ന്‍റെ പപ്പയും മമ്മിയും എന്താ ഇങ്ങനെ...?

ന്‍റെ പപ്പയും മമ്മിയും എന്താ ഇങ്ങനെ...?
സുധീര്‍നാഥ്

(ഫോട്ടോ: ഡല്‍ഹിയിലെ അംബേദ്ക്കര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് പരിശോധനയ്ക്ക് ഇരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരായ നേഴ്സ് രാതിമോള്‍, ഡോക്ടര്‍ വിശാല്‍, ഡോക്ടര്‍ ജീവന്‍. )

ന്‍റെ പപ്പായും മമ്മിയും എന്താ ഇങ്ങനെ...? ജീവിത ചര്യകളില്‍ പപ്പക്കും, മമ്മിക്കും വലിയ മാറ്റം വന്നത് അഞ്ച് വയസുള്ള സെറ ശ്രേയാല്‍ അങ്ങിനെ വിലയിരുത്തി പ്രഖ്യാപിക്കാന്‍ കാരണമുണ്ട്. ഏഴ് മാസം മാത്രം പ്രായമുള്ള അനിയന്‍ ഷോണ്‍ ശ്രേയസ് കരഞ്ഞാല്‍ അവന്‍റെ കരച്ചില്‍ നില്‍ത്താന്‍ ശബ്ദിക്കുന്ന കളിപ്പാട്ടവുമായി ചെല്ലാനാണ് പപ്പയും മമ്മിയും പറയുന്നത്. അവരൊട്ട് പോകുന്നുമില്ല. രോഹിണിയിലെ അംബേദ്ക്കര്‍ മെഡിക്കല്‍ കോളേജിലെ നേഴ്സുമാരാണ് ഇവരുടെ പപ്പ സുജീഷും, മമ്മി രാതിമോളും. മക്കളെ സ്നേഹത്തോടെ താലോലിക്കാന്‍ പറ്റാത്തതിന്‍റെ സങ്കടം ഇരുവരുടേയും കണ്ണുകളില്‍ വായിച്ചെടുക്കാം.  

ഇരുവരും അവര്‍ ജോലി ചെയ്യുന്ന അംബേദ്ക്കര്‍ ആശുപത്രിയില്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കുകയും, സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി വരേണ്ടിയും ഇരിക്കുന്നു. ആശുപത്രിയില്‍ നിന്ന് കൊറോണ വൈറസ് കൂടെ വന്നിട്ടുണ്ടോ എന്ന ആശങ്ക എപ്പോഴും ഉണ്ട്. കോവിഡ് വാര്‍ഡിലെ ഡ്യൂട്ടിക്ക് പോകുന്ന അവസരത്തിലും തിരിച്ച് എത്തുമ്പോഴും പഴുതടച്ച സുരക്ഷാ സംവിധാനങ്ങള്‍ പരസ്പരം പരിശോധിക്കുന്നു. മക്കളുടെ സുരക്ഷ കൂടി ഉറപ്പ് വരുത്തുകയാണ് ഇരുവരും അതുവഴി ചെയ്യുന്നത്. സമാനമായ നടപടികളാണ് അംബേദ്ക്കര്‍ ആശുപത്രിയിലെ പല നേഴ്സിങ്ങ് സ്റ്റാഫുകളും ചെയ്യുന്നത്. പത്തോളം നേഴ്സിങ്ങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ദമ്പതികള്‍ അംബേദ്ക്കര്‍ ആശുപത്രിയില്‍ തന്നെ ഉണ്ടെന്ന് സുജീഷ് പറഞ്ഞു.

കുട്ടികളെ നോക്കാന്‍ ഏല്‍പ്പിച്ചവര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വരാതായി. സുജീഷ് പതിനഞ്ച് ദിവസം കോവിഡ് ജോലി പൂര്‍ത്തിയാക്കി ക്വാറന്‍റയിനിലാണ്. അംബേദ്ക്കര്‍ ആശുപത്രിയുടെ നേഴ്സസ് യൂണിയന്‍ പ്രസിഡന്‍റ് കൂടിയാണ് സുജീഷ്. നേഴ്സായ ഭാര്യയും ഇപ്പോള്‍ കോവിഡ് വാര്‍ഡിലെ ജോലിയാണ് നോക്കുന്നത് എന്നത് വലിയ മാനസിക പിരിമുറുക്കമാണ് ഉണ്ടാക്കുന്നത്. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ സാധിക്കാത്ത കൊറോണ വൈറസിനെതിരെ ആരോഗ്യ പ്രവര്‍ത്തകരായ ഞങ്ങള്‍ ഇപ്പോഴല്ലാതെ എപ്പോഴാണ് പ്രവര്‍ത്തിക്കേണ്ടത്. ഒരു സൈനികന്‍ അതിര്‍ത്തിയില്‍ രാജ്യ സുരക്ഷ ഉറപ്പ് വരുത്തുന്ന ജോലി തന്നെയാണ് രാജ്യത്തിന്‍റെ ആരോഗ്യ രംഗത്ത് ഞങ്ങള്‍ ചെയ്യുന്നത്. ഒരു ഒളിച്ചോട്ടം നടത്തേണ്ട സമയമല്ല ഇതെന്ന് സുജീഷ് പറയുന്നു.

