ലെഗേരഹോ... ലെഗേരഹോ... കേജരിവാള്‍...

ലെഗേരഹോ... ലെഗേരഹോ... കേജരിവാള്‍...
(ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായുള്ള അഭിമുഖം. തയ്യാറാക്കിയത് സുധീര്‍ നാഥ്) 



അരവിന്ദ് കേജരിവാള്‍ ഹരിയാനയില്‍ ജനിച്ച് ഐഐടി കടക്പൂരില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിടെക്ക് പൂര്‍ത്തീകരിച്ചു. ഇന്ത്യന്‍ റവന്യൂ സര്‍വ്വീസില്‍ എത്തിയ അരവിന്ദ് കേജരിവാള്‍ ഇന്‍കം ടാക്സ് വകുപ്പില്‍ ജോയിന്‍റ് കമ്മിഷ്ണര്‍ സ്ഥാനത്ത് ജോലിയില്‍ പ്രവേശിച്ചു. പരിവര്‍ത്തന്‍ എന്ന സംഘടന രൂപീകരിച്ച് സാമൂഹ്യ രംഗത്ത് കേജരിവാള്‍ സജീവമായി. റയ്റ്റ് റ്റു ഇന്‍ഫര്‍മേഷന്‍ രംഗത്ത് പ്രവര്‍ത്തിച്ച കേജരിവാള്‍,  അതുവഴി നടത്തിയ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് മെഗ്സസെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്‍കം ടാക്സ് വകുപ്പില്‍ നിന്ന് രാജിവെച്ച് മുഴുവന്‍ സമയ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി അദ്ദേഹം. 2012ല്‍ ആംആദ്മി പാര്‍ട്ടി രൂപീകരിച്ച് വര്‍ഷങ്ങളുടെ ചരിത്രമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയുയര്‍ത്തി. 2013 ഡിസംബര്‍ 28ന് ആറാമത്തെ മുഖ്യമന്ത്രിയായി അധികാരത്തിലേറിയ കേജരിവാള്‍ 49 ദിവസം മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് 2014 ഫെബ്രുവരി മാസം 14ന് രാജിവെച്ചിരുന്നു. മതിയായ ഭൂരിപക്ഷമില്ലാതെ കോണ്‍ഗ്രസ്സിന്‍റെ പിന്തുണയോടെയായിരുന്നു കേജരിവാള്‍ അന്ന് മുഖ്യമന്ത്രിയായത്. 2015 ഫെബ്രുവരിയില്‍ 70ല്‍ 67 സീറ്റിലും ജയിച്ച് ഡല്‍ഹിയുടെ ഏഴാമത്തെ മുഖ്യമന്ത്രിയായി അദ്ദേഹം.

ലഗേരഹോ... ലഗേരഹോ... കേജരിവാള്‍.... ഇന്ന് തുടങ്ങുന്ന ഇലക്ഷന്‍ പ്രചരണ ഗാനമാണ് ഡല്‍ഹിയിലെ തെരുകളില്‍ നിറയുന്നത്. ബിജെപിയുടെ പ്രചരണമാണ് മറ്റൊന്ന്. കോണ്‍ഗ്രസ്സ് കാര്യമായി ഡല്‍ഹി തിരഞ്ഞെടുപ്പ് ചിത്രത്തില്‍ ഇല്ല. എന്നാലും ഡല്‍ഹിയില്‍ ത്രികോണ മത്സരമാണ് നടക്കുന്നതെന്നാണ് വ്യാപകമായി പറയുന്നത്. ഡല്‍ഹിയില്‍ വീണ്ടും കേജരിവാള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പറയുന്നത്. അരവിന്ദ് കേജരിവാള്‍ തന്‍റെ അഭിപ്രായം പ്രകടിപ്പിക്കുകയാണ് ഇവിടെ.

താങ്കള്‍ തിരഞ്ഞെടുപ്പിന് ഇറങ്ങിയത് പ്രോഗ്രസ്സ് കാര്‍ഡും ഗ്യാരണ്ടി കാര്‍ഡുമായാണല്ലോ...? താങ്കള്‍ വീണ്ടും ജയിക്കുമെന്ന് അത്രയ്ക്ക് ഉറപ്പുണ്ടോ...?
