വൈകുണ്ഠ എന്ന കേരളാ ഹൗസ്

വൈകുണ്ഠ എന്ന കേരളാ ഹൗസ്
സുധീര്‍ നാഥ്

ഡൽഹിയില്‍ എത്തുന്ന മലയാളിക്ക് ഒരു ആശ്രയകേന്ദ്രമാണ് നഗരമധ്യത്തിലുള്ള കേരളാ ഹൗസ്. ഒരു സാംസ്ക്കാരിക കേന്ദ്രം മാത്രമല്ല, കേരള രാഷ്ട്രീയത്തിന്‍റെ എന്നല്ല ദേശീയ രാഷ്ട്രീയത്തിന്‍റെ ചര്‍ച്ചാ വേദി കൂടിയാണ്  ഈ മന്ദിരം. എത്രയോ രാഷ്ട്രീയ നേതാക്കന്മാരുടെ ഭാവിയും പതനവും സംഭവിക്കാന്‍ കാരണമായ തീരുമാനങ്ങള്‍ കൈക്കൊണ്ട വേദികൂടിയാണ് ഇവിടം.

സര്‍ക്കാര്‍ അതിഥി മന്ദിരം എന്നതിനെക്കാളുപരി പലകഥകളും ചരിത്രവും ഒളിഞ്ഞിരിക്കുന്ന ഒരു പ്രദേശമാണ് കേരളാഹൗസ്. ഓരോ സംസ്ഥാനങ്ങള്‍ക്കും അവരവരുടെ മന്ദിരങ്ങള്‍ ദില്ലിയിലുണ്ട്. കേരളാഹൗസിന്‍റെ പ്രത്യേകത അത് ഡൽഹിയുടെ കേന്ദ്രഭാഗത്തുതന്നെയാണ് എന്നതാണ്. ഇന്ത്യയ്ക്ക് എല്ലാ രാജ്യത്തും എംബസികള്‍ ഉള്ളതുപോലെ സംസ്ഥാനങ്ങളുടെ എംബസികളാണ് ഡൽഹിയിലെ മന്ദിരങ്ങള്‍.

കേരളത്തിന്‍റെ എംബസിയാണ് ഡൽഹിയിലെ കേരളാ ഹൗസ്.
കേരളാഹൗസ് ഇരിക്കുന്ന പ്രദേശത്ത് നാലു കെട്ടിടങ്ങള്‍ കാണാം. അതിലൊന്ന് ഒരു പഴയ കൊച്ചു കൊട്ടാര സമാനമായ കെട്ടിടമാണ്. അതാണ് കൊച്ചിന്‍ ഹൗസ്. പഴക്കംചെന്ന ഈ കൊച്ചു കെട്ടിടത്തിന് ഒത്തിരി കഥകള്‍ പറയാനുണ്ട്.  ദിനംപ്രതി ഒട്ടേറെ കഥകള്‍ കേരളാഹൗസില്‍ നിന്ന് പുറത്തുവന്നു കൊണ്ടുമിരിക്കുന്നു. കൊച്ചിന്‍ ഹൗസിന്‍റെ പഴമ നിലനിര്‍ത്തി കൊണ്ട് കെട്ടിടത്തിന് ശക്തിയും ഉറപ്പും നല്‍കുവാന്‍ കേരള
1912 ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ പണി നടക്കുന്ന അവസരം. പണിയുടെ കോണ്‍ട്രാക്ടര്‍മാരില്‍  പാകിസ്ഥാനികളായ സുയാന്‍ സിങും മകന്‍ ശോഭാ സിങും ഉണ്ടായിരുന്നു. കരാര്‍ പണിക്കാര്‍ക്കും മറ്റും താമസിക്കുന്നതിന് അവര്‍ പ്രഭു വില്ലിങ്ടണിന്‍റെ സമ്മതത്തോടെ ഡൽഹിയുടെ പലഭാഗത്തും വീടുകള്‍ നിര്‍മ്മിച്ചിരുന്നു. പാര്‍ലമെന്‍റ് നിര്‍മാണത്തിന്‍റെ കരാര്‍ പണിയില്‍ ശ്രദ്ധിക്കുന്നതിനായി സുയാന്‍ സിങും ശോഭാ സിങും കുടുബംവും മൂന്നാം നമ്പര്‍ ജന്തര്‍മന്ദിറിലുള്ള മൂന്നേക്കര്‍ സ്ഥലത്തെ കെട്ടിടത്തിലാണ് താമസമാക്കിയത്. വൈകുണ്ഠ എന്ന പേരും ആ കെട്ടിടത്തിനു നല്‍കി.

