധ്യം തടസമാകും.

അദ്ദേഹം വരച്ചു തീര്‍ത്ത എത്ര എത്ര സീരീസുകളിലുള്ള ചിത്രങ്ങളുണ്ട്. യയാതിയും, ഗാന്ധാരിയും, ന്യൂക്ലിയര്‍ എഗണിയും അതില്‍ ചിലത് മാത്രം. ഓരോ സീരീസും തീര്‍ക്കാന്‍ വര്‍ഷങ്ങളാണ് എടുക്കുന്നത്. രാമചന്ദ്രന്‍റ ഓരോ സീരിസിലുള്ള ചിത്രങ്ങള്‍ക്കും ഓരോ കഥകളുണ്ട്. കാഴ്ച്ചക്കാരുടെ ഉള്ളിലേയ്ക്ക് കഥ പറയുന്ന ചിത്രങ്ങള്‍ വരയ്ക്കുന്നു എന്നതാണ് രാമചന്ദ്രനെ വേറിട്ടു നിര്‍ത്തുന്നത്. ചിത്രങ്ങളില്‍ പലതിലും സ്വയം കഥാപാത്രമായി എത്തുന്നതും കാണാം. 

ഒരു ചിത്രകാരന്‍ എന്ന നിലയില്‍ മറ്റേത് ചിത്രങ്ങളേക്കാള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് അദ്ദേഹത്തിന്‍റെ യയാതി എന്ന പരമ്പര തന്നെയാണ്. കാന്‍വാസില്‍ യയാതി ആവിഷ്ക്കരിച്ചത് മനോഹരമായ കാവ്യം പോലെ എന്ന് ഇപ്പോഴും വിശേഷിപ്പിക്കപ്പെടുന്നു. വളരെ ജനകീയമായി മാറിയ യയാതി ചിത്രങ്ങള്‍ രാമചന്ദ്രന്‍ എന്ന ചിത്രകാരന്‍റെ വളര്‍ച്ചയെ വേഗതയിലാക്കി. രാമചന്ദ്രന്‍റെ ചിത്രങ്ങള്‍ കഥകള്‍ പറയുന്നതായിരുന്നു. അത് ഒരു കാന്‍വാസില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് പകര്‍ന്ന് പകര്‍ന്ന് പോകുന്നത് കാഴ്ച്ചക്കാരില്‍ വേറിട്ട അനുഭവമുണ്ടാക്കി.

1935ല്‍ ആറ്റിങ്ങല്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ബാലന്‍ ചുറ്റിനും കണ്ടത് പച്ചപ്പാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ പച്ച നിറത്തോടുള്ള താത്പര്യം നമുക്ക് ചിത്രങ്ങളിലും കാണാം. പിതാവ് പൂവളം അച്ച്യുതന്‍ നായരും, മാതാവ് ഭാര്‍ഗവി അമ്മയുമായിരുന്നു. അമ്മയോടൊപ്പമുള്ള ക്ഷേത്ര ദര്‍ശന സമയമാണ് രാമചന്ദ്രന്‍ ചിത്രകലയുടെ ആദ്യ പാഠം പഠിച്ചത്. ക്ഷേത്രത്തിലെ കൊത്തു പണികള്‍ കൗതുകത്തോടെയാണ് രാമചന്ദ്രന്‍ കണ്ടത്. വീടിന് ചുറ്റിലുമുള്ള കുളങ്ങളും, കാവുകളും, മരങ്ങളും, വാഴകളും, തെങ്ങുകളും രാമചന്ദ്രന്‍റെ മനസില്‍ ഒരായിരം ചിത്രങ്ങള്‍ തീര്‍ത്തു. അദ്ദേഹം തന്നെ പറയുന്നത് കുട്ടികാലത്തെ വീടിന്‍റെ ചുറ്റും മനുഷ്യ നിര്‍മ്മിതമല്ലാത്ത ആമസോണ്‍ വനത്തെ ഓര്‍മ്മിപ്പിക്കുന്നു എന്നാണ്.

വളരെ ധനിക ഭൂപ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും, സ്ക്കൂള്‍ പഠനം പൂര്‍ത്തിയായപ്പോഴേയ്ക്കും സ്വത്തുക്കള്‍ വില്‍ക്കേണ്ട സാഹചര്യത്തിലേയ്ക്കെത്തി. ആറ്റിങ്ങലിലെ ശേഷിച്ച ഭൂമി വിറ്റ് കടങ്ങള്‍ വീട്ടി കുടുംബം തിരുവനന്തപുരത്തിന്‍റെ അതിര്‍ത്തി ഗ്രാമമായ കുളത്തൂരിലേയ്ക്ക് മാറി.

