പാര്‍ലമെന്‍റ് സ്ട്രീറ്റ് / 2020 മാര്‍ച്ച് 01

പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2020 മാര്‍ച്ച് 01

വിവാഹസല്‍ക്കാര രാഷ്ട്ര തന്ത്രം
ഡല്‍ഹി അടുത്തിടെ കണ്ട വലിയൊരു വിവാഹ സല്‍ക്കാരം കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളന കാലത്ത് നടന്നു. ഒരു മലയാളിയായ രാഷ്ട്രീയ നേതാവ് മുന്‍പ് സമാനമായ വിവാഹ സല്‍ക്കാരം നടത്തിയിട്ടുണ്ടോ എന്നറിയില്ല. കൊല്ലത്തു നിന്നുള്ള പാര്‍ലമെന്‍റ് അംഗമായ എന്‍ കെ പ്രേമചന്ദ്രന്‍റേയും, ഡോക്ടര്‍ ഗീതയുടേയും മകന്‍ കാര്‍ത്തിക്കിന്‍റേയും, ഡോക്ടര്‍ കാവ്യയുടേയും വിവാഹ സല്‍ക്കാരമാണ് പാര്‍ലമെന്‍റ് സ്ട്രീറ്റിലെ സംസാര വിഷയം. സല്‍ക്കാരത്തിന് നിരത്തുന്ന വിഭവങ്ങളുടെ എണ്ണമോ ആര്‍ഭാടങ്ങളോ കൊണ്ടല്ല ഈ സല്‍ക്കാരം ശ്രദ്ധേയമായത്. സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ പ്രമുഖരുടെ നിരയാണ് ചര്‍ച്ചാ വിഷയം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രിമാരായ ഡോക്ടര്‍ മന്‍മോഹന്‍ സിംഗ്, എച്ച് ഡി ദേവഗൗഡ, ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള, മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലക്യഷ്ണന്‍, കേന്ദ്ര മന്ത്രിമാരായ എസ് ജയശങ്കര്‍, നിര്‍മ്മല സീതാരാമന്‍, രാംവിലാസ് പസ്വാന്‍, രവി ശങ്കര്‍ പ്രസാദ് തുടങ്ങിയവരും, ശരത് പവാര്‍, പി ചദംബരം, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡി രാജ, എ രാജ, കനിമൊഴി, ദയാനിധി മാരന്‍, സുമലത, ഒവൈസി, പ്രഘ്ജ്ഞാ താക്കൂര്‍, തുടങ്ങി നൂറ് കണക്കിന് നേതാക്കള്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ചടങ്ങിലെത്തി. എകെ ആന്‍റണി, എളമരം കരീം, കുഞ്ഞാലി കുട്ടി അടക്കം കേരളത്തില്‍ നിന്നുള്ള എല്ലാ എംപിമാരും ചടങ്ങില്‍ പങ്കെടുത്തു. സാംസ്കാരിക രംഗത്ത് നിന്നും ഡല്‍ഹി മലയാളി പ്രമുഖരില്‍ നിന്നും ഒട്ടേറെ പേര്‍ ചടങ്ങിനെത്തി. പ്രേമചന്ദ്രന്‍റെ വ്യക്തി പ്രഭാവം വ്യക്തമാകുന്നതായിരുന്ന വിവാഹാനന്തര സത്കാരമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

