അടുക്കളയില്‍ നിന്ന് ഷാഹിന്‍ബാഗിലേയ്ക്ക്

അടുക്കളയില്‍ നിന്ന് ഷാഹിന്‍ബാഗിലേയ്ക്ക്
2020 ജനുവരി 31
സുധീര്‍ നാഥ്

(ഫോട്ടോ: ഷാഹിന്‍ബാഗ് സമരം നയിക്കുന്ന തൊണ്ണൂറ് വയസുള്ള മെഹറുന്നീസയും, എണ്‍പത് പിന്നിട്ട ബല്‍ക്കീസുമ്മയും, എഴുപത് പിന്നിട്ട സര്‍വ്വാരിയും)

രാജ്യത്ത് വ്യാപകമായി പൗരത്ത്വ ബില്ലുമായി ബന്ധപ്പെട്ട സമരങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ അതില്‍ ഷാഹിന്‍ബാഗില്‍ നടക്കുന്ന സ്ത്രീകള്‍ നടത്തുന്ന സമരമാണ് ഇന്ന് ലോക ശ്രദ്ധ പിടിച്ച് പറ്റിയ ഒന്ന്. 2019 ഡിസംബര്‍ 15ന് ഡല്‍ഹിയിലെ ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഷാഹിന്‍ബാഗ്. ജാമിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഷാഹിന്‍ബാഗില്‍ അമ്മമാര്‍ സമരം ആരംഭിച്ചത്. സ്വതവേ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ മടികാണിക്കുന്ന മുസ്ലീം സ്ത്രീകളാണ് ഭൂരിപക്ഷവും സമരമുഖത്തുള്ളത്. തൊണ്ണൂറ് വയസുള്ള മെഹറുന്നീസയും, എണ്‍പത് പിന്നിട്ട ബല്‍ക്കീസുമ്മയും, എഴുപത് പിന്നിട്ട സര്‍വ്വാരിയും അടക്കം ഏതാനും അമ്മമാര്‍ തുടങ്ങിയ സമരം ഇന്ന് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന വലിയ സമര മുഖമായിരിക്കുകയാണ്. മുന്‍പ് സൂചപ്പിച്ച മൂന്ന മുതിര്‍ന്ന സ്ത്രീകള്‍ ഇന്ന് ഷാഹിന്‍ബാദ് ദാദിമാര്‍ എന്ന പേരില്‍ പ്രശസ്തരാണ്. അവരാണ് സമരം തുടങ്ങിയതും, സമരത്തെ നയിക്കുന്നതും. മുലയൂട്ടുന്ന അമ്മമാരടക്കമുള്ള സ്ത്രീകളാണ് തണുപ്പിനേയും വകവെയ്ക്കാതെ ദാദിമാരോടൊപ്പം സമരമുഖത്തുള്ളത് എന്നത് നിസ്സാരവത്കരിക്കാന്‍ സാധിക്കില്ല. 

ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയുടെ സമീപ പ്രദേശമായ ഷാഹിന്‍ബാഗിലെ സ്ത്രീകള്‍ വിദ്യാഭ്യാസപരമായി ഏറെ മുന്നിലാണ്. പൗരത്വവും മനുഷ്യത്വവും ലഭിക്കാതെ ഇന്ത്യയുടെ അയല്‍ രാജ്യമായ മ്യാന്‍മറില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട റോഹിന്‍ഗ്യന്‍ ജനതയ്ക്ക് അഭയം നല്‍കിയിരിക്കുന്നത് ഷാഹിന്‍ബാഗിലെ കാളിന്ദി കുഞ്ച് എന്ന പ്രദേശത്താണ്. പിറന്ന മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട സത്രീകളുടെയും കുട്ടികളുടെയും വൃദ്ധരുടെയും ദയനീയമായ മുഖങ്ങള്‍ അവര്‍ക്ക് പരിചിതമാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന പൗരത്ത്വ ബില്ലിന്‍റെ പാര്‍ശ്വ ഫലങ്ങളെ കുറിച്ച് തികഞ്ഞ ബോധ്യമുണ്ട് ഇവിടുത്തെ സ്ത്രീകള്‍ക്ക്. അതുകൊണ്ടാണ് അവര്‍ ശക്തമായി സമര മുഖത്ത് നില്‍ക്കുന്നത് എന്നാണ് അവര്‍ തന്നെ പറയുന്നത്.

ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ നിന്ന് ഹരിയാനയിലെ ഫരീദാബാദിലേക്ക് ഡല്‍ഹി വഴി കടക്കുന്ന പ്രധാന റോഡുകളില്‍ ഒന്നാണു സമരഭൂമിയായി മാറിയ ഷാഹിന്‍ബാഗ്. ഡല്‍ഹി, യു.പി, ഹരിയാന സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന അന്തര്‍ സംസ്ഥാന പാതകളിലൊന്നില്‍ ഒരു വലിയ സംഘം സ്ത്രീകള്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി രാപകലില്ലാതെ കുത്തിയിരിക്കുന്നു. അവിടെ എത്തുന്നവര്‍ക്ക് സൗജന്യ ചായ നല്‍കി, സൗജന്യ വൈദ്യ സഹായം നല്‍കി, സൗജന്യ വായനശാല ഒരുക്കി സമരത്തോട് എക്യൈദാര്‍ഡ്യം പ്രകടിപ്പിക്കുന്ന ചിലരെ കാണാം. സ്വാതന്ത്രത്തെ കുറിച്ചും, മനുഷ്യാവകാശത്തെ കുറിച്ചും, വിവിധ സമരങ്ങളെ കുറിച്ചും, ഭരണഘടനയെ കുറിച്ചും വായിക്കുവാനുള്ള സാഹചര്യം അവിടെ ഒരുക്കിയിരിക്കുന്നു.

ഷാഹിന്‍ബാഗില്‍ പ്രശസ്തരായ കലാകാരന്‍മാരും, രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരും എത്തുന്നുണ്ട്. അവിടെ എന്നും ദേശഭക്തി ഗാനങ്ങള്‍ കൊണ്ടും, മറ്റും മുഖരിതമാണ്. ചിത്രകാരന്‍മാര്‍ അവരുടെ ചിത്രങ്ങള്‍ തത്സമയം വരച്ച് പ്രതിഷേധിച്ച് പ്രദര്‍ശിപ്പിക്കുന്നു. സമരമുഖം ഒരു സാംസ്കാരിക കേന്ദ്രമായി മാറിയിരിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. ഓരോ ദിവസവും ഷാഹിന്‍ബാഗില്‍ സമരത്തിന് പിന്തുണയുമായി എത്തുന്നവുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പാര്‍ലമെന്‍റ് സമ്മേളനം തുങ്ങെിയിരിക്കുന്ന സാഹചര്യത്തില്‍ വന്‍ ശ്രദ്ധ ഇവിടെ കേന്ദ്രീകരിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.

മുപ്പത്താറു വര്‍ഷങ്ങള്‍ക്ക്മുമ്പ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്ന് ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ വന്ന ഷാരിഖ് അന്‍സാറുല്ല എന്ന ആ വിദ്യാര്‍ത്ഥിയാണ് ഷാഹിന്‍ബാഗ് എന്ന പ്രദേശം ഉണ്ടാക്കിയത്. 1979ല്‍ ജാമിയയില്‍നിന്ന് ബിരുദമെടുത്ത് പിന്നീട് ജെ.എന്‍.യുവിലെ പഠനം കഴിഞ്ഞ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് തുടങ്ങിയ അന്‍സാറുല്ലയില്‍ നിന്നാണ് ഷാഹിന്‍ബാഗിന്‍റെ തുടക്കം. അന്‍സാറുല്ലയുടെ കുടുംബം ജസോല വില്ലേജില്‍ ഭൂമി വാങ്ങി റസിഡന്‍ഷ്യല്‍ കോളനിയുണ്ടാക്കി അതിന് ഷാഹിന്‍ബാഗ് എന്ന് പേരിടുകയായിരുന്നു. ഇഖ്ബാല്‍ കവിതകളിലെ സൈദ്ധാന്തിക വരികളില്‍ ആവേശം കൊണ്ട ചെറുപ്പമായിരുന്നു അന്‍സാറുല്ലയുടേത്.
തൂ ഷാഹിന്‍ ഹേ.. പര്‍വ്വാസ് ഹേ കാം തേരാ..
തേരേ സംനേ ആസ്മാന്‍ ഹേ ഓര്‍ ബി....
(നീ രാജാളിപ്പക്ഷിയാണ്.. പറക്കലാണു നിന്‍റെ ധര്‍മ്മം.. നിനക്കിനിയും പറന്നുയരാന്‍ ഒരുപാട് ആകാശങ്ങളുണ്ട്.) ഇഖ്ബാല്‍ കവിതയിലെ വരികളില്‍ നിന്നാണ് ഷാരിഖ് അന്‍സാറുല്ല ഷാഹിന്‍ബാഗ് എന്ന് പേരിടുന്നത്. ഇപ്പോള്‍ ഈ കവിത സമര മുഖത്ത് യുവാക്കള്‍ ഉറക്കെ പാടുന്നതും കേള്‍ക്കാം.

