കൊറോണ കാലത്ത് ജെൻ്റിൽമാനായി കുഞ്ഞുമോൻ
സുധീർനാഥ്.
കൊറോണ
ലോകത്ത് പടർന്ന് പിടിക്കുമ്പോൾ വാർത്തകൾ അറിഞ്ഞത് നാല് ദിവസത്തെ ഡൽഹിയിലെ
വാസത്തിനിടയിൽ . പിന്നെ നാല് ദിവസം മുംബൈയിൽ ഉണ്ടായിരുന്നു. ലോക് ഡൗണിന്
വളരെ മുൻപേ ചെന്നൈയിലെ കോടമ്പാക്കത്തെ വീട്ടിലെത്തി.
വീട്ടിലെത്തിയതിന്
പിന്നാലെ വൈറൽ പനി തുടങ്ങി. ആൻ്റിബയോട്ടിക്ക് മരുന്ന് കഴിച്ചു. പനി മാറി.
പിന്നെ പനി വീട്ടിൽ പലർക്കും വന്നു. ഇതിനിടയിൽ ലോക് ഡൗണും വന്നു. ഡോക്ടർ
എനിക്ക് കുറിച്ച് തന്ന മരുന്ന് തന്നെ എല്ലാവർക്കും കൊടുത്താൽ മതിയെന്ന്
ഡോക്ടർ ഫോണിലൂടെ മറുപടി നൽകി. എർത്തോ മെയ്സിൻ 500, ഡോളോ 650 എന്നീ
മരുന്നുകൾ കഴിച്ചതോടെ അവരുടെ പനിയും മാറി. വൈറൽ പനി മാത്രമാണെന്നും കോവിഡ്
അല്ലെന്നാണ് കുഞ്ഞുമോൻ പറയുന്നത്.
എൻ്റെ
ഐഡൻ്റിറ്റി കൊമ്പൻ മീശയാണെന്ന് പറഞ്ഞ കുഞ്ഞുമോൻ ഒരു രഹസ്യം പറഞ്ഞു. ലോക്
ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ 50 വർഷം കാത്ത് സൂക്ഷിച്ച മീശ എടുത്തു. ക്ലീൻ
ഷേവ് ചെയ്ത് വീട്ടിൽ തന്നെ ഇരുന്നു. ഞാനാകെ മാറി പോയതായി കൊച്ചുമോൻ ആദ്യം
പ്രഖ്യാപിച്ചു. പിന്നാലെ ഭാര്യയും മക്കളും പറഞ്ഞു. ലോക് ഡൗൺ നീണ്ടു
പോകുമെന്ന് എനിക്ക് അറിയാമായിരുന്നു. ഇപ്പോൾ മീശ പഴയ പോലെ ആയിട്ടുണ്ട്.
ലോക്
ഡൗൺ പ്രഖ്യാപിച്ചതോടെ തമിഴ് ചാനലുകളെല്ലാം മികച്ച സിനിമകൾ കാണിക്കുവാൻ
തുടങ്ങി. ഞാൻ നിർമ്മിച്ച മിക്ക സിനിമകളും പല ചാനലുകളിൽ വന്നു എന്നത്
സന്തോഷിപ്പിച്ചു. ജനങ്ങളോടൊപ്പം വീട്ടിലിരുന്ന് ഞാനും എൻ്റെ സിനിമ
ടെലിവിഷനിൽ കണ്ടു. മറ്റ് തമിഴ്, മലയാളം സിനിമകളും ഈ കാലത്ത് കണ്ടു.
ടെലിവിഷനുകളിൽ സത്യൻ, നസീർ തുടങ്ങിയവരുടെ ക്ലാസിക്ക് സിനിമകൾ വന്നതും
കണ്ടു. വാർത്തകൾ മലയാളത്തിലും തമിഴിലും സ്ഥിരമായി കാണും.
രാവിലെ
3 മണിക്ക് എഴുന്നേൽക്കുന്ന സ്വഭാവം കാലങ്ങളായുണ്ട്. 4 മണിക്ക് പാട്ടുകൾ
കേട്ട് ഒരു മണിക്കൂർ വീട്ടിലെ മുറിയിൽ സൈക്കിളിങ്ങ്. അതും മുടക്കമില്ലാതെ
തുടരുന്നു. രാവിലെ അഞ്ചരയ്ക്ക് തന്നെ പണ്ടത്തെ പോലെ പത്രങ്ങൾ എത്തും. അത്
രാവിലെ തന്നെ വായിക്കും. പിന്നീടാണ് ടെലിവിഷൻ കാണൽ.
