താഹിറയായി താഹിറ

താഹിറയായി താഹിറ
സുധീര്‍ നാഥ്

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങലൂര്‍ എന്ന പ്രദേശം കാലങ്ങളായി സമാന്തര സിനിമകളുടെ ഒരു കേന്ദ്രമാണ്. 2019ല്‍ തന്നെ ഏറിയാട് പഞ്ചായത്തില്‍ നിന്ന് മാത്രം നാല് സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടു എന്നത് അതിന് തെളിവാണ്. മറ്റ് പ്രദേശങ്ങളിലെ യുവാക്കളുടെ കൂട്ടായ്മ നാടക അവതരണങ്ങളില്‍ ശ്രദ്ധിക്കുമ്പോള്‍ കൊടുങ്ങലൂരിലും പരിസരത്തും സിനിമകളാണ് ഉണ്ടാകുന്ന് എന്ന പ്രത്യേകത എടുത്ത് പറയേണ്ടതാണ്. സിനിമയില്‍ തത്പരരായ ഒരു കൂട്ടം ആളുകള്‍ പ്രാദേശികമായി പണം കണ്ടെത്തിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം കൊടുങ്ങല്ലൂരില്‍ നിന്ന് നിര്‍മ്മിക്കപ്പെട്ട സിനിമകളില്‍ താഹിറ ഏറ്റവും കൂടുതല്‍ പ്രശംസ പിടിച്ചു പറ്റി. അതിന് കാരണം അതിലെ പ്രമേയം തന്നെയാണ്. കൊടുങ്ങല്ലൂരില്‍ കൂടാതെ ഡല്‍ഹിയിലും, ചെന്നയിലും ക്ഷണിക്കപ്പെട്ടവര്‍ക്ക് മുന്നില്‍ സിനിമ പ്രദര്‍ശിപ്പിച്ചു. മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡിസംബറില്‍ തന്നെ തീയറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് പിന്നണി പ്രവര്‍ത്തകര്‍.
കൊടുങ്ങലൂരിലെ എറിയാട് ഗ്രാമപഞ്ചായത്തില്‍ സ്നേഹ കുടുംബശ്രീ യൂണിറ്റിലെ അംഗമായ 41 വയസ്സുകാരിയാണ് അവിവാഹിതയായ താഹിറ. ചെറു പ്രായത്തില്‍ മാതാവ് നഷ്ടപ്പെട്ട താഹിറയ്ക്ക് പിതാവ് മരണപ്പെട്ടതോടെ ഏഴാം ക്ലാസ്സില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിതാവിന്‍റെ ജോലികള്‍ ഏറ്റെടുത്ത് നാല് സഹോദരിമാരുടെ ജീവിതം ഭദ്രമാക്കിയ താഹിറ സ്വന്തം ജീവിതം മറന്നു. ചെമ്മീന്‍ കിള്ളല്‍, പശു വളര്‍ത്തല്‍, കറവ, വീടുപണി, മത്സ്യബന്ധനം തുടങ്ങി താഹിറ ചെയ്യാത്ത ജോലികളില്ല. അവളുടെ അതിജീവനത്തിന്‍റെ കഥയാണ് സിദ്ധീക്ക് പറവൂര്‍ എന്ന സംവിധായകന്‍ താഹിറ എന്ന ചിത്രത്തിലൂടെ പറയുന്നത്. ജീവിതത്തില്‍ ഇതുവരെ ക്യാമറക്കുമുന്നില്‍ പ്രത്യക്ഷപ്പെടാത്ത താഹിറ തന്നെയാണ് സിനിമയിലും താഹിറയായി വേഷമിടുന്നത്. സിനിമയില്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്തിരിക്കുന്നത് എന്ന് അവര്‍ സമ്മതിക്കുന്നു.
യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് സിനിമയ്ക്കായി കൂട്ടി ചേര്‍ക്കപ്പെട്ട കഥാപാത്രമാണ് അന്ധനായ നായക കഥാപാത്രം ബിച്ചാപ്പു. മലപ്പുറത്തെ പെരിന്തല്‍മണ്ണയിലെ കെ എം മാത്യു ഫിലോമിനാ മാത്യു ദമ്പതികളുടെ നാല് മക്കളില്‍ നാലാമനായ അന്ധനായ ക്ലിന്‍റ് മാത്യൂ എന്ന 31 വയസ്സുകാരന്‍ താഹിറ സിനിമയിലെ നായകനായി എത്തുന്നു. അദ്ദേഹം തന്നെയാണ് സിനിമയിലെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നതും. അങ്ങിനെ വ്യത്യസ്ഥമായ രണ്ട് അതിജീവനങ്ങളുടെയും കഥ പറയുന്നു താഹിറ എന്ന സിനിമ. അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിച്ച് ജീവിതം വിശുദ്ധമാക്കി മുന്നേറാന്‍ സഹജീവികള്‍ക്ക് പ്രചോദനമാകുന്നു. സാധാരണക്കാരും കുടുംബശ്രീ അംഗങ്ങളും അഭിനയത്തിന്‍റെ കെട്ടുപാടുകളില്ലാതെ ഈ സിനിമയില്‍ ജീവിക്കുന്നു.
ഒരു യഥാര്‍ത്ത ജീവിത കഥയെ അടിസ്ഥാനപ്പെടുത്തി ചട്ടപ്പെടുത്തിയ സിനിമയില്‍ കഥയിലെ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ തന്നെ ജീവന്‍ നല്‍കുന്നു എന്നത് പ്രത്യേകതയാണ്. അഭിനയം അറിയാത്ത ഒരു കൂട്ടം ഏറിയാട്ടിലെ മനുഷ്യരെ, അവരറിയുന്ന താഹിറ എന്ന സ്ത്രീയുടെ ജീവിതകഥയില്‍ ഒപ്പം ചേര്‍ത്ത സംവിധായകന്‍ അതുകൊണ്ട് തന്നെ അഭിനന്ദനം അര്‍ഹിക്കുന്നു. സിനിമയില്‍ ആര്‍ക്കും അഭിനയിക്കേണ്ടി വന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 
സുറുമയെഴുതിയ മിഴികളില്‍ പ്രണയമധുര തേന്‍ തുളുമ്പും സൂര്യകാന്തിപ്പൂക്കളെ... എന്ന പഴയ സിനിമാ ഗാനം പാടി നടക്കുന്ന അന്ധനായ നായകന്‍ ജീവിത ചിലവുകള്‍ കണ്ടെത്തുന്നത് അതുവഴിയാണ്. സൗന്ദര്യമെന്നത് കണ്ട് മനസിലാക്കാന്‍ സാധിക്കാത്ത അന്ധനായ നായകന്‍ സുന്ദരിയായ ഭാര്യയെ ലഭിക്കുവാനാണ് അലയുന്നത്. ബാഹ്യ സൗന്ദര്യമല്ല സൗന്ദര്യമെന്ന ജിബ്രാന്‍ മാഷിന്‍റെ വാക്കുകളില്‍ അയാള്‍ വിശ്വസിക്കുന്നു. ജിബ്രാന്‍ മാഷ് പറഞ്ഞാ കറക്ടാണ് ട്ടാ... എന്ന ഡയലോഗ് നായകന്‍ പലകുറി പറയുന്നതില്‍ നായകനില്‍ ജിബ്രാന്‍ മാഷിലുള്ള വിശ്വാസം എത്രമാത്രമാണ് ഉള്ളതെന്ന തിരിച്ചറിവ് ഉണ്ടാകുന്നു. ജീവിതത്തിലെ സുന്ദര കാലം കഴിഞ്ഞ താഹിറയിലെ സൗന്ദര്യം, സ്നേഹവും കരുതലുമാണെന്ന തിരിച്ചറിവ് അന്ധനായ ബിച്ചാപ്പുവിലൂടെ പ്രേക്ഷരിലേയ്ക്ക് പകരുന്നുണ്ട് സിനിമയില്‍.