1957ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് മലയാളം സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. തിരുവനന്തപുരത്തെ അദ്ദേഹത്തിന്‍റെ ജീവിതം സംഗീതവും സാഹിത്യവും ന്യത്തവുമായിരുന്നു ആദ്യ കാലത്തെ രാമചന്ദ്രന്‍റെ സാംസ്കാരിക ലോകം. പത്ത് വര്‍ഷം കര്‍ണ്ണാടക സംഗീതം പഠിച്ച രാമചന്ദ്രന്‍ കോളേജ് പഠനകാലത്ത് തന്നെ നാല് വര്‍ഷത്തോളം തിരുവനന്തപുരം ആള്‍ ഇന്ത്യ റേഡിയോവില്‍ ആര്‍ട്ടിസ്റ്റായിരുന്നു. സംഗീത കച്ചേരികള്‍ അദ്ദേഹം നടത്താറുണ്ടായിരുന്നു. ഒരു കര്‍ണ്ണാടക സംഗീതജ്ഞന്‍ എന്ന നിലയിലാണ് ആദ്യം അംഗീകാരം നേടുന്നത്.

ഔപചാരിക ചിത്രകലാ പഠനം നടത്താതെ തന്നെ ചിത്രരചനയിലേയ്ക്കും രാമചന്ദ്രന്‍ കടന്നു. ചിത്രരചനയിലെ കമ്പം മൂത്തപ്പോള്‍ ഔപചാരികമായി തന്നെ അത് പഠിക്കണമെന്ന് തീരുമാനിച്ചു. പിന്നീടാണ് ശാന്തിനികേതനില്‍ ചിത്രകലാ പഠനം നടത്തിയത്. കേരള സര്‍വ്വകലാശാലയുടെ സ്ക്കോളര്‍ഷിപ്പിലായിരുന്നു അത്. 1957ല്‍ പഠനാര്‍ത്തം കല്‍ക്കത്തയില്‍ തീവണ്ടി ഇറങ്ങിയ രാമചന്ദ്രന്‍ കണ്ടത് അഭയാര്‍ത്ഥികളെയായിരുന്നു. അഭയാര്‍ത്ഥികളുടെ ചിത്രം രാമചന്ദ്രന്‍റെ ചിന്തകളെ മാറ്റിമറിച്ചു. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ രാംകിങ്കര്‍ ബെയ്ജ്, നന്ദലാല്‍ ബോസ്, ബിനോദ് ബിഹാരി മുഖര്‍ജി തുടങ്ങിയ പ്രശസ്തരുടെ കീഴിലായിരുന്നു ചിത്രകലാ പഠനം. തന്നിലെ ചിത്രകാരനെ പുറത്തെടുത്തത് ശാന്തിനികേതനിലെ പഠനമാണെന്ന് രാമചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്.

ഒരു ചിത്രം വരയ്ക്കുമ്പോള്‍ അതിന്‍റെ പ്രധാന ഉറവിടം പ്രക്യതിയില്‍ നിന്ന് തന്നെ ആകണം എന്ന് പഠിച്ചത് ശാന്തിനികേതനില്‍ നിന്നാണ്. അതാത് പ്രദേശത്തെ സംസ്ക്കാരം ഉള്‍കൊള്ളുക എന്നതാണ് രണ്ടാമത്. മൂന്നാമതായി ഇതൊക്കെ ആവാഹിച്ച് ചേര്‍ത്ത് ഒരു ചിത്രത്തിന് രൂപം കൊടുക്കുക എന്നതാണ് അവസാനത്തേത്. താന്‍ പിന്തുടരുന്ന ചിത്രരചനാ രീതിയെ കുറിച്ച് അദ്ദേഹം പറഞ്ഞു. ചിത്രകലാ രംഗത്തെ നോവലിസ്റ്റാണ് താന്‍. ിറെിയ പെയിന്‍റിങ്ങുകള്‍ ചെയ്യാറുണ്ടെങ്കിലും, വലിയ കാന്‍വാസുകളാണ് തന്‍റെ പ്രിയപ്പെട്ടവ.

