ഇറ്റലിയില്‍ നിന്ന് അഭിമാനത്തോടെ...

ഇറ്റലിയില്‍ നിന്ന് അഭിമാനത്തോടെ...
സുധീര്‍നാഥ്

ഇറ്റലിയില്‍ നിന്ന് കോവിഡ് കാലത്ത് ലഭിക്കുന്ന വാര്‍ത്തകള്‍ ആശാവഹമല്ലെന്നത് സത്യമാണ്. അവിടെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരകണക്കിന് മലയാളികളുണ്ട്. അവരില്‍ പലരും ജോലിയുടെ ഭാഗമായി കോവിഡ് രോഗികളുമായി ഇടപെട്ട് രോഗം പിടിക്കപ്പെട്ടവരാണ്. അവരില്‍ എല്ലാവരും രോഗമുക്തി നേടി എന്നത് ആശ്വാസകരവുമാണ്. കോവിഡിന്‍റെ പിടിയില്‍ നിന്ന് രക്ഷപെട്ട് വീണ്ടും ജോലിക്ക് കയറി ഇപ്പോഴും കോവിഡ് രോഗികളെ പരിചരിക്കുന്ന ദമ്പതികള്‍ അവരുടെ അനുഭവം പങ്ക് വെയ്ക്കുന്നു. പത്ത് വര്‍ഷമായി ഇറ്റലിയില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശിയായ ഡിജോ ജോയും, ഭാര്യ കൂത്താട്ടുകുളം സ്വദേശിയായ സൗമ്യയും അവരുടെ അനുഭവം പങ്ക് വെയ്ക്കുകയാണിവിടെ.

ചോദ്യം: വുഹാനില്‍ കൊറോണ വൈറസ് ജനങ്ങളെ കൊന്നൊടുക്കുന്നു എന്നും അത് പടര്‍ന്നുകൊണ്ടിരിക്കുന്നു എന്നുമുള്ള വാര്‍ത്ത ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ...?
ഉത്തരം: വുഹാന്‍... എന്‍റെ മനസ്സിനെ ഒരുപാട് ഭയപ്പെടുത്തിയ പേരാണ്. ആളനക്കങ്ങളില്ലാത്ത, വിജനമായ, ഒരു നിശ്വാസം പോലും പേടിപ്പെടുത്തുന്ന ഭയാനകമായ ആ സിറ്റി. തിരക്കുപിടിച്ച ഒരു നഗരത്തിനു ഇങ്ങനെ ഒക്കെ ഒരു ഭാവമാറ്റം ഉണ്ടാകുമോ എന്ന് അത്ഭുതപ്പെട്ട നാളുകള്‍ തന്നെയായിരുന്നു... വുഹാനിലെ വൈറസ് വാര്‍ത്തകള്‍ ശ്രദ്ധിച്ചിരുന്നു. പക്ഷെ അത് ലോകത്തെ മുഴുവന്‍ ഇതുപോലെ ഭീഷണിയാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല.

