കീഴ്ശാന്തിയുടെ കാര്‍ട്ടൂണ്‍...

കീഴ്ശാന്തിയുടെ കാര്‍ട്ടൂണ്‍...
സുധീര്‍ നാഥ്

തിരുവനന്തപുരം മോഡല്‍ സ്ക്കൂളില്‍ കുട്ടന്‍പിള്ള മാഷ് ഇംഗ്ലീഷ് ക്ലാസില്‍ ഫ്രഞ്ച് വിപ്ലവത്തെ കുറിച്ച് വിവരിച്ചു. ലൂയി 16ാം ചക്രവര്‍ത്തിയെ വിപ്ലവകാരികള്‍ ഫ്രഞ്ച് ഗില്ലറ്റിന്‍ ഉപയോഗിച്ച് തലയറുത്ത് ശവശരീരം മാര്‍ക്കറ്റിലെ പോസ്റ്റില്‍ തൂക്കയിട്ട ഭാഗം പഠിപ്പിച്ച് മാഷ് സ്റ്റാഫ് റൂമിലേയ്ക്ക് പോയി. ടെസ്റ്റ് ബുക്കില്‍ പാഠഭാഗത്തെ പരാമര്‍ശിക്കുന്ന ചിത്രങ്ങള്‍ ഒന്നും കൊടുത്തിരുന്നില്ല. കുട്ടന്‍പിള്ള മാഷിന്‍റ വിവരണം മാത്രമാണ് കുട്ടികളുടെ മനസില്‍. ചിത്രകലയില്‍ താത്പര്യമുണ്ടായിരുന്ന സുകുമാരന്‍ ബോര്‍ഡില്‍ തന്‍റെ ഭാവനയില്‍ ഫ്രഞ്ച് ഗില്ലറ്റിനും, തലയറുക്കപ്പെട്ട് മരിച്ച് കിടക്കുന്ന ലൂയി 16ാമനേയും വരച്ചു. സംഭവം സ്റ്റാഫ് റൂമിലെത്തി കുട്ടന്‍പിള്ള മാഷിനെ സുകുമാന്‍ തന്നെ അറിയിച്ചു. മാഷ് വിവരിച്ച പോലെ ഫ്രഞ്ച് ഗില്ലറ്റും മറ്റും ബോര്‍ഡില്‍ ഞാന്‍ വരച്ചിട്ടുണ്ട്, മാഷ് വന്നൊന്ന് നോക്കണം...  കുട്ടന്‍പിള്ള മാഷ് സുകുമാരന്‍റെ ചിത്രം കാണാന്‍ ക്ലാസിലെത്തി. നീ ഗുരുത്ത്വമില്ലാത്തവനാണ്... ഗുണം പിടിക്കാതെ പോട്ടെ... ശപിച്ചു കൊണ്ടാണ് മാഷ് മടങ്ങിയത്. ബോര്‍ഡില്‍ വരച്ച ലൂയി 16ാമന്‍റെ ശരീരത്തില്‍ ആരോ കുട്ടന്‍പിള്ള എന്ന് ഇതിനിടയില്‍ എഴുതി വെച്ചിരുന്നു. താനല്ല അത് എഴുതിയതെന്ന് ആണയിട്ട് പറഞ്ഞിട്ടും മാഷ് വിശ്വസിച്ചില്ല. രണ്ടാഴ്ച്ച കുട്ടന്‍പിള്ള മാഷ് ക്ലാസില്‍ ഗൗരവക്കാരനായി. സുകുമാരന്‍റെ മുഖത്ത് നോക്കിയില്ല. കുട്ടന്‍പിള്ള എന്ന് എഴുതിയ വിരുതന്‍ രണ്ടാഴ്ച്ചയ്ക്ക് ശേഷം കുറ്റം സമ്മതിച്ചതോടെയാണ് പ്രശ്നപരിഹാരമായത്. വരമാത്രമല്ല നര്‍മ്മകഥകള്‍ പറയുകയും എഴുതുകയും ചെയ്യുന്നത് സ്ക്കൂള്‍ പഠനകാലത്ത് തന്നെ സുകുമാരന്‍റെ ശീലമായിരുന്നു. സ്പെക്റ്റെക്റ്റര്‍ എന്ന ഇംഗ്ലീഷ് പേരില്‍ സുകുമാരന്‍റെ നേത്യത്വത്തില്‍ സ്ക്കൂളില്‍ നിന്ന് ക്കൈയ്യഴുത്ത് മാസിക സ്ഥിരമായി പുറത്തിറങ്ങിയിരുന്നു.