ഡല്‍ഹിയില്‍ ഫെബ്രുവരി 8ന് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും ഷാഹിന്‍ബാഗിലെ സമരം വലിയ ചര്‍ച്ചയാണ്. ഷാഹിന്‍ബാഗിലെ സമരത്തില്‍ നിന്ന് ജനങ്ങളെ പിന്തരിപ്പിക്കാന്‍ അങ്ങോട്ടുള്ള എല്ലാ വഴികളും അടച്ചിരിക്കുകയാണ്. ഷാഹിന്‍ബാഗ് റോഡ് ഗതാഗതം പുനഃസ്ഥാപിക്കാത്തത് സംബന്ധിച്ചാണ് പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുന്നയിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ പോരായ്മയാണിതെന്ന് അരവിന്ദ് കെജ്രിവാളും സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്ചയാണെന്ന് ബി.ജെ.പിയും ആരോപിക്കുന്നു.

2020ലേയ്ക്ക് രാജ്യം കടന്നപ്പോള്‍ ഷാഹിന്‍ബാഗില്‍ ഒത്തു കൂടിയ പതിനായിരങ്ങള്‍ ഒരുമിച്ച് ദേശിയ ഗാനം പാടി. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ ഷാഹിന്‍ബാഗില്‍ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. ഒപ്പം ദേശീയ ഗാനം ആലപിക്കുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു. ഷാഹിന്‍ബാഗില്‍ ചെല്ലുന്നവര്‍ക്ക് ദേശിയ പതാകമാത്രമേ കാണുവാന്‍ സാധിക്കൂ. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണ അവര്‍ അവകാശപ്പെടുന്നില്ല.

ഷാഹിന്‍ബാഗ് ഇല്ലാത്ത ഡല്‍ഹിക്കായി താമരക്ക് വോട്ട് നല്‍കാന്‍ ആഹ്വാനം ചെയ്ത് കൊണ്ട് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ രംഗത്തെത്തിയിരുന്നു. തൊട്ട് പിന്നാലെ ഷാഹിന്‍ ബാഗിലെ സമരക്കാര്‍ ഡല്‍ഹിയിലെ വീടുകളില്‍ കയറി ബലാത്സംഗം ചെയ്യുമെന്നും, വീടുകള്‍ക്ക് തീയിടുമെന്നാണ് ബിജെപി എംപി പര്‍വേശ് സിംഗ് പറഞ്ഞു.  ബിജെപി ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നാല്‍ അര മണിക്കൂറിനുള്ളില്‍  തലസ്ഥാനത്തെ പ്രതിഷേധം അവസാനിപ്പിക്കും. സര്‍ക്കാര്‍ ഭൂമിയിലുള്ള ഒരു മസ്ജിദും പിന്നീട് ഡല്‍ഹിയില്‍ കാണില്ല. ഇന്ന് പറ്റിയില്ലെങ്കില്‍ മോദിക്കും അമിത് ഷാക്കും നാളെ നിങ്ങളെ രക്ഷിക്കാന്‍ പറ്റിയെന്ന് വരില്ല എന്നാണ് പര്‍വേശ് സിങ് ഡല്‍ഹിയിലെ വോട്ടര്‍മാരോട് പറഞ്ഞത്. ഇത് ഗൗരവത്തോടെയാണ് രാജ്യം കേട്ടത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമായി വേണം അതിനെ കാണുവാന്‍. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമായ പര്‍വേശിനെ പ്രചരണങ്ങളില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

അടുക്കളയില്‍ നിന്ന് ഷാഹിന്‍ബാസിലെ സമരമുഖത്തുള്ള സ്ത്രീകള്‍ സ്ത്രീശാക്തീകരണത്തിന്‍റെ പ്രതീകങ്ങളാണ്. ഷാഹിന്‍ബാഗ് സമരം തീര്‍ച്ചയായും ഡല്‍ഹിയില്‍ നടക്കുന്ന ഫെബ്രുവരി 8ന് നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനേയും ബാധിക്കും. തിങ്കളും, വ്യാഴവും സമരമുഖത്തുള്ള സ്ത്രീകള്‍ നോമ്പ് നോല്‍ക്കുന്നു. ഗാന്ധിയന്‍ സമര രീതിയിലുള്ള സമരമാണ് അവിടെ നടക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ സമരത്തിന് ലോക ശ്രദ്ധ കിട്ടുന്നു.