പ്രവാസികളും, ലോക കേരള സഭയും

പ്രവാസികളും, ലോക കേരള സഭയും
2020 ജനുവരി 03
സുധീര്‍ നാഥ്

സൂര്യനിലും, ചന്ദ്രനിലും മലയാളി ഉണ്ടെന്നാണ് പറയാറ്. മനുഷ്യന്‍ ശൂന്യാകാശത്ത് ഇറങ്ങിയപ്പോ ചായ എടുക്കട്ടെ എന്ന് അവിടെ ചായക്കട നടത്തുന്ന മലയാളി ചോദിച്ചതായും ഒരു തമാശയുണ്ട്. കാര്യം എന്തായാലും ലോകത്തിന്‍റെ എല്ലാ പ്രദേശത്തും മലയാളികള്‍ എത്തപ്പെട്ടിട്ടുണ്ട് എന്നത് വാസ്ഥവമാണ്. ഇന്ത്യയുടെ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ച വി പി മേനോന്‍ മുതല്‍ വര്‍ത്തമാനകാല നേത്യത്ത്വത്തില്‍ മലയാളികളുടെ പങ്ക് വലുതാണ്. പ്രവാസി മലയാളി എന്നാല്‍ കേരളത്തിന് പുറത്തുള്ള എല്ലാ മലയാളികളുമാണെന്ന തിരിച്ചറിവ് അഭിനന്ദനാര്‍ഹമാണ്. മലയാളികള്‍ മറ്റു പ്രദേശത്തേയ്ക്ക് കുടിയേിയിട്ടുണ്ടെങ്കിലും, എവിടേയും അഭയാര്‍ത്ഥിയായിട്ടുണ്ടാകില്ല. മതവും ജാതിയും രാഷ്ട്രീയവും മറന്നുള്ള സാംസ്കാരിക കൂട്ടായ്മകളാണ് ഓരോ മലയാളി കൂട്ടായ്മയും.

ഇന്ത്യന്‍ സമ്പത്ത്ഘടനയെ പിടിച്ച് നിര്‍ത്തുന്നത് പ്രവാസികളുടെ സംഭാവനകള്‍ കൊണ്ടാണെന്നതിന് തര്‍ക്കമില്ല. കേരളം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇന്ത്യയ്ക്ക് കൂടുതല്‍ പ്രവാസികള്‍ ഉള്ളത്. 2000 ത്തില്‍ അതുകൊണ്ട് തന്നെയാണ് പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ കാര്യ മന്ത്രാലയത്തിന് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. എല്‍ എം സാംഗ്വി ചെയര്‍മാനായ കമ്മറ്റിയെ കേന്ദ്ര സര്‍ക്കാര്‍ ഒരു റിപ്പോര്‍ട്ടുണ്ടാക്കാന്‍ നിയമിച്ചു. 2002 ജനുവരി 8ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പെയ് വിദേശ കാര്യ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ സ്വീകരിക്കുകയും, തൊട്ടടുത്ത ദിവസം എല്ലാ ജനുവരി 9നും പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 1915ല്‍ ജനുവരി 9ന് സൗത്ത് ആഫ്രിക്കയില്‍ നിന്ന് അഹമദാബാദിലേയ്ക്ക് മഹാത്മാഗാന്ധി മടങ്ങി എത്തിയ ദിവസത്തിന്‍റെ ഓര്‍മ്മയ്ക്കായാണ് അന്ന് പ്രവാസി ഭാരതീയ ദിവസായി ആഘോഷിക്കാന്‍ തീരുമാനിച്ചത്. 2003 ജനുവരി 9 മുതല്‍ രാജ്യം പ്രവാസി ഭാരതീയ ദിവസ്  ആഘോഷിക്കുന്നു.

2015 വരെ എല്ലാ വര്‍ഷവും പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചിരുന്നു. 2015ന് ശേഷം അത് രണ്ട് വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന പരിപാടിയായി മാറി. ആദ്യത്തേയും രണ്ടാമത്തേയും പ്രവാസി ഭാരതീയ ദിവസ് ഡല്‍ഹിയില്‍ ജനുവരി 7 മുതല്‍ 9 വരെയാണ് നടന്നത്. മൂന്നാമത് 2005ല്‍ ജനുവരി 9 മുതല്‍ 11 വരെ മുബൈയിലും, നാലാമത് 2006ല്‍ ഹൈദ്രബാദിലും, ഏഴാമത് 2009ല്‍ ചെന്നയിലുമാണ് നടന്നത്. അഞ്ച്, ആറ്, എട്ട്, ഒന്‍പത്, പന്ത്രണ്ട് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ ഡല്‍ഹിയില്‍ വെച്ചാണ് നടന്നത്. 2012ല്‍ ജയ്പൂരും, 2013ല്‍ കൊച്ചിയിലും, 2015ല്‍ ഗാന്ധിനഗറിലും (ഗുജറാത്ത്), 2017ല്‍ ബാംഗ്ലൂരിലും വെച്ച് പ്രവാസി സംഗമം നടന്നു. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണസിയിലാണ് 15ാം പ്രവാസി ഭാരതീയ ദിവസം നടന്നത്. 2021 ജനുവരി 9 മുതല്‍ 11 വരെ പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കും. ഇതിന് പുറമെ പ്രാദേശിക പ്രവാസി ഭാരതീയ ദിവസ് ആഘോഷം ലോകത്തിന്‍റെ പലയിടത്തായും കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്.

