ഭയപ്പാടല്ല; കരുതലും ജാഗ്രതയുമാണ് വേണ്ടത്: ഡോ എ സമ്പത്ത്

ഭയപ്പാടല്ല; കരുതലും ജാഗ്രതയുമാണ് വേണ്ടത്: ഡോ എ സമ്പത്ത്
സുധീര്‍നാഥ്

കൊറോണ വയറസ് ഭീതിജനകമായി പടര്‍ന്ന് പിടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളിലും. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ലക്ഷകണക്കിന് മലയാളികളാണുള്ളത്. കേരള സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായ ഡോക്ടര്‍ എ സമ്പത്ത് മെട്രോ വാര്‍ത്തയോട് കോവിഡിന്‍റെ പശ്ചാത്തലത്തില്‍ നടത്തിയ നടപടികള്‍ പങ്കുവെയ്ക്കുന്നു.

ചോദ്യം: കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എന്ന നിലയില്‍ പ്രവാസികളായ മലയാളികളോട് എന്താണ് പറയുവാനുള്ളത് ?
ഉത്തരം: കൊറോണ വയറസ് അഥവാ കോവിഡ് 19 എന്ന മഹാമാരിയുടെ ഭീഷണി എന്നത് നമ്മള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്. ഇത് ലോകമാകമാനം ഭയത്തിന്‍റെ നിഴലിലാഴ്ത്തിയിരിക്കയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് പറഞ്ഞത് നിങ്ങള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ സുരക്ഷിതരായി കഴിയണം എന്നാണ്. അത് തന്നെ ആവര്‍ത്തിക്കാനാണ് ഞാനും ആഗ്രഹിക്കുന്നത്. ഇവിടെ നമ്മള്‍ രാഷ്ട്രീയമല്ല കാണേണ്ടത്. ഭയപ്പാടല്ല കരുതലും ജാഗ്രതയുമാണ് വേണ്ടത്.

ചോദ്യം: അങ്ങനെ പറയുമ്പോഴും, ഇന്ത്യയ്ക്ക് അകത്തും, പുറത്ത് പല രാജ്യങ്ങളിലും മലയാളികള്‍ നാട്ടിലേയ്ക്ക് വരാന്‍ സഹായിക്കണമെന്ന് പറയുന്നുണ്ട്... എന്ത് ചെയ്യാന്‍ സാധിക്കും ?
ഉത്തരം: പല ഭാഗങ്ങളിലും കുടുങ്ങിയ മലയാളികളെ എല്ലാം തിരിച്ച് നാട്ടില്‍ കൊണ്ടുവരണം എന്നാണ് എന്‍റെ പക്ഷം. ഭാരത സര്‍ക്കാരും, കേരളത്തിലേയും സര്‍ക്കാരുകളും ആഗ്രഹിക്കുന്നതും അതാണ്. ഇവിടെ മലയാളി മാത്രമല്ല കോവിഡിന്‍റെ പിടിയില്‍. കോവിഡിന് മുന്‍പുള്ള ഇന്ത്യയും ലോകവുമല്ല ഇന്നത്തെ ഇന്ത്യയും ലോകവും. കേരളത്തിന് മാത്രമായി ഒരു തീരുമാനം എടുക്കുന്നത് ശരിയല്ല. ഭാരത സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അത് രാജ്യത്തിന്‍റെ രക്ഷയ്ക്കാണ്. പ്രധാനമന്ത്രി നാടിന്‍റെ നന്‍മയ്ക്കായി പറഞ്ഞത് ആവര്‍ത്തിക്കട്ടെ. ഇപ്പോള്‍ എവിടെയാണോ ഉള്ളത് അവിടെ സുരക്ഷിതമായി കഴിയുക. കോവിഡിന് മുന്‍പായിരുന്നങ്കില്‍ സ്വന്തം കാറോടിച്ചോ, വാടകയ്ക്ക് കാറെടുത്തോ റോഡ് ടാക്സ് അടച്ച് നമുക്ക് പോകേണ്ടിടത്ത് പോകാം. ഇന്നതല്ല സ്ഥിതി. തീവണ്ടി യാത്രയും, വ്യാമയാന യാത്രയും പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്. മുന്‍പുണ്ടായ സാഹചര്യങ്ങള്‍ മടങ്ങി വരുവാന്‍ കുറച്ച് സമയം എടുക്കും. കേരളം ജനുവരി മുതല്‍ മുന്‍കരുതല്‍ നടപടികള്‍ എടുത്തു. മാര്‍ച്ച് ആദ്യമായപ്പോഴേയ്ക്കും നടപടി കടുപ്പിച്ചു. മാര്‍ച്ച് 24ന് രാജ്യം മുഴുവന്‍ ലോക് ഡൗണിലായി. ലോകത്തിന്‍റെ പലഭാഗത്തും പെട്ടുപോയവരുടെ ബുദ്ധിമുട്ടുകള്‍ വ്യക്തമായി മനസിലാകുന്നുണ്ട്. അവരുടെ ബുദ്ധിമുട്ട് കുറയ്ക്കുവാന്‍ കേരള സര്‍ക്കാര്‍ നോര്‍യുടേയും, ലോക കേരള സഭയുടെ അംഗങ്ങളുടെ സഹായത്താല്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞു. പല രാജ്യങ്ങളിലായുള്ള മലയാളി കൂട്ടായ്മകള്‍ സഹായഹസ്തവുമായി മുന്നോട്ട് വന്നത് പലര്‍ക്കും ആശ്വാസമായിട്ടുണ്ട്. രാജ്യം കോവിഡിന്‍റെ ഭീഷണിയില്‍ നിന്ന് മുക്തമാകുന്ന മുറയ്ക്ക്, ഭരത സര്‍ക്കാരിന്‍റെ മാര്‍ഗ്ഗരേഖ പ്രകാരം മാത്രമേ എന്ത് നടപടിയും സ്വീകരിക്കാന്‍ സാധിക്കൂ. കേരളം പ്രവാസികളെ സ്വീകരിക്കാനും, ചികിത്സിക്കാനും സജ്ജരായി കഴിഞ്ഞത് മുഖ്യമന്ത്രി ഭാരത സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ആദ്യം ഇന്ത്യയ്ക്കകത്ത് പല പട്ടണങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. വിദേശത്തുള്ള ഇന്ത്യക്കാരെ കൊണ്ടു വരാന്‍ ഭാരത സര്‍ക്കാരും ആത്മാര്‍ത്ഥമായി തന്നെ ആഗ്രഹിക്കുന്നുണ്ടാകണം. ഇന്ത്യ ഒരു തീരുമാനം എടുക്കുന്നത് ലോകാരോഗ്യ സംഘടന പോലുള്ളവരുടെ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങള്‍ വെച്ചുകൊണ്ടാകും.