ചോദ്യം: എപ്പോഴായിരുന്നു നിങ്ങള്‍ താമസിക്കുന്ന ഇറ്റലിയുടെ പ്രദേശത്തേയ്ക്ക് കൊറോണ വൈറസ് എത്തിയത്...? ആദ്യ മരണം എന്നായിരുന്നു...? അത് ഭയപ്പെടുത്തിയിരുന്നോ...?
ഉത്തരം: ഫെബ്രുവരി 21 എന്നത്തേയും പോലെ സാധാരണ ദിവസം. രാത്രി ജോലിക്ക് തയ്യാറെടുക്കമ്പോള്‍ വാര്‍ത്ത കേട്ടു. കൊറോണ വൈറസ് മൂലം ഇറ്റലിയില്‍ ആദ്യ മരണം. ആദ്യം പ്രത്യേകിച് ഒന്നും തോന്നിയില്ല, ഒരു മരണമല്ലേ, സ്വാഭാവികം. തന്നെയുമല്ല താമസിക്കുന്ന സ്ഥലത്തുനിന്നും ഏതാണ്ട് 100 കിലോമീറ്റര്‍ വ്യത്യാസവും. രാത്രി ജോലി കഴിഞ്ഞ് വീട്ടില്‍ വന്നപ്പോണ്ട മറ്റൊരു വാര്‍ത്ത. കൊറോണ രോഗികളുടെ എണ്ണം നാലിന് മീതെ. രോഗം സ്ഥിരീകരിച്ചത് 40 കിലോമീറ്റര്‍ അകലെ മാത്രം...! അന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി എത്തി. അപ്പോള്‍ വാര്‍ത്തകളില്‍ മുഴുവന്‍ കൊറോണ മാത്രം. രണ്ട് ദിവസം ഓഫാണ്. വാര്‍ത്തകളില്‍ മരണ സംഖ്യയും, രോഗം പിടിപെട്ടവരുടെ എണ്ണവും വേഗതയില്‍ കൂടി കൊണ്ടിരുന്നു. ഒരാഴ്ച്ച ഇറ്റലിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. സ്ക്കൂളുകളും, മാളുകളും, കടകളും എല്ലാം അടച്ചു. മാതാപിതാക്കള്‍ക്കാണ് ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടായത്. അന്ന് കോറോണയെ പറ്റിയല്ലായിരുന്നു ടെന്‍ഷന്‍. മക്കളെപ്പറ്റി ആയിരുന്നു. കാരണം ഇറ്റലിയില്‍ ഞങ്ങളുള്‍പ്പടെയുള്ള എല്ലാ ദമ്പതികള്‍ക്കും തന്നെ ജോലി ഉണ്ട്. ഇറ്റലിയിലെ നിയമം അനുസരിച്ച് പ്രായപൂര്‍ത്തി ആകുന്നതുവരെ കുട്ടികളെ വീടുകളില്‍ തനിച്ചാക്കാന്‍ കഴിയില്ല, അറിഞ്ഞാല്‍ ജയില്‍വാസം വരെ കിട്ടാവുന്ന കുറ്റം. വീട്ടില്‍ ഞങ്ങള്‍ക്കും രണ്ട് മക്കളുണ്ട്. ചെറിയ മകന്‍ സ്ക്കൂളില്‍ പോകാറായിട്ടില്ല. ഒരാഴ്ച്ച സഹിച്ചാല്‍ മതിയല്ലോ എന്ന് വിചാരിച്ചപ്പോഴേയ്ക്കും ലോക്ക് ഡൗണ്‍ നീട്ടി. നേഴ്സിങ്ങ് ജോലി ചെയ്യുന്ന ഞങ്ങള്‍ രണ്ട് പേരും അഡ്ജസ്റ്റ് ചെയ്ത് ജോലിക്ക് പോയി. കൊറോണ വൈറസ് ഇറ്റലിയില്‍ മാത്രമല്ല ലോകമാകെ ഇപ്പോഴും സംഹാരതാണ്ഡവം ആടുകയല്ലേ...

ചോദ്യം: കോവിഡ് കാലത്ത് അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ഇറ്റലിയില്‍ നിങ്ങള്‍ ബുദ്ധിമുട്ടിയോ...?
ഉത്തരം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മാളുകള്‍ എല്ലാം അടച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നിശ്ചിത സമയത്തേയ്ക്ക് മാത്രമായി തുറന്നു. ഭക്ഷ്യസാധനങ്ങളുടെ ക്ഷാമം വരുമെന്ന് ഭയന്ന് ആളുകള്‍ സാധനങ്ങള്‍ ധാരാളമായി വാങ്ങി കൂട്ടി. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കാലിയാകാന്‍ തുടങ്ങി. ഒരു കേയ്സ് കുടിവെള്ളം മേടിച്ച് സൂക്ഷിക്കാന്‍ മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റില്‍ ഞങ്ങള്‍ കയറി ഇറങ്ങേണ്ടി വന്നിട്ടുണ്ട്. പക്ഷെ സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ട് ഇപ്പൊള്‍ അവസ്ഥ മാറി, ഭക്ഷ്യ സാധനങ്ങള്‍ ആവശ്യത്തിന് ലഭ്യമാണ്.

