തിരഞ്ഞെടുപ്പിലെ രസകൂട്ടുകള്‍
വിജയ് ചൗക്ക്
സുധീര്‍നാഥ്
കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് ഒരു ഉത്സവ പ്രതീതിയിലാണ്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ ഒരു ഉത്സവപ്രതിനിധി ഉണ്ടാകാറില്ല. പാര്‍ലമെന്‍റിലേക്കോ, നിയമസഭയിലേക്കോ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കോ നടക്കുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഇങ്ങനെ തന്നെയാണ് കേരളത്തില്‍. രാജ്യത്തിന്‍റെ മറ്റു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വോട്ടര്‍മാര്‍ പലരും പ്രചാരണം പോലും അറിയുന്നില്ല. പക്ഷേ, കേരളത്തില്‍ അത് മറിച്ചാണ്. അരയും തലയും മുറുക്കി ഓരോ മുന്നണിയുടെ പ്രവര്‍ത്തകരും പ്രചാരണത്തിനിറങ്ങുന്നു. വാശിയേറിയ വാതുവെപ്പുകളും, വാശിയേറിയ പ്രസംഗങ്ങളും നമുക്ക് ഈ കാലയളവില്‍ കാണാവുന്നതാണ്. വ്യാപകമായ പരസ്യപ്രചരണങ്ങളും, ചുരെഴുത്തും, ഹോഡിങ്ങും നമുക്ക് കാണാം. മാറിയ സാഹചര്യത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം അതിശക്തമാണ്. ജെന്‍സി യുഗത്തിലെ റീലുകളും ഹിറ്റാണ്.
തിരഞ്ഞെടുപ്പുകളിലെ രസകരമായ ഒട്ടേറെ കാര്യങ്ങള്‍ നമുക്ക് ഇവിടെ ചര്‍ച്ച ചെയ്യാം. അതില്‍ ഏറ്റവും പ്രധാനമാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് തലവേദന ഉണ്ടാക്കുന്ന അപരന്മാര്‍. പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ പേരിന് സമാനമായ പേരുകള്‍ ഉള്ളവരാണ് അപരന്മാരായി മത്സരരംഗത്ത് ഉണ്ടാവുക. ഈ വരുന്ന തിരഞ്ഞെടുപ്പിലും അപരന്മാര്‍ ധാരാളമായി ഉണ്ട്. കേരളത്തില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ അപരന്മാരുടെ ശല്യം കൂടിക്കൂടി വരികയാണ്. നിരവധി മണ്ഡലങ്ങളില്‍ അപരന്മാരുടെ സാന്നിധ്യം പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ വലയ്ക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രി മുഹമ്മദ് റിയാസ്, മുന്‍ മന്ത്രി കെ.കെ ശൈലജ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്ക് അപരന്മാരുണ്ട്. അപരന്മാരെ മത്സരരംഗത്തുനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ സജീവമാണ്.
ഒരു മുന്നണിയില്‍ നിന്ന് മറ്റു മുന്നണിയിലേക്ക് കാലു മാറുന്ന ഒരു പ്രവണത രാഷ്ട്രീയ പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കും ഉണ്ട്. എല്ലാ മുന്നണികളില്‍ നിന്നും മറ്റൊരു മുന്നണിയിലേക്ക് മാറുക എന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമായിരിക്കുകയാണ്. ഇങ്ങനെ കൂറുമാറുന്നതിനോടൊപ്പം ഡീലും ഉണ്ടെങ്കിലോ...? ഡീലാണ് ഇപ്പോള്‍വ്യാപകമായി ചര്‍ച്ച നടത്തുന്ന വിഷയം എന്നത്കൊണ്ട് പഴയൊരു ഡീലിന്‍റെ സംഭവ കഥ പറയാം. ഒപ്പം മുന്നണി മാറ്റവും. വി കെ കൃഷ്ണമേനോന്‍റെ നയങ്ങളും രീതികളും കനത്ത വിമര്‍ശനത്തിന് കോണ്‍ഗ്രസിന്‍റെ ദേശിയ തലത്തില്‍ വിധേയമായി. 1962 ഒക്ടോബറില്‍ ഇന്ത്യാ-ചൈനാ യുദ്ധത്തിലെ പരാജയത്തെയും ഇന്ത്യന്‍ സൈന്യത്തിന്‍റെ തയ്യാറെടുപ്പില്ലായ്മയെയും കാരണം അദ്ദേഹത്തിന് പ്രതിരോധ മന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടിവന്നു. 1967ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. നെഹ്റുവിന്‍റെ മരണത്തിന് ശേഷം മകള്‍ ഇന്ദിരാ ഗാന്ധിയില്‍ നിന്ന് വേണ്ടത്ര പരിഗണന വി കെ കൃഷ്ണമേനോന് ലഭിച്ചില്ല. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് വന്നാണ് 1971-ല്‍ തിരുവനന്തപുരത്ത് നിന്ന് സ്വതന്ത്രനായി ഇടതുപക്ഷ രാഷ്ട്രീയ പിന്തുണയോടെ പാര്‍ലമെന്‍റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റ് പിന്തുണ ലഭിക്കാന്‍ കാരണമായത് വി കെ കൃഷ്ണമേനോന്‍റെ കമ്മ്യൂണിസ്റ്റ് അനുഭാവവും, മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന് വേണ്ടി 1967 നവംബര്‍ 9ന് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിന്‍റെ പേരിലുള്ള കോടതിയലക്ഷ്യ കേസ് ഹൈകോടതിയിലും സുപ്രീം കോടതിയിലും വാദിച്ചതാണ്.
