തലസ്ഥാന യുദ്ധം കഴിഞ്ഞു...

തലസ്ഥാന യുദ്ധം കഴിഞ്ഞു...
2020 ഫെബ്രുവരി 07
സുധീര്‍ നാഥ്

ഡല്‍ഹി പോളിങ്ങ് ബൂത്തിലേയ്ക്ക് പോയി പുതിയ ഭരണത്തെ തിരഞ്ഞെടുത്ത് കഴിഞ്ഞു. മുഖ്യമായും കോണ്‍ഗ്രസ്സും, ബിജെപിയും, ഭരണപക്ഷത്തുള്ള ആംആദ്മി പാര്‍ട്ടിയുമാണ് മത്സര രംഗത്തുള്ളത്. ഡല്‍ഹിയില്‍ ത്രികോണ മത്സരമാണെന്ന് പറയുന്നുണ്ടെങ്കിലും അങ്ങിനെയല്ല സ്ഥിതി ഗതികള്‍. കോണ്‍ഗ്രസ്സ് പ്രചരണ രംഗത്ത് ഉണ്ടെന്നത് മാത്രമേയുള്ളൂ. റോഡ് ഷോയും, പൊതുയോഗങ്ങളും ബിജെപിയും, ആംആദ്മി പാര്‍ട്ടിയും മാത്രമാണ് കാര്യമായി നടത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലും ഇവര്‍ തന്നെയാണ് മുന്നിട്ട പ്രവര്‍ത്തനം കാഴ്ച്ച വെച്ചത്. അതില്‍ ആംആദ്മി പാര്‍ട്ടി ഏറെ മുന്നിലാണ്. ഡല്‍ഹിയില്‍ ത്രികോണ മത്സരമാണെന്ന് പറയുന്നത് ശരിയല്ല. മത്സരം ആംആദ്മി പാര്‍ട്ടിയും, ബിജെപിയും തമ്മില്‍ മാത്രമാണ്. ബിഎസ്പിയും, എസ്പിയും മുന്‍ തിരഞ്ഞെടുപ്പില്‍ പ്രചരണ രംഗത്ത് സജീവമായിരുന്നു. പക്ഷെ ഇത്തവണ അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്ന് മാത്രം.

ഡല്‍ഹിയിലെ തിരഞ്ഞെടുപ്പിന് മുന്‍പേ പ്രവചനങ്ങള്‍ പലരും പുറത്ത് വിടുകയുണ്ടായി. എല്ലാവരും പക്ഷെ ഒരേ സ്വരത്തില്‍ പറയുന്നത് അരവിന്ദ് കേജരിവാളിന്‍റെ നേത്യത്ത്വത്തില്‍ ആംആദ്മി സര്‍ക്കാര്‍ രൂപീകരിക്കും എന്നാണ്. അമിത്ത ഷാ പ്രഖ്യാപിച്ചിരിക്കുന്നത് തിരഞ്ഞെടുപ്പ് ഫലം ഞെട്ടലുളവാക്കുന്നതായിരിക്കും എന്നാണ്. കോണ്‍ഗ്രസ്സിന്‍റെ അവകാശവാദം ഹരിയാന ഡല്‍ഹിയിലും ആവര്‍ത്തിക്കും എന്നാണ്. കോണ്‍ഗ്രസ്സിന് വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് അവര്‍ അവകാശപെടുന്നത്. മൂന്ന് സീറ്റ് മാത്രമായിരുന്നു ഹരിയാനയില്‍ മാധ്യമങ്ങള്‍ നടത്തിയ സര്‍വേ പ്രകാരം പ്രവചിച്ചത്. 31 സീറ്റുകള്‍ കോണ്‍ഗ്രസ്സിന് ഹരിയാനയില്‍ നേടാനായി.

തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടേയും, പൊതുയോഗങ്ങളുടേയും രീതി തന്നെ എല്ലാ പാര്‍ട്ടികളും മാറ്റിയിരിക്കുന്നു എന്ന് വേണം കരുതാന്‍. നേതാവിന്‍റെ പേരും, സ്ഥാനാര്‍ത്ഥിയുടെ പേരും, പാര്‍ട്ടിയുടെ പേരും, പിന്നാലെ സിന്ദാബാദ് വിളിച്ചും പ്രകടനം നടത്തുന്നത് നമ്മള്‍ പണ്ട് കണ്ടതാണ്. ഇപ്പോള്‍ മുദ്രാവാക്യം വിളി റെക്കോഡ് ചെയ്ത് തെരുവിലൂടെ ഉച്ചഭാഷിണിയില്‍ ജനങ്ങളെ കേള്‍പ്പിക്കുന്നു. പൊതുയോഗങ്ങളില്‍ പ്രാസംഗികന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു. അതിന് ഉത്തരം നല്‍കുന്നത് സദസ്യരാണ്. അണികള്‍ ഉത്തരങ്ങള്‍ പറയാന്‍ തയ്യാറായിരിക്കുന്നു. ബിജെപി പൊതുയോഗങ്ങളില്‍ ഉയര്‍

സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് 2020ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പ്രധാന പ്രചരണം നടന്നത് എന്ന് പറയാതെ വയ്യ. യുവാക്കളാണ് ഡല്‍ഹിയുടെ എന്നല്ല രാജ്യത്തിന്‍റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്നത്. അവരുമായി സംവദിക്കുക എത്തത് സാമൂഹ്യ മാധ്യമം വഴിയാണ് എന്നതിന് ആര്‍ക്കും സംശയമില്ല. ചെറിയ വീഡിയോകള്‍ വ്യാപകമായി ഇത്തവണ പ്രചരണത്തിന് എല്ലാ രാഷ്ട്രീകക്ഷികളും ഉപയോഗിച്ചിട്ടുണ്ട്.