തീര്‍ച്ചയായും... ഇക്കുറി 70 സീറ്റില്‍ 70 സീറ്റും ജയിക്കാനാണ് ഇറങ്ങി തിരിച്ചിരിക്കുന്നത്. ഞങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ വിലയിരുത്തി കഴിഞ്ഞു. അവര്‍ക്ക് ഡല്‍ഹിയില്‍ ഞങ്ങള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ അറിയാം. അത് ഓര്‍മ്മിപ്പിക്കുന്നതിനാണ് പ്രോഗ്രസ്സ് കാര്‍ഡ്. വീണ്ടും ജയിപ്പിച്ചാല്‍ സമാനമായ വികസന പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ നടത്തുമെന്നതിനാണ് ഗ്യാരണ്ടി കാര്‍ഡ്. ഈ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ശുഭാപ്തി വിശ്വാസത്തിലാണ് മത്സര രംഗത്തുള്ളത്. ഞങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഡല്‍ഹി ഭരിച്ചത് ജനങ്ങളോടൊപ്പമാണ്. ബിജെപി, കോണ്‍ഗ്രസ്സ്, ആംആദ്മി പാര്‍ട്ടി എന്ന വേര്‍തിരിവ് കാണിച്ചില്ല. അത് ജനങ്ങള്‍ നേരിട്ട് മനസിലാക്കിയതാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുഖ്യമന്ത്രി പദത്തില്‍ മുന്നോട്ടു വെയ്ക്കാന്‍ ഇന്ന് വരെ ഒരു പേരു പോലും ഇല്ലല്ലോ...
താങ്കളെ നേരിടാന്‍ പ്രധാനമന്ത്രിയും, അഭ്യന്തിരമന്ത്രിയും, മുഖ്യമന്ത്രിമാരും പ്രചരണ രംഗത്ത് ഉണ്ടല്ലോ?
കേജരിവാളിനെ നേരിടാന്‍ ബിജെപിയുടെ പാര്‍ലമെന്‍റ് അംഗങ്ങള്‍ പ്രധാനമന്ത്രി മോദിയുടേയും, അഭ്യന്തിര മന്ത്രി അമിത്ത് ഷായുടേയും നേത്യത്ത്വത്തില്‍ ഇരുന്നൂറോളം പാര്‍ലമെന്‍റ് അംഗങ്ങള്‍ പ്രചരണത്തിന് ഡല്‍ഹിയിലുണ്ട്. ബിജെപി ഭരിക്കുന്ന 11 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരടക്കം എത്തിയിട്ടുണ്ട്. അവരോട് ഡല്‍ഹിയിലെ ജനങ്ങള്‍ ചോദിക്കും. ഏത് രാജ്യത്തു നിന്നാണ് വരുന്നത് എന്ന്. അവരുടെ നാട്ടില്‍ വൈദ്യുതിക്ക് എന്താ വില എന്ന് ചോദിക്കും. പവര്‍ കട്ട് ഉണ്ടോ എന്ന് ചോദിക്കും. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കിയിട്ടുണ്ടോ എന്ന് ചോദിക്കും.
താങ്കള്‍ തീവ്രവാദിയാണെന്നാണല്ലോ പ്രധാന ബിജെപി നേതാക്കള്‍ പറയുന്നത് ?
ഞാന്‍ തീവ്രവാദിയാണെന്നും, ആതങ്കവാദിയാണെന്നും, ദേശ് ദ്രോഹിയാണെന്നും, ഗദ്ദാറാണെന്നും,  രാവണനാണെന്നും, ബിജെപിയുടെ നേതാക്കള്‍ പറയുന്നു. അവര്‍ക്ക് മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് അങ്ങിനെ പറയുന്നത്... അവര്‍ പറയട്ടെ, അതിന് ഞാന്‍ മറുപടി നല്‍കി സമയം കളയുന്നില്ല. ഞങ്ങള്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്ക്കൂളുകള്‍ നിലവാരമുള്ളതാക്കി മാറ്റി. പഠന നിലവാരം ഉയര്‍ത്തി. സ്വകാര്യ സ്ക്കൂളുകളെകാള്‍ മികച്ച സേവനം നല്‍കി. സര്‍ക്കാര്‍ സ്ക്കൂളുകളില്‍ വിജയശതമാനം ഉയര്‍ത്തി. വിദ്യഭ്യാസം സര്‍ക്കാര്‍ സ്ക്കൂളില്‍ സൗജന്യമാക്കി. ആരോഗ്യ രംഗത്ത് നോക്കൂ. ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളും ഇപ്പോള്‍ മികച്ച നിലവാരമാണ് ഉള്ളത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് അവിടെ ചികിത്സ സൗജന്യവുമാണ്. ടെസ്റ്റുകളും, മരുന്നുകളും സൗജന്യമാണ്. ഡല്‍ഹിയിലെ തെരുവുകളില്‍ സിസിടിവികള്‍ സ്ഥാപിച്ചത് വഴി ക്രിമിനല്‍ കേസുകള്‍ വലിയ രീതിയില്‍ കുറഞ്ഞു. ഇതൊത്തെ കൊണ്ടാകും ബിജെപി നേതാക്കള്‍ അങ്ങിനെയൊക്കെ വിളിക്കുന്നത്.
