ടിവിആര്‍ പ്രണയിച്ച സരോജ, അഥവാ സരോജാ പ്രണയിച്ച ടിവിആര്‍

ടിവിആര്‍ പ്രണയിച്ച സരോജ, അഥവാ സരോജാ പ്രണയിച്ച ടിവിആര്‍
സുധീര്‍ നാഥ്

തളിയാടി പറമ്പില്‍ വിട്ടപ്പ ഷേണായുടേയും സുനിതാ ഭായുടേയും ഇളയ മകനാണ് എല്ലാവരും ബാബു എന്ന്  വിളിച്ചിരുന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ തളിയാടി പറമ്പില്‍ രാമചന്ദ്രന്‍ ഷേണായി എന്ന ടിവിആര്‍ ഷേണായി. വിട്ടപ്പ ഷേണായിക്ക് കലശലായ രോഗം കാരണം വൈദ്യരുടെ മരുന്നുമായി എറണാകുളം ജില്ലയിലെ ചെറായിലുള്ള ഭാര്യ വീട്ടിലായിരുന്നു വിശ്രമിച്ചിരുന്നത്. ഭാര്യ സുനിതാ ഭായ് ഈ സമയം പ്രസവത്തിനായി എറണാകുളം സര്‍ക്കാര്‍ വക ജനറല്‍ ആശുപത്രിയിലായിരുന്നു. 27ാം വയസ്സില്‍ വിട്ടപ്പ ഷേണായി അപ്രതീക്ഷതമായി മരണപ്പെട്ടതിന്‍റെ പിറ്റേന്നാണ് സുനിതാ ഭായി ബാബുവിന് ജന്‍മം നല്‍കിയത്. അമ്മ വീട്ടില്‍ വളര്‍ന്ന ബാബു ചെറായിലെ അഴീക്കല്‍ ശ്രീവരാഹ ദേവസ്വം കൊങ്കിണി ക്ഷേത്രത്തില്‍ സംസ്ക്യത പണ്ഡിതന്‍റെ കീഴിലാണ് പഠനം തുടങ്ങിയത്. രണ്ടാം ഫോറം വരെ (ഇന്നത്തെ ഏഴാം ക്ലാസ്) സ്ക്കൂളില്‍ പോകാതെ ചെറായി കൊങ്കിണി ക്ഷേത്രത്തില്‍ ചെന്ന് സംസ്ക്യതം പഠിച്ചു. മാത്യഭാഷയായ കൊങ്കിണിയിലായിരുന്നു വീട്ടില്‍ എല്ലാവരും സംസാരിച്ചിരുന്നെങ്കിലും, പലപ്പോഴും സംസ്ക്യതത്തിലും സംസാരിക്കുന്ന പതിവ് തന്നെ വീട്ടില്‍ ഉണ്ടായിരുന്നു. പണം കൊടുത്ത് മലയാളം പഠിച്ച വ്യക്തിയായിരുന്നു ടിവിആര്‍. അത് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.

എറണാകുളം മഹാരാജാസ് കോളേജില്‍ പ്രീഡിഗ്രിക്ക് ഷേണായി ചേര്‍ന്നു. ക്ലാസില്‍ ആണ്‍കുട്ടികളില്‍ മലയാളത്തിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് കൊങ്ങിണിയായ ടി.വി.ആറിനായിരുന്നു. അതേ ക്ലാസില്‍ പെണ്‍കുട്ടികളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് സരോജാ ദേവിക്കായിരുന്നു. ആലുവയില്‍ അറിയപ്പെടുന്ന ധനിക ബിസിനസുകാരനായ നാരായണ മല്ലയ്യയുടെ മകളാണ് സരോജാ ദേവി. ഇരുവരും കൊങ്ങിണികള്‍. മലയാളികളെ മലയാളത്തില്‍ രണ്ട് കൊങ്ങിണികള്‍ തോല്‍പ്പിച്ചതില്‍ സരോജാ ദേവിക്ക് സന്തോഷമായി. കൊങ്ങിണികള്‍ സാധാരണ നെറ്റിയില്‍ മുകളിലേയ്ക്കാണ് ചന്ദനം ഇടാറ്. എറണാകുളം കോളേജിന്‍റെ വനിതാ ഹോസ്റ്റലില്‍ നിന്ന് കൂട്ടുകാരികളോടൊപ്പം ക്ഷേത്രത്തില്‍ പോയിരുന്ന സരോജ മറ്റുള്ളവര്‍ ചന്ദനം ഇടുന്നത് പോലെ നെറ്റിക്ക് സമാന്തരമായാണ് ചന്ദനം ഇട്ടിരുന്നത്.

