ഡല്‍ഹിയില്‍ ജംബോ സര്‍ക്കസ്

ഡല്‍ഹിയില്‍ ജംബോ സര്‍ക്കസ്
2020 ജനുവരി 24
സുധീര്‍ നാഥ്

കോണ്‍ഗ്രസ്സിന് മാത്രമല്ല, ബിജെപിയുടേയും സംസ്ഥാന സമിതി രൂപീകരിക്കുന്ന ചര്‍ച്ചകളാണ് ഡല്‍ഹിയില്‍ തകര്‍ത്ത് നടക്കുന്നത്. കോണ്‍ഗ്രസ്സിലെ നേതാക്കളെ സമാധാനിപ്പിക്കാന്‍ ജംബോ പട്ടികയാണ് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഹൈക്കമാന്‍റിന് സമര്‍പ്പിച്ചത് എന്നത് വാര്‍ത്തയായി. ഒടുവില്‍ 47 പേരുടെ ജംബോڔനേത്യത്ത്വ പട്ടിക പുറത്ത് വന്നിരിക്കുകയാണ്. ബിജെപിയുടെ നേതാക്കള്‍ കോണ്‍ഗ്രസ്സിന്‍റെ ജംബോ സര്‍ക്കസ് മാത്യകയാക്കുകയാണോ എന്ന് സംശയം തോന്നാതിരുന്നില്ല. കാരണം, ബിജെപി നേത്യത്ത്വത്തിലെത്താന്‍ വന്‍ ലിസ്റ്റുകളാണ് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തികൊണ്ടിരിക്കുന്നു.

കേരളം തദ്ദേശഭരണ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അതിന് മുന്‍പായി തര്‍ക്കങ്ങളില്ലാതെ പാര്‍ട്ടി നേതാക്കളെ നിശ്ചയിക്കുക എന്നതാണ് കോണ്‍ഗ്രസ്സും, ബിജെപിയും ശ്രമിക്കുന്നത്. ഇരു പാര്‍ട്ടികളിലും  നേതാക്കളുടെ എണ്ണം കൂടുതലായത് ശ്രമങ്ങളെ അസ്ഥാനത്താക്കും എന്നതില്‍ സംശയമില്ല. എല്ലാ നേതാക്കളേയും എങ്ങിനെ സന്തോഷിപ്പിക്കും എന്നതാണ് ഇരു പാര്‍ട്ടികളുടേയും കേന്ദ്ര നേത്യത്ത്വം തലപുകഞ്ഞ്

കെപിസിസി പുനര്‍സംഘടിപ്പിക്കാന്‍ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ച തുടര്‍ന്നു കൊണ്ടിരിക്കയാണ്. ഒരു വിട്ടു വീഴ്ച്ചയ്യ്ക്കും തയ്യാറല്ലെന്നാണ് എല്ലാ ഗ്രൂപ്പ് നേതാക്കളും നിലപാടെടുത്തിരിക്കുന്നത്. ഗ്രൂപ്പില്ലാത്ത നേതാക്കളും വിട്ടു വീഴ്ച്ചയ്ക്ക് ഇല്ലെന്നാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് ഒരു ജംബോ ഭാരവാഹി പട്ടിക ഹൈകമാന്‍റിനെ ഏല്‍പ്പിച്ചു. പട്ടിക കണ്ട് അത് നോക്കി കണ്ണ് തള്ളി ഇരിക്കുകയാണ് ഹൈകമാന്‍റ് എന്നാണ് സംസാരം.

ഒരു വീട്ടില്‍ ഒരു കെപിസിസി ഭാരവാഹി എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ പരിഹാസ ശരങ്ങള്‍ എയ്ത് കോണ്‍ഗ്രസ്സിനെ കളിയാക്കി. എന്തായാലും ജംബോ പട്ടിക വെട്ടിചുരുക്കി ചെറിയ ഭാരവാഹി പട്ടിക ഇറക്കി സമാധാകൊടി വീശിയിരിക്കുകയാണ് ഹൈകമാന്‍റ്.  ഒരാള്‍ക്ക് ഒരു പദവി എന്ന മുല്ലപ്പള്ളി ഫോര്‍മുലയ്ക്കെതിരെ പല പ്രമുഖ നേതാക്കള്‍ ചീറ്റപുലികളെ പോലെ എത്തുകയുണ്ടായി എന്നത് സത്യം. വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, എ പി അനില്‍ കുമാര്‍ എന്നീ നേതാക്കള്‍ തങ്ങളെ കെപിസിസി ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കണ്ട എന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇവര്‍ എഐസിസിക്ക് കത്തയക്കുകയും ചെയ്തു. ഒരാള്‍ക്ക് ഒരു പദവി എന്ന വാദത്തെ അനുകൂലിച്ചാണ് ഇവര്‍ ഈ നിലപാടെടുത്തത്.

