പി വി ക്യഷ്ണന്‍ സാക്ഷി

പി വി ക്യഷ്ണന്‍ സാക്ഷി
സുധീര്‍ നാഥ്

1988 ജനുവരി മാസം. അന്നാണ് കുങ്കുമത്തിലെ സാക്ഷിയെ അനശ്വരമാക്കുന്ന കാര്‍ട്ടൂണിസ്റ്റ് പി വി ക്യഷ്ണന്‍ മാഷിനെ ആദ്യം കാണുന്നത്. എല്ലാവരും മാഷേ എന്ന് വിളിക്കുന്നു. പ്രായം കുറഞ്ഞവരും, പ്രായം കൂടിയവരും എല്ലാം. ഡല്‍ഹിയിലെ അന്തര്‍ദേശിയ വ്യവസായ പ്രദര്‍ശനവും, റിപ്പബ്ലിക്ക് പരേഡിലും കേരള പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിലെ ഡിസൈനര്‍ എന്ന സ്ഥാനത്തിരുന്ന് ഔദ്യോഗികമയി പങ്കെടുത്ത് പി വി ക്യഷ്ണന്‍ മടങ്ങി വന്നതിന് തൊട്ട് പിന്നാലെയാണ് അക്കാദമി വാര്‍ഷിക യോഗം.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വാര്‍ഷിക പൊതുയോഗത്തന് കുടുംബ സുഹ്യത്തും, കാര്‍ട്ടൂണിസ്റ്റും അക്കാദമി ചെയര്‍മാനായിരുന്ന യേശുദാസന്‍റെ നിര്‍ദ്ദേശ പ്രകാരം സഹായിയായിട്ടാണ് അക്കാദമി അംഗമല്ലാത്ത ഞാന്‍ അന്ന് പങ്കെടുത്തത്. ചിറ്റൂര്‍ റോഡിലെ ഗവണ്‍മെന്‍റ് ഗേള്‍സ് ഹൈസ്ക്കൂളിന് എതിര്‍വശമുള്ള മാനസാര ബില്‍ഡിംഗ്സിലെ കാര്‍ട്ടൂണിസ്റ്റ് ശിവറാമിന്‍റെ മകനും ആര്‍ക്കിടെക്റ്റുമായ സോമന്‍റെ ഓഫീസായിരുന്നു പൊതുയോഗ വേദി. വിരലിലെണ്ണാവുന്നവരേ അന്ന് യോഗത്തില്‍ പങ്കെടുത്തിരുന്നുള്ളൂ. രാവിലെ 11 മണിയോടെ തുടങ്ങുന്ന വാര്‍ഷിക പൊതുയോഗം ഒരു മണിക്കൂര്‍ പോലും നീളില്ല. വാര്‍ഷിക റിപ്പോര്‍ട്ടും, കണക്കും ഇതിനിടയില്‍ അവതരിപ്പിക്കും.

പി വി ക്യഷ്ണന്‍റെ ഊഴമാണ് പിന്നീട്. കാര്‍ട്ടൂണിസ്റ്റ് ശങ്കറെ ഡല്‍ഹിയില്‍ കണ്ടതും, അവിടുന്ന് എടുത്ത ഫോട്ടോകള്‍ പങ്കെടുക്കാന്‍ വന്നവരെ കാണിക്കലുമാണ് മുഖ്യ ഇനം. ശങ്കറുമായുള്ള കൂടി കാഴ്ച്ചയുടേയും, ദേശിയ കാര്‍ട്ടൂണ്‍ രംഗത്തേയും കുറിച്ചുള്ള ക്യഷ്ണന്‍ മാഷിന്‍റെ അനുഭവ സാക്ഷ്യം എല്ലാ അംഗങ്ങളും കൗതുകത്തോടെ കേട്ടിരിക്കുന്ന കാഴ്ച്ച മനസില്‍ ഇപ്പോഴും ഉണ്ട്. കേള്‍വിക്കാര്‍ നിസ്സാരരല്ല. കാര്‍ട്ടൂണിസ്റ്റുകളായ ശിവറാം, യേശുദാസന്‍, സുകുമാര്‍, നാഥന്‍, സീരി.... 1989ല്‍ വീണ്ടും ഇത് ആവര്‍ത്തിച്ചപ്പോള്‍ ഞാനും അക്കാദമി അംഗമായിരുന്നു.