ഒരിക്കല്‍ എറണാകുളത്തമ്പലത്തില്‍ ഉത്സവത്തിനിടയിലാണ് അത് സംഭവിച്ചത്. ടിവിആറും സുഹ്യത്തും ചെറായിലെ സരോജാ ദേവിയുടെ അമ്മയുടെ ബന്ധുവിന്‍റെ മകന്‍ ഋഷിയും ഉത്സവപറമ്പില്‍ ഇരിക്കുമ്പോഴായിരുന്നു അത്. ക്ഷേത്ര ദര്‍ശനത്തിനായി സരോജാ ദേവിയും കൂട്ടുകാരികളും ക്ഷേത്രത്തിലെത്തി. തന്‍റെ ബന്ധുവിന്‍റെ മകളാണ് വരുന്നതെന്ന് സരോജയെ നോക്കി ഋഷി പറഞ്ഞപ്പോഴാണ് സരോജ കൊങ്ങിണിയാണെന്ന് ടിവിആര്‍ ഷേണായി തിരിച്ചറിഞ്ഞത്. അന്ന് ഋഷിയോട് ടിവിആര്‍ പറഞ്ഞു. ഞാന്‍ സരോജയെ വിവാഹം കഴിക്കും. പിന്നീടുള്ള ദിവസങ്ങള്‍ പ്രണയത്തിന്‍റേതായിരുന്നു.

തളിയാടി പറമ്പില്‍ രാമചന്ദ്രന്‍ ഷേണായും, സരോജാ ദേവിയും തമ്മിലുള്ള പ്രണയം കോളേജില്‍ പാട്ടായി. അക്കാലത്ത് ഒരുവര്‍ഷം മാത്രമാണ് പ്രീഡിഗ്രി പഠനം ഉണ്ടായത്. വീട്ടുകാര്‍ സരോജത്തെ ഡോക്ടറോ എന്‍ജിനിയറോ ആക്കണമെന്നാണ് ആഗ്രഹിച്ചത്. അതിന് വീട്ടുകാര്‍ക്ക് പണമുണ്ട്. സരോജ നന്നായി പഠിക്കും. നല്ല മാര്‍ക്കുമുണ്ട്. പ്രേമം കലശലായ സരോജം മഹാരാജാസില്‍ തന്നെ സുവോളജിക്ക് ചേര്‍ന്നു. ടിവിആറിനോടുള്ള പ്രണയമായിരുന്നു സരോജയെ അങ്ങിനെ ഒരു തീരുമാനത്തിലെത്തിച്ചത്.