സുകുമാരന്‍റെ പിതാവ് സുബ്രായന്‍ പോറ്റി തിരുവനന്തപുരം, തമ്പാനൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ശാന്തിക്കാരനാണ്. മെട്രിക്കുലേഷന്‍ പരീക്ഷ കഴിഞ്ഞ് അവധികാലം ചിലവിടുന്ന മകന്‍ സുകുമാരന്‍ പോറ്റിയെ ക്ഷേത്രത്തില്‍ പൂജയ്ക്ക് സഹായിക്കാനും, ഭക്തനങ്ങള്‍ക്ക് തീര്‍ത്ഥ പ്രസാദം നല്‍കുവാനുമായി അച്ഛന്‍ കൊണ്ടു പോകുക പതിവായി. സമപ്രായക്കാരായ കുട്ടികള്‍ അവധികാലം കളിച്ച് ഉല്ലസിച്ച് കഴിയുന്ന അവസരത്തില്‍ സുകുമാരന്‍ പോറ്റി കീഴ്ശാന്തിക്കാരനായി ക്ഷേത്രത്തില്‍ കഴിച്ചുകൂട്ടി.  വിഗ്രഹത്തിന് മുഖചാര്‍ത്ത് ഇടുവാന്‍ അച്ഛന്‍ മകന് നിര്‍ദ്ദേശം നല്‍കി. ഓരോ തവണയും വിഗ്രഹത്തിന് ഓരോ രൂപം കണ്ട് മേല്‍ശാന്തിയായ പിതാവ് ഞെട്ടി. ചിരിക്കുന്ന സുബ്രഹ്മണ്യന്‍, കരയുന്ന സുബ്രഹ്മണ്യന്‍, അത്ഭുതപ്പെടുന്ന സുബ്രഹ്മണ്യന്‍, ദേഷ്യപ്പെടുന്ന സുബ്രഹ്മണ്യന്‍...
ڇ ഇത് നമ്മുടെ ചോറാ... ഇതില്‍ നിന്‍റെ വിക്രിയകളൊന്നും വേണ്ട. ഇനി അരയ്ക്ക് കീഴ്പ്പോട്ട് ചാര്‍ത്തിയാല്‍ മതി... മുഖത്ത് ഞാന്‍ തന്നെ ചാര്‍ത്തിക്കൊള്ളാം...ڈ അങ്ങിനെയാണ് അച്ഛന്‍ മേല്‍ശാന്തിയും താന്‍ കീഴ്ശാന്തക്കാരനും ആയതെന്ന് പൊട്ടിചിരിച്ചുകൊണ്ട് കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ ഇന്ന് പറയും. 