താനൊരു ഹിന്ദുവാണെന്ന് ഡല്‍ഹി ജനങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറയാതെ പറഞ്ഞ് വിജയിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഹിന്ദു വോട്ടുകളില്‍ കണ്ണുനട്ടുള്ള കേജരിവാളിന്‍റെ നീക്കം വളരെ വൈകി മാത്രമേ ബിജെപി തിരിച്ചറിഞ്ഞുള്ളൂ. പരസ്യമായി ഹനുമാന്‍ ചാലീസ ചൊല്ലിയ കേജരിവാള്‍, അമ്മയുടെ കാല്‍ തൊട്ട് വന്ദിച്ചും, പ്രമുഖ ക്ഷേത്രങ്ങളില്‍ പോയും തന്‍റെ ഭാഗം വ്യക്തമാക്കി. വോട്ട് ചെയ്യാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത് മാതാപിതാക്കളുടെ കാല്‍ തൊട്ട് വന്ദിച്ചാണ്. വോട്ടിങ്ങ് ദിവസം രാവിലെ മുതല്‍ ഇതിന്‍റെ ദ്യശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ഡല്‍ഹിയിലെ ഹിന്ദു വോട്ടുകളും, 80 വയസിന് മുകളിലുള്ള 2,04,830 വോട്ടുകളും സ്വന്തം പക്ഷത്തേയ്ക്ക് കൊണ്ടു വരാന്‍ കേജരിവാളിന് ഇത് വഴി കഴിഞ്ഞു എന്ന് വേണം വിലയിരുത്താന്‍.

ചൗകീദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് അഴിച്ചു വിട്ടത് രാഹുല്‍ ഗാന്ധി ആയിരുന്നു. മോദിക്കെതിരെയുള്ള വ്യക്തിപരമായ ആക്ഷേപം പ്രതിപക്ഷത്തിന് തിരിച്ചടിയായെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. അരവിന്ദ് കേജരിവാള്‍ കള്ളനാണെന്ന് ഇപ്പോള്‍ അമീത്ത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ പൊതുയോഗങ്ങളില്‍ പറയുന്ന കാഴ്ച്ചയാണ് ഡല്‍ഹിയില്‍ കാണുന്നത്. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് കാലത്ത് മോദിക്കെതിരെ നടന്നതിന് സമാനമായ വ്യക്തിഹത്യയാണ് ഇപ്പോള്‍ അരവിന്ദ് കേജരിവാളിനെതിരെ ഉയരുന്നത്. കോണ്‍ഗ്രസ്സാകട്ടെ ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും കള്ളങ്ങള്‍ മാത്രമേ പറയുന്നുള്ളൂ എന്നാണ് ആക്ഷേപിക്കുന്നത്. ബിജെപി നുണകളുടെ ഫാക്റ്ററിയാണെന്നാണ് മുഖ്യമന്ത്രി കേജരിവാളിന്‍റെ പക്ഷം.

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഡല്‍ഹിക്ക് ആംആദ്മി സര്‍ക്കാര്‍ കൊണ്ടു വന്ന വികസനമാണ് പ്രചരണത്തിനായി അവര്‍ ഉപയോഗിക്കുന്നത്. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്ക്കൂളുകളുടെ വികസനവും, വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തിയതും, ആരോഗ്യ രംഗത്തെ വികസനവും ആംആദ്മി മുഖ്യ പ്രചരണമാക്കുന്നു. സൗജന്യ ചികിത്സയും, മരുന്നും, സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രയും, വൈദ്യുതിയും, വെള്ളവും സൗജന്യം നല്‍കിയതും കേജരിവാളിനെ ജനപ്രീയമാക്കി എന്നതില്‍ സംശയമില്ല. ബിജെപിയാകട്ടെ നരേന്ദ്ര മോദിയുടെ സര്‍ക്കാരിന്‍റെ വികസനമാണ് പ്രചരണത്തിന് ഉപയോഗിക്കുന്നത്. 15 വര്‍ഷം ഡല്‍ഹി ഭരിച്ച ഷീലാ ദീക്ഷിദിന്‍റെ വികസനമാണ് കോണ്‍ഗ്രസ്സ് ജനങ്ങള്‍ക്ക് മുന്നില്‍ വിചാരണയ്ക്ക് വെയ്ക്കുന്നത്.