മഹാത്മാസാന്ധി തന്‍റെ ജീവിതത്തെ സ്വാധീനിച്ച വ്യക്തിയാണ്. സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ഗാന്ധിയനായ ഒരു അദ്ധ്യാപകന്‍ പഠിപ്പിച്ചിരുന്നു. ഖാദി വസ്ത്രങ്ങളായിരുന്നു അദ്ദേഹം എപ്പോഴും ധരിച്ചിരുന്നത്. ഒരിക്കല്‍ ഈ അദ്ധ്യാപകന്‍ വീട്ടിലേയ്ക്ക് ക്ഷണിച്ചു. ഖാദി വസ്ത്രങ്ങള്‍ വാങ്ങി ഇട്ടാണ് അദ്ധ്യാപകന്‍റെ വീട്ടിലേയ്ക്ക് രാമചന്ദ്രന്‍ പോയത്. രാമചന്ദ്രന്‍റെ വളരെ ചെറു പ്രായത്തില്‍ ഗാന്ധിജി മരണപ്പെടുന്നതും, അന്ന് കരഞ്ഞതും, പിറ്റേന്ന് ഗാന്ധി ചിത്രം വെട്ടി പൂജാമുറിയില്‍ ഒട്ടിച്ച് വെച്ചതും അദ്ദേഹം ഓര്‍ക്കുന്നു. വളരെ കുട്ടിയായപ്പോള്‍ മനസില്‍ പതിഞ്ഞ ഗാന്ധിയാണ് പില്‍കാലത്ത് ഗാന്ധി പരമ്പര ചെയ്യാന്‍ പ്രേരണ ഉണ്ടായത്.

പഠനകാലം തൊട്ട് പ്രതീക്ഷകളില്ലാത്ത മനുഷ്യ രൂപങ്ങള്‍ വരച്ചാണ് ക്യാന്‍വാസുകളിലെ ചിത്രരചനയ്ക്ക് തുടക്കം കുറിച്ചത്. തന്‍റെ കുട്ടിക്കാലത്തെ പച്ചപ്പിനേക്കാള്‍ രാമചന്ദ്രന്‍റെ മനസില്‍ അഭയാര്‍ത്ഥികളുടെ നിസഹായവസ്ഥ വേട്ടയാടിയിരിക്കണം. ഭാവങ്ങളില്ലാത്ത, തലകളില്ലാത്ത മനുഷ്യരൂപങ്ങളായിരുന്നു ആദ്യ കാലങ്ങളിലെ രാമചന്ദ്രന്‍റെ രചനകള്‍ എല്ലാം. മനുഷ്യാവയവങ്ങള്‍ ചിത്രീകരിച്ച് ചിത്രകലയില്‍ വേറിട്ട പാത തന്നെ വെട്ടി തെളിച്ചു അദ്ദേഹം. പിന്നീട് സ്ത്രീസൗന്ദര്യങ്ങളില്‍ ശ്രദ്ധിച്ച അദ്ദേഹം പ്രക്യതി സൗന്ദര്യത്തിലേയ്ക്ക് ചുവട് മാറുന്നതാണ്  കണ്ടത്. ഈ ചുവട് മാറ്റം അദ്ദേഹത്തിന്‍റെ വര്‍ഷങ്ങളായുള്ള ചിത്ര രചനകള്‍ പഠനവിഷയമാക്കിയാല്‍ തിരിച്ചറിയാന്‍ സാധിക്കും.

മലയാള സാഹിത്യ ലോകത്തെ പ്രമുഖരുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തിയ രാമചന്ദ്രന്‍ സാഹിത്യ ലോകത്തും അറിയപ്പെട്ടിരുന്നു. എന്‍ ക്യഷ്ണപിള്ള, ജി ശങ്കരകുറുപ്പ്, എസ് കെ പൊറ്റക്കാട്, തുടങ്ങി പലരും അദ്ദേഹത്തിന്‍റെ ബന്ധം വിപുലമായിരുന്നു. കെപിഎസി അടക്കമുള്ള ഇടത്പക്ഷ സാംസ്ക്കാരിക സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടത്പക്ഷ സഹസഞ്ചാരികളോടാണ് രാമചന്ദ്രന്‍ കൂടുതല്‍ അടുത്തിരുന്നത് എന്ന് കാണാം. പക്ഷെ വ്യക്തിപരമായി ഒരു രാഷ്ട്രീയ പക്ഷത്തും അദ്ദേഹം നിലനിന്നില്ല.  ശ്രദ്ധേയമായ പല രചനകളും നടത്തിയ അദ്ദേഹം ചിത്രകലയിലേയ്ക്ക് കൂടുതല്‍ ശ്രദ്ധിച്ചു എന്ന് മാത്രം.