എയര്‍ ഇന്ത്യ വില്‍ക്കാന്‍ വരട്ടെ സര്‍...
രാജ്യത്തെ ഒട്ടു മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും വില്‍ക്കുവാന്‍ വെച്ചിരിക്കുന്ന കാര്യം രാജ്യസ്നേഹികളെല്ലാം അറിഞ്ഞിരിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യയെ വില്‍പ്പനക്ക് വച്ച കേന്ദ്രസര്‍ക്കാര്‍ യാത്രബത്ത ഇനത്തില്‍ കമ്പനിക്ക് നല്‍ക്കാനുളളത് കോടികളെന്ന് വിവരാവകാശ രേഖ. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള വിശിഷ്ട വ്യക്തികള്‍ക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ നല്‍കിയ ഇനത്തില്‍ എയര്‍ഇന്ത്യയ്ക്ക് 822 കോടി രൂപയാണ് കിട്ടാനുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ടിക്കറ്റ് കടം നല്‍കിയതിന്‍റെ പേരില്‍ 526.14 കോടിയും എയര്‍ഇന്ത്യയ്ക്ക് 2019 മാര്‍ച്ച് 31 വരെ കിട്ടാനുണ്ട്. ഇതില്‍ 236.16 കോടി രൂപ മൂന്ന് വര്‍ഷമായി കുടിശികയാണ്. ഇവയ്ക്ക് പുറമെ 281.82 കോടി രൂപയാണ് എയര്‍ ഇന്ത്യ കിട്ടാക്കടമായി രേഖപ്പെടുത്തിയിട്ടുള്ളത്. എയര്‍ ഇന്ത്യയുടെ നഷ്ടം 8556.35 കോടിയാണെന്ന് 2019 ഡിസംബര്‍ അഞ്ചിന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 60,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ മൊത്തം കടബാധ്യത.

ജെഎന്‍യുവില്‍ വാട്ട്സപ്പ് പരീക്ഷ

രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രീയ സര്‍വ്വകലാശാലകളിലൊന്നാണ് ജെഎന്‍യു എന്ന ജവഹര്‍ലാല്‍ നെഹ് യൂണിവേഴ്സിറ്റി. അവിടെ വാട്ട്സപ്പില്‍ വൈസ് ചാന്‍സിലര്‍ പരീക്ഷ നടത്തിയതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. ജെഎന്‍യുവിലെ ചില പഠന സ്ക്കൂളുകളില്‍ വെവസ് ചാന്‍സിലര്‍ നടത്തിയ വാട്ട്സപ്പ് പരീക്ഷയ്ക്ക് നേത്യത്ത്വം നല്‍കിയത് വൈസ് ചാന്‍സിലര്‍ അധ്യാപക തസ്തികയില്‍ നിയമിച്ച എബിവിപി പ്രവര്‍ത്തകരാണെന്ന ആക്ഷേപവും ഉയര്‍ന്ന് കഴിഞ്ഞു. വാട്ട്സ്അപ്പ് പരീക്ഷയ്ക്കെതിരെ വിദ്യാര്‍ത്ഥി യൂണിയനും, ജെഎന്‍യു ടീച്ചേസ് അസോസിയഷനും പരീക്ഷയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വാട്ട്സ്അപ്പ് പരീക്ഷ വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് നല്ലതല്ലെന്ന അഭിപ്രായവും വ്യാപകമായി ചര്‍ച്ചയാണ്. 