കേരളത്തെ സംബന്ധിച്ചിടത്തോളം, കേരളസമൂഹവും സംസ്കാരവും ലോകമാകെ വ്യാപിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രവാസി മന്ത്രാലയം രൂപീകരിക്കുന്നതിന് വളരെ മുന്‍പ് 1996ല്‍ കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമത്തിനായി നോര്‍ക്ക എന്ന മന്ത്രാലയം രൂപീകരിച്ചു. വിദേശത്തും, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലും കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പണിയെടുക്കുന്ന കേരളീയരുടെ ക്ഷേമവും അവര്‍ക്കുവേണ്ടുന്ന സഹായങ്ങളും ഉറപ്പുവരുത്തുക, വിദേശത്ത് നിന്നും തിരിച്ചുവരുന്നവരുടെ പുനരധിവാസം, വിദേശ കേരളീയരെ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിന്‍റെ ഒരു വകുപ്പാണ് പ്രവാസി കേരളീയകാര്യ വകുപ്പ് അഥവാ നോര്‍ക്ക (ചഛഞഗഅ: ഠവല ചീി ഞലശെറലിേ ഗലൃമഹശലേെ അളളമശൃെ ഉലുമൃാലേിേ ). കേരളത്തെ കണ്ടാണ് കേന്ദ്രത്തില്‍ പ്രവാസി കാര്യ മന്ത്രാലയം ഉണ്ടായത് എന്ന് പറയുന്നതില്‍ തെറ്റില്ല. നോര്‍ക്കയുടെ സേവനം ലോകത്തിന്‍റെ എല്ലാ ഭാഗത്തും എത്തിയിട്ടില്ല എന്നത് ഒരു വസ്ഥുതയാണ്. നോര്‍ക്കയുടെ പ്രവര്‍ത്തനം വളരെ ഭംഗിയായി മുന്നോട്ട് പോകുന്നുണ്ട്.

പ്രവാസി ഭാരതീയ ദിവസ് രണ്ട് വര്‍ഷത്തില്‍ ഒരിക്കലാക്കി മാറ്റിയതില്‍ വലിയ എതിര്‍പ്പാണ് പ്രവാസ ലോകത്ത് ഉണ്ടായത്.  അത് പ്രവാസികളുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലയളവിന്‍റെ ദൈര്‍ഘ്യം കൂട്ടി. 2018ല്‍ ലോക കേരളസഭ രൂപീകരിക്കുന്നതിനുള്ള പ്രേരണ ഒരു പക്ഷെ അതാകാനും സാധ്യത ഉണ്ട്. ലോക കേരള സഭയും രണ്ട് വര്‍ഷത്തിലൊരിക്കലാണ്. പ്രവാസി ഭാരതീയ ദിവസ് ഇല്ലാത്ത വര്‍ഷങ്ങളിലാണ് ലോക കേരള സഭ നടക്കുക. 2018ല്‍ ആദ്യ സമ്മേളനം നടത്തുകയുണ്ടായി. ലോക കേരള സഭ രൂപീകരിച്ചതിന് പിന്നാലെയാണ് കേരളത്തെ പിടിച്ച് കുലുക്കിയ പ്രളയം വന്നത്. കേരളത്തിന് ക്കൈതാങ്ങാകാന്‍ പ്രവാസി മലയാളികള്‍ ക്കൈകോര്‍ത്തത് നമ്മള്‍ കണ്ടതാണ്. കേരളത്തിന്‍റെ പുനര്‍നിര്‍മ്മിതിക്ക് ലോക കേരള സഭ വലിയ പങ്ക് വഹിച്ചു എന്ന് നിസംശയം പറയാം.

ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിര്‍വഹിക്കുകയാണ് ലോക കേരളസഭ രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്കാരത്തിന്‍റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം. ലോക കേരള സഭയുടെ അംഗബലം 351 ആയിരിക്കും. കേരള നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗങ്ങളും സഭയിലെ അംഗങ്ങലായിരിക്കും. ലോക കേരള സഭയിലേക്ക് നിയമസഭാംഗങ്ങളും പാര്‍ലമെന്‍റ് അംഗങ്ങളും ഒഴികെയുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും.

രണ്ടാമത് ലോക കേരള സഭയുടെ മൂന്ന് ദിവസത്തെ സമ്മേളനം അവസാനിക്കുമ്പോള്‍ ഒട്ടേറെ പ്രതീക്ഷകളാണ് പ്രവാസി മലയാളികളില്‍ ഉണ്ടാക്കിയത്. നിയമപരിരക്ഷ പ്രവാസികള്‍ക്ക് ലഭിക്കുമെന്നത് ഏറെ പ്രതീക്ഷ ഉണ്ടാക്കുന്ന ഒന്നാണ്. പ്രവാസികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ നിരത്തുവാന്‍ ഒരു വേദിയായി മാറി എന്നതാണ് മറ്റൊരു സവിശേഷത. പ്രതിപക്ഷം വിട്ടു നിന്നെങ്കിലും അത് സമ്മേളനത്തെ ബാധിച്ചില്ല. കോണ്‍ഗ്രസ്സ്, ലീഗ് ബന്ധമുള്ള പ്രവാസി നേതാക്കള്‍ ലോക കേരള സഭയില്‍ പങ്കെടുക്കുകയും സംസ്ഥാനത്തെ യുഡിഎഫ് നേതാക്കളെ വിമര്‍ശിക്കുന്നതും കണ്ടു.