ഡല്‍ഹി സര്‍ക്കാര്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സമ്മതിക്കുന്ന രാതിമോള്‍ കേരളത്തിലെ പോലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭൗതീക സുരക്ഷ ഉറപ്പ് വരുത്തുന്നില്ല എന്നാണ് പറഞ്ഞത്. കേരളം സുരക്ഷിത പ്രദേശമാണെന്നും, ഭരണ കര്‍ത്താക്കളും ജനങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കരുതലും, സുരക്ഷയും ഒരുക്കുന്നത് മനസിലാക്കുന്നു. ദൈവത്തിന്‍റെ സ്വന്തം നാടെന്ന മുദ്രാവാക്യത്തിന് പൂര്‍ണ്ണത ലോകം തിരിച്ചറിഞ്ഞത് ഈ കോവിഡ് കാലത്താണെന്ന് സുജീഷ് പറയുന്നു.

രാജീവ് ഗാന്ധി കാന്‍സര്‍ ആശുപത്രിയിലേയും, മറ്റ് ആശുപത്രിയിലേയും ആരോഗ്യ പ്രവര്‍ത്തകരുടെ കോവിഡ് പരിശോധന നടത്തിയത് അംബേദ്ക്കറിലാണ്. ഇവിടെ തന്നെ ജോലി ചെയ്യുന്നവര്‍ സംശയം തോന്നി പരിശോധന നടത്തിയിട്ടുണ്ട്. അങ്ങിനെ പോസിറ്റീവ് ഫലം വന്ന് ചികിത്സയില്‍ പോയി സ്വയം രക്ഷപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരും ഉണ്ട്. പാവങ്ങളായ ജനങ്ങള്‍ ഇപ്പോള്‍ ഈ മഹാമാരിയുടെ തീവ്രത മനസിലാക്കിയിരിക്കുന്നു. സംശയമുള്ളവര്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് രക്ഷയ്ക്കായി ഓടി എത്തുന്നു. മികച്ച ചികിത്സാ സൗകര്യങ്ങളാണ് ഡല്‍ഹി സര്‍ക്കാരിന്‍റെ അംബേദ്ക്കര്‍ ആശുപത്രിയില്‍ ഒരുക്കുന്നതെന്ന് നേഴ്സസ് യൂണിയന്‍ പ്രസിഡന്‍റുകൂടിയായ സുജീഷ് പറഞ്ഞു. കോവിഡ് പരിശോധനാ സൗകര്യം മാത്രമേ ഇപ്പോള്‍ ഇവിടെ നടപ്പിലാക്കിയിട്ടുള്ളൂ. ദിവസവും ശരാശരി 300 രോഗികളെ ഇവിടെ പരിശോധിക്കുന്നു. ശാരീരിക ബുദ്ധിമുട്ടുള്ളവരെ പ്രത്യേകമായി ഐസ്വലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റുന്നു. പോസിറ്റീവ് ഫലം വന്നാല്‍ രോഗിയെ ഡല്‍ഹിയിലെ എല്‍എന്‍ജെപി, ആര്‍എംഎല്‍ ആശുപത്രികളിലേയ്ക്ക് മാറ്റുന്ന രീതിയാണുള്ളത്.

അപകടങ്ങള്‍, മര്‍ദ്ദനങ്ങള്‍, തുടങ്ങിയ കാരണങ്ങളാല്‍ എമര്‍ജന്‍സിയില്‍ ആളുകള്‍ വരുന്നില്ല. മറ്റ് രോഗങ്ങളുമായി അംബേദ്ക്കര്‍ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം വലിയ നിലയില്‍ കുറവ് വന്നിട്ടുണ്ട്. അടിയന്തിര ചികിത്സയ്ക്കായി മാത്രമേ ജനങ്ങള്‍ ഇപ്പോള്‍ ആശുപത്രിയെ ആശ്രയിക്കുന്നുള്ളൂ. കോവിഡ് അല്ലാതെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട് മരണമടയുകയും, കോവിഡിന്‍റെ ലക്ഷണങ്ങളില്‍ എന്തെങ്കിലും മരണപ്പെട്ടവരില്‍ ഉണ്ടായിരുന്നെങ്കില്‍ കോവിഡ് പരിശോധന കഴിഞ്ഞ് മാത്രമേ ശവസംസ്ക്കാരത്തിന് ശരീരം വിട്ട് നല്‍കുകയുള്ളൂ. ഇത്തരത്തില്‍ കോവിഡ് ഫലം കാത്ത് ആറ് പേരുടെ ശരീരങ്ങള്‍ അംബേദ്ക്കര്‍ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.