ചോദ്യം: ഇറ്റലിയില്‍ സര്‍ക്കാര്‍ ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയണമെന്നും, അത്യാവശ്യത്തിന് മാത്രം മുഖാവരണമണിഞ്ഞ് സുരക്ഷിതമായി പുറത്തിറങ്ങണമെന്നും, ക്കൈകള്‍ സാനിറ്റെസര്‍ ഉപയോഗിച്ച് കഴുകണമെന്നും ജനങ്ങളോട് പറഞ്ഞിരുന്നോ...?
ഉത്തരം: എല്ലാവരും കഴിവതും വീടുകളില്‍ തന്നെ ഇരിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇറ്റലിയില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് എല്ലാ മുന്‍കരുതലും എടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇനങ്ങള്‍ അതൊക്കെ അനുസരിച്ചിട്ടും സര്‍ക്കാരിന്‍റെ ക്കൈവിട്ട് പോയി. എന്നിട്ടും സ്ഥിതി മോശമായി. മരണസംഖ്യ കൂടി കൂടി വന്നു. കേരളത്തില്‍ സര്‍ക്കാര്‍ എല്ലാ മുന്‍കരുതല്‍ എടുത്തിട്ടും ജനങ്ങള്‍  അനുസരിക്കാതെ റോട്ടിലിറങ്ങി നടക്കുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നി. ഇറ്റലിയുടെ അവസ്ഥ ഞാന്‍ ഒരു വീഡിയോയിലൂടെ മലയാളത്തില്‍ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു. മത് കേട്ടെങ്കിലും പത്ത് പേര്‍ വീട്ടില്‍ തന്നെ കഴിയട്ടെ എന്ന് ആശിച്ചു.

ചോദ്യം: നിങ്ങള്‍ താമസിക്കുന്ന പ്രദേശം റെഡ്സോണായി എന്ന് കേട്ടിരുന്നു. നിങ്ങള്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു എന്നും അറിഞ്ഞു. ഇപ്പോള്‍ സ്ഥിതി എങ്ങനെ...?
ഉത്തരം: ഞങ്ങള്‍ താമസിക്കുന്ന ലോംബാര്‍ഡിയ എന്ന പ്രദേശം റെഡ് സോണായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇവിടെ നിന്ന് അകത്തേക്കോ പുറത്തേക്കോ പോകാന്‍ കഴിയില്ല. നേഴ്സിങ്ങ് രംഗത്ത് പ്രവര്‍ത്തിക്കുന്നതായതിനാല്‍ ഞങ്ങള്‍ക്ക് ജോലിക്ക് പോകേണ്ടിയിരുന്നു. ആശപത്രിയില്‍ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞ ദിവസങ്ങളായിരുന്നു. ഡോക്ടര്‍മാരും, നേഴ്സും, മറ്റ് ആരോഗ്യ പ്രവര്‍ത്തകരും 24 മണിക്കൂറും വിശ്രമമില്ലാതെ ജോലി ചെയ്യുന്നു. ചികിത്സിക്കുന്ന ഡോക്ടര്‍ക്കും, നേഴ്സിനും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് പോസിറ്റീവ് ഫലം വന്നത് തളര്‍ത്തി കളഞ്ഞു.  കാര്യങ്ങളെല്ലാം കൈവിട്ടു പോവുകയാണെന്ന് മനസ് മന്ത്രിച്ചു. ഓരോ ദിവസവും ഞങ്ങള്‍ രണ്ടു പേരും പരസ്പരം സുരക്ഷാ കരുതലുകള്‍ ഓര്‍മ്മിപ്പിക്കും. 

