ഡല്‍ഹിയില്‍ സൗജന്യങ്ങളും, ഓഫറുകളും...

ഡല്‍ഹിയില്‍ സൗജന്യങ്ങളും, ഓഫറുകളും...
2020 ജനുവരി 10
സുധീര്‍ നാഥ്

ഫെബ്രുവരി 8ന് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2015ലെ പോലെ ഇക്കുറിയും ത്രികോണ മത്സരം ഉണ്ടാകും എന്നു തന്നെയാണ് രാഷ്ട്രീയ സാഹചര്യങ്ങള്‍ കൊണ്ട് മനസിലാകുന്നത്. കോണ്‍ഗ്രസ്സില്‍ നേതാക്കളുടെ ബാഹുല്ല്യമാണ് മുഖ്യ പ്രശ്നം. അതില്‍ ഡല്‍ഹിയിലെ 70 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ പോലും പ്രശ്നപരിഹാരം ഉണ്ടാകില്ല എന്നതാണ് കോണ്‍ഗ്രസ്സിനെ അലട്ടുന്ന പ്രശ്നം. ഡല്‍ഹിയിലെ കോണ്‍ഗ്രസ്സിന്‍റെ ചുമതലക്കാരന്‍ മലയാളിയായ പി സി ചാക്കോയാണ്. കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ആംആദ്മിയോട് ഒപ്പം ചേര്‍ന്ന് മത്സരിക്കാമെന്ന ചര്‍ച്ച കുറേ നടന്നതാണ്. അന്ന് ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസ്സിന് പിന്നാലെ പോയി ഒരു ശ്രമം നടത്തിയതുമാണ്. അന്നത്തേതിനേക്കാള്‍ ജനകീയമായി കക്തരായിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി ഇപ്പോള്‍. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് മത്സരിക്കാന്‍ ആംആദ്മി പാര്‍ട്ടിക്ക് ഇപ്പോള്‍ താത്പര്യവുമില്ല. രാഷ്ട്രീയ സാചര്യങ്ങള്‍ ഇപ്പോള്‍ ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമായതിനാലാണത്.

ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ്സ് നേത്യത്ത്വത്തിന് ഇപ്പോള്‍ സാധിക്കുന്നില്ല. മുഖ്യമന്ത്രിڔസ്ഥാനാര്‍ത്ഥിയാകാന്‍ ഇടിയാണവിടെ. സമാനമായ സ്ഥിതിയാണ് ബിജെപിയിലും. ബിജെപി ഡല്‍ഹി ഇലക്ഷന് പ്രധാനമന്ത്രിയുടെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടി പ്രചരണം തുടങ്ങി കഴിഞ്ഞു. ബിജെപി പ്രാദേശിക നേതാക്കള്‍ പരസ്യമായി പരസ്പരം പോരടിക്കുന്നത് നേത്യത്ത്വത്തെ വല്ലാതെ കുഴപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്സിനും ബിജെപിക്കും തത്ക്കാലം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരാളെ ഉയര്‍ത്തി കാണിക്കുവാന്‍ സാധിക്കുന്ന സാഹചര്യമല്ല നിലവിലുള്ളത്.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയുടെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഡല്‍ഹിയിലെ എല്ലാ മുനിസിപ്പാലിറ്റിയും ഭരിക്കുന്നത് ബിജെപിയാണ്. ഡല്‍ഹിയുടെ വികസനത്തില്‍ മുനിസിപ്പാലിറ്റി നടത്തിയ പങ്ക് വലുതാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അനധിക്യത കോളനികള്‍ ഒട്ടേറെ ഉള്ള ഡല്‍ഹിയില്‍ അതൊക്കെ നിയമസാധുതയുള്ളതാക്കി മാറ്റിയത് നരേന്ദ്ര മോദി സര്‍ക്കാരാണെന്ന പ്രചരണം ശക്തമാണ്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി പ്രചരണം ആരംഭിച്ചിരിക്കുന്നത്. 2014ലെയും 2019ലെയും പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ 7 സീറ്റിലും ബിജെപിയാണ് ജയിച്ചത്.