പതിനാറു വയസുകാരനായ, കാര്‍ട്ടൂണ്‍ വരയില്‍ തത്പരനായ എന്നോട് അന്ന് മാഷ് കാണിച്ച സ്നേഹത്തിന് ഇന്നും ഒരു കുറവും സംഭവിച്ചിട്ടില്ല. വര നന്നാകുന്നതിന് അദ്ദേഹം അന്നത്തെ പോലെ ഇന്നും ഉപദേശങ്ങള്‍ നല്‍കുന്നത് തുടരുന്നു. ജാതിയോ, മതമോ, പ്രായമോ വ്യത്യാസമില്ലാതെ മാഷ് യുവ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് എന്നും ഒരു മാത്യകയാണ്. പ്രായത്തിന്‍റെ ശാരീരിക പ്രശ്നങ്ങളുണ്ട് എങ്കിലും തന്‍റെ അടുത്തെത്തുന്ന എല്ലാവര്‍ക്കും വരയുടെ അറിവ് പകരുന്ന മറ്റൊളാളെ കാണുവാന്‍ പ്രയാസമാണ്.

ഒരു നല്ല കാര്‍ട്ടൂണിസ്റ്റ് ഒരു നല്ല ഫോട്ടോ ഗ്രാഫറായിരിക്കുമെന്ന് മാഷ് ഉപദേശിച്ചത് ഓര്‍ക്കുന്നു. ഒരു ഫോട്ടോ എടുക്കുന്ന അവസരത്തില്‍ ഫ്രയ്മില്‍ എന്തെല്ലാം ഉള്‍പ്പെട്ടിരിക്കണമെന്ന് ഫോട്ടോ ഗ്രാഫര്‍ മുന്‍കൂട്ടി കാണുന്നത് പോലെ കാര്‍ട്ടൂണിസ്റ്റിന് വരച്ച് പൂര്‍ത്തിയാകുന്ന കാര്‍ട്ടൂണ്‍ മുന്‍കൂട്ടി കാണുവാന്‍ സാധിക്കണം. നല്ലൊരു ഫോട്ടോ ഗ്രാഫര്‍ കൂടിയായ മാഷ് ഇന്നും ഒരു ഡിജിറ്റല്‍ ക്യാമറ പോക്കറ്റില്‍ സൂക്ഷിക്കുന്നു. എത്രയോ അപൂര്‍വ്വ ചിത്രങ്ങള്‍ പകര്‍ത്തിയ മാഷ് ഇന്നും അത് തുടരുന്നു. യുവ തലമുറയ്ക്ക് മാത്യക എന്നോണം അതൊക്കെ സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹം പങ്ക് വെയ്ക്കുന്നു. അടുത്തടെ കാര്‍ട്ടൂണ്‍ അക്കാദമി തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി അദ്ദേഹത്തിന്‍റെ അനുഗ്രഹം വാങ്ങാന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ ഒരു സംഘം വീട്ടില്‍ പോയിരുന്നു. മടങ്ങും നേരം ഞങ്ങളെ ഗേറ്റിന് പുറത്ത് നിരത്തി നിര്‍ത്തി അദ്ദേഹം ഒരു ഫോട്ടോ എടുത്തു. കുറച്ച് നാളുകള്‍ക്ക് ശേഷം രസകരമായ കമന്‍റോട് കൂടി അദ്ദേഹം അത് സാമൂഹ്യ മാധ്യമത്തില്‍ ഇട്ടു... ക്യഷ്ണന്‍ മാഷ് ഉണ്ടോ...? (ചിത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് ഹരികുമാര്‍, ഉണ്ണിക്യഷ്ണന്‍, അലി ഹൈദര്‍, സജ്ജീവ് ശൂരനാട്, സുധീര്‍ നാഥ്, അനീഷ് തോംസണ്‍)

ക്യഷ്ണന്‍ മാഷിന്‍റെ കാര്‍ട്ടൂണ്‍ ക്ലാസുകള്‍ വ്യക്തിപരമായി എന്‍റെ കാര്‍ട്ടൂണ്‍ രംഗത്തെ വളര്‍ച്ചയ്ക്ക് ഗുണപ്പെട്ടിട്ടുണ്ടെന്ന് നിസംശയം പറയാം. ഇന്നത്തെ ഒട്ടുമിക്ക കാര്‍ട്ടൂണിസ്റ്റുകള്‍ക്കും ഇത് തന്നെയാകും പറയുവാനുണ്ടാകുക.