ആദ്യ കാലങ്ങളില്‍ ബാലസാഹിത്യ രംഗത്താണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. പ്രമുഖരായ എഴുത്തുകാരുടെ നാല്‍പതോളം പുസ്തകങ്ങള്‍ക്ക് സാഹിത്യ പ്രവര്‍ത്തക സഹകരണത്തിന് വേണ്ടി ചിത്രീകരണം നടത്തി. ബാല സാഹിത്യ മേഖലയിലും ചെറുതായി പരീക്ഷണവും നടത്തി. ഒരു മികച്ച ഇല്ല്യുസ്ട്രേറ്റര്‍ എന്ന പേര് നേടി കൊണ്ടാണ് ചിത്രരചനാ ലോകത്തേയ്ക്ക് അദ്ദേഹം കൂടുതല്‍ ശ്രദ്ധിച്ചത്. പില്‍ക്കാലത്ത് ബാലസാഹിത്യ രചനയിലും, ചിത്രീകരണത്തിലും ഡല്‍ഹിയിലും പ്രവര്‍ത്തിച്ചു. ജപ്പാനിലെ ഏറ്റവും ശ്രദ്ധേയമായ ബാലസാഹിത്യ ക്യതി രാമചന്ദ്രന്‍റേതാണ്. വര പോലെ വാക്കുകളും വളരെ തന്‍മയത്തത്തോടെ അദ്ദേഹം കുട്ടികള്‍ക്കായി പ്രയോഗിച്ചു.

1963ല്‍ ഡല്‍ഹിയില്‍ ഐഫാക്സില്‍ ഒരു ഗ്രൂപ്പ് പ്രദര്‍ശനത്തിന്‍റെ ഭാഗമായി എത്തിയത് രാമചന്ദ്രന്‍റെ ചിത്രകലാ ജീവിതത്തിന് വലിയ മാറ്റം ഉണ്ടാക്കി. കുമാര്‍ ഗ്യാലറിയുടെ ക്ഷണപ്രകാരം തൊട്ടടുത്ത വര്‍ഷം തന്നെ ഡല്‍ഹിയില്‍ മടങ്ങി എത്തി. 1965ല്‍ ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ ചിത്രകലാ അദ്ധ്യാപകനയി മാറിയ രാമചന്ദ്രന്‍ ഡല്‍ഹിയിലെ ചിത്രകലാ ലോകത്തേയ്ക്ക് ചുവടു വെച്ചു. ജാമിയയിലെ ചിത്രകലാ വിഭാഗത്തിന്‍റെ മേധാവിയായി.  1992ല്‍ 27 വര്‍ഷത്തിന് ശേഷം സ്വമേധയാ പിരിയുന്നത് വരെ ജാമിയ സര്‍വ്വകലാശാലയില്‍ തന്നെയായിരുന്നു രാമചന്ദ്രന്‍. കുമാര്‍ ഗ്യാലറിയുമായുള്ള കരാര്‍ രാമചന്ദ്രന്‍ എന്ന ചിത്രകാരനെ ആഘോളതലത്തിലേയ്ക്ക് ഉയര്‍ത്തി.

ജാമിയയിലെ അദ്ധ്യാപക ജോലിയായിരുന്നു ജീവിത മാര്‍ഗം. അതുകൊണ്ട് മറ്റ് ചിത്രകാരന്‍മാരെ പോലെ എന്‍റെ ചിത്രങ്ങള്‍ മിക്കതും എന്‍റെ വശം തന്നെ സുരക്ഷിതമാണ്. അതൊരു ഭാഗ്യമാണ്. ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റുകള്‍ അവരുടെ ചിത്രങ്ങള്‍ ജീവിക്കാന്‍ വേണ്ടി വില്‍ക്കുന്നു. ഇപ്പോള്‍ ഞാനും ഒരു ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റാണ്.

കേരളത്തിലെ ചുമര്‍ ചിത്രങ്ങളെ കുറിച്ച് രാമചന്ദ്രന്‍ ആഴത്തില്‍ പഠിച്ചിട്ടുണ്ട്. മറ്റ് പ്രദേശങ്ങളിലെ ചുമര്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ വ്യത്യസ്ഥത പുലര്‍ത്തുന്നവയാണ്. കേരളത്തിലെ ചുമര്‍ ചിത്രങ്ങളുടെ സവിശേഷത ഗവേഷണം നടത്തിയ അപൂര്‍വ്വം ചിത്രകാരന്‍മാരില്‍ ഒരാളാണ് എ രാമചന്ദ്രന്‍. കേരളത്തിലെ ക്ഷേത്രങ്ങളിലെ ശില്‍പ്പങ്ങളും ചുമര്‍ ചിത്രങ്ങളും വിരല്‍ ചൂണ്ടുന്നത് ഇവിടെ മികച്ച ചിത്ര ശില്‍പ്പ കലാകാരന്‍മാര്‍ ഉണ്ടായിരുന്നു എന്നാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.  കേരളത്തിന്‍റെ ചുമര്‍ചിത്രം ഗൗരവമായി പഠിക്കുന്നവര്‍ക്ക് മുതല്‍ക്കൂട്ടാണ് രാമചന്ദ്രന്‍ എഴുതിയ പെയിന്‍റിങ്ങ് അബോഡ് ഓഫ് ഗോഡ്സ് എന്ന പുസ്തകം.