ഡല്‍ഹിയിലെ സ്ക്കൂളുകളുടെ ശോചനീയ അവസ്ഥ വ്യക്തമാക്കുന്ന വീഡിയോ അമിത്ത് ഷാ പുറത്ത് വിട്ടിട്ടുണ്ടല്ലോ ?
ഡല്‍ഹി സര്‍ക്കാരിന് 1024 സ്ക്കൂളുകളാണുള്ളത്. എല്ലാ സ്ക്കൂളുകളിലും കൂടി 17000 ക്ലാസ് മുറികളാണുള്ളത്. 22000 പുതിയ ക്ലാസ് മുറികള്‍ അഞ്ച് വര്‍ഷം കൊണ്ട് അധികമായി പണിതു. പുതിയ കുറേ സര്‍ക്കാര്‍ സ്ക്കൂളുകള്‍ പണിതത് മാത്രമല്ല, നിലവിലുള്ള സര്‍ക്കാര്‍ സ്ക്കൂളുകള്‍ പുതുക്കി പണിതു. സ്ക്കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങളുണ്ടാക്കി. കൂടുതല്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം ഒരുക്കി. ഡല്‍ഹിയിലെ എല്ലാ സ്ക്കൂളുകളും മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. ഡല്‍ഹിയിലെ ഏഴ് ബിജെപിയുടെ പാര്‍ലമെന്‍റ് അംഗങ്ങള്‍ എട്ട് സ്ക്കൂളുകളുടെ ശോചനീയാവസ്ഥ വീഡിയോയിലാക്കി. പഴക്കം കാരണം പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട കെട്ടിടവും, ബിജെപിയുടെ ഭരണത്തിന് കീഴിലുള്ള എംസിഡി സ്ക്കൂളും,  മറ്റുമാണ് എംപിമാര്‍ തെളിവായി നിരത്തിയത്. പിറ്റേന്ന് മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ സത്യാവസ്ഥ തുറന്ന് കാണിച്ചു.
താങ്കള്‍ ജനങ്ങള്‍ക്ക് വോട്ടിനായി സൗജന്യങ്ങള്‍ വിതറുകയാണെന്ന് ആരോപണം ഉണ്ടല്ലോ...?
അത് ആരോപണം മാത്രമാണ്. 200 യൂണിറ്റ് വൈദ്യുതി ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഒരു മാസം സൗജന്യം കൊടുക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഒരു പാര്‍ലമെന്‍റ് അംഗത്തിന് 4000 യൂണിറ്റ് വൈദ്യുതിയാണ് ഒരു മാസം സൗജന്യം കൊടുക്കുന്നത്. ആരോപണം ഉന്നയിക്കുന്നവര്‍ 4000 യൂണിറ്റ് സൗജന്യം വാങ്ങി കൊണ്ടാണ് അത് ചെയ്യുന്നത്. ഞങ്ങള്‍ സൗജന്യങ്ങള്‍ നല്‍കുന്നത് ജനങ്ങള്‍ നല്‍കുന്ന നികുതി പണം ഉപയോഗിച്ചാണ്. പാവങ്ങളും, പണക്കാരും നികുതി നല്‍കുന്നുണ്ട്. ഞങ്ങള്‍ ഡല്‍ഹിയിലെ അഴിമതി കുറച്ചു. അതോടെ അനാവശ്യമായ പണം ചിലവഴിക്കല്‍ ഇല്ലാതായി. അതുവഴി ലഭിച്ച പണം ജനങ്ങള്‍ക്കായി ചിലവഴിച്ചു. ഡല്‍ഹിയില്‍ നികുതി പണം കൂട്ടിയിട്ടില്ല എന്ന് കൂടി അറിയണം. സിഐജി റിപ്പോര്‍ട്ട് അടുത്തിടെ പുറത്തിറങ്ങിയല്ലോ...? അത് നോക്കിയാല്‍ കാണാം, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും ബജറ്റ് നഷ്ടത്തിലാണ്. ഇത്രയേറെ സൗജന്യങ്ങള്‍ നല്‍കിയിട്ടും ഡല്‍ഹി സര്‍ക്കാര്‍ ബജറ്റ് ലാഭത്തിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഡല്‍ഹി ബജറ്റിന്‍റെ കണക്കും ലാഭത്തിലാണെന്നാണ് സിഐജി റിപ്പോര്‍ട്ട്. ഗുജറാത്ത് മുഖ്യമന്ത്രി 190 കോടി ചിലവാക്കി ഒരു ചെറു വിമാനം വാങ്ങി. ഡല്‍ഹി മുഖ്യമന്ത്രിയായ ഞാന്‍ നികുതി പണം കൊണ്ട് ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കി. ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി ഡല്‍ഹിയില്‍ യാത്ര ചെയ്യാം. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മാസം 20000 ലിറ്റര്‍ വെള്ളം സൗജന്യമയി നല്‍കുന്നു. ഡല്‍ഹിയിലെ എല്ലാ വിഭാഗം ജനങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സര്‍ക്കാരിന്‍റെ സൗജന്യങ്ങള്‍ നേടുന്നവരാണ്.
താങ്കള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഇങ്ങനെ സൗജന്യങ്ങള്‍ വാരി വിതറിയാല്‍ മറ്റ് സംസ്ഥാത്തുള്ളവര്‍ ഇവിടേയ്ക്ക് കുടിയേറില്ലേ ?
ഡല്‍ഹി ഇന്ത്യയുടെ ഹ്യദയമാണ്. ആര്‍ക്ക് വേണമെങ്കിലും ഡല്‍ഹിയിലേയ്ക്ക് വരാം. ഇന്ത്യയുടെ പരിഛേതമാണ് ഡല്‍ഹി. ജനങ്ങള്‍ ഡല്‍ഹിയിലേയ്ക്ക് വരാതിരിക്കാന്‍ മോശം ഭരണമാണ് വേണ്ടതെന്ന് പറയരുത്.
ഡല്‍ഹിയിലെ മലിനീകരണം രൂക്ഷമാണല്ലോ...? എന്ത് പരിഹാര മാര്‍ഗ്ഗങ്ങളാണ് താങ്കളുടെ സര്‍ക്കാര്‍ നടപ്പിലാക്കിയത് ?
ഡല്‍ഹിയിലെ മലിനീകരണം രൂക്ഷമാണ്. ഡല്‍ഹിയില്‍ 24 മണിക്കൂറും വൈദ്യുതി ഉറപ്പ് വരുത്തുക വഴി ജനറേറ്ററുകള്‍ ഉപയോഗിക്കാതായി. അതുവഴി വലിയ അളവില്‍ അന്തരീക്ഷമാലിന്യം കുറഞ്ഞു. 25 ശതമാനമാണ് അന്തരീക്ഷ മാലിന്യത്തില്‍ കുറവ് വന്നത്. ഡല്‍ഹിക്ക് ചുറ്റും കേന്ദ്ര സര്‍ക്കാര്‍ റോഡ് നിര്‍മ്മിക്കുകയുണ്ടായി. അതും മാലിന്യം കുറയാന്‍ കാരണമായി. ഡല്‍ഹി വഴി ദിവസവും കടന്നു പോയിരുന്ന അന്‍പതിനായിരത്തോളം ട്രക്കുകള്‍ പുതിയ റിങ്ങ് റോഡ് വഴി കടന്നു പോകുന്നു. ഡല്‍ഹിയില്‍ ആയിരകണക്കിന് മരങ്ങള്‍ വെച്ചു പിടിപ്പിച്ചു. ഡല്‍ഹിയെ മാലിന്യ മുക്തമാക്കാന്‍ ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ജലമാലിന്യവും ഡല്‍ഹിയില്‍ രൂക്ഷമാണ്. ഇന്ന് ഡല്‍ഹിയിലൂടെ ഒഴുകുന്ന പുണ്യനദിയായ യമുന എത്ര  മലിനമാണ്. വരുന്ന അഞ്ച് വര്‍ഷം കൊണ്ട് യമുന മലിന വിമുക്തമാക്കും. അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പ് യമുനയില്‍ നിങ്ങളോടൊപ്പം പുണ്യസ്നാനം ചെയ്യാന്‍ ഞാനും ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നു.