മാത്യഭൂമിയിലൂടെ ആദ്യ കാര്‍ട്ടൂണ്‍ ആദ്യ പേജില്‍ തന്നെ അച്ചടിച്ചു വന്നതിലൂടെയാണ് കാര്‍ട്ടൂണിസ്റ്റായി പി വി ക്യഷ്ണന്‍ മാറുന്നത്. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് 1973 ല്‍ അധ്യാപക പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്തെ സ്കൂളുകള്‍ മാസങ്ങളോളം പൂട്ടിയിടേണ്ടി  വന്നു. അക്കൊല്ലത്തെ എസ് എസ് എ ല്‍ സി വിജയശതമാനം വളരെ കുറയുകയും, ഏറെ കുട്ടികള്‍ തോല്‍ക്കുകയും ഉണ്ടായി. സമരത്തില്‍ പങ്കെടുക്കാതിരുന്ന കൃഷ്ണന്‍ മാഷ് തോറ്റവരുടെ പ്രതീകമായി തലയോട്ടികളുടെ വലിയ കൂമ്പാരം വരച്ച്, അതിനു മുകളില്‍ ഒരു മാലാഖ പറന്നുയരുന്ന കാര്‍ട്ടൂണ്‍ വരച്ചു. പെരുവയറനായ മാലാഖയുടെ കൈയിലെ പ്ലക്കാര്‍ഡില്‍ എഴുതിയതാവട്ടെ, സമര കാലത്തെ  പ്രധാനമുദ്രാവാക്യവും, ڇ ധര്‍മ്മ സമരം തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല ڇ

എല്ലാ കലാകാരനും ഒരു മാസ്റ്റര്‍ പീസുണ്ടാകും. ആയിരകണക്കിന് ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെങ്കിലും നമ്മുടെ മനസില്‍ രവിവര്‍മ്മയുടെ ശകുന്തയാണ് ആദ്യം ഓടി വരിക. കാര്‍ട്ടൂണിലും അങ്ങിനെ തന്നെ. ശങ്കറിനെ ഓര്‍ക്കുമ്പോള്‍ നെഹ്റു, നെഹ്റുവിനെ തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന കാര്‍ട്ടൂണ്‍ ആദ്യം മനസില്‍ ഓടി വരും. അബുവിനെ ഓര്‍ത്താല്‍ ബാത്ത് ടബിലെ രാഷ്ട്രപതി ഓര്‍മ്മ വരും. പി വി ക്യഷ്ണന്‍ മാഷിന്‍റെ കാര്‍ട്ടൂണ്‍ ജീവിതത്തില്‍ പതിനായിരക്കണക്കിന് കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ടാകും. പക്ഷെ അദ്ദേഹത്തിന്‍റെ മാസ്റ്റര്‍ പീസ് കാര്‍ട്ടൂണായി ഞാന്‍ പരിഗണിക്കുക ഇഎംഎസ്സിന്‍റെ മരണത്തെ തുടര്‍ന്ന് കുങ്കുമത്തില്‍ മാഷ് വരച്ച സാക്ഷിയാണ്. അതൊന്ന് മാഷിന്‍റെ ഭാഷയില്‍ വിവരിക്കട്ടെ. ആ കാര്‍ട്ടൂണ്‍ പിറവിയുടെ കഥ...

