പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2024 മെയ് 15
നട്ടെല്ല് നിവര്‍ത്തുക അല്ലെങ്കില്‍ രാജിവയ്ക്കുക
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും നഗ്നമായ ഹിന്ദുത്വ വര്‍ഗീയ പ്രചാരണം നടത്തിയിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടതായോ, കേട്ടതായോ, അറിഞ്ഞതായോ കാണിക്കുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് സാമൂഹിക സൗഹാര്‍ദം തകര്‍ക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും നഗ്നമായ ഹിന്ദുത്വ വര്‍ഗീയ പ്രചാരണം നടത്തിയിട്ടും എന്തേ ഒരു നടപടിയും ഇല്ലാത്തത് എന്ന ചര്‍ച്ച നാട്ടിലാകെ നടക്കുന്നുണ്ട്. ഇത് തിരഞ്ഞെടുപ്പ് ഫലത്തെ ചെറിയ അളവില്‍ ബാധിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. രാജ്യത്തുടനീളമുള്ള എന്‍ ഡി എ നേതൃത്വം തെരെഞ്ഞെടുപ്പ് പ്രചരണവേളയിലും അതിനുശേഷവും മുന്നോട്ടുവച്ച കൃത്യമായ രാഷ്ട്രീയം മുസ്ലിം വിദ്വേഷമായിരുന്നു. ഈ വിഷയം പ്രതിപക്ഷം വ്യാപകമായി ചര്‍ച്ചാ വിഷയമാക്കുന്നുണ്ട്. ഭരണനേതൃത്വത്തിലുള്ള ബി ജെ പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുമെതിരെ ഇ സി ഐ നടപടിയെടുക്കാത്തത് വിഷയമാക്കി വലിയ ഒരു പ്രതിരേധം രാജ്യത്ത് നടക്കുന്നു എന്നത് വ്യക്തം. മെയ് 11 ന്, പൗരസമൂഹവും സംഘടനകളും ചേര്‍ന്ന് ആയിരക്കണക്കിന് ആളുകളെ ഉള്‍പെടുത്തി ഇലക്ഷന്‍ കമ്മീഷനെ ഉദ്ബോധിപ്പിക്കുന്ന തരത്തില്‍ ഒരു സംയുക്ത പ്രചാരണം നടത്തിയിരുന്നു. 'നട്ടെല്ല് നിവര്‍ത്തുക അല്ലെങ്കില്‍ രാജിവയ്ക്കുക' എന്നായിരുന്നു അവരുയര്‍ത്തിയ മുദ്രാവാക്യം. ഈ മുദ്രാവാക്യം രേഖപ്പെടുത്തിയ പോസ്റ്റ്കാര്‍ഡുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തപാല്‍ വഴി അയച്ചുകൊടുത്തുള്ള പ്രതിഷേധം വേറിട്ടതായി. ഇതിനിടയില്‍ ഹൈദ്രബാദില്‍ മറ്റൊരു സംഭവമുണ്ടായി. ഹൈദരാബാദിലെ പോളിംഗ് ബൂത്തില്‍ വെച്ച് ബിജെപി ലോക്സഭ സ്ഥാനാര്‍ത്ഥി കെ മാധവി ലത ഹിജാബ് ധരിച്ചത്തെത്തിയ വോട്ടര്‍മാരുടെ ശിരോവസ്ത്രം അഴിച്ചുമാറ്റി പരിശോധന നടത്തി. സ്ത്രീകളോട് ശിരോവസ്ത്രം ഉയര്‍ത്താന്‍ ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അമൃത വിദ്യാലയത്തില്‍ സ്വന്തം വോട്ട് രേഖപ്പെടുത്തിയതിന് ശേഷം നിരവധി പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിച്ച ലത, അസംപൂരിലെ ഒരു പോളിംഗ് ബൂത്തില്‍ എത്തുകയും, അവിടെ വോട്ടുചെയ്യാന്‍ കാത്തുനിന്ന സ്ത്രീകളുടെ ഐഡി പരിശോധിക്കാന്‍ തുടങ്ങിയാതായും വീഡിയോയില്‍ കാണാം. തുടര്‍ന്നാണ് അവരോട് ശിരവസ്ത്രം ഉയര്‍ത്താന്‍ ആവശ്യപെടുന്നത്. ഇവിടേയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ മൗനമാണ്.