മഹാരാജാസ് കോളേജിലെ പഠനകാലത്ത് 1957ല്‍ കോളേജ് ഇലക്ഷനില്‍ കെഎസ്യുവിന്‍റെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായിരുന്നു ഷേണായി. എ കെ ആന്‍റണിയും, വയലാര്‍ രവിയുമായിരുന്നു അക്കാലത്ത് കെ എസ് യു നേതാക്കള്‍. ഇടത്പക്ഷത്തിന്‍റെ സ്റ്റുഡന്‍സ് ഫെഡറേഷന്‍ സ്ഥാനാര്‍ത്ഥി  സരോജാ ദേവിയായിരുന്നു. വനിതകള്‍ സാധാരണഗതിയില്‍ ജനറല്‍ സീറ്റില്‍ മത്സരിക്കുന്ന പതിവില്ലാതിരുന്ന കാലത്താണ് സരോജാ ദേവി, കെഎസ്യുവിന്‍റെ ഷേണായുടെ എതിരാളിയയി മത്സര രംഗത്ത് വന്നത്. കോളേജ് ഇലക്ഷനില്‍ മാത്രമല്ല, ജീവിതത്തില്‍ എതിരാളിയെ പ്രണയിക്കുന്നതിലും, ജീവിതപങ്കാളി ആക്കുന്നതിലും ടിവിആര്‍ ഷേണായി ജയിച്ചു.

സരോജാ ദേവിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ടിവിആര്‍ ഷേണായ് തന്നെ അവരുടെ വീട്ടില്‍ അറിയിച്ചു. ഇരുവരുടേയും ശക്തമായ പ്രണയ വാര്‍ത്ത ഇതിനകം ഇരു വീട്ടുകാര്‍ക്കും അറിയാമായിരുന്നു. ഒരു ജോലിയും ഇല്ലാത്ത ആള്‍ എങ്ങനെ തന്‍റെ മകളെ സംരക്ഷിക്കും എന്നായിരുന്നു സരോജാ ദേവിയുടെ പിതാവിന്‍റെ ചോദ്യം. ഒരു ജോലി ലഭിച്ചിട്ട് വന്നാല്‍ സരോജയെ കല്ല്യാണം കഴിച്ച് തരാം എന്ന് മറുപടിയും നല്‍കി. ഉപരിപഠനത്തോടൊപ്പം ബോംബയില്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ ജോലി നേടി ഷേണായി സരോജയുടെ വീട്ടില്‍ എത്തി. അങ്ങനെ കോളേജ് ഇലക്ഷനിലെ എതിരാളിയും, പ്രണയിനിയുമായ സരോജാ ദേവിയെ വീട്ടുകാരുടെ സമ്മതത്തോടെ ജോലി കിട്ടി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വിവാഹം ചെയ്തു. അങ്ങിനെ സരോജാ ദേവി, വിവാഹാനന്തരം സരോജാ ഷേണായി ആയി. ഇവര്‍ക്ക് രണ്ട് മക്കള്‍. അജിത്തും, സുജാതയും.

വിവാഹ ശേഷം ഒരുമിച്ച് മറ്റൊരു വീട്ടില്‍ താമസം തുടങ്ങിയ ഇരുവരും ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തുടങ്ങിയത്. ആദ്യത്തെ ഒരു മാസത്തെ ശംമ്പളം ടിവിആര്‍ സരോജത്തിന് നല്‍കിയത് അവര്‍ ഇന്നും ഓര്‍ക്കുന്നു. പഠനകാലത്ത് വീട്ടുകാരോടൊത്ത് ഒരു കടയില്‍ ഒരുതവണ ഷോപ്പിങ്ങ് നടത്തുമ്പോള്‍ നല്‍കുന്ന തുകയായിരുന്നു ഷേണായി ഒരു മാസത്തെ ശംമ്പളം എന്ന് പറഞ്ഞ് തന്നതെന്ന് സരോജം പറയുമ്പോള്‍ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. അന്‍പത്തഞ്ച് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടും ഒരിക്കല്‍ പോലും പിണങ്ങിയിട്ടില്ലെന്ന് ടിവിആറിന്‍റെ ഓര്‍മ്മകളില്‍ സരോജ ഷേണായി പറഞ്ഞു. ടിവിആറിന് ദേഷ്യം വന്നാല്‍ തനിക്ക് ചിരിവരും. അത്കൊണ്ട് ഞാന്‍ എപ്പോഴും ഒഴിഞ്ഞ് മാറുകയാണ് പതിവെന്ന് ഓര്‍ത്തെടുത്ത് അവര്‍ ചിരിച്ചു.