ചോദ്യം: എന്നായിരുന്നു വീട്ടിലേയ്ക്ക് കൊറോണ വൈറസ് എത്തിയത് ?
ഉത്തരം: ഡിജോ ആശുപത്രിയില്‍ നിന്ന് വന്ന് ക്ഷീണമാണെന്ന് പറഞ്ഞു. ആശുപത്രിയിലെ കഠിനമായ ജോലി കാരണമാകുമെന്നാണ് ആദ്യം കരുതിയത്. ദൈവമേ കുഴപ്പമൊന്നും ഉണ്ടാവല്ലേ, എന്നത്തേയും പോലെ ടെലിവിഷന് മുന്‍പില്‍ ഇരിക്കാനുള്ള അടവായിരിക്കണേ എന്ന് മൗനമായി പ്രാര്‍ത്ഥിച്ചു. വൈകുന്നേരം ചെറുതായി പനിച്ചു. പിറ്റേ ദിവസം സ്ഥിതി കുറച്ചു കൂടി വഷളായി. ഫാമിലി ഡോക്ടറെ വിളിച്ച് ഉപദേശം തേടി. അങ്ങനെ ചെയ്യാനേ സാധിക്കുമായിരുന്നുള്ളൂ.  ആശുപത്രിയില്‍ വരാതെ വീട്ടില്‍ തന്നെ മരുന്നും മറ്റും നല്‍കി ശുശ്രൂഷിക്കാന്‍ ഉപദേശം കിട്ടി. രണ്ട് കുഞ്ഞു കുട്ടികളുള്ള വീട്ടില്‍ ഐസൊലേഷന്‍ എന്നത് എത്രമാത്രം സാധ്യമാണെന്ന് ഊഹിക്കാമല്ലോ. കുഞ്ഞുങ്ങള്‍ക്കും പനി തുടങ്ങിയത് ഞങ്ങള്‍ രണ്ടു പേരേയും തളര്‍ത്തി കളഞ്ഞു. ഞാന്‍ തോറ്റുപോകുമോ എന്ന് തോന്നി പോയ ദിവസങ്ങള്‍. പനിക്ക് കൂട്ടായി ചുമയും ചെറിയ ശ്വാസതടസവും പുള്ളിയെ വല്ലാതെ തളര്‍ത്തിയിരുന്നു.

ചോദ്യം: നിങ്ങള്‍ ആശുപത്രിയിലല്ലേ ജോലി ചെയ്യുന്നത് ? ആശുപത്രിയെ ആശ്രയിച്ചില്ലേ...?
ഉത്തരം: ജോലി ചെയ്യുന്ന ആശുത്രിയിലെ അവസ്ഥ നന്നായി അറിയാം, അവിടെ വളരെ കഷ്ടമാണ്. അതുകൊണ്ട് തന്നെ ആശുപത്രിയില്‍ നല്‍കുന്ന ചികിത്സ വീട്ടില്‍ തന്നെ നല്‍കി. ഡോക്ടര്‍മാരുടെ ഫോണിലൂടെ ഉള്ള ഉപദേശവും ലഭിച്ചിരുന്നു. ആശുപത്രിയില്‍ സ്ഥലമില്ലാത്തതു കൊണ്ട് പുറത്തു ടെന്‍റ് കെട്ടി ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആകുന്നവരെ ഹോട്ടല്‍ മുറികളിലും മറ്റും ക്വാറന്‍റയിനിലാക്കി ചികിത്സ നല്‍കി. ചിലരെ ഹോസ്പിറ്റലിന് പുറത്തെ ടെന്‍റില്‍ തന്നെ ചികിത്സിച്ചു. വളരെ കൂടുതല്‍ ബുദ്ധിമുട്ടുള്ളവരെ ആശപത്രിയില്‍ ഒഴിവ് വരുന്ന മുറയ്ക്ക് എത്തിക്കും. പ്രായം നോക്കി ചികിത്സ നല്‍കേണ്ട സാഹചര്യം ഇറ്റലിയില്‍ ഉണ്ടായതായി വാര്‍ത്തകളില്‍ കണ്ടു. പോസിറ്റീവ് ആണെന്ന് നൂറുശതമാനം ഉറപ്പുണ്ടായിട്ടും ഒരു ടെസ്റ്റ് ചെയ്തു നോക്കാന്‍ പോലും സാഹചര്യം ഇല്ലാത്ത ആയിരങ്ങള്‍ ഇറ്റലിയില്‍ ഉണ്ട്. അവരില്‍ എത്രപേര്‍ ചികിസ തേടി. എത്ര പേര്‍ രക്ഷപെട്ടു... ഹോസ്പിറ്റലുകളില്‍ അവസാന ശ്വാസം എടുക്കുന്നതിനു മുന്‍പ് വേണ്ടപ്പെട്ടവരെ വീഡിയോ കോളിലൂടെ കാണുന്നവരെ എത്രയോ കണ്ടു. മരണാനന്തര ചടങ്ങുകള്‍ ഇല്ലാതെ യന്ത്ര സഹായത്താല്‍ ആയിരങ്ങളെ സംസ്ക്കരിക്കുന്ന കാഴ്ച്ചകള്‍ ഇറ്റലിയില്‍ മാത്രമല്ല ലോകം മുഴുവന്‍ നടന്നില്ലേ...