12 വൈസ് പ്രസിഡന്‍റ് നേതാക്കളുടേയും, 34 ജനറല്‍ സെക്രട്ടറി നേതാക്കന്‍മാരും, ഒരു ട്രഷററുമാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന മിനി ജംബോ പട്ടികയിലുള്ളത്. വര്‍ക്കിങ്ങ് വൈസ് പ്രസിഡന്‍റ് എന്ന തസ്തിക ഇനി വേണോ എന്ന് ചര്‍ച്ച നടക്കുന്നു എന്നാണ് അറിയുന്നത്. 6 വര്‍ക്കിങ്ങ് പ്രസിഡന്‍റ് മാര്‍ എന്തിനെന്നാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന ഒരു ചോദ്യം. കെപിസിസി പ്രസിഡന്‍റിനെ കുറച്ച് കാണിക്കാനാണോ അതെന്ന ചര്‍ച്ചയും അവിടെ നടന്നതായാണ് അറിഞ്ഞത്. ആദ്യ പട്ടികയില്‍ ജനപ്രതിനിധികളില്ല എന്നത് മുല്ലപ്പള്ളിയുടെ വിജയമായി കണക്കാക്കാം. രണ്ടാം ഘട്ട പട്ടിക ഫെബ്രുവരി രണ്ടാം വാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡല്‍ഹിയിലെ കേരള ഹൗസില്‍ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ പലതും നടന്നത്. അത് കൊണ്ട് തന്നെ കേരള ഹൗസ് പരിസരം ഖദര്‍ ധാരികളായ നേതാക്കളുടെ സംഘമസ്ഥലമായി. തിരഞ്ഞെടുപ്പിന് സ്ഥാനര്‍ത്ഥികളെ തീരുമാനിക്കുന്ന അവസരത്തില്‍ സമാനമായ കോണ്‍ഗ്രസ്സ് സംഘമം കേരള ഹൗസില്‍ പതിവാണ്. ഇതിനിടെ പ്രമുഖ ഗ്രൂപ്പ് നേതാക്കള്‍ കേരളത്തിലേയ്ക്ക് രണ്ട് ദിവസത്തേയ്ക്ക് പോയത് കുട്ടി നേതാക്കള്‍ക്ക് വിനോദയാത്രയ്ക്ക് അവസരം ലഭിച്ചു. ജയ്പൂര്‍ ആഗ്രാ ത്രികോണ ടൂറും, സുവര്‍ണ്ണ ക്ഷേത്ര യാത്രയും നടത്തിയാണ് പലരും രണ്ട് ദിവസം ചിലവിട്ടത്. ഇതിനിടയില്‍ പ്രമുഖ ഗ്രൂപ്പ് നേതാവ് അടിയന്തിരമായി ഡല്‍ഹിയില്‍ തിരിച്ചെത്തി എന്നറിഞ്ഞ് വിനോദ യാത്ര വെട്ടി ചുരുക്കി മടങ്ങിയ കുട്ടി നേതാക്കളും ഉണ്ട്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ മാത്രമല്ല ജില്ലാ അദ്ധ്യക്ഷന്‍മാരേയും നിയമിക്കാനുള്ള ജംബോ ചര്‍ച്ചയാണ് നടക്കുന്നത്. എല്ലാവരും നേതാക്കളായതാണ് ബിജെപിയേയും കേരളത്തില്‍ അലട്ടുന്നത്. കേരളത്തിലെ പ്രശ്നങ്ങള്‍ കേരളത്തില്‍ തന്നെ തീര്‍ത്തിട്ട് വന്നാല്‍ മതിയെന്നാണ് ബിജെപി കേന്ദ്ര നേത്യത്ത്വത്തിന്‍റെ നിലപാട്. അതൊട്ട് സാധിക്കുന്നില്ല എന്നതാണ് വാസ്ഥവം. എല്ലാവരേയും സന്തോഷിപ്പിച്ച് കോണ്‍ഗ്രസ്സിനെ പോലെ ജംബോ പട്ടിക തന്നെയാണ് കേരളത്തില്‍ നിന്ന് ബിജെപി കേന്ദ്ര ഓഫീസില്‍ എത്തിയത്. കോണ്‍ഗ്രസ്സ് ഹൈകമാന്‍റ് പോലെ ജംബോ പട്ടിക കണ്ട് ബിജെപി കേന്ദ്ര നേത്യത്ത്വവും ഞെട്ടി തരിച്ചിരിക്കയാണ്.

ബിജെപിയുടെ കേരള സംസ്ഥാന അദ്ധ്യക്ഷന്‍മാര്‍ തുടര്‍ച്ചയായി ഗവര്‍ണ്ണര്‍മാരാകുന്ന കാഴ്ച്ചയാണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്. കേരള ഗവര്‍ണ്ണറാകട്ടെ ബിജെപി അദ്ധ്യക്ഷനെ പോലെ പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപവും വ്യാപകമാണ്. ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷ പദവി കാലിയായി കിടക്കുകയാണ്. ഈ ഒരു സാഹചര്യത്തില്‍ ബിജെപിയുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷനായി ഗവര്‍ണറെ തന്നെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്ന് വന്നാല്‍ കുറ്റം പറയുവാനും കഴിയില്ലല്ലോ...