ആറിയപ്പെടാത്ത ഷീലാ ദീക്ഷിദ്...

ആറിയപ്പെടാത്ത ഷീലാ ദീക്ഷിദ്...
സുധീര്‍ നാഥ്

ഷീലാ ദീക്ഷിദും ഓര്‍മ്മയായി. വ്യക്തിപരമായി നല്ല അടുപ്പമുണ്ടായിരുന്നു അവരുമായി. എന്‍റെ ആദ്യ രണ്ട് കാര്‍ട്ടൂണ്‍ സമാഹാരങ്ങള്‍ പ്രകാശനം ചെയ്യാന്‍ മുഖ്യമന്ത്രിയായിരുന്ന അവര്‍ ഡല്‍ഹിയിലെ താജ് പാലസില്‍ വന്നത് നന്ദിയോടെ ഓര്‍ക്കുന്നു. അവരോടൊപ്പം ഡല്‍ഹി ധനകാര്യമന്ത്രിയും, ആരോഗ്യമന്ത്രിയുമായിരുന്ന ഡോക്ടര്‍ അശോക് വാല്യയും ഉണ്ടായിരുന്നു. ഡല്‍ഹി മലയാളികളുടെ പ്രിയങ്കരനായിരുന്ന അന്തരിച്ച കെ മാധവന്‍നായരുമായുള്ള അടുപ്പം എന്നേയും അവരുമായി അടുപ്പിച്ചു. കേരള ഗവര്‍ണറായി തിരുവനന്തപുരത്ത് അവര്‍ പോയപ്പോള്‍ രാജ്ഭവനില്‍ വരണമെന്ന് പറഞ്ഞിരുന്നു. ഡല്‍ഹി മലയാളി കൂട്ടായ്മയില്‍ അവര്‍ എത്രയോ തവണ വന്നിരിക്കുന്നു. ഡല്‍ഹിയിലെ കേരള സ്ക്കൂളിന്‍റേയും, മലയാളികളുടെ ആരാധനാലയങ്ങളുടേയും വികസനത്തില്‍ അവരുടെ പങ്ക് വളരെ വലുതാണ്. അവര്‍ പറഞ്ഞ അവരുടെ കഥയാണ് ഇവിടെ പങ്ക് വെയ്ക്കുന്നത്. പ്രണയവും, കഷ്ടപാടുകളും നിറഞ്ഞ അവരുടെ രാഷ്ട്രീയത്തിനപ്പുറമുള്ളതാണ് അവരുടെ രൗ ജീവിത കഥ.

പട്ടാളത്തില്‍ ബ്രിഗേഡിയര്‍ റാങ്കിലുള്ള സിവിലിയനായിരുന്ന ശ്രീക്യഷ്ണ കപൂറിന്‍റേയും സ്വര്‍ണ്ണലതാ പുരിയുടേയും മൂന്ന് പെണ്‍മക്കളില്‍ മൂത്തവളായിരുന്നു ഷീല കപൂര്‍. പഞ്ചാബിലെ കപൂര്‍ത്തലയില്‍ 1938 മാര്‍ച്ച് 31ന് പഞ്ചാബി കാത്ത്രി കുടുംബത്തില്‍ മാതാവിന്‍റെ വീട്ടിലായിരുന്നു ജനനം. പിതാവ് ശ്രീക്യഷ്ണ കപൂറിന്‍റെ ജോലി ഡല്‍ഹിലായിരുന്നു. ഡല്‍ഹിയിലെ കാമരാജ് ലൈനിലെ സര്‍ക്കാര്‍ വക വീട്ടിലായിരുന്നു താമസം. കോണ്‍വെന്‍റ് ഓഫ് ജീസസ് മേരിയിലായിരുന്നു ഷീലയുടെ സ്ക്കൂള്‍ പഠനം. ശേഷം ചരിത്രത്തില്‍ ബിരുദ പഠനത്തിനായി ഡല്‍ഹി മിറാഡാ ഹൗസ് കോളേജില്‍ ചേര്‍ന്നു. ബിരുദാനന്തര  ബിരുദം ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നായിരുന്നു. അക്കാലത്ത് ക്ലാസിലെ ഒഴിവ് സമയങ്ങളിലെ വിനോദമായിരുന്നു നോട്ട്സ് ആന്‍റ് ക്രോസ്. സഹപാഠിയായ വിനോദ് ദീക്ഷിദും ഷീലയും തമ്മിലായിരുന്നു പ്രധാന മത്സരം. ഇരുവരുടേയും പഠനത്തോടൊപ്പമുള്ള നോട്ട്സ് ആന്‍റ് ക്രോസ് പ്രണയത്തിലെത്തിച്ചു. ക്ലാസില്‍ കയറാതെ അക്കാലത്ത് ഡല്‍ഹിയിലെ പ്രശസ്തമായ റിവേലി, ഓസിയന്‍, പ്ലാസ തുടങ്ങിയ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ മിക്ക നല്ല ഹിന്ദി, ഇംഗ്ലീഷ് സിനിമകള്‍ അവര്‍ ഇരുവരും കണ്ടു. പ്രണയം ഡല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പാട്ടായി.

