ട്രംപിൻ്റ വരവും, ജനങ്ങളുടെ സംസാരവും

ട്രംപിൻ്റ വരവും, ജനങ്ങളുടെ സംസാരവും
2020 ഫെബ്രുവരി 21
സുധീര്‍ നാഥ്

മീശ മാധവൻ എന്ന ഹിറ്റ് സിനിമയിൽ വെടിവഴിപാട് നടത്തുന്ന സീനുണ്ട്. രഹസ്യമായി വെടിവഴിപാടിനായി ജഗതിയുടെ കഥാപാത്രത്തിൻ്റെ വരവും, ശേഷം ഭാഗവും ചിരി പടർത്തും. ഏതാണ്ട് സമാനമായ സ്ഥിതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്നിരിക്കുന്നത്. രാജ്യത്തെ ദാരിദ്രം മറയ്ക്കാൻ മതിൽ പണിതതാന്ന് പ്രശ്നമായത്. ലോകം മുഴുവൻ സംഭവം അറിഞ്ഞു. അന്തർ ദേശിയ മാധ്യമങ്ങൾ വരെ അത് വാർത്തയാക്കി എന്നതാണ് സത്യം. മതിൽ കെട്ടിയ വിവരവും ഇന്ത്യയിലെ ജുഗ്ഗികളെ കുറിച്ചും വലിയ റിപ്പോർട്ടുകൾ ലോക മാധ്യമങ്ങളിൽ വന്നു. ട്രംപ് മാത്രമല്ല, ലോക നേതാക്കളൊക്കെ ഇതറിയുകയും ചെയ്തിരിക്കണം.

കഴിഞ്ഞ 73 വർഷത്തിൽ അമേരിക്കയുടെ 7 പ്രസിഡൻ്റ് ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. 1959ൽ നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോൾ,  ഡിസംബർ 9 മുതൽ 14 വരെ ഡൗയ്റ്റ് ഡി ഐസെൻ ഹൗവ്വർ ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1969 ജൂലൈ 31, ആഗസ്റ്റ് 1 എന്നീ തിയതികളിൽ അന്നത്തെ അമേരിക്കൻ പ്രസിഡൻ്റ് റിച്ചാർഡ് നിക്സൺ ഇന്ത്യയിലെത്തി.

മൊറാർജി ദേശായുടെ കാലത്ത് 1978 ജനുവരി ഒന്ന് മുതൽ മൂന്ന് വരെ ജിമ്മി കാർട്ടറും, 2000 ത്തിൽ മാർച്ച് 19 മുതൽ 25 വരെ ബിൽ ക്ലിൻ്റണും ഇന്ത്യയിലെത്തി. ഡോ.മൻമോഹൻ സിംഗ് പ്രധാന മന്ത്രിയായിരുന്ന 2006 ൽ ജോർജ് ബുഷും, 2010 ൽ ബാരക്ക് ഒബാമയും ഇന്ത്യ സന്ദർശിച്ചിരുന്നു. 2015ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി ആയപ്പോൾ വീണ്ടും ഒബാമ ഇന്ത്യയിൽ സന്ദർശനം നടത്തിയിട്ടുണ്ട്.

2020 ഫെബ്രുവരി 24 ന് അഹമ്മദാബാദിൽ എത്തുന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും സംഘവും 36 മണിക്കൂർ മാത്രമേ ഇന്ത്യയിൽ ചിലവഴിക്കുന്നുള്ളൂ. 2017 ൽ പ്രസിഡൻ്റ് പദവിയിലെത്തിയ ട്രംപിനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് തവണ സന്ദർശിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട അഞ്ച് ഉടമ്പടികളിൽ ഇന്ത്യയും അമേരിക്കയും ഒപ്പ് വെയ്ക്കും എന്നാണ് അറിയുന്നത്. ഭീകരവാദം, ടെക്നോളജി തുടങ്ങി പല വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്.

2011 ലെ സെൻസസ് പ്രകാരം ഗുജറാത്തിലെ ജനസംഖ്യ 5.5 മില്ലാൺ ആണ്. ട്രംപിനെ സ്വീകരിക്കാൻ 7 മില്യൺ ഇന്ത്യൻ ജനങ്ങൾ അഹമ്മദാബാദിൽ വരുമെന്ന് മോദി പറഞ്ഞതായി ട്രംപ് ട്വിറ്റ് ചെയ്തിരിക്കുകയാണ്. നമസ്തേ ട്രംപ് എന്ന പരിപാടിയും അഹമ്മദാബാദിൽ ഒരുക്കിയിട്ടുണ്ട്. 2019 സെപ്തംബറിൽ അമേരിക്കയിലെ ഹോസ്റ്റണിലെ ആർഎൻജി സ്റ്റേഡിയത്തിൽ ഒരുക്കിയ ഹൗഡി മോദി പരിപാടി വൻ വിജയമായിരുന്നു. അന്ന് മോദിയോടൊപ്പം ട്രംപും സ്റ്റേഡിയത്തിന് ചുറ്റും നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തിരുന്നു. ലോക മാധ്യമങ്ങൾ അത് ആഘോഷമായി റിപ്പോർട്ട് ചെയ്യുകയും ഉണ്ടായി. സമാനമായ രീതിയിൽ തന്നെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ  സർദാർ വല്ലഭായ് പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ട്രംപിനേയും കൊണ്ട് വലയം വെയ്ക്കുക എന്നതാണ് മോദിയുടെ കണക്ക് കൂട്ടൽ.