മലയാളികള്‍ സാഹിത്യത്തെ സ്വീകരിച്ചത് പോലെ ചിത്രകലയെ സ്വീകരിച്ചിട്ടില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ ചുമര്‍ ചിത്രങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല. പുതിയ വീടുവെയ്ക്കുമ്പോള്‍ മലയാളികളുടെ പഴയ രീതി മറക്കുന്നു. പണ്ട് ചുമരില്‍ ചിത്രങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ വീടുകളില്‍ ചിത്രങ്ങള്‍ ഇല്ല. ചിത്രകല മറ്റ് കലകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. ഇവിടെ കഥയും, തിരക്കഥയും, സംഗീതവും, സംവിധാനവും ചിത്രകാരന്‍ തന്നെയാണ് ചെയ്യേണ്ടത്. 

എ രാമചന്ദ്രന് 1969ലും 1973ലും ചിത്രകലക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 1993ല്‍ ഡല്‍ഹി സാഹിത്യ കലാപരിഷത്തിന്‍റെ പരിഷത്ത് സമ്മാനം, 2000ല്‍ വിശ്വഭാരതിയില്‍ നിന്നും ഗഗനേന്ദ്രനാഥ് അഭനേന്ദ്രനാഥ് പുരസ്കാരം, 2004 കേരളസര്‍ക്കാറിന്‍റെ പ്രഥമ രാജാരവി വര്‍മ്മ പുരസ്കാരം തുടങ്ങി അനവധിപുരസ്കാരങ്ങള്‍ ലഭിച്ചു. 2005ല്‍ പത്മഭൂഷന്‍ നല്‍കി രാഷ്ട്രം ആദരിച്ചു. 2013ല്‍ കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വ്വകലാശാല രമാചന്ദ്രനെ ഡിലിറ്റ് നല്‍കി ആദരിച്ചു. 2018ല്‍ മധ്യപ്രദേശ് സര്‍ക്കാരിന്‍റെ ഭാരത്ഭവന്‍ കാളിദാസ് സമ്മാന്‍ നല്‍കി.

1978ലും 1980ലും ബുക്ക് ഇല്ലസ്റ്റ്രേഷന് ജപ്പാനില്‍നിന്നും നോമ സമ്മാനം കിട്ടിയിട്ടുണ്ട്. ബാലസാഹിത്യത്തെ കുറിച്ചുള്ള എത്രയോ അന്താരഷ്ട്ര ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ച് ശ്രദ്ധേയമായ അവതരണങ്ങള്‍ നടത്തിയിട്ടുണ്ട്. സാക്ഷരതാ പ്രവര്‍തനങ്ങള്‍ക്കുള്ള പുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന യുനെസ്കോ സംഘത്തില്‍ അദ്ദേഹം ഒരു അംഗമായിരുന്നു. കൂടാതെ ഭാരതീയ തപാല്‍ വകുപ്പിനു വേണ്ടി അനേകം സ്റ്റാമ്പുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

ഡെല്‍ഹിയിലെ മൌര്യാ ഷരാട്ടണ്‍, അശോകാ ഹോട്ടല്‍, ഗാന്ധിസ്മൃതി, എന്നിവടങ്ങളില്‍ രാമചന്ദ്രന്‍ ചുവര്‍ച്ചിത്രങ്ങള്‍ ചെയ്തു. തമിഴ്നാട്ടിലെ ശ്രീപെരമ്പുത്തൂരിലെ രാജീവ്ഗാന്ധി സ്മാരകത്തിനായി അതിബൃഹത്തായ ഒരു കരിങ്കല്‍ ശില്‍പ്പാഖ്യാനം ചെയ്തത് 2003ല്‍ പൂര്‍ത്തിയാക്കി.

ചൈനക്കാരിയും ചിത്രകാരിയായ ടാന്‍ യുയാന്‍ ചമേനിയാണ് ഭാര്യ. പ്രശസ്ത ചൈനീസ് ചിന്തകന്‍ ടാന്‍ യുന്‍ ഷയാനിന്‍റെ മകളാണ്. ശാന്തിനികേതനിലെ അദ്ധ്യാപകനായിരുന്നു.  രണ്ട് മക്കള്‍.