ഇടതുപക്ഷ അനുഭാവിയായിരുന്ന വി കെ കൃഷ്ണമേനോന്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ കാരണം അന്നത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയ നേതാവായിരിക്കുമ്പോഴും, യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കുമ്പോഴും ഡല്‍ഹിയിലെത്തുന്ന വയലാര്‍ രവിക്ക് എപ്പോഴും രാഷ്ട്രീയ സംരക്ഷണം നല്‍കിയിരുന്നത് വി കെ കൃഷ്ണമേനോന്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ വീട്ടില്‍ തന്നെയായിരുന്നു ഡല്‍ഹിയില്‍ എത്തിയാല്‍ വയലാര്‍ രവി താമസിക്കുക. രാഷ്ട്രീയ ഗുരുവായി തന്നെ വയലാര്‍ രവി വി കെ കൃഷ്ണമേനോനെ കാണുകയും ചെയ്യുന്നു. വി കെ കൃഷ്ണമേനോന്‍ കോണ്‍ഗ്രസ് രാഷ്ട്രീയ ഉപേക്ഷിച്ചെങ്കിലും ശിഷ്യനായ വയലാറിയുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. വയലാര്‍ രവി മേഴ്സി രവിയെ വിവാഹം ചെയ്തപ്പോള്‍ ഡെക്കാന്‍ ഹെറാള്‍ഡിന്‍റെ എറണാകുളം മാധ്യമ പ്രതിനിധിയായി ജോലി വാങ്ങിച്ചു നല്‍കിയത് വി കെ കൃഷ്ണമേനോന്‍ ആയിരുന്നു. ജീവിതമാര്‍ഗമായി ഡെക്കാന്‍ ഹെറാള്‍ഡില്‍ നിന്ന് ലഭിച്ച ശംമ്പളമായിരുന്നു ആകെ ഉണ്ടായിരുന്നതെന്ന് വയലാര്‍ രവി എപ്പോഴും പറയാറുണ്ട്.
കേരളത്തില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഇടത് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാന്‍ എത്തിയ വി കെ കൃഷ്ണമേനോന് കേരളത്തിലെ ഏത് പാര്‍ലമെന്‍റ് മണ്ഡലവും വിട്ടുകൊടുക്കാന്‍ ഇടത്പക്ഷം തയ്യാറായിരുന്നു. ജന്‍മദേശമായ പന്ന്യങ്കര ഉള്‍പ്പെട്ട കോഴിക്കോട് പാര്‍ലമെന്‍റ് മണ്ഡലമാണ് അദ്ദഹം തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്‍റെ പ്രിയ ശിഷ്യനായ വയലാര്‍ രവി യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു. കോഴിക്കോട് സുരക്ഷിത മണ്ഡലമല്ലെന്നും തിരുവനന്തപുരമാണ് സുരക്ഷിതമെന്നും ബോധ്യപ്പെടുത്തി മണ്ഡലം മാറ്റിയത് വയലാര്‍ രവിയാണ്.
