പാര്‍ലമെന്‍റ് സ്ട്രീറ്റ് / 2020 മാര്‍ച്ച് 15

പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2020 മാര്‍ച്ച് 15

തീവണ്ടി ബര്‍ത്തിലെ ക്ഷേത്രം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 16ന് ഉത്ഘാടനം ചെയ്ത കാശിമഹാകല്‍ എക്സ്പ്രസില്‍ ക്ഷേത്രം. തീവണ്ടിയുടെ ഒരു ബര്‍ത്ത് ശിവക്ഷേത്രത്തിന് നീക്കിവെച്ച നടപടി വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഭരണഘടനയുടെ ആമുഖവും ട്രെയിനില്‍ സജ്ജീകരിച്ച ശിവക്ഷേത്രത്തിന്‍റെ ചിത്രമടക്കമുള്ള വാര്‍ത്തയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്തുകൊണ്ട് ഒവൈസി ട്വീറ്റ് ചെയ്തതോടെ സംഭവം വ്യാപകമായി ചര്‍ച്ചയായി. തീവണ്ടിയിലെ ബി5 കോച്ചിലെ സീറ്റ് വമ്പര്‍ 64 ആണ് റെയില്‍വെ അധികൃതര്‍ മിനി ശിവക്ഷേത്രമാക്കി മാറ്റിയത്. നോര്‍ത്തേണ്‍ റെയില്‍വേ വക്താവ് ദീപക് കുമാര്‍ പി.ടി.ഐ യോട് പറഞ്ഞത്. ഭഗവാന്‍ പരമശിവനു വേണ്ടി സ്ഥിരമായല്ല, ആദ്യ യാത്രയില്‍ അനുഗ്രഹത്തിന് വേണ്ടി മാത്രമാണ് ബി5 കോച്ചിലെ സീറ്റ് വമ്പര്‍ 64 ബുക്ക് ചെയ്തത് എന്നാണ് വിവാദമായപ്പോള്‍ റെയില്‍വേ വിശദ്ധീകരിച്ചത്. മൂന്ന് ജ്യോതിര്‍ലിംഗങ്ങള്‍റിയപ്പെടുന്ന വാരണസിയിലെ കാശി വിശ്വനാഥ്, ഇന്‍റോറിലെ ഓംകാരേശ്വര്‍, ഉജ്ജൈനിയിലെ മഹാകാലേശ്വര്‍ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന സ്വകാര്യ തീവണ്ടി സര്‍വ്വീസ് ഫെബ്രുവരി 20 മുതല്‍ക്കാണ് ജനങ്ങള്‍ക്കായി ഓടി തുടങ്ങിയത്.

സ്ഥലപ്പേരിലെ പുലിവാല്
കേരളത്തിലെ കാലിക്കറ്റ് കോഴിക്കോടായി, ട്രിവാണ്ട്രം തിരുവനന്തപുരമായി, കൊയ്ലോണ്‍ കൊല്ലമായി...  ഈ ജില്ലകളിലെ നഴ്സിംഗ് കോളേജില്‍ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയവര്‍ ഡല്‍ഹി നഴ്സിംഗ് കൗണ്‍സിലില്‍ രെജിസ്ട്രേഷന്‍ ചെയ്യാനെത്തിയപ്പോഴാണ് കോളേജില്‍ നിന്നും നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ സ്ഥലപ്പേര് കോഴിക്കോട് എന്നുള്ളതിനാല്‍, കോഴിക്കോടും കാലിക്കറ്റും, ട്രിവാണ്ട്രവും തിരുവനന്തപുരവും മറ്റും ഒന്നാണ് എന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലില്‍ നിന്നും വാങ്ങി വന്നാല്‍ മാത്രമേ ഡല്‍ഹി നേഴ്സിങ്ങ് കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളു എന്നാണ് അധികാരികള്‍ പറഞ്ഞത്. സ്ഥലങ്ങളുടെ പേര് മാറ്റം എല്ലാ ഇടങ്ങളിലും എത്താത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇന്ത്യന്‍ നേഴ്സിങ്ങ് കൗണ്‍സിലിനെ സമീപിച്ച ഉദ്യോഗര്‍ത്ഥികള്‍ക്ക് ലഭിച്ച മറുപടി അഞ്ഞൂറ് രൂപ പണമടച്ച് ഒരു മാസം കാത്തിരിക്കണമെന്നാണ്. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തി സ്വകാര്യ ആശുപത്രികളില്‍ ജോലിയ്ക്ക് അപേക്ഷിക്കുന്ന നഴ്സുമാര്‍ക്കാണ് ഇത്തരം ദുരവസ്ഥ അനുഭവിക്കേണ്ടി വരുന്നത്. വിഷയം ക്രദ്ധയില്‍പെട്ട നേഴ്സസ് അസോസിയഷന്‍റെ സമയോചിതമായ ഇടപെടലില്‍ പ്രശ്നം പരിഹരിക്കപ്പെട്ടന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയഷന്‍ (യുഎന്‍എ) പ്രസിഡന്‍റ് റിന്‍സ് ജോസഫും, ജനറല്‍ സെക്രട്ടറി ജോള്‍ഡിന്‍ ഫ്രാന്‍സിസും പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന് സംസ്ഥാന കൗണ്‍സിലിന്‍മേല്‍ യാതൊരു അധികാരവും ഇല്ല എന്നുള്ള സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് ഡല്‍ഹി നഴ്സിംഗ് കൗണ്‍സില്‍ അധികൃതര്‍ നടത്താന്‍ ശ്രമിച്ചത്. ഒരു അവിഹിത ബന്ധം ഇവര്‍തമ്മില്‍ ഉണ്ടെന്ന സംശയവും ഇല്ലാതില്ല.