ഡല്‍ഹിയിലെ സാധാരണ ജനങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാരില്‍ നിന്ന് നേട്ടങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഡല്‍ഹിയില്‍ തടസമില്ലാതെ വൈദ്യുതിയും വെള്ളവും ലഭിക്കുന്നു എന്നത് തന്നെ വലിയ കാര്യമാണ്. വൈദ്യുതിയും, വെള്ളവും ചെറിയ ഉപഭോക്താക്കള്‍ക്ക് സൗജന്യമാക്കിയത് ലക്ഷകണക്കിന് ഡല്‍ഹി നിവാസികള്‍ക്ക് ആശ്വാസമായിട്ടുണ്ട് എന്നത് സത്യമാണ്. നിരക്കുകളില്‍ വന്ന വലിയ കുറവുകള്‍ മറ്റ് ജനവിഭാഗത്തിനും പ്രയോജനം ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ സ്ക്കൂളുകളില്‍ ഫീസുകള്‍ സൗജന്യമാക്കിയും, ആശുപത്രികളില്‍ ചികിത്സ സൗജന്യമാക്കിയതും സര്‍ക്കാരിനെ ജനപ്രീയമാക്കിയിട്ടുണ്ട്. രാജ്യമെങ്ങും വിലക്കയറ്റം കൊണ്ട് ശ്വാസം മുട്ടുന്ന സാഹചര്യത്തില്‍, ഡല്‍ഹിയില്‍ വൈദ്യുതിക്കും വെള്ളത്തിനും സബ്സിഡി നല്‍കി വില കുറച്ചത് നല്ലൊരു ശതമാനം വേട്ടര്‍മാരിലും സ്വാധീനിക്കാതെ വരില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കിലാക്കുന്നത്. ഡല്‍ഹിയില്‍ പാര്‍ലമെന്‍റിലെ ഓരോ അംഗങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്നത് 4000 യൂണിറ്റ് വൈദ്യുതി സൗജന്യമാണ്. അവിടെയാണ് ജനങ്ങള്‍ക്ക് 200 യൂണിറ്റ് വൈദ്യുതി ഡല്‍ഹി സര്‍ക്കാര്‍ സൗജന്യം നല്‍കുന്നത്. 20,000 ലിറ്റര്‍ വെള്ളമാണ് ഡല്‍ഹയിലെ ഒരു കുടുംബത്തിന് ഒരു മാസം സൗജന്യമായി നല്‍കുന്നുണ്ട്.

ഡല്‍ഹിലെ പൊതു ഗതാഗത സംവിധാനമായ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസ്സുകളില്‍ 2019 ഒക്ടോബര്‍ 29 മുതല്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാണ്. വീണ്ടും അധികാരത്തില്‍ എത്തുകയാണെങ്കില്‍ ഡല്‍ഹിയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിടിസി ബഹുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഡല്‍ഹിയിലെ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ കൊണ്ടു വന്ന വികസനം പ്രതിപക്ഷം പോലും അംഗീകരിക്കുന്നു എന്നത് എടുത്ത് പറയേണ്ട ഒന്നാണ്. സര്‍ക്കാര്‍ സ്ക്കൂളും, ആശുപത്രികളും സ്വകാര്യ മേഖലയോട് ഇപ്പോള്‍ കിടപിടിക്കുന്നു എന്നത് ചെറിയ കാര്യമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ലോണിന് സര്‍ക്കാര്‍ തന്നെ ജാമ്യം നില്‍ക്കുന്നു എന്നതും, വിദ്യാഭ്യാസ ലോണുകള്‍ വേഗതയിലാക്കിയതും എടുത്ത് പറയണം.