വലത്പക്ഷത്തിന്‍റെ സ്ഥാനാര്‍സ്ഥിയായിരുന്നത് പി.എസ്.പിയുടെ ദാമോദരന്‍ പോറ്റിയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണം ശക്തി പ്രാപിച്ചപ്പോള്‍ അന്നത്തെ തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റായിരുന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ ശക്തമായ പ്രചാരണമാണ് വി കെ കൃഷ്ണമേനോന് എതിരെ തിരുവനന്തപുരം മണ്ഡലത്തില്‍ നടത്തിയത്. ഇതില്‍ അസ്വസ്ഥനായ വി കെ കൃഷ്ണമേനോന്‍ തന്‍റെ അരുമ ശിഷ്യനും കോണ്‍ഗ്രസിന്‍റെ ദേശിയ നേതാവും, തൊട്ടടുത്ത മണ്ഡലമായ ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടിയായ വയലാര്‍ രവിയെ രാത്രിയില്‍ വിളിച്ചുവരുത്തി. വക്കം പുരുഷോത്തമന്‍റെ രാഷ്ട്രീയ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ വഴി കാണണമെന്ന് ആവശ്യപ്പെട്ടു. തന്‍റെ രാഷ്ട്രീയ ഗുരുവിനെ രക്ഷിക്കുവാന്‍ വേണ്ടി വയലാര്‍ രവി വക്കം പുരുഷോത്തമന്‍ അടക്കമുള്ള ചുറുചുറുക്കുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയെല്ലാം ചിറയന്‍കീഴിലേക്ക് കര്‍ശനമായി വിളിച്ചുവരുത്തുകയും തിരഞ്ഞെടുപ്പ് തീരുന്നതുവരെ ചിറയിന്‍കീഴില്‍ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുകയും ഉണ്ടായി. വി കെ കൃഷ്ണമേനോന്‍റെ തിരുവനന്തപുരത്തെ വിജയത്തിന് എതിര്‍ പാര്‍ട്ടിയിലെ യുവജനവിഭാഗം നേതാവായ വയലാര്‍ രവിയുടെ രഹസ്യമായ പിന്തുണ കൂടി ഉണ്ടായിരുന്നു എന്നതാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്.
പാര്‍ട്ടി മാറാതെ തന്നെ എതിര്‍ മുന്നണിയെ സഹായിക്കുന്ന പല നടപടികളും ഇക്കുറി പലയിടത്തും ഉണ്ടാകും എന്നുള്ള കാര്യത്തില്‍ സംശയമില്ല. ഡീലുകള്‍ ഡീലുകള്‍ എന്ന് എല്ലാ മുന്നണികളും വിളിച്ച് പറയുന്നുണ്ട്. എല്ലാ മുന്നണികളിലും ഇപ്പോള്‍ വ്യക്തമായി അന്തര്‍ധാരകള്‍ ഉണ്ട് എന്നുവേണം നമുക്ക് മനസ്സിലാക്കാന്‍. എല്ലാ നിയോജകമണ്ഡലത്തിലും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ഡീലുകള്‍ നടക്കുന്നുണ്ട്. സ്വന്തം മുന്നണിയിലെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുവാനായി എതിര്‍മുന്നണിയുമായി ഉണ്ടാക്കുന്നവരും, സ്വന്തം മുന്നണിയിലെ സ്ഥാനാര്‍ത്ഥിയെ ജയിക്കുന്നതിനായി മറ്റു മുന്നണിക്കാരുമായി ഉണ്ടാക്കുന്ന ഡീലുകളും ഇന്ന് സാധാരണമാണ്. ചിലത് പരസ്യമാകുമെങ്കിലും ചിലത് വളരെ രഹസ്യമായി തന്നെ നിലകൊള്ളുന്നു.
ജയന്‍റ് കില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഡസന്‍ പേര്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ ഉണ്ടാകും എന്നത് ഉറപ്പാണ്. അപ്രതീക്ഷിത വിജയം നേടുന്നവരെയും വമ്പന്‍ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുന്നവരെയും വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് 'ജയന്‍റ് കില്ലര്‍'. കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ ജയന്‍റ് കില്ലറായി അറിയപ്പെടുന്നത് വി. പി. നായരാണ്. കേരളശബ്ദം രാഷ്ധടീയ സാംസ്കാരിക വാരിക കൊല്ലത്തു നിന്നും പ്രസിദ്ധീകരണമാരംഭിച്ചത് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു. 1957ല്‍ നിലവിലെ എം. പിയായിരുന്ന എന്‍. ശ്രീകണ്ഠന്‍ നായരെ തോല്പ്പിച്ചാണ് വി.പി. നായര്‍ ജയന്‍റ് കില്ലറായത്. സ്കൂള്‍ കാലഘട്ടത്തില്‍ ഐ.എസ്.യു യൂണിറ്റ് പ്രസിഡന്‍റും പിന്നീട് കെ.എസ്.യു കണ്ണൂര്‍ താലൂക്ക് കമ്മിറ്റി പ്രസിഡന്‍റും, കെ.എസ്.യു സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസിന്‍റെ കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ എന്നീ പദവികള്‍ വഹിച്ച വ്യക്തിയാണ് കടന്നപ്പള്ളി രാമചന്ദ്രന്‍. 1971ല്‍ കാസര്‍ഗോഡ് ലോകസഭാ മണ്ഡലത്തില്‍ ഐ.എന്‍.സി സ്ഥാനാര്‍ത്ഥിയായി കടന്നപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ച് വിജയിച്ചത് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇ.കെ. നായനാരെ തോല്‍പ്പിച്ചായിരുന്നു. ആ സമയത്ത് അദ്ദേഹം ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥിയായിരുന്നു.