ഡല്‍ഹി ഇപ്പോള്‍ സുരക്ഷിത സ്ഥലമാണോ...?
ഡല്‍ഹി സര്‍ക്കാര്‍ റോഡുകളില്‍ ലക്ഷകണക്കിന് സിസിടിവി ക്യാമറ വെച്ചതോടെ ക്രിമിനല്‍ കേസുകള്‍ക്ക് കുറവ് സംഭവിച്ചു എന്നത് നേരാണ്. ഇനിയും ഡല്‍ഹി സുരക്ഷിതമാകാനുണ്ട് എന്നതും സത്യമാണ്. സിസിടിവി ക്യാമറകള്‍ ഡല്‍ഹിയില്‍ സ്ഥാപിക്കുന്നതിനുള്ള ഫയല്‍ ലെഫ്റ്റനന്‍റ് ഗവര്‍ണറില്‍ നിന്ന് അംഗീകാരം നേടാന്‍ ഞാനും ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയായും ധര്‍ണ്ണ ഇരിക്കേണ്ടി വന്നു. ഇന്ത്യയുടെ അഭ്യന്തിരമന്ത്രി അമിത്ത് ഷാ ലജ്പത്ത് നഗറില്‍ ഒരു ഇലക്ഷന്‍ യോഗത്തില്‍ പറഞ്ഞു. കേജരിവാള്‍ സിസിടിവി സ്ഥാപിച്ചു എന്ന് നുണപറയുകയാണ്. താന്‍ ഡല്‍ഹി മുഴുവന്‍ കറങ്ങി നടന്നിട്ടും ഒരു സിസിടിവിയും കണ്ടില്ല. അമിത്ത് ഷാ പ്രസംഗം കഴിഞ്ഞ് മടങ്ങിയതിന് പിന്നാഋെ അവിടുത്തെ ജനങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ മൂന്ന് സിസിടിവി ക്യമറയില്‍ നിന്നുള്ള ദ്യശ്യങ്ങള്‍ അദ്ദേഹത്തിന് എത്തിച്ച് കൊടുത്തു. അമിത്ത് ഷാ പ്രസംഗിച്ചതിന് മുന്നില്‍ തന്നെ മൂന്ന് സിസിടിവി ക്യാമറ ഉണ്ടായിരുന്നു.
നിര്‍ഭയയുടെ കേസില്‍ തൂക്കിലേറ്റേണ്ട നാലു പേര്‍ക്ക് തൂക്കു കയറില്‍ നിന്ന് രക്ഷപെടാന്‍ വഴികള്‍ ഒരുക്കുന്നത് കേജരിവാളാണെന്നാണ് പറയുന്നത് ?
ഒരിക്കലുമല്ല. എന്തിനാണ് ഡല്‍ഹി സര്‍ക്കാരിനേയും, എന്നേയും ഇതിനിടയിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത്. ഡല്‍ഹി പോലീസും, നിയമവും കേന്ദ്ര സര്‍ക്കാരിന് കീഴിലാണ്. ഡല്‍ഹി സര്‍ക്കാര്‍ ഫയലുകള്‍ ക്കൈമാറുന്ന ജോലി മാത്രമാണ് ചെയ്യുന്നത്. നാല് പ്രതികളേയും ഒരുമിച്ച് മാത്രമേ ശിക്ഷ നടപ്പിലാക്കാന്‍ നിയമം അനുവദിക്കൂ. ഓരോരുത്തരായി ദയാ ഹര്‍ജി നല്‍കുന്നതാണ് ശിക്ഷ നടപ്പിലാക്കാന്‍ വൈകുന്നതിന്‍റെ കാരണം.
ഡല്‍ഹിയില്‍ 5000 ബസുകള്‍ പുതുതായി വരുമെന്ന് താങ്കള്‍ പറഞ്ഞത് നുണയാണെന്നാണല്ലോ ബിജെപിയുടെ ആരോപണം...?