ഡല്‍ഹി പോലീസും എഫ്ഐആറും...
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വ്യാപകമായി പിടിച്ചുപറിയും, മോഷണവും നടക്കുന്നത് നിത്യ സംഭവമാണ്. അതില്‍ വലിയൊരു ശതമാനവും പോലീസില്‍ പരാതി പറയാതെ ജീവനം കൊണ്ട് ഓടുന്നവരാണ്. ജീവന്‍ തിരിച്ച് കിട്ടിയല്ലോ എന്ന് ആശ്വസിക്കുന്നവരുടെ എണ്ണം കൂടുതലാണെന്ന് ചുരുക്കം. ഡല്‍ഹിയില്‍ 2019 ജനുവരി 1 മുതല്‍ 2019 ഡിസംബര്‍ 15 വരെ ഡല്‍ഹി പോലീസില്‍ പിടിച്ച്പറി നടന്നതിന്‍റെ പേരില്‍ നൂറാം നമ്പറിലേയ്ക്ക് 55,556 കോളുകള്‍ വന്നു. പക്ഷെ ഈ കാലയളവില്‍ 5898 എഫ്ഐആര്‍ മാത്രമേ റക്കോഡ് ചെയ്തുള്ളൂ. പിടിച്ച്പറിക്കിടെ കൊല ചെയ്യപ്പെടുന്ന കേസുകളിലാണ് മിക്കവാറും എഫ്ഐആര്‍ രേഖപ്പെടുത്തുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹിയിലെ സുരക്ഷാ ചുമതലയുള്ള പോലീസിന് ഇത്തരം എഫ്ഐആര്‍ വലിയ രീതിയില്‍ ചീത്തപേരുണ്ടാക്കും എന്നതാണ് റെക്കോഡില്‍ ചേര്‍ക്കാന്‍ മടിക്കുന്നതിന്‍റെ കാരണം. ഇതില്‍ നിന്ന് ഡല്‍ഹി പോലീസിന്‍റെ സേവനം വ്യക്തമാകുമായിരിക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ അഭ്യന്തിര വകുപ്പിന് കീഴിലാണ് ഡല്‍ഹി പോലീസ് പ്രവര്‍ത്തിക്കുന്നത്. റെയില്‍വേ സ്റ്റേഷനിലും, ബസ്സിലും നടന്നിരുന്ന ഇത്തരം കുറ്റക്യത്ത്യങ്ങള്‍ ഡല്‍ഹിയിലെ ജനവാസ കോളനികളില്‍ ഇപ്പോള്‍ വ്യാപകമാണ്.