കോളേജില്‍ പോകുന്ന കാലത്തും തമ്പാനൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തല്‍ കീഴ്ശാന്തിക്കാരനായി സുകുമാരന്‍ പിതാവിന്‍റെ കൂടെ പോകുമായിരുന്നു. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ശങ്കേഴ്സ് വീക്കിലിയിലും, തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളി ദിനപത്രത്തിലും, കൗമുദിയിലും, സരസനിലും ഇക്കാലത്ത് സുകുമാരന്‍ പോറ്റിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. തിരുവനന്തപുരം ഇന്‍റര്‍മീഡിയേറ്റ് കോളേജില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന സമയത്താണ് പ്രഭാത പത്രത്തില്‍ ഇങ്ങനെ ഒരു വാര്‍ത്ത കാണുന്നത്. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ഇന്ന് വിമാന മാര്‍ഗം ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തും. മേല്‍ശാന്തിക്കാരനായ അച്ഛനോട് കാര്‍ട്ടൂണില്‍ കമ്പമുള്ള മകന്‍ അനുമതി ചോദിച്ചു, ഒപ്പം ക്ഷേത്രത്തില്‍ നിന്ന് റോസാപ്പൂക്കള്‍ കൊണ്ടുള്ള മാലയും. തന്‍റെ ജേഷ്ഠന്‍റെ സതീര്‍ത്ഥ്യനായ ഇല്ലിക്കുളത്ത് കെ ശങ്കരപ്പിള്ളയെ കാണാന്‍ അനുമതി കൊടുത്ത പിതാവ് ചുവന്ന റോസാ പൂക്കള്‍ കൊണ്ടുണ്ടാക്കിയ മാലയും ബസ് കൂലിയും നല്‍കി. സുകുമാരന്‍ പോറ്റി സന്തോഷത്തോടെ ശംഖുമുഖം വേളി ബസില്‍ കയറി. യാത്രക്കാര്‍ അധികമില്ലാത്ത ബസിലെ മുന്‍ സീറ്റില്‍ റോസാപൂക്കളുടെ മാല മടിയില്‍ വെച്ച് ഇരുന്നു. എതിര്‍ വശത്തെ സീറ്റിലുണ്ടായിരുന്ന രണ്ടുപേര്‍ കൗതുകത്തോടെ സുകുമാരനോട് ചോദിച്ചു.
ڇ എങ്ങോട്ടാ...? ڈ
ڇ ഏയര്‍ പോര്‍ട്ട് ڈ
ڇ ആരെങ്കിലും വരുന്നുണ്ടോ...? ڈ
ڇ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍.ڈ
ڇ അദ്ദേഹത്തെ അറിയുമോ...?ڈ
ڇ ഞാനറിയും, എന്നെ അറിയുമോ എന്നറിയില്ല... ڈ
ڇ കാര്‍ട്ടൂണിസ്റ്റാണോ...? ശങ്കേഴ്സ് വീക്കിലിയില്‍ വരയ്ക്കാറുണ്ടോ...?ڈ
ڇ രണ്ടോ മൂന്നോ കാര്‍ട്ടൂണുകള്‍ അച്ചടിച്ച് വന്നിട്ടുണ്ട്...ڈ
അവരും ശങ്കറിനെ സ്വീകരിക്കാന്‍ പോകുന്നവരാണ്. സുകുമാരനെ ശങ്കറിന് പരിചയപ്പെടുത്തി കൊടുക്കാമെന്ന് അവര്‍ ഏറ്റു. ശങ്കേഴ്സ് വീക്കിലിയുടെ എഡിറ്ററും പബ്ലിക്ക് റിലേഷന്‍ വകുപ്പ് ഡയറക്ടറുമായിരുന്ന വി ആര്‍ നാരായണന്‍ നായരും സുഹ്യത്തുമായിരുന്നു ബസിലെ യാത്രക്കാരായ രണ്ടു പേര്‍. കുട്ടികളുടെ ഒന്നാം അന്തര്‍ ദേശിയ ചിത്രരചനാ മത്സരത്തിലെ വിജയികളുടെ ചിത്രങ്ങളുടെ ത്രിദിന പ്രദര്‍ശനം നടത്തുവാനാണ് ശങ്കര്‍ എത്തുന്നത്. സ്വാതി തിരുന്നാള്‍ മ്യൂസിക്ക് അക്കാദമിയിലായിരുന്നു പ്രദര്‍ശനം. വിമാനം തിരുവനന്തപുരത്ത് ഇറങ്ങി. ശങ്കറും ഭാര്യ തങ്കവും ഇറങ്ങി. ബസിലെ സഹയാത്രികര്‍ സുകുമാരനെ ശങ്കറിന് പരിചയപ്പെടുത്തി. സുകുമാരന്‍ റോസ് മാല ശങ്കറിനെ അണിയിച്ചു. ശങ്കര്‍ സുകുമാരനെ തലയില്‍ ക്കൈ വെച്ച് അനുഗ്രഹിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ ശങ്കറിന്‍റെ മുഖ്യ സഹായിയായി സുകുമാരന്‍ പോറ്റി നിഴലായി ഉണ്ടായിരുന്നു. ശങ്കേഴ്സ് വീക്കിലിയില്‍ അതോടെ സുകുമാരന്‍റെ കാര്‍ട്ടൂണിന് നല്ല ഇടം ലഭിച്ചു. അങ്ങിനെ സുകുമാരന്‍ പോറ്റി കാര്‍ട്ടൂണിസ്റ്റ് സുകുമാറായി വളര്‍ന്നു.

1957ല്‍ 25ാം വയസില്‍ കേരള പോലീസിന്‍റെ സ്പെഷല്‍ ബ്രാഞ്ചില്‍ ഗുമസ്ഥനായി ജോലിയില്‍ പ്രവേശിച്ചു. 1961ല്‍ ത്യശ്ശൂര്‍ സ്വദേശി സാവിത്രി അമ്മാളിനെ വിവാഹം കഴിച്ചു. ചിരി വരയും, ചിരി എഴുത്തും, നര്‍മ്മ സല്ലാപങ്ങളുമായി തിരുവനന്തപുരം മരുതംകുഴിയില്‍ സുമംഗലയില്‍ സുകുമാരന്‍ പോറ്റി എന്ന സുകുമാറുണ്ട്. അന്നും ഇന്നും മറുപടിയുമായി നിനഞ്ഞ ചിരിയോടെ ...