കവി സച്ചിദാനന്ദൻ തിരക്കിലാണ്.

കവി സച്ചിദാനന്ദൻ തിരക്കിലാണ്.
സുധീർ നാഥ്

മലയാളികളിൽ പൊതു സമൂഹത്തെ അഭിമുഖീകരിക്കാൻ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത് പ്രൊഫസർ കെ. സച്ചിദാനന്ദനാന്ന്. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ സച്ചിദാനന്ദൻ കേരളത്തിൽ മാസത്തിൽ പല തവണ പോയി വരുന്നുണ്ടായിരുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും, ഇന്ത്യയ്ക്ക് പുറത്ത് പല ലോകരാജ്യങ്ങളിലും മലയാളി കൂട്ടായ്മയെ അഭിമുഖീകരിക്കുകയാണ് യാത്രയുടെ ലക്ഷ്യം. കവി സമ്മേളനം, പ്രഭാഷണം, സാഹിത്യ സമ്മേളനം തുടങ്ങി പല പല ചടങ്ങുകൾ.

ഇന്ത്യ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ സച്ചിദാനന്ദനും ഭാര്യ ബിന്ദുവും ഡൽഹിയിലെ പട് പട് ഗഞ്ചിലുള്ള നീതി അപ്പാർട്ട്മെൻ്റിലെ വീട്ടിൽ തന്നെ കഴിച്ച് കൂട്ടുകയാണ്. നടക്കുവാൻ സ്ഥിരം പോകാറുണ്ടായിരുന്ന അദ്ദേഹം അത് ഉപേക്ഷിച്ചു. വീടിനകത്ത് തന്നെയാണ് നടത്തം. ഡൽഹിയിലെത്തിയ കാലത്ത് പരിശീലനം നേടിയ യോഗ അന്ന് മുതൽ ചെയ്യുന്നുണ്ട്. യാത്രകൾ തുടരെ തുടരെ ഉണ്ടായത് യോഗ എല്ലാ ദിവസവും ചെയ്യുന്നതിന് തടസമായിരുന്നു. യോഗയിലെ വ്യായാമം ശരീരത്തിന് മികച്ചതാണെന്ന തിരിച്ചറിവ് അത് തുടരാൻ കാരണമായി. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നടക്കുന്നത് നിന്നു. പകരം സ്ഥിരമായി യോഗിലെ വ്യായാമം ചെയ്യുന്നു. രാവിലെ ഭക്ഷണത്തിന് മുൻപായി പതിവായി അത് മുടക്കമില്ലാതെ തുടരുന്നു.

യാത്രകൾ തടസപ്പെട്ടപ്പോൾ സച്ചിദാനന്ദൻ തൻ്റെ പ്രിയ കവിയായ കബീറിൻ്റെ അൻപത് കവിതകൾ വിവർത്തനം ചെയ്യുന്നതിന് തുടക്കം കുറിച്ചു. 33 കവിതകൾ വിവർത്തനം ചെയ്തു കഴിഞ്ഞു. ഡച്ച് എഴുത്തുകാരനായ എം എൻ ബുച്ച് തയ്യാറാക്കിയ " ദി ബീജകാ ഓഫ് കബീരാ സാഹെബാ " എന്ന പുസ്തകമാണ് പ്രധാനമായും വിവർത്തനത്തിന് കൂടുതലായി ഉപകരിച്ചത്. അരവിന്ദ് കൃഷ്ണ മെഹ്‌റോത്രയും, വിനയ് ഡാർവാഡ്കറും തയ്യാറാക്കിയ കബീർ പുസ്തകവും അദ്ദേഹം പഠനവിഷയമാക്കിയിട്ടുണ്ട്.

കോവിഡ് 19 വിഷയമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളിരുന്ന് എഴുതിയ കവിതകൾ സമാഹരിച്ച്, എഡിറ്റിങ്ങും നടത്തുന്നുണ്ട്. ഇംഗ്ലീഷിലാണ് സമാഹാരം ഒരുങ്ങുന്നത്‌. അമേരിക്കയിൽ അദ്ധ്യാപകയും കവിയും, ഇന്ത്യൻ വംശജയുമായ മിസിസ് നിശി ചൗളയുമായി ചേർന്നാന്ന് സച്ചിദാനന്ദൻ ലോക കോവിഡ് കവിതകൾ ഒരുക്കാൻ പങ്കാളിയാകുന്നത്. ഇത് കൂടാതെ സ്ഥിരം എഴുതുന്ന കോളങ്ങൾ എഴുതുന്നുണ്ട്. എണ്ണത്തിൽ കുറവാണെങ്കിലും ചെറിയ  കവിതകളും, മൂന്ന് കഥയും എഴുതി.

കബീർ കവിതകളുടെ വിവർത്തനവും, ലോക കോവിഡ് കവിതകളുടെ എഡിറ്റിങ്ങും കാരണം ഒരുപാട് വായിക്കാൻ സാധിച്ചു. ജീത്ത് തയ്യിൽ എഴുതിയ നോവൽ " ദി ബുക്ക് ഓഫ് ചേക്ലേറ്റ് ഡെയിൻ്റ്സ് " വായിച്ചു എന്നത് എടുത്ത് പറയണം. ഓൺലൈനിലൂടെ പത്രങ്ങളും വാരികയും മാസികയും വായിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ വരുന്ന എത്രയോ കുറിപ്പുകൾ വായിച്ചിരിക്കുന്നു.

വീടിനുള്ളിൽ അടച്ചിരിക്കുകയാണെങ്കിലും പ്രഭാഷണങ്ങളും, കവി അരങ്ങുകളും, ചർച്ചകളും സജീവമാണ്. സാംസ്കാരിക കൂട്ടായ്മ മുതൽ, ലിറ്റററി ഫെസ്റ്റ് വരെ നടന്നു. എത്രയോ പുസ്തക പ്രകാശനങ്ങൾ ഓൺ ലൈൻ വഴി നടത്തി. ജീവിതം ഡിജിറ്റൽ യുഗത്തിലാണെന്ന് പറയാം.

സച്ചിദാനന്ദനും ഭാര്യ ബിന്ദുവും ഡൽഹിയിലാണ്. മൂത്ത മകൾ സരിത ബാംഗ്ലൂരിലായിരുന്നു. ഭർത്താവ് ക്രിസ്റ്റഫർ കൊച്ചിയിലും. കഴിഞ്ഞ ആഴ്ച്ച സരിത എറണാകുളത്തെ വീട്ടിലെത്തി സ്വയം ക്വാറൻ്റയിനിലാണ്. രണ്ടാമത്തെ മകൾ സബിത ഒരു കലാ പ്രദർശനം ക്യൂറേറ്റ് ചെയ്യാൻ ഗോവയിൽ പോയതാണ്. ലോക് ഡൗൺ കാരണം ഗോവയിൽ കുടുങ്ങിയെങ്കിലും സുരക്ഷിതമായി രണ്ട് മാസം അവിടെ തന്നെ തങ്ങുവാൻ തീരുമാനിച്ചിരിക്കുന്നു.