ചോദ്യം: വീട്ടിലെ ചികിത്സ ഫലം കണ്ടു. സൗമ്യയ്ക്കും രോഗലക്ഷണം തുടങ്ങിയപ്പോഴേ ചികിസച്ചത് വഴി കുടുംബം മുഴുവന്‍ കൊറോണ വൈറസിന്‍റെ പിടിയില്‍ നിന്ന് കുതറി രക്ഷപ്പെട്ടു എന്നു പറയട്ടെ ?
ഉത്തരം: തീര്‍ച്ചയായും. ഞങ്ങള്‍ നാലു പേരും കൊറോണ വൈറസില്‍ നിന്ന് രക്ഷപ്പെട്ടു. കോവിഡ് രോഗ ലക്ഷണങ്ങളും മറ്റും നന്നായി അറിയാവുന്നത് കൊണ്ടും, ചികിത്സാ രീതികള്‍ അറിയാവുന്നതും രക്ഷയായി. എനിക്കറിയാവുന്നവരില്‍ പകുതിയില്‍ കൂടുതല്‍ പേരും ഞങ്ങളെപ്പോലെ തന്നെ ഹോം ഐസൊലേഷനില്‍ ഇരുന്ന് അസുഖം മാറ്റിയവരാണ്. ചിലര്‍ക്ക് നന്നായി കോവിഡ് വൈറസിന്‍റെ ആക്രമണമുണ്ടായി, അവരെ ആശുപത്രിയിലാക്കി. എല്ലാവരും രക്ഷപെട്ടു. വീട്ടില്‍ തന്നെ ജീവനും ചേര്‍ത്ത് പിടിച്ച് ഇരുന്നവരാണ് ഒട്ടുമുക്കാല്‍ പേരും. കാരണം ഇവിടുത്തെ അവസ്ഥ അതായിരുന്നു. ഹോസ്പിറ്റലില്‍ പോയി ചികിത്സിക്കാന്‍ സാഹചര്യങ്ങള്‍ ഇല്ലായിരുന്നു.