വൈകുണ്ഠയില്‍ താമസിക്കുമ്പോഴാണ് ശോഭാ സിങിന് കുശ്വന്ത് എന്ന പുത്രന്‍ജനിച്ചത്. അദ്ദേഹമാണ് പില്‍ക്കാലത്ത്  ലോക പ്രശസ്ത സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ കുശ്വന്ത് സിങ്. കുശ്വന്ത് സിങിന്‍റെ ബാല്യകാലം ചെലവഴിച്ച വൈകുണ്ഠയാണ്, കേരളാഹൗസിലെ ഇന്നത്തെ ആ കൊച്ചു കൊട്ടാരം.

കരാര്‍ പണിയില്‍ പണത്തിന് ബുദ്ധിമുട്ട് വന്ന അവസരത്തില്‍ കൈവശം ഉള്ള ചെറിയ കെട്ടിടങ്ങളില്‍ ചിലത് വില്‍ക്കാന്‍ ശോഭാ സിങ് തീരുമാനിച്ചു. ചെറിയ കെട്ടിടങ്ങളില്‍ പാര്‍ലമെന്‍റിനോട് ഏറെ ദൂരെയല്ലാത്ത വൈകുണ്ഠയും വില്‍ക്കുവാന്‍ അവര്‍ തീരുമാനിച്ചു. ഡൽഹിയിലെ പണ്ഡാരാ റോഡിന്‍റെ പരിസരത്ത് അക്കാലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കൊച്ചി രാജാവും തിരുവിതാംകൂര്‍ രാജാവും സ്വന്തമായി സ്ഥലം വാങ്ങാന്‍ ശ്രമിക്കുന്ന സമയമായിരുന്നു അത്. കൊച്ചി മഹാരാജാവിന്‍റെ ദിവാനായിരുന്ന ഷണ്‍മുഖന്‍ ചെട്ടി ശോഭാ സിങിനെക്കണ്ട് രാജാവിന്‍റെ താല്‍പര്യം അറിയിച്ചു. അങ്ങനെ ഷണ്‍മുഖം ചെട്ടിയാരുടെ ഇടനിലയില്‍ മൂന്നാം നമ്പര്‍ ജന്തര്‍മന്ദര്‍ റോഡിലെ മൂന്ന് ഏക്കര്‍ സ്ഥലവും കെട്ടിടവും ഒന്നര ലക്ഷം രൂപയ്ക്ക് കൊച്ചി രാജാവ് സ്വന്തമാക്കി. കൊച്ചിരാജാവ് വാങ്ങിയതോടെ വൈകുണ്ഠ കൊച്ചി ഭവനായി. പിന്നീട് അത് കൊച്ചിന്‍ഹൗസ് ആയി. രാജവാഴ്ച അവസാനിച്ച് ജനാധിപത്യം വ്യവസ്ഥിതി വന്നതോടെ കേരളാ ഹൗസായി.

സാഹിത്യരംഗത്തെ കുലപതിയായ കുശ്വന്ത് സിങിന്‍റെ ചെറുപ്പകാലം വിവരിക്കുന്ന പല ലേഖനങ്ങളിലും കൃതികളിലും അന്നത്തെ വൈകുണ്ഠ പലപ്പോഴും കടന്നുവന്നിട്ടുണ്ട്. അന്ന് കുതിരക്കുളമ്പടി കേട്ട് രാവിലെ  നാലുമണിക്ക് ഉണരുന്ന ശീലം ഇന്നും കുശ്വന്ത് സിങിനെ വിട്ടുമാറിയിട്ടില്ലത്രെ.
വിലപിടിപ്പുള്ള നിരവധി കല്ലുകള്‍ പാകിയിരുന്ന കെട്ടിടത്തില്‍ നിന്ന് കല്ലുകളെല്ലാം അപ്രത്യക്ഷമായിരിക്കുകയാണിപ്പോള്‍. വേണ്ടരീതിയില്‍ ശാസ്ത്രീയമായി സംരക്ഷിക്കേണ്ട ഈ കെട്ടിടം തകര്‍ച്ചയുടെ വക്കിലാണിപ്പോള്‍. കേരളാ സര്‍ക്കാരിന്‍റെ ലേയ്സണ്‍ ഓഫീസും ഇന്‍ഫര്‍മേഷന്‍ ഓഫീസും റസിഡന്‍റ് കമ്മീഷണറുടെ ഓഫീസും സ്ഥിതിചെയ്യുന്ന ഈ കെട്ടിടത്തില്‍ താമസിക്കുവാന്‍ ഡോര്‍മെറ്ററി തെരഞ്ഞെടുക്കുന്ന സാധാരണക്കാര്‍ക്ക് മാത്രമാണ് അവസരം.

