കാര്‍ട്ടൂണിനെ വളര്‍ത്തിയ ഡോക്ടര്‍

കാര്‍ട്ടൂണിനെ വളര്‍ത്തിയ ഡോക്ടര്‍
സുധീര്‍ നാഥ്

മലയാള കാര്‍ട്ടൂണ്‍ ലോകത്തിന് ഒട്ടേറെ കാര്‍ട്ടൂണിസ്റ്റുകളേയും, ചിത്രകാരന്‍മാരേയും, മാധ്യമ പ്രവര്‍ത്തകരേയും സംഭാവന ചെയ്ത സ്ഥാപനമാണ് കേരളശബ്ദം ഗ്രൂപ്പ്. അതിന് നേത്യത്വം നല്‍കിയിരുന്ന ക്യഷ്ണസ്വാമി റെഡ്ഡ്യാറും മരുകനായ ഡോക്ടര്‍ ബി എ രാജാക്യഷ്ണനും നല്‍കിയ സംഭാവന വിലമതിക്കാന്‍ സാധിക്കാത്തതാണ്. പത്തിലേറെ പ്രസിദ്ധീകരങ്ങള്‍ വഴി അതിന് വേദി ഒരുക്കിയത് നിസാരമായി കാണാവുന്നതല്ല. ഒരു കലാകാരന്‍റെ ആവിഷ്ക്കാര സ്വാതന്ത്രത്തെ പ്രോത്സാഹിപ്പിക്കുക എന്നത് ഇവിടെ മാത്രം കാണാവുന്ന സവിശേഷതയായിരുന്നു. ക്യഷ്ണസ്വാമിയും, ഡോക്ടര്‍ രാജാക്യഷ്ണനും കാര്‍ട്ടൂണിസ്റ്റുകളേയും ചിത്രകാരന്‍മാരേയും അവരവരുടെ ശൈലിയില്‍ വളരുവാന്‍ അനുമതി നല്‍കിയിരുന്നു. കാര്‍ട്ടൂണിസ്റ്റുകളുടെ വേറിട്ട ശൈലികളെ പ്രോത്സാഹിപ്പിച്ച ഇരുവരും മലയാള കാര്‍ട്ടൂണ്‍ ലോകത്തിന് വ്യത്യസ്ഥതകള്‍ സമ്മാനിച്ചു. ക്യഷ്ണസ്വാമി റെഡ്ഡ്യാര്‍ക്ക് ശേഷം ഡോക്ടര്‍ രാജാക്യഷ്ണന്‍ എന്ന കാര്‍ട്ടൂണ്‍ സ്നേഹി അതേ പാത പിന്തുടര്‍ന്നു. കാര്‍ട്ടൂണിനും, ഹാസ്യ സാഹിത്യത്തിനും വേണ്ടി പാക്കനാരും, പിന്നീട് ഹാസ്യ കൈരളിയും അദ്ദേഹം പ്രസിദ്ധീകരിച്ചു. ഇതില്‍ നിന്ന് വരുമാനം ഉണ്ടാകില്ല എന്നറിഞ്ഞിട്ടും, മലയാളത്തിലെ വേറിട്ട ഹാസ്യമാസിക എന്ന തലയെടുപ്പോടെ ഇന്നും അത് പ്രസിദ്ധീകരിക്കുന്നു എന്നത് മഹത്വരമാണ്. അതുകൊണ്ട് തന്നെ കാര്‍ട്ടൂണിസ്റ്റുകളും, ഹാസ്യ സാഹിത്യകാരന്‍മാരും ഡോക്ടര്‍ എം ബി രാജാക്യഷ്ണനോട് കപ്പൈട്ടിരിക്കുന്നു. 

മലയാള ചിത്രകഥാ പ്രസ്ഥാനം വളത്തിയതില്‍ ക്യഷ്ണസ്വാമി റെഡ്ഡ്യാറും മരുകനായ ഡോക്ടര്‍ ബി എ രാജാക്യഷ്ണനും വലിയ സംഭാനയാണ് നല്‍കിയത്. കസ്തൂരി ചിത്രകഥ എന്ന പ്രസിദ്ധീകരണം തുടങ്ങുക വഴിയാണ് മലയാളത്തില്‍ ചിത്രകഥാ പ്രസ്ഥാനം വ്യാപകമായത്. മുംബയില്‍ ചിത്രകഥാ മേഖലയില്‍ പ്രവര്‍ത്തിച്ച് പ്രശസ്തനായ മലയാളിയായ ആര്‍ട്ടിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായ മോഹന്‍ദാസിനെ ആര്‍ട്ട് എഡിറ്ററായി കൊല്ലത്തേയ്ക്ക് കൊണ്ടു വന്നതാണ് അതിന് തുടക്കം. ചിത്രകാരനായ ഷാബി കരുവാറ്റയും അദ്ദേഹത്തോടൊപ്പം ചിത്രകഥാ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സ്യഷ്ടിച്ചു. ഇതിനൊക്കെ നേത്യത്വം കൊടുത്തത് ഡോക്ടര്‍ എം ബി രാജാക്യഷ്ണനായിരുന്നു എന്നത് വിസ്മരിക്കാവുന്ന ഒന്നല്ല.കസ്തൂരി ചിത്രകഥയ്ക്ക് ശേഷമാണ് മറ്റ് ഒട്ടേറെ ചിത്രകഥാ പ്രസിദ്ധീകരണങ്ങള്‍ മലയാളത്തില്‍ വ്യാപകമായത്. സമാനമാണ് കുട്ടികളുടെ പ്രസിദ്ധീകരണമായ മുത്തശ്ശിയും, യുവാക്കള്‍ക്കായുള്ള കലാലയം എന്ന മാസികയും. ഈ രണ്ട് പ്രസിദ്ധീകരണങ്ങള്‍ വഴി കാര്‍ട്ടൂണ്‍ രംഗത്ത ആദ്യചുവട് വെച്ചവര്‍ ഏറെയാണ്.