ചോദ്യം: ഇറ്റലിക്കാരുടെ ജീവിത രീതി എങ്ങിനെയാണ് ? കോവിഡ് കാലത്തിന് ശേഷം ജീവിത രീതിയില്‍ മാറ്റമുണ്ടാകുമെന്ന് തോന്നുന്നുണ്ടോ ?
ഉത്തരം: ജീവിതത്തിന്‍റെ ഓരോ നിമിഷവും ആസ്വദിക്കുന്നവരാണ് ഇവിടുള്ളവര്‍. ആളും ബഹളവുമായി നിറഞ്ഞു നിന്ന തെരുവുകളായിരുന്നു ഇറ്റലിയിലേത്. കുട്ടികള്‍ ആര്‍പ്പുവിളികളോടെ ഒത്തു കൂടിയിരുന്ന പാര്‍ക്കുകളും, മാളുകളും ഇന്ന് ഒച്ചയനക്കങ്ങളില്ലാതെ കിടക്കുന്നു. ആളുകള്‍ക്ക് പരസ്പരം കണ്ടാല്‍ ചിരിക്കാന്‍ തന്നെ ഭയമാണ്. എല്ലാ വീടുകളിലും ഉണ്ട് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍... ഇതൊരു വല്ലാത്ത അവസ്ഥയാണ്, തണുത്തുറഞ്ഞ മരണം അടുത്തെവിടെയോ ഉണ്ടെന്ന ഭീതിയില്‍ ജീവിക്കുന്ന കുറെ മനുഷ്യ ജന്മങ്ങള്‍... ജന്മം തന്ന നാട്ടിലേക്കു പോകാനും വയ്യ, അന്നം തരുന്ന നാടിനെ ഉപേക്ഷിക്കാനും വയ്യ. ഇവിടിരുന്നു ചിന്തിക്കുമ്പോള്‍ ആരെയും കുറ്റപ്പെടുത്താന്‍ കഴിയുന്നില്ല. നാട്ടിലെ കൂടപ്പിറപ്പുകള്‍ അവിടെ സന്തോഷത്തോടെ, സമാധാനത്തോടെ ഇരുന്നോട്ടെ. എന്ന് കരുതിയാണ് ഞങ്ങളൊക്കെ ഇവിടെ തന്നെ കഴിയുന്നത്. സ്നേഹമുള്ളത് കൊണ്ടാണ് അകന്നിരിക്കുന്നത്.

ചോദ്യം: പ്രവാസികളായ നിങ്ങള്‍ നാട്ടില്‍ വരുന്നതിനെ എതിര്‍ക്കുന്നത് കാണുന്നില്ലേ ? അവരോട് എന്താണ് പറയാനുള്ളത് ?
ഉത്തരം: സോഷ്യല്‍ മീഡിയയിലൂടെ ഇറ്റലിക്കാരടക്കമുള്ളവരെ കുറ്റപ്പെടുത്തുന്നവരുടെ വികാരങ്ങളെ മാനിച്ചു കൊണ്ടുതന്നെ പറയട്ടെ, രണ്ടുകയ്യും നീട്ടി സ്വീകരിച്ചു കൂടേ ? വൈദ്യ ശാസ്ത്രം പുരോഗതി നേടിയിട്ടുണ്ട്. വൈറസിന് ജാതിയും, മതവും, പണക്കാരന്‍, പാവപ്പെട്ടവന്‍ എന്നൊന്നില്ല എന്ന് ലോകം മനസിലാക്കിയിരിക്കുന്നു. പ്രവാസികള്‍ രോഗവാഹകരാണെന്ന തെറ്റായ വിശ്വാസം ഈ ആധുനിക കാലത്തും വേണോ...? ജീവനും കയ്യില്‍ പിടിച്ച്, കണ്ണുകളില്‍ ഭയത്തിന്‍റെ നിഴലുമായി, സ്വന്തം മണ്ണില്‍ സുരക്ഷിതനാണെന്ന ആത്മവിശ്വാസത്തോടെ ഓടി വരുന്നവരെ ഒരിക്കലും പടിയടച്ച് മാറ്റി നിര്‍ത്തരുത്.

ഫോട്ടോ: ഡിജോ ജോയും, ഭാര്യ സൗമ്യയും മക്കളായ ആബേലും ഇമാന്വലും.