ഞങ്ങള്‍ ആരോഗ്യ സൈനികര്‍...

ഞങ്ങള്‍ ആരോഗ്യ സൈനികര്‍...
സുധീര്‍നാഥ്

(

ഫോട്ടോ: റിന്‍സ് ജോസഫ്, ഭാര്യ എമി റിന്‍സ്, സഹോദരി റിയാമോള്‍, മൂത്ത സഹോദരി റിന്‍റോ മനോജ് )

കോട്ടയം മണിമലയില്‍ കെ ജെ ജോസഫ്, അന്നമ്മ ജോസഫ് ദമ്പതികളുടെ മൂന്ന് മക്കളും നേഴ്സിങ്ങ് പഠനം പൂര്‍ത്തിയാക്കി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നു. ഇവര്‍ ഇപ്പോള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. മൂത്ത മകള്‍ നേഴ്സായ റിന്‍റോ മനോജ് ലണ്ടനിലാണ്. രണ്ടാമന്‍ റിന്‍സ് ജോസഫ് യുണൈറ്റഡ് നേഴ്സസ് അസോസിയഷന്‍റെ ദേശിയ വര്‍ക്കിങ്ങ് ചെയര്‍മാനും, ഡല്‍ഹിയിലെ മാക്സ് ആശുപത്രിയിലെ നേഴ്സുമാണ്. റിന്‍സിന്‍റെ ഭാര്യ എമി റിന്‍സ് ബാംഗ്ലൂര്‍ അപ്പോളയില്‍ നേഴ്സാണ്. മൂന്നാമത്തെ മകള്‍ റിയാമോള്‍ ഓക്സ്ഫോഡ് റാഡിക്കിള്‍ ആശുപത്രിയില്‍ നേഴ്സാണ്.

ലോകത്തെ എല്ലാ ആരോഗ്യപ്രവര്‍ത്തകരും കൊറോണ വൈറസിനെതിരെ ശക്തമായ പ്രതിരോധ നിരതന്നെ തീര്‍ത്തിരിക്കയാണ്. പ്രതിരോധ നിരയില്‍ തന്‍റെ മക്കള്‍ എല്ലാവരുമുണ്ടെന്ന അഭിമാനമാണ് അന്നമ്മ ജോസഫിന്. അവരുടെ കുടുംബത്തില്‍ നിന്ന് തന്നെ ഒരു ഡസനിലേറെ പേര്‍ നേഴ്സിങ്ങ് രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കെ ജെ ജോസഫ് വളരെ മുന്‍പേ അന്തരിച്ചതാണ്. മൂന്ന് മക്കളും ആരോഗ്യ പ്രവര്‍ത്തന മേഖല ഏറ്റെടുത്തത് കണ്ട ശേഷമായിരുന്നു അദ്ദേഹം മരണപ്പെട്ടത്. ഈ കോവിഡ് കാലത്ത് നാട്ടില്‍ അമ്മ ഒറ്റയ്ക്കാണെന്ന വിഷമം എല്ലാവര്‍ക്കും ഉണ്ട്. പക്ഷെ കേരളം വളരെ സുരക്ഷയുള്ള സ്ഥലമാണെന്ന് അവര്‍ക്കറിയാം. കരുതലായി സര്‍ക്കാരും, ജനങ്ങളും ഉണ്ടെന്ന ആശ്വാസമാണ് മക്കള്‍ക്ക്.

ദൈവത്തിന്‍റെ സ്വന്തം നാടാണ് കേരളം എന്ന് അഭിമാനിക്കുന്ന നമ്മള്‍ മലയാളിക്ക് സമൂഹത്തോട് പല ഉത്തരവാധിത്ത്വങ്ങളും ഉണ്ടെന്ന് റിന്‍സ് ജോസഫ് ഓര്‍മ്മിപ്പിക്കുന്നു. രോഗികള്‍ക്ക് മുന്നില്‍ എപ്പോഴും ക്ഷമയോടെയും, പുഞ്ചിരിയോടെയും നില്‍ക്കാന്‍ സാധിക്കണം എന്നതാണ് ഏറ്റവും പ്രധാനം. രോഗികള്‍ എപ്പോഴും ശാരീരികമായി തളര്‍ന്നവരാകും. ഒരു പുഞ്ചിരി കൊണ്ട് ഒരുപക്ഷെ അവരുടെ മാനസിക തളര്‍ച്ച മാറ്റുവാന്‍ സാധിക്കും.

കോവിഡ് രോഗികളെ പരിശോധിക്കുന്ന നേഴ്സിങ്ങ് സ്റ്റാഫുകളുടെ പ്രശ്നങ്ങളില്‍ യുഎന്‍ഐ ഭാരവാഹി കൂടിയായ റിന്‍സ് എല്ലാ ദിവസവും ഇടപെടുന്നു. ആവശ്യമുള്ള അവസരങ്ങളില്‍ ആശുപത്രി മാനേജ്മെന്‍റുമായി നേഴ്സുമാര്‍ക്ക് വേണ്ടി സംസാരിക്കാന്‍ റിന്‍സ് സമയം കണ്ടെത്തുന്നു. യുഎന്‍ഐ ഡല്‍ഹി യൂണിറ്റിന്‍റെ പ്രസിഡന്‍റ് കൂടിയായ റിന്‍സ് ആരോഗ്യ പ്രവര്‍ത്തകരുടെ കരുതലിനായും, സുരക്ഷയ്ക്കായും അവര്‍ക്കായി പ്രവര്‍ത്തിക്കുന്നു. കോവിഡ് കാലത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതിയെ കൊണ്ട് പ്രഖ്യാപിക്കുന്നതില്‍ റിന്‍സ് വഹിച്ച പങ്ക് അഭിനന്ദനാര്‍ഹമാണ്. ആശുപത്രിയിലെ നേഴ്സിങ്ങ് ജോലി കഴിഞ്ഞുള്ള സമയമാണ് റിന്‍സ് ഇതിനായി കണ്ടെത്തുന്നത്.