ഇത്തവണ ആംആദ്മിക്ക് വേണ്ടി മുഖ്യമായും പ്രചരണത്തിന് നേത്യത്ത്വം കൊടുത്തത് അരവിന്ദ് കേജരിവാളായിരുന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയും, ആരുഷിയും സ്വന്തം മണ്ഡലങ്ങള്‍ വിട്ട് കേജരിവാളിനൊപ്പം പ്രചരണത്തിന്‍റെ ഭാഗമായി. ബിജെപിക്ക് വേണ്ടി ഇത്തവണ പ്രചരണത്തിന് നേത്യത്ത്വം കൊടുത്തത് അമിത്ത് ഷാ ആയിരുന്നു. 11 റോഡ് ഷോയും 39 പൊതുയോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് പൊതുയോഗങ്ങളില്‍ മാത്രമേ പങ്കെടുത്തുള്ളൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് പൊതുയോഗങ്ങളിലാണ് മോദി പങ്കെടുത്തിരുന്നത്. കേണ്‍ഗ്രസ്സ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാല് പൊതുയോഗങ്ങളില്‍ പങ്കെടുത്തു.

പൗരത്ത്വ ബില്ലിനെതിരെ ഡല്‍ഹിയില്‍ വ്യാപകമായി നടക്കുന്ന സമരവും, അവിടെ നടന്ന വെടിവെയ്പ്പും ബിജെപിക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഗോളി മാറോ... (വെടി വെയ്ക്കൂ...) എന്ന ബിജെപി അണികളുടെ മുദ്രാവാക്യങ്ങള്‍ പ്രചരണത്തിന്‍റെ ഇടയില്‍ ഉയര്‍ത്തിയിരുന്നു. അത് തിരിച്ചടിയായെന്ന് തോന്നിയപ്പോള്‍ നിര്‍ത്തിയത് എണ്ണയിട്ട യന്ത്രം പോലെ യായിരുന്നു. ഷാഹിന്‍ബാഗ് സമരത്തെ കുറിച്ച് ആംആദ്മി പാര്‍ട്ടി വ്യക്തമായ നിലപാട് എടുക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഡല്‍ഹിയിലേയ്ക്കുള്ള വഴി തടഞ്ഞുള്ള സമരം രണ്ട് മാസം പൂര്‍ത്തിയാകാന്‍ പോകുന്നു. ജനങ്ങള്‍ക്ക് കഴിഞ്ഞ രണ്ട് മാസം നേരിട്ട ബുദ്ധിമുട്ടുകള്‍ ചെറുതല്ല. സമരം നീണ്ടു പോകുന്നത് ജനവികാരം പ്രതികൂലമാക്കും എന്ന് എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇലക്ഷന് ശേഷം ഒരു നടപടി തീര്‍ച്ചയായും ഉണ്ടാകും.

ഡല്‍ഹി നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് വിപാറ്റ് ഇലക്ട്രോണിക്ക് മെഷ്യനിലൂടെയാണ് നടക്കുക. 70 മണ്ഡലങ്ങളിലെ 13,750 പോളിങ്ങ് ബൂത്തുകളിലായി 672 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 1,47,86,382 വോട്ടര്‍മാരാണ് ആകെ ഉള്ളത്. ഇതില്‍ 2, 32,815 കന്നി വോട്ടര്‍മാരാണ്. ഇവരുടെ നിലപാട് ഇത്തവണ നിര്‍ണ്ണായകവുമാണ്. 869 ട്രാന്‍സ്ജെന്‍റര്‍ വോട്ടര്‍മാര്‍ ഇത്തവണ ഡല്‍ഹിയില്‍ വിധി നിര്‍ണ്ണയത്തിനുണ്ട്.  75,000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ച് കഴിഞ്ഞു. 40,000 ഡല്‍ഹി പോലീസും, 15,000 പാരാമിലിറ്ററി അംഗങ്ങളും സുരക്ഷാ ചുമതലയില്‍ ഉള്‍പെടും. ജനുവരി 6ന് തിരഞ്ഞെടുപ്പ് പെരുമാറ്റട്ടം നിലവില്‍ വന്നതി് ശേഷം 97,000 ലിറ്റര്‍ വ്യാജ മദ്യവും, 774 കിലോ മയക്ക് മരുന്നും ഡല്‍ഹിയില്‍ പിടിച്ചെടുത്തു. 494 തോക്കുകളാണ് ഈ കാലയളവില്‍ ഡല്‍ഹിയില്‍ നിന്ന് പിടിച്ചെടുത്തത്.

വികസനത്തിന്‍റെ കണക്കുകള്‍ നിരത്തി, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ കൊണ്ട് ആംആദ്മി പാര്‍ട്ടിക്ക് ഭരണ തുടര്‍ച്ച ഉണ്ടാകുമോ...? കേന്ദ്ര സര്‍ക്കാരിന്‍റെ ഭരണ മികവ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിഞ്ഞോ...? വോട്ടര്‍മാരില്‍ ദ്രുവീകരംം ഉണ്ടാക്കി, പഴയ നേട്ടങ്ങള്‍ നിരത്തി കോണ്‍ഗ്രസ്സിന് വേട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞോ...? എല്ലാം വോട്ടെണ്ണുന്ന ഫെബ്രുവരി 11ന് അറിയാം...