മികച്ച സ്പീക്കറും എംഎല്‍എയും...
എം.ഐ.ടി. സ്കൂള്‍ ഓഫ് ഗവണ്മെന്‍റ്, പുണെയുടെ ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ് കേരള നിയമസഭാ സ്പീക്കര്‍, പി. ശ്രീരാമകൃഷ്ണനും, യുവ നിയമസഭാ സാമാജികനുള്ള പുരസ്കാരം കേരള നിയമസഭാ അംഗം കെ. എസ്. ശബരീനാഥും ഡല്‍ഹിയില്‍ സ്വീകരിച്ചു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലെ ചടങ്ങിലാണ് ഇരുവരും അവാര്‍ഡ് സ്വീകരിച്ചത്. യുവത്വം സജീവമായി രാഷ്ട്രീയ പ്രക്രിയയെ സര്‍ക്ഷാത്മകമാക്കുന്നതില്‍ ഇടപെടണമെന്നും രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്ക്കുകയല്ല മറിച്ച് അതില്‍ ഇഴുകിച്ചേര്‍ന്ന് ചുമതലകള്‍ എടുക്കുകയാണ് യുവജനത ചെയ്യേണ്ടതെന്നും കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അവാര്‍ഡ് ഏറ്റ് വാങ്ങി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കടമ ഭരണഘടന സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുക എന്നതാണ്.  വളര്‍ച്ചയും പൗരസമൂഹവും സ്റ്റേറ്റും തമ്മിലുള്ള ദൃഢബന്ധത്തിന് ഉദാഹരണമാണ് കേരള നിയമസഭ. ഒരു നിയമസഭയില്‍ അംഗത്തിന് മാത്രമാണ് ബില്ലുകളില്‍ ഭേദഗതി കൊണ്ടുവരാന്‍ സാധിക്കുന്നത്. എന്നാല്‍ കേരള നിയമസഭയില്‍ ഏതു സാധാരണക്കാരനും ബില്ലില്‍ ഭേദഗതി സമര്‍പ്പിക്കാന്‍ കഴിയും. ഇത്തരമൊരു രൂപാന്തരം നമ്മുടെ ജീവിതത്തില്‍ നിരന്തരം സംഭവിക്കുന്ന പ്രക്രിയയും ഫോക്കസുമായിരിക്കണം. ജനാധിപത്യമെന്നത് പുനക്രമീകരിക്കപ്പെടുന്നതും നവീകരിക്കപ്പെടുന്നതുമായ പ്രക്രിയയാകണം. ജനാധിപത്യം നവീകരിക്കപ്പെടണമെങ്കില്‍ ജനങ്ങള്‍ക്കും രാഷ്ട്രീയമായി ഇടപെടാനും അഭിപ്രായം പറയാനും അവസരവും സ്വാതന്ത്ര്യവും ഉണ്ടായിരിക്കണം. ജനാധിപത്യത്തിന്‍റെ പുതുക്കിപ്പണിയലും വളര്‍ച്ചയുമാണ് വിമോചനത്തിന്‍റെ അടിസ്ഥാനമെന്ന് സ്പീക്കര്‍ പറഞ്ഞു. ഡല്‍ഹിയിലെ മലയാളി സമൂഹം ജനസാംസ്ക്യതിയുടെ നേത്യത്ത്വത്തില്‍ ഇരുവരേയും കേരള ഹൗസില്‍ നടന്ന ചടങ്ങില്‍ അനുമോദിച്ചു. ഡല്‍ഹി മലയാളി അസോസിയഷന്‍ (ഡിഎംഎ), ഓള്‍ ഇന്ത്യ മലയാളി അസ്സോസിയേഷന്‍ (അയ്മ), കേരള ക്ലബ്, മലയാളം മിഷന്‍, തുടങ്ങി ഒട്ടേറെ മലയാളി സംഘടനകള്‍ സ്വീകരണ ചടങ്ങില്‍ മുഖ്യ പങ്കാളികളായി. പ്രൊഫ. സച്ചിദാനന്ദന്‍, പ്രൊഫ. ഓംചേരി എന്‍ എന്‍ പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ ഇരുവരേയും അനുമോദിച്ച് സംസാരിച്ചു. രാജ്യതലസ്ഥാനത്തെ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. പതിവില്‍ നിന്ന് വിപരീതമായി ഇരുവര്‍ക്കും പുസ്തകങ്ങള്‍ സമ്മാനിച്ചാണ് എല്ലാ സംഘടനകളും ചടങ്ങില്‍ അനുമോദനം രേഖപ്പെടുത്തിയത്. 