പൗരത്ത്വ ബില്ലുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിലും, ജെഎന്‍യു സമരത്തിലും വിദ്യാര്‍ത്ഥികളും, യുവാക്കളുമാണ് മുന്‍ നിരയില്‍. കഴിഞ്ഞ 30 വര്‍ഷം സമര മുഖത്ത് ഇറങ്ങാത്ത സെറ്റ് സ്റ്റീഫന്‍സിലെ വിദ്യാര്‍ത്ഥികളും സമരം ചെയ്ത സംഭവം ഗൗരവകരമായ രാഷ്ട്രീയ സാഹചര്യമാണ് ചൂണ്ടി കാണിക്കുന്നത്. 2,08,883 പുതിയ വേട്ടര്‍മാരാണ് 18 വയസിനും 19 വയസിനും ഇടയിലായി ഡല്‍ഹിയില്‍ ആദ്യമായി വോട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്. ഇവരാണ് വരുന്ന തിരഞ്ഞെടുപ്പിലെ പ്രധാന വിധി കര്‍ത്താക്കള്‍. വിദ്യാര്‍ത്ഥികളും, യുവജനങ്ങളും, ഇടത്തരക്കാരും, ജുഗ്ഗികളില്‍ താമസിക്കുന്ന പാവപ്പെട്ട ജനങ്ങളുമാണ് ആംആദ്മിയുടെ ശക്തി. അതിന് കാര്യമായ കോട്ടം സംഭവിച്ചതായി തോന്നുന്നില്ല.

ബിജെപി അധികാരത്തിലെത്തിയാല്‍ ആംആദ്മി പാര്‍ട്ടി നല്‍കുന്നതിന്‍റെ അഞ്ചിരട്ടി സൗജന്യം ഡല്‍ഹി ജനതയ്ക്ക് നല്‍കുമെന്നാണ് സംസ്ഥാന അദ്ധ്യക്ഷന്‍ മനോജ് തിവാരിയുടെ അവകാശവാദം. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, ഡല്‍ഹിയിലെ പോലെ സൗജന്യം കൊടുത്ത് കാണിക്കാനാണ് കേജരിവാള്‍ മറുപടി നല്‍കിയിരിക്കുന്നത്. രാംലീല മൈതാനിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നത് ശുദ്ധജലമല്ല എന്നാണ്. മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങള്‍  കുടിക്കുവാനുള്ള വെള്ളം പണം കൊടുത്ത് വാങ്ങേണ്ട ഗതികേടിലായിരിക്കുന്നു എന്നും മോദി പറഞ്ഞു.

നരേന്ദ്ര മോദിയുടെ രാംലീല പ്രസംഗത്തിന് പിന്നാലെ കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്‍ ഡല്‍ഹി സര്‍ക്കാര്‍ നല്‍കുന്ന കുടിവെള്ളം സുരക്ഷിതമല്ലെന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റേഡേഡിന്‍റെ റിപ്പോര്‍ട്ടുമായി രംഗത്ത്െ എത്തി. എന്നാല്‍ ഡല്‍ഹി ജല്‍ബോര്‍ഡ് ചെയര്‍മാന്‍ പ്രതിരോധവുമായി രംഗത്തെത്തി. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ച വെള്ളം വിവിധ ലാബുകളില്‍ ഒരേ സമയം നടത്തിയ പരിശോധനാ റിപ്പോര്‍ട്ടുമായാണ് അദ്ദേഹം പ്രതിരോധം തീര്‍ത്തത്. ഡല്‍ഹി ജല്‍ ബോര്‍ഡ് വിതരണം ചെയ്യുന്ന വെള്ളം മുഖ്യമന്ത്രിയും, മറ്റ് മന്ത്രിമാരും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി കുടിച്ചും, പരസ്യമായി വെള്ളത്തിന്‍റെ നിലവാരം പരിശോധിപ്പിച്ചും പ്രതിരോധം തീര്‍ത്തു.

എന്തായാലും കോണ്‍ഗ്രസ്സും ജനങ്ങള്‍ക്ക് സൗജന്യങ്ങളടക്കമുള്ള ഓഫറുകളുമായി തയ്യാറെടുക്കുകയാണെന്നാണ് അറിവ്. ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സൗജന്യങ്ങളും, ഓഫറുകളുമാണ് മൂന്ന് മുന്നണികളും ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കുക എന്നതിന് സാഹചര്യങ്ങള്‍ സാക്ഷിയാണ്. കച്ചവട സ്ഥാപനങ്ങളില്‍ ഉത്സവ കാലങ്ങളില്‍ കാണുന്നത് പോലുള്ള സൗജന്യങ്ങളുടേയും, ഓഫറുകളുടേയും ബോര്‍ഡുകളാണ് ഡല്‍ഹിയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.