കര്‍ഷക സമരം ചരിത്രത്തിലുണ്ട്...
കര്‍ഷക സമരം രാജ്യത്തിന്‍റെ പഴയകാല രാഷ്ട്രീയ ചരിത്രത്തിലുണ്ട്. അത് ഇപ്പോള്‍ ഓര്‍ക്കുന്നത് തിരഞ്ഞെടുപ്പ് നടക്കുന്ന ഈ അവസരത്തില്‍ പ്രസക്തമാണ്. ഇന്ദിരാ ഗാന്ധിയുടെ ഏകാതിപത്യ സ്വഭാവമുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനോടുള്ള എതിര്‍പ്പ് കാരണം ജയപ്രകാശ് നാരായണന്‍റെ നേത്യത്ത്വത്തില്‍ കര്‍ഷകരും വിദ്യാര്‍ത്ഥികളും സമരത്തിനിറങ്ങിയത് ചരിത്രമാണ്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലുള്ളവര്‍ ജെ.പി പ്രക്ഷോഭത്തിന്‍റെ ഭാഗമായി. യുവാക്കളെ നയിച്ച് ജെ.പി ആരംഭിച്ച പ്രക്ഷോഭത്തില്‍ തൊഴിലാളികളും, ജനങ്ങളും പങ്കാളികളായി. 352 അംഗങ്ങളുള്ള പാര്‍ലമെന്‍റില്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാരിന്‍റെ ഏകാതിപത്യ തേര്‍വാഴ്ച്ചയ്ക്കെതിരെ ജെ.പി രാജ്യത്താകമാനം സഞ്ചരിച്ച് പ്രക്ഷോഭം ശക്തമാക്കി. രാജ്യത്താകമാനം കത്തി കയറിയ സമരത്തെ നേരിടാന്‍ ഇന്ദിരാ ഗാന്ധി കൊണ്ടു വന്ന അടിയന്തിരാവസ്ഥയ്ക്ക് പോലും രക്ഷിക്കാന്‍ സാധിച്ചില്ല. അധികാരത്തില്‍ നിന്ന് ഇന്ദിരയെ ജനതാ പ്രസ്ഥാനം പടിയിറക്കിയത് ചരിത്രമാണ്. ജനതാ സര്‍ക്കാരാണ് പിന്നീട് രാജ്യം ഭരിച്ചത്. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന സമയം കര്‍ഷകര്‍ ഒരു സമരം നടത്തിയിരുന്നു. 1988ല്‍ ഒക്ടോബര്‍ മാസം മഹേന്ദ്ര സിംഗ് ടിക്കായത്തിന്‍റെ (കര്‍ഷക സമരം നയിച്ച രാജേഷ് ടിക്കായത്തിന്‍റെ പിതാവ്) നേത്യത്ത്വത്തില്‍ കര്‍ഷകര്‍ ട്രാക്ടറും, കാളവണ്ടിയും, സൈക്കിളുമായി ഡല്‍ഹിയിലെ പാര്‍ലമെന്‍റിനോട് ചേര്‍ന്ന ബോട്ട് ക്ലബ് മൈതാനിയില്‍ എത്തി. അന്ന് മ്യഗീയ ഭൂരിപക്ഷത്തിന് രാജീവ് ഗാന്ധി പ്രധാനമന്ത്രി കസേരയിലുണ്ടായിരുന്നു. ലക്ഷക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയുടെ സിരാ കേന്ദ്രമായ ബോട്ട് ക്ലബില്‍ എത്തി. കര്‍ഷക വായ്പകള്‍ എഴുതി തള്ളുക, വൈദ്യുതി കടങ്ങള്‍ വെട്ടിക്കുറയ്ക്കുക, കരിമ്പിന്‍റെ സംഭരണ വില കൂട്ടിയതില്‍ നടപടി, കാര്‍ഷിക വില നിര്‍ണയ കമ്മീഷനില്‍ കര്‍ഷക പ്രാതിനിധ്യം എന്നിങ്ങനെയായിരുന്നു ആവശ്യങ്ങള്‍. ഭൂപ്രഭുക്കന്‍മാരായ കര്‍ഷകര്‍, അധികാര മോഹികളായ കര്‍ഷകര്‍, വിദേശ പിന്തുണയോടെ രാജ്യത്തെ കളങ്കപ്പെടുത്താനുള്ള ശ്രമം, പാക്കിസ്ഥാന്‍ പിന്തുണ തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ കോണ്‍ഗ്രസ് അന്ന് പ്രയോഗിച്ചിരുന്നു. പക്ഷെ വലിയ ഭൂരിപക്ഷമുണ്ടായിട്ടും രാജീവ് ഗാന്ധിക്ക് കര്‍ഷക സമരത്തില്‍ അടിതെറ്റുകയായിരുന്നു. 