മാതൃദിനത്തിലെ മാതൃരോദനം

മാതൃദിനത്തിലെ മാതൃരോദനം
സുധീർ നാഥ്

മെയ് 10. ലോക മാതൃദിനമാണ്. പത്ത് മാസം സ്വന്തം മക്കളെ ഗർഭപാത്രത്തിൽ ക്വാറൻ്റയിനിൽ സൂക്ഷിച്ച് സുരക്ഷിതമായി ഈ ലോകത്തിലേയ്ക്ക് സമർപ്പിക്കുന്നു. കോവിഡ് കാലത്ത് സ്വന്തം മക്കളെ കാണാതെ ക്വാറൻ്റയിനിൽ കഴിയുന്ന എത്രയോ അമ്മമാരുണ്ട് ഇക്കുറി . അതിലൊരമ്മയാണ് മാൻസി മാമൻ.

മാൻസിയുടെ ഭർത്താവ് ടെജു ഫിലിപ്പ് അബുദാബിയിൽ എൻജിനിയറാണ്. ഡൽഹി അംബേദ്ക്കർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നേഴ്സായ മാൻസി ഏപ്രിൽ 21 മുതൽ ക്വാറൻ്റയിനിൽ ആയിരുന്നു. 26 ന് കൊറോണ +വ് ആണെന്ന് സ്ഥിരീകരിച്ചതോടെ സർക്കാരിൻ്റെ ക്വാറൻ്റയിനിൽ പോകേണ്ടി വന്നു. ഇവർക്ക് രണ്ട് മക്കൾ. മൂത്ത മകൾ മൂന്നര വയസുളള എബ്രീഡ് അന്ന തോമസ്, രണ്ടാമത്തേത് ഒരു വയസുള്ള മിഖായിൽ തോമസ്.

മെയ് 1ന്  മിഖായിലിൻ്റെ ഒന്നാം പിറന്നാളായിരുന്നു. അപ്പൂപ്പനും അമ്മൂമയ്ക്കുമൊപ്പം ഡൽഹിയിലെ ഫ്ളാറ്റിൽ കുഞ്ഞുങ്ങളെ ആക്കി മാൻസി ക്വാറൻ്റയിനിൽ ആണ്. അനുജത്തിയോടൊപ്പം പഠിച്ചിരുന്ന രണ്ട് പേർ മക്കളെ ഏറ്റെടുത്ത് വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്യുന്നു. മുതിർന്ന പൗരൻമാരായ മാതാപിതാക്കൾക്ക് എല്ലാ സഹായവും അവരാണ് ചെയ്യുന്നത്.

എല്ലാ ദിവസവും ഫോണിൽ വീഡിയോ കോളിലൂടെ മക്കളെ കാണുന്നു. മുലപ്പാൽ കുടിക്കേണ്ട കുഞ്ഞിന് കുപ്പിയിൽ പാലു കൊടുക്കുന്നത് മൊബൈലിൽ കണ്ട് പലവട്ടം കരഞ്ഞിട്ടുണ്ട്. അവരുടെ സുരക്ഷയെ കൂടി കരുതിയാണല്ലോ ഇവിടെ ക്വാറൻ്റയിനിൽ കഴിയുന്നതെന്ന് സ്വയം ആശ്വസിക്കുന്നു.  മക്കളെ കാണാൻ, ഒന്നെടുത്ത് ഓമനിക്കാൻ, ഉമ്മ വെയ്ക്കാൻ അമ്മയായ താൻ കൊതിക്കുന്നു എന്ന് മാൻസി പറഞ്ഞു.