മഹേഷ് ശര്‍മ്മയും രാഷ്ട്രപതിമാരും

ബിജെപി നേതാവും, കൈലാഷ് ആശുപത്രികളുടെ ഉടമയുമാണ് മഹേഷ് ശര്‍മ്മ. ഡല്‍ഹിയോട് ചേര്‍ന്നുള്ള നോയിഡയില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമായ മഹേഷ് ശര്‍മ്മയ്ക്ക് രാഷ്ട്രപതിമാരോട് വല്ല അടുപ്പവുമുണ്ടോ എന്നാണ് ജനങ്ങള്‍ സംശയിക്കുന്നത്. അതിന് മതിയായ കാരണങ്ങളും അവര്‍ ചൂണ്ടി കാണിക്കുന്നു. ആദ്യ മോദി സര്‍ക്കാരില്‍ മന്ത്രിയായ മഹേഷ് ശര്‍മ്മയ്ക്ക് അന്തരിച്ച മുന്‍ രാഷ്ട്രപതിയുടെ 10 രാജാജി മാര്‍ഗിലുള്ള ഔദ്യോഗിക വീടാണ് നല്‍കിയത്. രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി സ്ഥാനമൊഴിഞ്ഞപ്പോള്‍ 10 രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തി. മഹേഷ് ശര്‍മ്മയ്ക്ക് പകരം ലഭിച്ചത് 10 അക്ബര്‍ റോഡിലെ വീടാണ്. ഇപ്പോഴത്തെ രാഷ്ട്രപതി മവിടെ നിന്നാണ് രാഷ്ട്രപതിഭവനിലേയ്ക്ക് തിരഞ്ഞെടുത്ത് പോയത്. 2019 തിരഞ്ഞെടുപ്പില്‍ മഹേഷ് ശര്‍മ്മ വിജയിച്ചെങ്കിലും മന്ത്രി സ്ഥാനം കിട്ടിയില്ല. അതു കൊണ്ട് വീടും മാറേണ്ടി വന്നു. ഇത്തവണ അദ്ദേഹത്തിന് ലഭിച്ചത് 13 താതകട്ടോറ റോഡിലെ വീടാണ്. ഇവിടെ നിന്നാണ് മുന്‍ രാഷ്ട്രപതി വിജയിച്ച് രാഷ്ട്രപതിയായത്.

അയോധ്യയില്‍ കര്‍സേവകര്‍ക്ക് സ്മാരകം
1992 ഡിസംബര്‍ 6ന് ആയിരകണക്കിന് കര്‍സേവകര്‍ ചേര്‍ന്ന് ബാബറി മസ്ജീദ് പൊളിച്ച് നീക്കി. തിക്കിലും തിരക്കിലും പെട്ട് നൂറ് കണക്കിന് കര്‍സേവകര്‍ മരിച്ചു. വിശ്വഹിന്ദു പരിഷത്തായിരുന്നു ബാബറി മസ്ജീദ് തകര്‍ക്കുന്നതിന് നേത്യത്ത്വം വഹിച്ചത്. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ സുപ്രീം കോടതി 2019 നവംബര്‍ മാസം തീര്‍പ്പ് കല്‍പ്പിച്ചു. ക്ഷേത്രം പണിയുവാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ഇപ്പോള്‍ പുതിയൊരു ആവശ്യം ഉയര്‍ന്ന് വന്നിരിക്കുന്നു. അയോധ്യയില്‍ കര്‍സേവകര്‍ക്കായി സ്മാരകം പണിയണം. നൂറ് കണക്കിന് കര്‍സേവകരാണ് ബാബറി മസ്ജീദ് പൊളിക്കുന്ന കര്‍മ്മത്തില്‍ രക്തസാക്ഷികളായതെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് പറയുന്നത്. അവര്‍ക്ക് ക്ഷേത്ര നിര്‍മ്മാണത്തിനൊപ്പം സ്മാരകം പണിയണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചു കഴിഞ്ഞു.