1982ല്‍ കോണ്‍ഗ്രസ് നേതാവായ ആര്യാടന്‍ മുഹമ്മദിനെ കോണ്‍ഗ്രസിന്‍റെ മുന്‍ ഡി..സി.സി. പ്രസിഡന്‍റായ ടി. കെ. ഹംസ എല്‍.ഡി.എഫ് പിന്തുണയില്‍ സ്വതന്ത്രനായി നിന്ന് തോല്‍പ്പിച്ചു. അതുകൊണ്ട് ടി. കെ. ഹംസയെ ജയന്‍റ് കില്ലര്‍ എന്ന വിശേഷണം നല്‍കാം. 1991ല്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എം.എം. ലോറന്‍സ് എന്ന പ്രമുഖ സി.പി.ഐ (എം) നേതാവിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാ സാമാജികനായ കെ. ബാബു ജയന്‍റ് കില്ലറായി. തുടര്‍ന്നുള്ള നാലു തെരഞ്ഞെടുപ്പുകളിലും (1996, 2001, 2006, 2011) തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നു തന്നെ വിജയിച്ചു.
എം. സ്വരാജ് 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കെ. ബാബുവിനെ തോല്‍പ്പിച്ച് ജയന്‍റ് കില്ലറായി മാറി. രാഷ്ട്രീയ രംഗത്ത് ഇത്രയേറെക്കാലം പ്രവര്‍ത്തിച്ചിട്ടും മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് വി. എസ്. അച്യുതാനന്ദന്‍ സംസ്ഥാന മന്ത്രിയായിട്ടില്ല. പാര്‍ട്ടി ഭൂരിപക്ഷം നേടുമ്പോള്‍ വി. എസ്. തോല്‍ക്കുകയും വി. എസ്. ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുകയോ ചെയ്യുന്ന സ്ഥിതിയായിരുന്നു മിക്ക തവണയും. 1996ല്‍ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദന്‍ തോല്‍വിയറിഞ്ഞു. തോല്‍പ്പിച്ചത് മത്ര പ്രശസ്തനല്ലാത്ത പി.ജെ. ഫ്രാന്‍സിസ്. സി.പി.ഐ (എം) മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ മരരിക്കുളത്ത് തോല്‍പ്പിച്ച് പി. ജെ. ഫ്രാന്‍സിസ് ജയന്‍റ് കില്ലറായി.
വിജയിച്ചെങ്കിലും കമ്യൂണിസ്റ്റ് സമുന്നത നേതാവ് ഇ.എം.എസ് ഇടറിപ്പോയ രണ്ട് തിരഞ്ഞെടുപ്പുകളുണ്ട്. ഇ. പി. ഗോപാലന്‍ 1940 ല്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി അംഗമായി. 64ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി. അച്യുതമേനോനോടും എം. എന്‍. ഗോവിന്ദന്‍നായരോടുമൊപ്പം സിപിഐ രൂപീകരിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചു. അദ്ദേഹം 1970ല്‍ പട്ടാമ്പിയില്‍ ഇഎംഎസിനോട് പരാജയപ്പെട്ടത് ചെറിയ ഭൂരിപക്ഷത്തിനാണ്. 1977ല്‍ ആലത്തൂരില്‍ നടന്നതാണ് രണ്ടമത്തേത്. 35ല്‍ താഴെ പ്രായമുണ്ടായിരുന്ന കോണ്‍ഗ്രസിലെ വി.എസ്. വിജയരാഘവനാണ് അന്ന് കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇ.എം.എസ്സിന് കടുത്ത പോരാട്ടം കാഴ്ചവെച്ചത്. 30,000ത്തിലധികം വോട്ടുകള്‍ക്ക് ഇ.എം.എസ് ജയിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ഫലം വന്നപ്പോള്‍ ജയിച്ചത് വെറും 1999 വോട്ടിന്.
രസകരമായ ഒട്ടേറെ സംഭവങ്ങള്‍ നിറഞ്ഞതാണ് ഓരോ തിരഞ്ഞെടുപ്പും. ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നമുക്ക് ചുറ്റും രസകരമായ എത്രയെത്ര സംഭവങ്ങള്‍ ഉണ്ടാകുന്നു. ഇന്നലെവരെ ഒരു ചേരിയില്‍ ഇരുന്നവര്‍ മറുചേരിയില്‍ കയറി അവരുടെ വേദികളില്‍ തന്‍റെ പഴയ മുന്നണിയെ കുറിച്ച് വിമര്‍ശന ശരങ്ങളെയ്ത് സംസാരിക്കുന്നത് നമുക്ക് കാണാം. നേതാക്കളുടെ പ്രസംഗത്തില്‍ ആവേശം കൊള്ളുന്ന അണികളെ നമുക്ക് കാണാം. അങ്ങനെ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ജയന്‍റ് കില്ലര്‍മാരെ നമുക്ക് കാണാം.
