നമുക്ക് അടിച്ച് പൊളിക്കാം...

നമുക്ക് അടിച്ച് പൊളിക്കാം...
സുധീര്‍ നാഥ്

ചെറിയ കണ്ണുകള്‍, വലിയ ശരീരം, എപ്പോഴും സന്താഷവാനായ മനുഷ്യന്‍. കയര്‍ക്കുന്നതോ, ദേഷ്യപെടുന്നതോ കണ്ടിട്ടില്ല. വലിയ വലിയ നേട്ടങ്ങള്‍ രാജ്യാന്തര തലത്തില്‍ ലഭിച്ചതിന്‍റെ ഒരു അഹങ്കാരമോ, തലക്കനമോ ഇല്ലാതെ സ്വതന്ത്രനായി നടന്നവന്‍. എന്താ നമ്മളെ മറന്നോ....? എന്ന് എപ്പോഴും ചോദിക്കുന്ന തോമാച്ചന്‍ ഇനി ഇല്ല. നമുക്ക് അടിച്ച് പൊളിക്കാം... എന്ന് ഇനി തോമാച്ചന്‍ പറയില്ല... കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയായപ്പോള്‍ മികച്ച നിലവാരമുള്ള പരിപാടികള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞത് ഓര്‍ക്കുന്നു. ജീവിതത്തില്‍ എന്നും ആഘോഷം മാത്രമായിരുന്നു തോമസ് ആന്‍റണിക്ക്. വലിയ സൗഹ്യദ വലയമുള്ള അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹം.

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജിയുടെ 150 ാം ജന്‍മവാര്‍ഷികത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ഒരുക്കിയ വരകളില്‍ മഹാത്മ എന്ന കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ പ്രദര്‍ശനം നൂറോളം കേന്ദ്രങ്ങളില്‍ നടത്തിയതിന് നേത്യത്ത്വം നല്‍കിയത് മറ്റാരുമായിരുന്നില്ല. പോലീസ് സ്റ്റേഷനുകളില്‍ കാര്‍ട്ടൂണുകള്‍ എന്ന ആശയം തോമസ് ആന്‍റണിയുടെ ആയിരുന്നു. അതിനായി അദ്ദേഹത്തോടൊപ്പം തയ്യാറാക്കിയ കാര്‍ട്ടൂണുകളുടെ ശേഖരം മാസങ്ങള്‍ക്ക് മുന്‍പേ പോലീസ് ആസ്ഥാനത്ത് അവതരിപ്പിച്ചത് ഓര്‍ക്കുന്നു. മുന്‍ മുഖ്യമന്ത്രിമാരുടെ കാരിക്കേച്ചറുകളുടെ പ്രദര്‍ശനത്തിന് ഒരുങ്ങുകയായിരുന്നു അദ്ദേഹം. തന്‍റെ വ്യത്യസ്ഥമായ കാര്‍ട്ടൂണ്‍ രചനാ രീതികള്‍ വ്യത്യസ്ഥ കേന്ദ്രങ്ങളില്‍ ചിത്രീകരിച്ച് പുതു തലമുറയ്ക്കും, ചിത്രകാരന്‍മാര്‍ക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിസ്മയം തീര്‍ക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം.

2020 ഫെബ്രുവരി 17ന് കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കാന്‍ എത്താമെന്ന് പറഞ്ഞ തോമസ് ആന്‍റണി തന്‍റെ പതിവ് ഡയലോഗ് കാച്ചി. 17ന് നമുക്ക് അടിച്ച് പൊളിക്കാം... ചിത്രകലാ പരിഷത്ത് വീണ്ടും സജീവമായി എന്ന സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം പറഞ്ഞത് 12ന് ഞങ്ങള്‍ മലപ്പുറത്ത് അടിച്ച് പൊളിക്കാന്‍ പോകുകയാണ് എന്നാണ്. എന്നെ കൊണ്ട് മലപ്പുറം പരിപാടിയുടെ പോസ്റ്റര്‍ എല്ലാ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിക്കാന്‍ തോമാച്ചന്‍ നിര്‍ബന്ധിച്ചു. മലപ്പുറം പരിപാടിക്ക് എത്തിയ അദ്ദേഹത്തിന്‍റെ മരണ വാര്‍ത്തയും, വിവരങ്ങളും കൂടി ചെയ്യണ്ടി വന്നു എന്നതാണ് ഏറെ ദുഖകരം.

ഇന്ത്യയില്‍ നിലവിലുള്ള കാരിക്കേച്ചര്‍ സങ്കല്‍പ്പങ്ങളെ തകിടം മറിച്ച കലാകാരനായിരുന്നു തോമസ് ആന്‍റണി. അന്തര്‍ദേശിയ തലത്തിലെ കലാകാരന്‍മാരോടൊപ്പം കിടപിടിക്കുന്ന രചനകളിലൂടെ തോമസ് ആന്‍റണി ലോക കാരിക്കേച്ചര്‍ രംഗത്ത് ഇടം പിടിച്ച കലാകാരനായിരുന്നു. മലയാളികള്‍ക്കിടയില്‍ എത്രകണ്ട് അദ്ദേഹം പ്രശസ്തനായിരുന്നു എന്നത് സംശയമാണ്. ഇന്ത്യന്‍ സമൂഹത്തിനായി വരയ്ക്കുവാനും അദ്ദേഹത്തിന് സാധിക്കുമായിരുന്നു. പക്ഷെ തോമസ് ആന്‍റണി എന്നും ഓര്‍ക്കുക ഒരു വ്യക്തിയെ വക്രീരിച്ച് കാരിക്കേച്ചറില്‍ ചിത്രീകരിക്കുമ്പോഴും, അയാളുടെ രൂപസാദ്യശ്യത്തിന് മാറ്റം വരുന്നില്ല എന്ന മാന്ത്രികതയാണ്.

കേരള ലളിത കലാ അക്കാദമിയുടെ 2019ലെ വാര്‍ഷിക പ്രദര്‍ശന ഗ്രാന്‍റിന് കാരിക്കേച്ചറില്‍ തോമസ് ആന്‍റണിക്കും, കാര്‍ട്ടൂണിന് എനിക്കുമാണ് ലഭിച്ചിരുന്നത്. കായംകുളത്ത് ശങ്കര്‍ സ്മാരകത്തില്‍ നടന്ന എന്‍റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കാണുവാന്‍ തോമസ് ആന്‍റണി ഭാര്യയേയും മകനേയും കൂട്ടിയാണ് എത്തിയത്. കുടുംബ സമേതം എത്തി ഏറെ സമയം ചിലവഴിച്ച അദ്ദേഹം എന്നും മാര്‍ഗ്ഗ ദര്‍ശിയായിരുന്നു. 2019 ലെ ക്രിസ്തുമസും, 2020 ലെ പുതുവര്‍ഷവും കുടുബസമേതം  ചെന്നയില്‍ ആഘോഷിച്ച അദ്ദേഹം അതേകുറിച്ച് പറഞ്ഞത് വീണ്ടും വീണ്ടും കാതുകളില്‍ അടിക്കുന്നു. ഞങ്ങള്‍ ചെന്നയില്‍ അടിച്ച് പൊളിക്കയല്ലേ... 2020 ജനുവരി 11ന് തോമസ് ആന്‍റണി വീണ്ടും വിളിച്ചു. നമുക്കൊന്ന് അടിച്ച് പൊളിക്കണ്ടേ... ജനുവരി 12ന് പുലര്‍ച്ചെ വാര്‍ത്ത എത്തി. തോമസ് ആന്‍റണി പോയി.