1984ല്‍ കോണ്‍ഗ്രസിന് 426 സീറ്റുകളാണ് ലോക്സഭയില്‍ ഉണ്ടായിരുന്നത്. 1988ലെ കര്‍ഷക സമരത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തിന് വലിയ മാറ്റമുണ്ടായി. കോണ്‍ഗ്രസിനും രാജീവ് ഗാന്ധിക്കും രാഷ്ട്രീയ തിരിച്ചടിയേറ്റു. 1989ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സീറ്റ് നേട്ടം 195 ആയി കുറഞ്ഞു. വീണ്ടും കര്‍ഷക സമരം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.
മോദി റിട്ടയര്‍ ചെയ്യുമോ...?
ബിജെപി നേതാക്കള്‍ എത്രാമത്തെ വയസിലാണ് റിട്ടയര്‍ ചെയ്യുക...? 2014ല്‍ അധികാരത്തിലെത്തിയ നരേന്ദ്ര മോദി പല മുതിര്‍ന്ന നേതാക്കളേയും പുറത്തിരുത്തിയത് 75 വയസിന്‍റെ അതിര്‍ വരമ്പ് വരച്ചാണ്. 75 വയസ് കഴിഞ്ഞവരെ പുറത്തിരുത്തിയ മോദിക്ക് അടുത്ത വര്‍ഷം 75 വയസ് തികയും. ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയ അരവിന്ദ് കേജരിവാള്‍ മോദി അടുത്ത വര്‍ഷം റിട്ടയര്‍ ചെയ്ത് അമീത്ത് ഷായെ പ്രധാനമന്ത്രിയാക്കും എന്ന് പറഞ്ഞതാണ് ഇപ്പോള്‍ ദേശിയ ചര്‍ച്ച. കേജരിവാളിന്‍റെ ഉഗ്രന്‍ ബോംബ് ബിജെപി നേത്യത്ത്വത്തെ ഉലച്ചു എന്നത് സത്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത് മോദിയുടെ ഗ്യാരഡി എന്ന മുദ്രാവാക്യം സ്വയം വിളിച്ചും, അണികളെ കൊണ്ട് വിളിപ്പിച്ചും ആയിരുന്നു. അത് വലിയ രീതിയില്‍ തന്നെ ബിജെപിക്ക് ഉള്ളില്‍ പോലും വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തി. നരേന്ദ്രമോദി ഗ്യാരണ്ടിക്ക് പുറമേ ഉയര്‍ത്തിയ മറ്റൊരു മുദ്രാവാക്യമായിരുന്നു തീസരാ ബാര്‍, ചാര്‍ സൗ കാ ബാര്‍ എന്നത്. രണ്ട് മുദ്രാവാക്യങ്ങളും ജനങ്ങളോടുള്ള വെല്ലുവിളിയായി തന്നെയാണ് ആര്‍എസ്എസ് കേന്ദ്ര നേതൃത്വം വിലയിരുത്തിയത്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ക്ക് അമിത പ്രാധാന്യം കൊടുക്കുന്നതിലെ അത്യപ്തിയും ആര്‍എസ്എസ് വ്യക്തമാക്കി. മുന്‍പ് ഇന്ത്യാ ഷൈനിങ് എന്ന പേരില്‍ വ്യാപക പ്രചരണം നടത്തുകയും തിരിച്ചടി നേരിട്ടതും ഇത്തവണ ആര്‍എസ്എസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. രണ്ട് മുദ്രാവാക്യങ്ങളും ഇപ്പോള്‍ കേള്‍ക്കുന്നില്ല. കേജരിവാള്‍ എറിഞ്ഞ ബോംബുകള്‍ പലതും പൊട്ടി കഴിഞ്ഞു. പൊട്ടാത്ത ബോംബുകള്‍ എരിഞ്ഞുകൊണ്ടിരിക്കുന്നു.