ഡിജിറ്റല്‍ തട്ടിപ്പ് വ്യാപകമാകുന്നു
ഇന്ത്യയില്‍ വ്യാപകമായി ഡിജിറ്റല്‍ തട്ടിപ്പുകള്‍ നടക്കുന്നതായി റിപ്പോട്ടുകള്‍ വരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ ഡിജിറ്റല്‍ യുഗത്തിലേയ്ക്ക് കൊണ്ടു പോകാന്‍ ഒട്ടേറെ പദ്ദതികള്‍ ആവിഷ്കരിച്ച് വരികയാണ്. രാജ്യാന്തര തലത്തില്‍ തട്ടിപ്പ് നടത്തുന്നവര്‍ ഇന്ത്യയിലേയ്ക്ക് വ്യാപകമായി ശ്രദ്ധ തിരിച്ചിരിക്കുന്നതായി സൈബര്‍ സെക്യൂരിറ്റി വിഭാഗം അറിയിച്ചു. 4,61,976 ഇന്ത്യന്‍ ജനതയുടെ ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും, വ്യക്തി വിവരങ്ങളും സിംഗപൂരില്‍ വില്‍പ്പന നടന്നതായാണ് വിവരം. കാര്‍ഡ് നമ്പര്‍, പേര്, സിവിവി / സിവിസി നമ്പര്‍, ഇമെയില്‍ വിലാസം, തുടങ്ങി തട്ടിപ്പ് നടത്താന്‍ സഹായിക്കുന്ന സ്വകാര്യ വിവരങ്ങളെല്ലാം വില്‍ക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വിവരം എല്ലാ ബാങ്കുകളേയും വിവരം അററിയിച്ച് കഴിഞ്ഞു. രണ്ടാം തവണയാണ് ഇത്രയും വലിയ ഡാറ്റാ ക്കൈമാറ്റ വിവരം സൈബര്‍ സുരക്ഷാ വിഭാഗം കണ്ടെത്തിയത്. മോഷ്ടിക്കപ്പെട്ട വിവരങ്ങള്‍ തട്ടിപ്പിനായി ഉപയോഗിക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ സൈബര്‍ സുരക്ഷാ വിഭാഗം.


ജയിലില്‍ നിന്ന് പാര്‍ലമെന്‍റിലേയ്ക്ക്
ജയിലില്‍ നിന്ന് ജനസഭകളിലെത്തിയ പലരെ കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ബലാത്സംഗ കുറ്റത്തിന് തടവിലായ നേതാവാണ് പുതുതായി പാര്‍ലമെന്‍റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യ്തത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ഘോസി മണ്ഡലത്തില്‍ നിന്ന് ബിഎസ്പി ടിക്കറ്റില്‍ ജയിച്ച അതുല്‍ റായ് എന്ന ബലാത്സംഗ കേസ് പ്രതിക്ക് പാര്‍ലമെന്‍റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി ഉത്തരവിറക്കിയതാണ് അങ്ങിനെ സംഭവിക്കാന്‍ കാരണമായത്. ബലാത്സംഗ കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായ അതുല്‍ റായ്ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ ജാമ്യം ലഭിച്ചിരുന്നില്ല. പാര്‍ലമെന്‍റ് ഇലക്ഷന്‍ ഫലം വന്നതിന് ശേഷം 2019 ജൂണ്‍ 22ന് ഇയാള്‍ കീഴടങ്ങുകയായിരുന്നു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലേയ്ക്ക് അയച്ചത് അതിന് ശേഷമാണ്. മെയ് ഒന്നിന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പ്രകാരം ഒരു കോളേജ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ വിളിച്ച് കൊണ്ടു പോയി ബലാത്സംഗം ചെയ്തു എന്നാണ്. കുറ്റം സ്ഥിരീകരിച്ച പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാതെ ഏറെ നാള്‍ സംരക്ഷിച്ചു. ഏറെ ഒച്ചപ്പാടുകള്‍ക്ക് ശേഷമാണ് കീഴടങ്ങലും, അറസ്റ്റും നടന്നത്. 2019 ല്‍ തെരഞ്ഞെടുക്കപ്പെട്ട എം.പിമാരില്‍ 43 ശതമാനം പേരും ക്രിമിനല്‍ കേസ് നേരിടുന്നവരാണ്.

പാര്‍ലമെന്‍റില്‍ കേട്ടത്
ഇപ്പോള്‍ പാര്‍ലമെന്‍റില്‍ ചെന്നാല്‍ കുംഭമേളയ്ക്ക് പോയ പ്രതീതിയാണ്. ജയ് ശ്രീറാം വിളികളണ് ചുറ്റിനും. സന്യാസിമാരും ഒപ്പം ക്കൈയ്യില്‍ ചരടും, നെറ്റിയില്‍ കുറിയും ഇട്ട പ്രശ്ചനവേഷമാണ് ചുറ്റിനും.