കേരളാഹൗസ് പേലെ തന്നെ ട്രാവന്‍കൂര്‍ പാലസും ഡൽഹിയുടെ കേന്ദ്രപ്രദേശത്തുതന്നെ സ്ഥിതിചെയ്യുന്നു. ഇന്ത്യാഗേറ്റിനോട് ചേര്‍ന്നുകിടക്കുന്ന ഏക്കറുകണക്കിന് ഭൂമിയിലെ മനോഹരമായ ഒരു കൊച്ചുകൊട്ടാരം ഏറെ ഒച്ചപ്പാടുകള്‍ക്കുശേഷം പുനര്‍ജീവിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. ഒരിടയ്ക്ക് കേരളാ ജനതക്ക് മൊത്തം അവകാശപ്പെട്ട ആ സ്ഥലം സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കുവാന്‍ വരെ നമ്മുടെ നേതാക്കന്മാര്‍ ഒരുങ്ങിയതാണ്. ആ ശ്രമം തടഞ്ഞതുകൊണ്ടാകണം സംരക്ഷിക്കപ്പെടാതെ കാടുപിടിച്ച് വര്‍ഷങ്ങളോളം ട്രാവന്‍കൂര്‍ പാലസിന് കിടക്കേണ്ടിവന്നത്. നോര്‍ക്കയുടെയും റൂട്ട്സിന്‍റെയും ഓഫീസ് അവിടേക്ക് മാറിയതിനുശേഷം ഉണ്ടായ മാറ്റം ഏതൊരു കേരളീയനും അഭിമാനിക്കാവുന്നതാണ്.

ഡൽഹിയിലെ അറിയപ്പെടുന്ന ഏതൊരു ആര്‍ട്ട് ഗാലറിയും പേ,ാലെ ട്രാവന്‍കൂര്‍ പാലസില്‍ തയ്യാറാക്കിയിരിക്കുന്ന ആര്‍ട്ട് ഗാലറിയും പ്രശസ്തമായിരിക്കുകയാണിപ്പോള്‍. വരുന്ന ഒന്നര വര്‍ഷക്കാലത്തേക്ക് ഗാലറി മുഴുവനും മുന്‍കൂര്‍ ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നുള്ളത് അതിന്‍റെ സ്വീകാര്യതയുടെ തെളിവാണ്.

കേരളത്തിന്‍റേതായി കപൂര്‍ത്തല പ്ലോട്ടും ട്രാവന്‍കൂര്‍ ഹൗസും ഡൽഹിയിലുണ്ട്. ഇന്ത്യാഗേറ്റിനും സാംസ്ക്കാരിക കേന്ദ്രമായ മണ്ഡിഹൗസിനും  ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്‍റെ മൂല്യം നിര്‍ണയിക്കുക ഏറെ പ്രയാസമാണ്., വെറും ഒരു വാസസ്ഥലമായി കേരള സര്‍ക്കാര്‍ ഇത് മാറ്റിയിരിക്കുകയാണിപ്പോള്‍.
അവിടം കേരള ഖജനാവിന് വന്‍ വരുമാനം ഉണ്ടാക്കുന്ന ഒരു സാംസ്ക്കാരി കേന്ദ്രമാക്കി മാറ്റേണ്ടതിന്‍റെ ആവശ്യം വര്‍ഷങ്ങളായി ഡൽഹി മലയാളികള്‍ ഉയര്‍ത്തുന്നുണ്ട്. അവരുടെ സ്വപ്നം സാക്ഷാത്കരിക്കുന്ന ദിവസം ഡൽഹിയില്‍ കേരളത്തിന്‍റെ മൂല്യം എത്രകണ്ട് ഉയരുമെന്ന് പറയുവാന്‍ സാധിക്കില്ല. ആ സാംസ്ക്കാരിക കേന്ദ്രത്തിനായി നമുക്ക് കാത്തിരിക്കാം.