ചോദ്യം: വിദേശത്ത് നിന്ന് ഡല്‍ഹിയിലെത്തിയവരെ റോഡ് മാര്‍ഗം നാട്ടിലെത്തിക്കാന്‍ സൗകര്യം ചെയ്ത് കൊടുത്തത് പോലെ ഇന്ത്യയിലെ പല പട്ടണങ്ങളിലും കുടുങ്ങിയവരെ കേരളത്തിലെത്തിച്ചൂടെ ? പ്രതിപക്ഷ നേതാവ് ചൂണ്ടി കാണിച്ച പോലെ കേരള ഹൗസ് ഐസ്വലേഷന്‍ സംവിധാനത്തിന് വിട്ടു കൊടുത്തൂടേ ?
ഉത്തരം: ഭാരത സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കൊണ്ടു വരികയും, ആരോഗ്യ പ്രോട്ടോകോള്‍ പ്രകാരം നിരീക്ഷണത്തിലിരുത്തുകയും ചെയ്തവരെയാണ് നാട്ടിലേയ്ക്ക് റോഡ് മാര്‍ഗ്ഗം കൊണ്ടു വന്നത്. കേന്ദ്ര അഭ്യന്തിര വകുപ്പ് ഇങ്ങനെ ക്വാറന്‍റയിന്‍ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് സ്വന്തം നാട്ടില്‍ പോകാന്‍ സര്‍ട്ടിഫിക്കറ്റും, ട്രാന്‍സിറ്റ് പാസ് നല്‍കി. അവര്‍ക്ക് വേണ്ട സഹായങ്ങളും മറ്റും ചെയ്ത് കൊടുത്തത് മലയാളി സംഘടനകളുടെ സഹായത്തില്‍ കേരള സര്‍ക്കാരാണ്. ഇങ്ങനെയുള്ള ട്രാന്‍സിറ്റ് പാസ് എല്ലാവര്‍ക്കും ലഭിക്കില്ല. ഡല്‍ഹിയിലും, ബോംബയിലും മറ്റും മലയാളികള്‍ കുടുങ്ങി കിടക്കുന്ന വിവരം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പറഞ്ഞ നിര്‍ദ്ദേശം പ്രായോഗികമല്ല. ഭാരത സര്‍ക്കാരിന്‍റെ നിര്‍ദ്ദേശ പ്രകാരം മാര്‍ച്ച് 21ന് ഡല്‍ഹിയിലെ എല്ലാ ഭവനുകളും അടച്ചു. ഏപ്രില്‍ 20 മുതലാണ് കേന്ദ്ര മന്ത്രിമാരും, സെക്രട്ടറിമാരും, അത്യാവശ്യം വേണ്ട ജീവനക്കാരും മാത്രം ഓഫീസില്‍ എത്തി തുടങ്ങിയത്.

ചോദ്യം: ഡല്‍ഹിയിലും, മുംബയിലും കോവിഡ് രോഗം പടരുകയും, അവിടെ പ്രവര്‍ത്തിക്കുന്ന നൂറിലേറെ മലയാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെടുകയും ചെയതിട്ട് കേരള സര്‍ക്കാര്‍ അവര്‍ക്കായി എന്ത് നടപടി എടുത്തു ?
ഉത്തരം: ലോകത്തിന്‍റെ എല്ലാഭാഗത്തും മലയാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ ഈ കോവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട് എന്നറിയാം. അവരെ സഹായിക്കാന്‍ കേരള സര്‍ക്കാര്‍ പറ്റാവുന്ന എല്ലാ നടപടികളും എടുത്തിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പെട്ടാല്‍ അത് ഒട്ടും താമസം കൂടാതെ മുഖ്യമന്ത്രി നേരിട്ട് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തി നടപടി എടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. നോര്‍ക്കയും, ലോക കേരള സഭയും വഴി സമാന്തരമായി സഹായം എത്തിക്കാന്‍ ശ്രമിക്കാറുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പരാതികള്‍ക്ക് അതാത് സര്‍ക്കാരിന്‍റെ ശ്രദ്ധ കൊണ്ടു വരാന്‍ ഒട്ടും താമസിക്കാറില്ല. കേരളത്തിന്‍റെ മുഖ്യമന്ത്രി പല അവസരങ്ങളിലും മറ്റ് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിമാരെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഏറെ പിരിമുറുക്കം അനുഭവിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 35 സൈക്കോളജി കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തി ഡല്‍ഹിയിലെ കേരള ഹൗസില്‍ നിന്ന് ടെലിഫോണിലൂടെയും, വീഡിയോ കോളിലൂടെയും സംവദിക്കാനും മാനസിക പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുവാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.