അന്ന് അല്ലെങ്കില്‍ പിന്നെ എന്നാണ് ഇ.എം.എസ് മരിക്കേണ്ടത്...?
1998 മാര്‍ച്ച് 19ന് പുറത്തിറങ്ങിയ എല്ലാ പത്രങ്ങളിലും ഒന്നാം പേജില്‍ രണ്ട് പ്രധാന വാര്‍ത്തകളാണ് ഉണ്ടായിരുന്നത്. ഒന്ന്-ഇ.എം.എസിന്‍റെ മരണം.- കേരളം കരഞ്ഞു. ഒരാഴ്ചത്തെ ദു:ഖാചരണം. രണ്ടാമത്തെ വാര്‍ത്ത- കേന്ദ്രത്തില്‍ ബി.ജെ.പി അധികാരമേറ്റു.
ചിലര്‍ ഈ വാര്‍ത്തകളെ ഇഷ്ടം പോലെ പരസ്പരം കലര്‍ത്തിയും വായിച്ചേക്കാം. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരമേറ്റു. കേരളത്തില്‍ ഒരാഴ്ചത്തെ ദു:ഖാചരണം. കേരളം കരഞ്ഞു എന്നോ ഇ.എം.എസ് പോയി, കേന്ദ്രത്തില്‍ ബി.ജെ.പി വന്നു എന്നോ ഒക്കെ വായിച്ചെടുക്കാം.
എത്രയോ മഹാന്മാരുടെ മരണങ്ങള്‍ കാര്‍ട്ടൂണിന് വിഷയമാക്കീട്ടുണ്ട്. ശങ്കര്‍, എന്‍ വി കൃഷ്ണ വാര്യര്‍, സി അച്ചുതമേനോന്‍, ലളിതാംബിക അന്തര്‍ജനം, ഒ വി വിജയന്‍, അരവിന്ദന്‍, ബാലന്‍ കെ നായര്‍ തുടങ്ങി നിരവധി പേരുടെ മരണങ്ങള്‍.
എന്നാല്‍, ഇ.എം.എസിന്‍റെ മരണം എങ്ങിനെയാണ് കാര്‍ട്ടൂണാവുക. അദ്ദേഹത്തിന്‍റെ പ്രസ്ഥാനവും കക്ഷിഭേദമെന്യേ ബഹുജനങ്ങളും വിതുമ്പുമ്പോള്‍ ചിരിക്കുന്നതെങ്ങനെ? ചിരിപ്പിക്കുന്നതെങ്ങിനെ? അപ്പോഴാണ് ദുര്‍ഗ്രഹതയുടെ പാതയിലൂടെ മനസ്സ് സഞ്ചരിച്ചത്. ബി.ജെ.പി കേന്ദ്രത്തില്‍ അധികാരമേല്‍ക്കുമ്പോഴല്ലാതെ പിന്നെ എന്നാണ് ഇ.എം.എസ് മരിക്കേണ്ടത് എന്ന് എന്‍റെ മനസാക്ഷി ചോദിച്ചു- അധ്വാനിക്കുന്നവന്‍റേയും പാവപ്പെട്ടവന്‍റേയും ലോകവും ഭരണവും സ്വപ്നം കണ്ട ആ വിപ്ലവകാരി, ബി.ജെ.പി കേന്ദ്രത്തില്‍ അധികാരമേറ്റതില്‍ സന്തോഷിക്കാനിടയില്ല എന്ന നിഗമനത്തില്‍ ഞാനെത്തുകയായിരുന്നു. മറ്റേത് മരണ കാര്‍ട്ടൂണിനേക്കാളും ഈ കാര്‍ട്ടൂണ്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അതുപോലെ രാജീവ് ഗാന്ധിയുടെ മരണത്തിന് ഒരാഴ്ച മുമ്പ് പ്രസിദ്ധീകരിച്ച - മരണം പ്രവചിച്ച-കാര്‍ട്ടൂണ്‍ ആ വര്‍ഷത്തെ ഏറ്റവും മികച്ച കാര്‍ട്ടൂണായി ഡോ. ഹാരിസ് മാതൃഭൂമിയില്‍ തിരഞ്ഞെടുത്ത് വിലയിരുത്തുകയുണ്ടായി.
ഇന്നും സമകാലീന സംഭവങ്ങള്‍ നര്‍മ്മത്തോടെ നിഷ്പക്ഷമായി കാര്‍ട്ടൂണിലേയ്ക്ക് പകര്‍ത്തുന്ന പി വി ക്യഷ്ണന്‍ മാഷിനെ അല്ലാതെ ആരെയാണ് നമുക്ക് മാത്യകയാക്കാനുള്ളത്.... മാഷിന്‍റെ ജീവിത കഥ ജയരാജ് വെള്ളൂര്‍ തയ്യാറാക്കിയിരിക്കുന്നു. ക്യഷ്ണന്‍ മാഷിന്‍റെ കഥ ഒരു കാലഘട്ടത്തെ കാര്‍ട്ടൂണിന്‍റെ കഥകൂടിയാണ്. അത് രേഖപ്പെടുത്തിയ ജയരാജ് വെള്ളൂര്‍ മാഷിന് അഭിനന്ദനങ്ങള്‍, ആശംസകള്‍. ഒപ്പം ഈ പുസ്തകത്തിലെ കഥാനായകനായ ക്യഷ്ണന്‍ മാഷിന് എല്ലാ ആശംസകളും...