അഹമ്മദബാദ് എയർപോർട്ടിൽ നിന്ന് 22 കിലോമീറ്റർ ദൂരത്തുള്ള സ്റ്റേഡിയം വരെ ജനങ്ങൾ ഇരു വശത്ത് നിന്നും ത്രിവർണ്ണ പതാകയും, അമേരിക്കൻ പതാകയുമായി അഭിവാദ്യം ചെയ്യുമെന്നാണ് മോദി പറഞ്ഞിരിക്കുന്നത്. ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 1,20,000 ആളുകളെ മാത്രമേ ഉൾക്കൊള്ളുകയുള്ളൂ. ഗുജറാത്ത് ബി ജെ പി ഇപ്പോൾ ജനങ്ങളെ കൂട്ടുവാനുള്ള ഭഗീരത പ്രയത്നത്തിലാണെന്നാണ് റിപ്പോർട്ട്.
എല്ലാ ബിജെപി എംപിമാർക്കും എംഎൽഎമാർക്കും ജനങ്ങളെ സംഘടിപ്പിക്കുന്ന ജോലി നൽകിയിരിക്കുകയാണ് പാർട്ടി. ജനങ്ങളെ കൊണ്ടുവരുന്നതിന് ഔദ്യോഗികമായി വാഹനങ്ങൾ ഒരുക്കുകയാണ്. ട്രംപിനെ കാണാൻ ജനക്കൂട്ടം എത്തിയില്ലെങ്കിൽ നാണക്കേട് മോദിക്കാണ്.

ഫെബ്രുവരി 24 ന് റോഡ് ഷോയും സ്റ്റേഡിയത്തിലെ പൊതുപരിപാടിയും കഴിഞ്ഞാണ് ആഗ്രയിൽ ട്രംപും സംഘവും എത്തുന്നത്.  ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപും ഇന്ത്യയിലേയ്ക്ക് വരുന്നുണ്ട്. ഇവരുടെ വരവ് പ്രമാണിച്ച് ആഗ്രാ നഗരവും ടാജ് മഹലും സുന്ദരമാകുന്നുണ്ടെന്നതിൽ സംശയമില്ല.

2000 ത്തിൽ അന്നത്തെ അമേരിക്കൻ പ്രസിഡൻ്റ് ക്ലിൻറൺ വിമാനതാവളത്തിൽ നിന്ന് ആഗ്രയിലേയ്ക്ക് യാത്ര ചെയ്ത ശേഷം ആഗ്രയെ വിശേഷിപ്പിച്ചത് ഒരു പ്രേത നഗരം എന്നാണ്. മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്യുകയും ഉണ്ടായി. ഇത്തവണ ആഗ്ര വിമാന താവളം മുതൽ ടാജ് വരെ സ്ക്കൂൾ വിദ്യാർത്ഥികളേയും വിവധ കലാകാരൻമാരേയും അണിനിരത്തണമെന്നാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. വഴി നീളെ കലാപരിപാടികൾ ഒരുക്കും.

ട്രംപിൻ്റെയും സംഘത്തിൻ്റേയും ടാജ് സന്ദർശനം പ്രമാണിച്ച് വലിയ രീതിയിലുള്ള സൗന്ദര്യ വത്ക്കരണമാണ് ആഗ്ര മുഴുവനും നടക്കുന്നത്. ടാജ് മഹൽ, ടൈലുകൾ, ഇരിപ്പിടങ്ങൾ എന്നിവ കഴുകി വൃത്തിയാക്കി, പൂചെടികൾ സ്ഥാപിച്ച് ചുറ്റിനും മനോഹരമാക്കി. മാലിന്യം കൊണ്ട് നിറഞ്ഞ ടാജിൻ്റെ പിന്നിലൂടെ ഒഴുകുന്ന യമുനയിലൂടെ കൂടുതൽ ജലം ഒഴുക്കി ശുദ്ധീകരിക്കുന്ന പ്രവർത്തി നടക്കുന്നു.

ഇന്ത്യൻ ഭരണകൂടം അറിയാതെ അമേരിക്കൻ ഭരണകൂടം ഒരു തീരുമാനമെടുത്തു. ഡൽഹി സർക്കാർ സ്ക്കൂളുകളിലെ ഹാപ്പിനസ് ക്ലാസുകൾ അമേരിക്കൻ പ്രഥമ വനിത സന്ദർശിക്കുക. ഡൽഹി സർക്കാർ സ്ക്കൂൾ സന്ദർശന വിവരം അമേരിക്കൻ എംബസിയാണ് പുറത്തുവിട്ടത്. ഒരു മണിക്കൂറോളം അവർ ഹാപ്പിനസ് ക്ലാസിൽ ചിലവഴിക്കുമെന്നാണ് റിപ്പോർട്ട്.

ഗാന്ധി സമധിയിൽ സന്ദർശിച്ച ശേഷം രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണമുണ്ട്. പിന്നീട് ഉടമ്പടി ഒപ്പിടലും, ചർച്ചയും സമ്മാനം നൽകലും.
അവർക്ക് മോദി സമ്മാനിക്കുന്ന സാരിയുടെ വിലയറിഞ്ഞാൽ ഞെട്ടും. തത്ക്കാലം ചുരുക്കി പറയാം. ലക്ഷം ലക്ഷം....