നല്ല ഒരു കൈത്താങ്ങ് ഉണ്ടെങ്കില്‍ ജീവിതത്തില്‍ ഒരു സാധാരണക്കാരനെപ്പോലെ കുടുംബ പോറ്റാനും വിവാഹജീവിതം നയിക്കാനും നല്ല സാമൂഹ്യജീവിയായി ഉയരാനും സാധിക്കും എന്ന ഒരു സന്ദേശം ബിച്ചാപ്പൂ എന്ന കഥാപാത്രത്തിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ സിനിമയ്ക്ക് സാധിച്ചു എന്നാണ് നായക കഥാപാത്രമായി വേഷമിട്ട ക്ലിന്‍റ് മാത്യു അഭിപ്രയപ്പെടുന്നത്. വളരെ ചിലവ് ചുരുക്കി നിര്‍മ്മിച്ച സിനിമ ഇതിനകം ഏറെ ചര്‍ച്ചയായിരിക്കുകയാണ്. സിനിമയുടെ ക്യാമറ, എഡിറ്റിംഗ് സുല്‍ഫി അസോ. ഡയറക്ടര്‍ റഷീദ് മുഹമ്മദ്, അസി. ഡയറക്ടര്‍ വിപിന്‍നാഥ്, കലാ സംവിധാനം ജ്യോതിന്‍ വൈശാഖ്, പശ്ചാത്തല സംഗീതം അരുണ്‍ പ്രസാദ്, ഡിസൈന്‍ ഡാവിഞ്ചി സുരേഷ് എന്നിവരാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.