വിനോദ് ദീക്ഷിദും ഷീലാ കപൂറും തമ്മിലുള്ള പ്രണയ വാര്‍ത്ത ഇരുവരുടെ വീട്ടിലുമെത്തി. ബ്രാഹ്മണ കുടുംബത്തില്‍ നിന്നുള്ള വിനോദിനെ അബ്രാഹ്മണ കുടുംബത്തിലെ ഷീലയെ കൊണ്ട്  വിവാഹം കഴിപ്പിക്കുന്നതിന് വിനോദിന്‍റെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. സ്വാതന്ത്ര സമര സേനാനിയും പ്രമുഖ കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ഉമാശങ്കര്‍ ദീക്ഷിദിന്‍റെ ഏക മകനാണ് വിനോദ് ദീക്ഷിദ്. എം എയ്ക്ക് പഠിക്കുന്ന വിനോദ് എങ്ങിനെ ഷീലയെ പോറ്റുമെന്നാണ് ഷീലയുടെ വീട്ടുകാരുടെ ആശങ്ക. സെക്രട്ടറിയുടെ ജോലിയെങ്കിലും വിനോദിന് കിട്ടുമെന്ന ഷീലയുടെ അഭിപ്രായത്തിന് ആരും വില കല്‍പ്പിച്ചില്ല. എംഎ പഠനത്തിന് ശേഷം വിനോദിന് ഐഎഎസ് സെലക്ഷന്‍ ലഭിച്ചു. ട്രെയിനിങ്ങിനായി മസൂരിയിലേയ്ക്ക് പോയി. ഇരുവരുടെ പ്രണയം അപ്പോഴും ശക്തമായി തുടര്‍ന്നു. ഷീല മാതാപിതാക്കളോടൊപ്പം ഡല്‍ഹിയിലെ സര്‍ക്കാര്‍ വീട്ടിലായിരുന്നു താമസിച്ചത്. ആറും ഏഴും വയസായ കുട്ടികളെ പഠിപ്പിക്കുന്ന നേഴ്സറി സ്ക്കൂളിലെ ടീച്ചര്‍ ഉദ്യോഗമാണ് ഷീലയ്ക്ക് ആദ്യം ലഭിച്ചത്. മസൂരിയിലെ പഠനത്തിന് ശേഷം മടങ്ങി വന്ന വിനോദ് എല്ലാവരുടേയും സമ്മതത്തോടെ നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 1962 ജൂലൈ 11ാം തിയതി ഷീലാ കപൂറിനെ വിവാഹം കഴിച്ചു. അങ്ങിനെ ലോകമറിഞ്ഞ ഷീലാ ദീക്ഷിദായി അവര്‍ മാറി.

വിനോദ് ദീക്ഷിദിന് ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസില്‍ നിയമനം ലഭിച്ചതോടെ എല്ലാവരും ഡല്‍ഹിക്ക് താമസം മാറ്റി. 1984ല്‍ ഇന്ദിരാ ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം ഉത്തര്‍ പ്രദേശിലെ കനൗജ് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുകയും ജയിക്കുകയും ചെയ്തു. രാഷ്ട്രീയ പ്രവര്‍ത്തനം എന്തെന്ന് ഭര്‍ത്യപിതാവ് ഉമാശങ്കര്‍ ദീക്ഷിദില്‍ നിന്ന് മാത്രം വശമാക്കിയ അവര്‍ അങ്ങിനെ പൊതുജനങ്ങളിലേയ്ക്ക് ഇറങ്ങി. 1984 മുതല്‍ 1989 വരെ അങ്ങിനെ പാര്‍ലമെന്‍റ് അംഗമായി. ഈ കാലയളവില്‍ യുഎന്‍ കമ്മിഷന്‍ ഓന്‍ സ്റ്റാറ്റസ് ഓഫ് വുമണ്‍ മെമ്പറായി നിയമിച്ചു. പിന്നെ വളര്‍ച്ചയുടെ കാലമായിരുന്നു. 1986ല്‍ പാര്‍ലമെന്‍റ് അഫയേഴ്സ് സഹമന്ത്രിയായി. തുടര്‍ന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫീസില്‍ പ്രധാന ചുമതലകളുള്ള സഹമന്ത്രിയായി.

കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധിയായി യുഎന്‍ കമ്മിഷന്‍ ഓന്‍ സ്റ്റാറ്റസ് ഓഫ് വുമണ്‍ മീറ്റിങ്ങിനായി പോയ ഷീലാ ദീക്ഷിദിന് ന്യൂയോര്‍ക്കില്‍ ഇറങ്ങിയ ഉടനെ ഒരു സന്ദേശം ലഭിക്കുന്നു. 1987 ജനുവരി 11ാം തിയതിയായിരുന്നു അത്. ഭര്‍ത്താവ് വിനോദ് ദീക്ഷിദ് ഹോസ്പിറ്റലിലാണ്, അടിയന്തിരമായി മടങ്ങി വരണം. ന്യൂയോര്‍ക്കില്‍ നിന്ന് അടുത്ത വിമാനത്തില്‍ അവര്‍ ഇന്ത്യയിലേയ്ക്ക് മടങ്ങി. മകന്‍ സന്ദീപ് ദീക്ഷിദിന് കടുത്ത പനിയായിരുന്നു. അന്ന് ഉത്തര്‍ പ്രദേശ് ഫിനാന്‍സ് സെക്രട്ടറിയായിരുന്ന വിനോദ് ദീക്ഷിദും പിതാവ് ഉമാശങ്കറും സന്ദീപിനേയും കൂട്ടി കാന്‍പൂരില്‍ നിന്ന് ഡല്‍ഹിക്ക് തീവണ്ടിയില്‍ കയറിയതാണ്. ന്യൂ ഡല്‍ഹിയില്‍ തീവണ്ടിയില്‍ നിന്ന് എല്ലാവരും ഇറങ്ങിയപ്പോള്‍ വിനോദ് ദീക്ഷിദ് മാത്രം ഇറങ്ങിയില്ല. എല്ലാവര്‍ക്കും പരിഭ്രമമായി. തീവണ്ടി വ്യത്തിയാക്കാന്‍ ഷണ്‍ഡിങ്ങ് യാര്‍ഡിലേയ്ക്ക് മാറ്റി. വ്യത്തിയാക്കുന്ന ജീവനക്കാര്‍ തീവണ്ടിയിലെ ശുചിമുറിയില്‍ ഹ്യദയസ്ഥംഭനത്താല്‍ മരിച്ചു കിടക്കുന്ന വിനോദിനെയാണ് കണ്ടത്. അന്ന് മക്കള്‍ രണ്ടു പേരും കോളേജില്‍ പഠിക്കുന്ന കാലം. പ്രണയച്ച് മതിവരും മുന്‍പ് പിരിഞ്ഞു പോയ ഭര്‍ത്താവും കാമുകനുമായ വിനോദ് ഇന്നും ഷീലാ ദീക്ഷിദിന്‍റെ മനസിലെ കനലാണ്.

മക്കളെ ഒറ്റയ്ക്ക് വളര്‍ത്തി വലുതാക്കിയതോടൊപ്പം വിനോദിന്‍റെ മാതാപിതാക്കളുടെ സംരക്ഷണവും ഷീലയുടെ ചുമതലയായി. നീണ്ട ഇടവേളയ്ക്ക് ശേഷം 1998ല്‍ ഈസ്റ്റ് ഡല്‍ഹി പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റു. അതേ വര്‍ഷം നിയമസഭയില്‍ മത്സരിച്ച് ജയിച്ച് ഡല്‍ഹിയുടെ 6ാമത് മുഖ്യമന്ത്രിയായി. 15 വര്‍ഷം ഡല്‍ഹിയുടെ മുഖ്യമന്ത്രിയായ അവര്‍ 2013 നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജരിവാളിനോട് തോറ്റു. പിന്നീട് 2014ല്‍ അഞ്ച് മാസത്തോളം കേരളാ ഗവര്‍ണറായി ചുമതല വഹിച്ചു. വിവാഹാനന്തരം 28 തവണ ഷീലാ ദീക്ഷിദ് വീട് മാറി. പിന്നീട് സ്വന്തം വീട്ടിലായിരുന്നു താമസം. ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ ഹുമയൂണ്‍ ടോമ്പിന് അഭിമുഖമായുള്ള സ്വന്തം വീട്ടില്‍ രാഷ്ട്രീയ നിരീക്ഷണം നടത്തി, സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ട് ജീവിതം നയിക്കുവാന്‍ അവര്‍ താത്പര്യപ്പെട്ടു. പക്ഷെ വീണ്ടും രാഷ്ട്രിയത്തിലിറങ്ങി. കഴിഞ്ഞ ലോക്സഭാ ഇലക്ഷന് വീണ്ടും പരാജയം. ഒടുവില്‍ അവര്‍ യാത്രയായി... പരാജയമില്ലാത്ത ലോകത്തേയ്ക്ക്....

പ്രണാമം...