ലോക്
ഡൗൺ കാലത്ത് ഒട്ടേറെ സുഹൃത്തുക്കളെ വിളിച്ച് സംസാരിച്ചു. തിരിച്ചും
സുഹൃത്തുക്കളും വിളിച്ചു. വീട്ടിലിരുന്ന് ക്ഷേമവിശേഷങ്ങൾ കൈമാറി. വ്യക്തി
ബന്ധങ്ങൾ കൊണ്ട് ഈ കാലത്ത് പലർക്കും സഹായം എത്തിക്കാൻ സാധിച്ചു. വാളയാറിൽ
ആദ്യ ദിവസം പാസില്ലാതെ എത്തിയ മലയാളികളെ സഹായിക്കാൻ എന്നെ കൊണ്ട്
ചെയ്യാവുന്നതൊക്കെ ചെയ്തു.
ഇവിടെ
എല്ലാവര്‍ക്കും സുഖം, ഈ തണലില്‍ ഇത്തിരി നേരം, അഥര്‍വ്വം, ഉണ്ണികൃഷ്ണന്‍റെ
ആദ്യ ക്രിസ്തുമസ്, ഊഴം, ആകാശ കോട്ടയിലെ സുല്‍ത്താന്‍ തുടങ്ങി 14 മലയാള
ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 1991ല്‍ വസന്തകാല പറവൈ എന്ന തമിഴ് ചിത്രം
നിര്‍മ്മിച്ച് തമിഴകത്തേയ്ക്കും കാല്‍ വെച്ചു. താരങ്ങളില്ലാത്ത തമിഴ് സിനിമ
വന്‍ വിജയം നേടിയതിന്‍റെ ബലത്തില്‍ രണ്ടാമതൊരു സിനിമ നിര്‍മ്മിച്ചതാണ്
സൂര്യന്‍.
മൂന്നാമത്തെ
സിനിമയിലും പുതുമുഖങ്ങള്‍ ധാരാളമായി ഉണ്ടായിരുന്നു. തെക്കേ ഇന്ത്യയിലെ
ആദ്യത്തെ ബിഗ് ബജറ്റ് ചിത്രമായിരുന്നു അത്. എ ആര്‍ റഹ്മാൻ സംഗീതരംഗത്തും,
അര്‍ജ്ജുൻ നായകൻ എന്ന നിലയിലും, ശങ്കർ സംവിധായകൻ എന്ന നിലയിലും ആദ്യമായി
തിളങ്ങിയ ചിത്രമായിരുന്നു അത്. അതാണ് സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റായ
ജന്‍റില്‍മാന്‍ എന്ന സിനിമ. ചിക്കുബുക്ക് ചിക്കുബുക്ക് റെയ് ലേ...., എന്‍
വീട്ടിൻ തോട്ടത്തില്‍ പൂവെല്ലാം കേട്ടുക്കാ..., ഒട്ടകത്തെ കെട്ടിക്കോ...,
തുടങ്ങി എല്ലാ പാട്ടുകളും സിനിമയെ പോലെ ഹിറ്റായി. അതോടെ കെ ടി കുഞ്ഞുമോന്‍
ജെന്‍റില്‍മാന്‍ കുഞ്ഞുമോനായി...
ലോക്
ഡൗൺ കാലത്ത് താൻ വളർത്തിയ ആരും വിളിച്ചില്ല എന്ന് കുഞ്ഞുമോൻ പറഞ്ഞു. അവർ
വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നത് കൊണ്ട് അതിൽ വിഷമമില്ലെന്നും
പറഞ്ഞു. ഒരു ലെവൽ കഴിഞ്ഞാൽ എല്ലാവരും പഴയത് മറക്കുന്നത്
സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിൻ്റെ
പല ഭാഗത്ത് സുഹൃത്തുക്കളുള്ളത് കൊണ്ട് അവരോട് സംസാരിക്കുന്നു. കൊറോണയെ
ഭയപെടേണ്ടതില്ല. കരുതലാണ് വേണ്ടത്. സാമൂഹ്യ അകലവും, മാസ്ക്കും
ഉപയോഗിക്കുകയും, സ്വയം കരുതലും ഉണ്ടെങ്കിൽ നമുക്ക് അതിജീവിക്കാൻ സാധിക്കും.