രാഷ്ട്രീയ കാലാവസ്ഥാ വ്യതിയാനം
തിരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്തെ കാലാവസ്ഥയും ഓരോ ഘട്ടം കഴിയും തോറും കാലാവസ്ഥ വ്യതിയാനം പോലെ മാറിയിരിക്കുകയാണ്. രാജ്യത്താകമാനം അനുഭവപ്പെടുന്ന അന്തരീക്ഷചൂടും, രാഷ്ട്രീയ ചൂടും മാറി കൊണ്ടിരിക്കുന്നു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന അന്തരീക്ഷത്തെ വ്യതിയാനം മനുഷ്യരുടെ മാത്രമല്ല മ്യഗങ്ങളുടേയും ജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുന്നു. കടുത്ത ചൂടും, ചൂടുകാറ്റും സഹിക്കാവുന്നതിലും അപ്പുറമെന്നാണ് റിപ്പോര്‍ട്ട്. സമാനമായി ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തും രാഷ്ട്രീയ കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നു.കാലാവസ്ഥ വ്യതിയാനം പോലെ തന്നെ രാഷ്ട്രീയ രംഗത്തെ കാലാവസ്ഥയും മാറിയിരിക്കുകയാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും രാഷ്ട്രീയ സമവാക്യങ്ങളില്‍ വ്യതിയാനം വന്നിരിക്കുന്നതായി വിലയിരുത്തപ്പെടുന്നുണ്ട്. അതിന് തുടക്കം കുറിച്ചുകൊണ്ടാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ കേവലം ഭൂരിപക്ഷത്തിലേക്ക് എത്തുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എത്തിനില്‍ക്കുന്നത്. മൂന്ന് സ്വതന്ത്ര എംഎല്‍എമാരാണ് സര്‍ക്കാരിനുള്ള പിന്തുണ ഹരിയാനയില്‍ പിന്‍വലിച്ചിരിക്കുന്നത്. അഞ്ച് സ്വതന്ത്ര എംഎല്‍എമാരെ വിലയ്ക്ക് വാങ്ങിയാണ് ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതെന്ന് രാഷ്ട്രീയ ചരിത്രം പറയുന്നു. സമാനമായ രീതിയില്‍ പല സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. രണ്ട് മാസം മുന്‍പാണ് മുന്‍ ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്വന്ത് ചൗട്ടാല നേത്യത്തം നല്‍കുന്ന ജെജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. അവര്‍ക്ക് 90 അംഗ നിയമസഭയില്‍ 10 അംഗങ്ങളുണ്ടായിരുന്നു. ഒടുവില്‍ ലഭിക്കുന്ന വിവരപ്രകാരം ഇതില്‍ നാല് അംഗങ്ങള്‍ ബിജെപിക്ക് പിന്തുണ നല്‍കുമെന്നാണ്. ഹരിയാനയില്‍ രാഷ്ട്രീയ പ്രതിസന്ധി തന്നെ.