കൊല്ലം ജില്ലയിലെ പരവൂരില്‍ 1919 ഒക്ടോബര്‍ മാസം പി എസ് നീലകണ്‍ഠപിള്ളയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ വിദൂഷകന്‍ മാസികയില്‍ അദ്ദേഹത്തിന്‍റെ സഹോദരനും ചിത്രകാരനുമായ പി എസ് ഗോവിന്ദപിള്ളയാണ് മഹാക്ഷാമ ദേവത എന്ന പേരില്‍ മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ കാര്‍ട്ടൂണ്‍ വരയ്ക്കുന്നത്.  മലയാള കാര്‍ട്ടൂണ്‍ പിറവി കൊണ്ടിട്ട് നൂറ് വര്‍ഷം തികയുന്ന 2019 വലിയ ആഘോഷമാക്കാന്‍ കൊല്ലത്തെ തലമുതിര്‍ന്ന മാധ്യമ, സാംസ്കാരിക പ്രവര്‍ത്തകന്‍ ഡോക്ടര്‍ എം ബി രാജാക്യഷ്ണന്‍ സാറുമായി ചര്‍ച്ച നടത്തിയിരുന്നു. മലയാള കാര്‍ട്ടൂണിന്‍റെ 100 വര്‍ഷങ്ങള്‍ അടയാളപ്പെടുത്തുന്ന പരിപാടികള്‍ ഏങ്ങിനെയാവണമെന്ന് ഡോക്ടര്‍ പറഞ്ഞ് തന്നിരുന്നു. അതിന്‍റെ തയ്യാറെടുപ്പുകള്‍ക്കായി പലതവണ സംസാരിക്കുകയുണ്ടായി. മലയാള കാര്‍ട്ടൂണിന്‍റെ ചരിത്രം ഡിസി ബുക്സിന് വേണ്ടി എഴുതിയപ്പോള്‍ ഡോക്ടര്‍ പറഞ്ഞു തന്ന ചരിത്ര സംഭവങ്ങള്‍ പല താളുകളിലായി എഴുതി ചേര്‍ത്തത് നന്ദിയോടെ സ്മരിക്കുന്നു.

കാര്‍ട്ടൂണും, കാര്‍ട്ടൂണിസ്ുകളും ഡോക്ടര്‍ എം ബി രാജാക്യഷ്ണന്‍റെ പ്രിയപ്പെട്ടവരായിരുന്നു. സ്വതന്ത്ര രാഷ്ട്രീയ വാരിക എന്ന മുദ്രാവാക്യവുമായി ഇറങ്ങുന്ന കേരളശബ്ദം രാഷ്ട്രത്തെ സംബന്ധിക്കുന്ന എല്ലാ വിഷയവും സ്വതന്ത്രമായി ചര്‍ച്ച ചെയ്യ്തിരുന്നു. അതുപോലെ അവിടെ എഴുതുകയും വരയ്ക്കുകയും ചെയ്യുന്നവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചിരുന്നു. നിരീശ്വരവാദിയും, വിശ്വാസിയും, ഇടത്പക്ഷവും, വലതുപക്ഷവുമായവരെല്ലാം അവിടെ തടസങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നു. ഒരിക്കലും ഡോക്ടര്‍ എം ബി രാജാക്യഷ്ണന്‍ എന്ന മഹാമനസിന്‍റെ ഉടമ മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ക്കും,  ആദര്‍ശങ്ങള്‍ക്കും വലകല്‍പ്പിച്ചിരുന്നു എന്നത് ചെറിയ കാര്യമല്ല. തന്‍റെ വിശ്വാസം മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കാന്‍ അദ്ദേഹം ഒരിക്കലും മുതില്‍ന്നിരുന്നില്ല.

കൊല്ലത്തിന്‍റെ വികസനത്തിനായി എപ്പോഴും കൂടെ നിന്നിട്ടുള്ള വ്യക്തിയായിരുന്നു ഡോക്ടര്‍ എന്ന് വ്യക്തിപരമായി ഞാന്‍ ഓര്‍ക്കുന്നു. അതുപോലെ സ്വന്തം സമുദായ സംഘടനയോടും കൂറ് പുലര്‍ത്തിയിരുന്നു. ഡല്‍ഹിയില്‍ പലപ്പോഴും രാഷ്ട്രപതി മുതല്‍ ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ക്ക് വരെയുള്ള ഡോക്ടറുടെ കത്തുകളുമായി പോകാന്‍ സാധിച്ചിട്ടുണ്ട്. എല്ലാ കത്തുകളുടേയും ഉള്ളടക്കം പൊതുകാര്യങ്ങള്‍ ആയിരുന്നു. ഡോക്ടര്‍ എം ബി രാജാക്യഷ്ണന്‍റെ പ്രവര്‍ത്തികള്‍ എനിക്ക് ഒരു മാഗ്ഗദര്‍ശിയായിരുന്നു. അത് അങ്ങിനെ തന്നെ തുടരും...