ബിജെപി നുണകളുടെ ഫാക്റ്ററിയാണ്. ബിജെപി നേതാക്കള്‍ പറയുന്ന നുണകള്‍ ജനം തിരിച്ചറിയുന്നുണ്ട്. 5000 പുതിയ ബസുകള്‍ വരുന്നു എന്നത് സത്യമാണ്. അതിന്‍റെ നടപടികള്‍ക്ക് മൂന്ന് വര്‍ഷം മുന്‍പ് ഡല്‍ഹി ഹൈകോര്‍ട്ട് വഴി സ്റ്റേ കൊടുപ്പിച്ചത്. രണ്ടര വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷമാണ് സ്റ്റേ നീക്കിയത്. സ്റ്റേ നീക്കിയ ശേഷം എല്ലാ മാസവും 100 മുതല്‍ 200 പുതിയ ബസുകള്‍ ഡല്‍ഹി നിരത്തില്‍ ഇറങ്ങുന്നുണ്ട്. ജങ്ങള്‍ക്ക് അത് അറിയാം.
ഇന്ത്യയിലെ ജനങ്ങള്‍ മോഡിമാഡ്നെസിനെ പരാജയപ്പെടുത്തണം എന്നായിരുന്നു പാക്കിസ്ഥാന്‍ മന്ത്രി ചൗധരി ഫവാദ് ഹുസൈന്‍റെ ട്വീറ്റ്. അതിന് മോദി തന്‍റെ കൂടി പ്രാനമന്ത്രിയാണെന്ന് പറഞ്ഞതിലെ രാഷ്ട്രീയം...?
നരേന്ദ്ര മോദി ജി ഇന്ത്യയുടെ പ്രധാനമന്ത്രി ആണ്, എന്‍റെയും... ഡല്‍ഹി തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ്, തീവ്രവാദത്തിന്‍റെ ഏറ്റവും വലിയ സ്പോണ്‍സര്‍മാരായ പാക്കിസ്ഥാന്‍റെ ഇടപെടല്‍ ഞങ്ങള്‍ അംഗീകരിക്കില്ല പാക്കിസ്ഥാന്‍ എത്ര ശ്രമിച്ചാലും ഈ രാജ്യത്തിന്‍റെ ഐക്യത്തെ തകര്‍ക്കാന്‍ അതിന് കഴിയില്ല. ഡല്‍ഹി തിരഞ്ഞെടുപ്പ് ഇന്ത്യയ്ക്കകത്തുള്ള അഭ്യന്തിര കാര്യമാണ്. അതില്‍ പാക്കിസ്ഥാന് അഭിപ്രായം പറയാന്‍ അവകാശമില്ല. അത് തന്നെയാണ് അതിന്‍റെ രാഷ്ട്രീയം.
ഡല്‍ഹിയിലെ വോട്ടര്‍മാരോട് താങ്കള്‍ക്ക് പറയാനുള്ളത് എന്താണ് ?
ഡല്‍ഹിയിലെ വോട്ടര്‍മാര്‍ പല രാഷ്ട്രീയ പാര്‍ട്ടിയിലും വിശ്വസിക്കുന്ന വ്യക്തികളാണ്. അവരോട് പാര്‍ട്ടി വിട്ട് വരണമെന്ന് ആവശ്യപെടുന്നില്ല. അവര്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയോടൊപ്പം അവര്‍ നിന്നോട്ടെ. ഡല്‍ഹിയിലെ സ്ക്കൂളുകളും, ആശുപത്രികളും എത്ര മോശമായിരുന്നു അഞ്ച് വര്‍ഷം മുന്‍പ്. അഞ്ച് വര്‍ഷം കൊണ്ട് ഞങ്ങള്‍ അത് മികച്ച നിലവാരത്തിലെത്തിച്ചത് ഏറെ പണിപെട്ടാണ്. നിങ്ങള്‍ മറ്റേത് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചാലും അതൊക്കെ അശ്രദ്ധമൂലം നശിക്കും. മുന്‍കാലങ്ങളില്‍ ഭരിച്ചവരാരും വിദ്യാഭ്യാസം, ആരോഗ്യം, വെള്ളം, വൈദ്യുതി രംഗത്ത് ശ്രദ്ധ ചെലുത്തിയിരുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാം. ഡല്‍ഹിയുടെ നന്‍മയ്ക്കായി, വികസനത്തിനായി രാഷ്ട്രീയം മറന്ന് ആംആദ്മി പാര്‍ട്ടിയെ വിജയിപ്പിക്കണം.