ഇന്ത്യയെ വെജിറ്റേറിയന്‍ രാജ്യമാക്കാന്‍ നോക്കുന്നു

ഇന്ത്യയെ ഹിന്ദു രാഷ്ട്രം മാത്രമല്ല, സസ്യാഹാര രാജ്യമാക്കാനുള്ള തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്‍റിലെ ഭക്ഷണത്തില്‍ സസ്യാഹാരം മാത്രം കൊണ്ടു വന്നത് സസ്യാഹാരം മാത്രം നല്‍കുന്ന കാറ്ററിങ്ങ് ഗ്രൂപ്പിന് കോണ്‍ട്രാക്റ്റ് നല്‍കി കൊണ്ടാണ്. പാര്‍ലമെന്‍റ് അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുര്‍െന്ന് തീരുമാനം മരവിപ്പിച്ചു. വലിയ സബ്സിഡിയാണ് പാര്‍ലമെന്‍റ് ഹൗസിലെ കാന്‍റിനുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്. 2010 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 60.7 കോടി രൂപയാണ് സബ്സിഡി ഇനത്തില്‍ കാന്‍റിനുകള്‍ക്ക് നല്‍കിയത്. ഇപ്പോള്‍ സസ്യാഹാരങ്ങള്‍ക്ക് വലിയ വിലകുറവും, മാംസാഹാരത്തിന് വലിയ വിലയുമാണ് പാര്‍ലമെന്‍റ് കാന്‍റിനില്‍. തീവണ്ടി യാത്രയില്‍ സസ്യാഹാരം മാത്രമാക്കാനുള്ള തീരുമാനമായിരുന്നു പിന്നീട്. കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളിലെ കാന്‍റിനുകളില്‍ നിന്ന് വട, പഴംപൊരി, പുട്ട്, അപ്പം തുടങ്ങിയ പ്രാദേശിക വിഭവങ്ങള്‍ നീക്കം ചെയ്തിരുന്നു. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. ദേശിയ മ്യൂസിയത്തില്‍ ഇന്‍റസ് വാലി സംസ്ക്കാരം പരിചയപ്പെടുത്തുന്ന ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന മേള ഫെബ്രുവരി മൂന്നാം വാരം നടന്നു. ഹാരപ്പന്‍ ഭക്ഷണ രീതി മുതല്‍ മറ്റ് ഇന്‍റസ് ഭക്ഷണ ശാലകളില്‍ നിന്ന് മാസാഹാരം പൂര്‍ണ്ണമായും നീക്കം ചെയ്തു. മ്യൂസിയം ആദ്യം പ്രസിദ്ധീകരിച്ച പരിപാടിയില്‍ മാംസാഹാരത്തിന്‍റെ ലിസ്റ്റും ഉണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലെ കാന്‍റിനുകളില്‍ നിന്ന് മാംസാഹാരം നീക്കം ചെയ്യാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാരിപ്പോള്‍.

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കേട്ടത്
ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഒട്ടേറെ തമാശകള്‍ വ്യാപകമായി പ്രചരിച്ചു. അതില്‍ രസകരമായ ചിലത് പങ്കുവെയ്ക്കുന്നു. മ്യഗീയമായി ഡല്‍ഹി തിരഞ്ഞെടുപ്പില്‍ തോറ്റ ബിജെപി അണികളോട് അമിത്ത് ഷാ കോപത്തോടെ ചോദിച്ചു.
അമിത്ത്ഷാ: നിങ്ങള്‍ സത്യം പറയണം, ആര്‍ക്കാ വോട്ട് ചെയ്തത്...?
അണികള്‍: ആപ്പ് കോ... (ആപ്പിന് രണ്ടര്‍ത്ഥമുണ്ട്. താങ്കള്‍ എന്നും, ആംആദ്മി പാര്‍ട്ടി എന്നും)

രാജ്യദ്രോഹികളെ തോല്‍പ്പിക്കണമെന്ന് ബിജെപി നേതാക്കള്‍ ഇലക്ഷന്‍ പ്രചരണത്തില്‍ പ്രസംഗിച്ച് നടന്നു. ജനങ്ങള്‍ അത് നടപ്പിലാക്കി.

ജയിച്ചത് ആംആദ്മിയായി. അവിടെ കോണ്‍ഗ്രസ്സായിരുന്നെങ്കില്‍ ബിജെപി സര്‍ക്കാരുണ്ടാക്കിയേനേ...

ഡല്‍ഹിയില്‍ ത്രികോണ മത്സര ഫലം വന്നപ്പോള്‍ എല്ലാവരും സന്തഷ്ടര്‍.
ആംആദ്മി വലിയ വിജയം നേടിയതു വഴി അവര്‍ സന്തുഷ്ടരായി.
കോണ്‍ഗ്രസ്സിന് ഒരു സീറ്റും കിട്ടാത്തതില്‍ ബിജെപി സന്തുഷ്ടരായി.
ബിജെപി അധികാരത്തില്‍ വരാത്തതില്‍ കോണ്‍ഗ്രസ്സും സന്തുഷ്ടരായി.