പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2024 മാര്‍ച്ച് 15
രണ്ടാം കര്‍ഷക സമരം പരാജയം
പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ വന്നു നില്‍കുകയാണ്. ഈ അവസരത്തിലാണ് രാജ്യം ശ്രദ്ധിക്കുന്ന രണ്ടാം കര്‍ഷക സമരത്തിന് ഡല്‍ഹി അതിര്‍ത്തികളില്‍ തുടക്കമായത്. കര്‍ഷകസമരം കേന്ദ്രസര്‍ക്കാരിന് വലിയ തലവേദനയാണ് എന്നുള്ള കാര്യത്തില്‍ സംശയമില്ല. 2021ല്‍ നടന്ന വലിയ കര്‍ഷക സമരം കേന്ദ്രസര്‍ക്കാരിനെ പിടിച്ചു കുലുക്കിയിരുന്നു. എന്നാല്‍ രണ്ടാം കര്‍ഷക സമരം പരാജയത്തിലേക്ക് നീങ്ങുകയാണ്. ആദ്യ കര്‍ഷക സമരം ഉണ്ടാക്കിയ ആവേശമൊന്നും രണ്ടാം കര്‍ഷക സമരത്തിന് കാണുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. പോലീസ് രാജ്യതലസ്ഥാനത്ത് എല്ലാ റോഡുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വലിയ ടിപ്പര്‍ ലോറികളില്‍ റോഡുകള്‍ തടസ്സമുണ്ടാക്കുന്നതിനായി കല്ലും മണ്ണും നിറച്ച് നിര്‍ത്തിയിട്ട് ഒരു മാസത്തിലേറെയായി. ഡല്‍ഹിയിലേക്കുള്ള പല റോഡുകളിലും പോലീസ് കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ കൊണ്ട് മാര്‍ഗതടസ്സം ഉണ്ടാക്കുവാന്‍ തയ്യാറായിരിക്കുന്നു. ബാരിക്കേഡുകളില്‍ മുള്ള് കമ്പികള്‍ പിടിപ്പിച്ച് വ്യാപകമായി റോഡ് തടസം ഉണ്ടാക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന കാഴ്ച്ചയാണ് രാജ്യ തലസ്ഥാനത്തെ റോഡുകളില്‍. പോലീസിന്‍റെ ആവേശം പോലും സമരക്കാര്‍ക്ക് ഇല്ല എന്നുള്ളത് വളരെ ദയനീയമായി കാണേണ്ടിയിരിക്കുന്നു. ഒട്ടേറെ ആവശ്യങ്ങളുമായാണ് രാജ്യസലസ്ഥാനത്തേക്ക് കര്‍ഷകരുടെ രണ്ടാം സമര പ്രഖ്യാപനം ഉണ്ടായത്. ഫെബ്രുവരി 13 ന് പഞ്ചാബില്‍ മാര്‍ച്ച് ആരംഭിച്ചപ്പോള്‍ ഉണ്ടായ ആവേശമൊന്നും ഇപ്പോള്‍ ഇല്ല. ആദ്യ കര്‍ഷക സമരം സംഘടിപ്പിച്ച സംഘടനകള്‍ അല്ല രണ്ടാം കര്‍ഷക സമരത്തില്‍ ഉള്ളത് എന്നുള്ളത് ഇവിടെ എടുത്തുപറയണം. പൊതുസമൂഹത്തില്‍ മോദിയുടെ ഗ്യാരണ്ടി എന്ന മുദ്രാവാക്യം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ തന്നെയാണ് കര്‍ഷക സമരം ശക്തിപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. രണ്ടാമത്തെ കര്‍ഷക സമരം തിരഞ്ഞെടുപ്പിന് മുന്‍പേ ബിജെപി ഒരുക്കിയ നാടകമാണെന്നുള്ള സംസാരവും വ്യാപകമായി ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് കര്‍ഷക പ്രശ്നം പരിഹരിച്ചു എന്നുള്ള സ്ഥിതി ഉണ്ടാക്കുക എന്നുള്ളതാണ് ഇപ്പോള്‍ നടത്തുന്ന കര്‍ഷക സമരം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് സംസാരവും ഇല്ലാതില്ല.
ഡല്‍ഹിയില്‍ വന്നാല്‍ ആട്ടവും ചാട്ടവും കാണാം.
പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് കാലം അടുത്തതോടെ രാജ്യ തലസ്ഥാനത്ത് ആട്ടവും ചാട്ടവുമാണ്. മുന്‍പ് തിരഞ്ഞെടുപ്പ് അടുത്താല്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് വലിയ തിരക്കായിരിക്കും. ഡല്‍ഹിയിലെ കേരള ഹൗസിലും ഖദര്‍ധാരികളുടെ തിരക്കാണ് പതിവായി കണ്ടിരുന്നത്. കാലം മാറിയപ്പോള്‍ തിരക്ക് ബിജെപി പാളയത്തിലാണ്. ഇപ്പോള്‍ വ്യാപകമായാണ് ബിജെപിയിലേക്ക് വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ചാടുന്നത്. ബിജെപിയില്‍ അംഗത്വം എടുക്കുന്നതിന് മുമ്പുള്ള അവരുടെ ആട്ടവും മറ്റു ബഹളങ്ങളും ഇപ്പോള്‍ ഡല്‍ഹിയില്‍ സാധാരണമായിരിക്കുകയാണ്. അതേസമയം ബിജെപിയില്‍ നിന്ന് തിരിച്ചു ചാടുന്നവരും ഉണ്ട് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കോണ്‍ഗ്രസ് പ്രസ്ഥാനം വളര്‍ത്തി വലുതാക്കിയ രണ്ടു നേതാക്കളാണ് കെ കരുണാകരനും, എ കെ ആന്‍റണിയും. ഇരുവരുടെയും മക്കള്‍ ഇപ്പോള്‍ ബിജെപി പാളയത്തിലാണ് എന്നുള്ളത് ചുരുങ്ങിയ പക്ഷം കേരളത്തില്‍ കോണ്‍ഗ്രസിനെ വലിയ രീതിയില്‍ ക്ഷീണിപ്പിച്ചിരിക്കുകയാണ്. അവരുടെ വരവുകൊണ്ട് ബിജെപിക്ക് രാഷ്ട്രീയ നേട്ടമില്ലെങ്കിലും, കോണ്‍ഗ്രസിന് ക്ഷീണമുണ്ടാകം. എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ബിജെപിയില്‍ ചേക്കേറുകയും ഇപ്പോള്‍ പത്തനംതിട്ട നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തത്. എന്നാല്‍ കെ കരുണാകരന്‍റെ മകന്‍ മകള്‍ പത്മജാ വേണുഗോപാല്‍ കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ വന്ന് ബിജെപിയില്‍ അംഗത്വം എടുക്കുകയും തിരികെ പോയത് ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയായിട്ടാണ്. രണ്ടും കോണ്‍ഗ്രസിന്‍റെ നെറുകയില്‍ തേങ്ങ ഉടച്ചതിന് തുല്യമായി.
ഡല്‍ഹിയിലെ എയിംസിലെ കോഴ്സിനും വിലയില്ലേ...?
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്ന എയിംസ് എന്നുള്ളത് രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഒരു സ്ഥാപനമാണ്. ഇവിടെ ആറു വര്‍ഷം പഠിക്കുക എന്നുള്ളത് ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ വളര്‍ച്ചയുടെ അടിത്തറയാണ്. എന്നാല്‍ ആറ് വര്‍ഷം എയിംസില്‍ പഠിച്ചത് അംഗീകാരം ഇല്ലാത്ത കോഴ്സ് ആണ് എന്നറിഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി...? അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. എയിംസില്‍ ആറു വര്‍ഷം ബിഎസ്സി കോഴ്സുകള്‍ പഠിച്ച 39 വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ നിസ്സഹായരായി മാറിയിരിക്കുന്നത്. ഇവര്‍ പൂര്‍ത്തിയാക്കിയ കോഴ്സിന് 2016 ല്‍ എയിംസിലെ അക്കാദമി കമ്മിറ്റി രണ്ട് ബിഎസ്സി ഡെന്‍റല്‍ കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. 2018 ല്‍ രണ്ട് കോഴ്സുകളും ആരംഭിച്ചിരുന്നു. ബിഎസ്സി ഡെന്‍റല്‍ ഹൈജീന്‍, ഡെന്‍റല്‍ ഓപ്പറേറ്റിങ് അസിസ്റ്റന്‍റ് എന്നിവയാണ് കോഴ്സുകള്‍. പക്ഷെ ഇന്ത്യന്‍ ഡെന്‍റല്‍ കൗണ്‍സിലില്‍ പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയപ്പോഴാണ് എയിംസിലെ കോഴ്സിന് അംഗീകാരം ഇല്ല എന്നുള്ള വിവരം അറിയുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും, ഡെന്‍റല്‍ കൗണ്‍സിലും വിദ്യാര്‍ത്ഥികളുടെ പരാതിക്കാര്‍ക്ക് മുന്നില്‍ കൈമലര്‍ത്തിയിരിക്കുന്ന ദയനീയ കാഴ്ചയാണ് കാണുവാന്‍ സാധിക്കുന്നത്.
ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്സ്
കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിന് പിന്നാലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്സ് എന്ന സാഹിത്യയോത്സവം വന്‍ വിജയമായി നടന്നു. 1100 ലേറെ എഴുത്തുകാരും അക്കാദമിക് വിദഗ്ധരും പങ്കെടുത്ത സാഹിത്യമേള സാഹിത്യ പ്രേമികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞത് ശ്രദ്ധേയമായി. മാര്‍ച്ച് 11 മുതല്‍ 16 വരെ നടന്ന സാഹിത്യോത്സവത്തില്‍ 175 ഭാഷകളില്‍ നിന്നുള്ള സാഹിത്യകാരന്മാരും മറ്റുമാണ് പങ്കെടുത്തത്. അക്ഷരങ്ങള്‍ക്ക് ശക്തിയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ കേന്ദ്ര സാഹിത്യ അക്കാദമി അങ്കണത്തില്‍ നടന്ന സാഹിത്യ ഉത്സവം. വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളും, സംവാദങ്ങളും വിജ്ഞാനപ്രദമായിരുന്നു. വ്യത്യസ്ഥ ഭാഷകളിലെ സാഹിത്യകാരന്‍മാര്‍ തമ്മിലുള്ള നേര്‍കാഴ്ച്ചകള്‍ക്ക് കൂടി സാഹിത്യോത്സവം വേദിയായി. കേരളത്തില്‍നിന്ന് കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍, സക്കറിയ, ഡി സി രവി, പ്രഭാ വര്‍മ്മ, ആശാ മേനോന്‍, കെ ജയകുമാര്‍, വി പി ജോയി, ആനന്ദ് നീലകണ്ഠന്‍, ജിത്തു തയ്യല്‍, അനില്‍മേനോന്‍, എം ബി മിനി, ആര്‍ ദാമോദരന്‍, അനാമിക അനു, പി മുഹമ്മദ് കോയ, ആര്‍ ലോഭമുദ്ര, ദേവി എസ്, മഹാദേവന്‍ തമ്പി, രേഷ്മ തുടങ്ങി ഒട്ടേറെ മലയാളി എഴുത്തുകാരും പങ്കെടുത്തിരുന്നു
സമൂഹമായി ബന്ധമില്ലെങ്കില്‍...
സമൂഹവുമായും, സാമൂഹത്തിലെ പൊതു സംഘടനകളുമായി ബന്ധമില്ലെങ്കില്‍ മനുഷ്യന് വലിയ നഷ്ടങ്ങളുണ്ടാകും. വിശേഷിച്ച് ഒരു പ്രവാസിക്ക് സമൂഹവുമായോ, പൊതു സംഘടനകളുമായി ബന്ധമുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഡല്‍ഹിയില്‍ തന്നെ വലിയ നിലയില്‍ താമസിക്കുന്ന ഒരു മലയാളിയുടെ വീട്ടില്‍ മരണമുണ്ടായി. അവര്‍ക്ക് തൊട്ടയല്‍വക്കത്തുള്ളവരായോ, പ്രദേശത്തെ ആരുമായോ ബന്ധമില്ല. ഒടുവില്‍ പ്രദേശത്തെ മലയാളി സംഘടനാ പ്രവര്‍ത്തകരെത്തി മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ സഹായിച്ചു. സമാനമായ ഒരു ഡസനിലേറെ സംഭവങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഡല്‍ഹിയില്‍ തന്നെ സംഭവിച്ചിട്ടുണ്ട്. ഒടുവില്‍ ഡല്‍ഹിയില്‍ ഒരു മലയാളി യുവതി അജ്ഞാത മൃതശരീരം എന്ന രീതിയില്‍ സംസ്കരിക്കപ്പെട്ടു. ഡല്‍ഹിയിലെ രോഹിണി അംബേദ്കര്‍ ആശുപത്രിയില്‍ 2024 ഫെബ്രുവരി 20ന് വാഷ്മി നായര്‍ (48) എന്ന മലയാളി സ്ത്രീ അന്തരിച്ചു. മോര്‍ച്ചറിയില്‍ ജോലി ചെയ്യുന്ന മലയാളിയാണ് ഫയലുകളില്‍ നായര്‍ എന്ന പേര് കണ്ടപ്പോള്‍ ഇതൊരു മലയാളി ആകാനുള്ള സാധ്യതയുണ്ടെന്ന് തിരിച്ചറിയുകയും സാമൂഹ്യ മാധ്യമങ്ങള്‍ വഴി സമൂഹത്തെ അറിയിക്കുകയും ചെയ്തത്. 2023 നവംബര്‍ 11 അംബേദ്കര്‍ ആശുപത്രിയില്‍ എത്തിച്ചത് ന്യൂമോണിയ ബാധിച്ചാണ്. അവര്‍ മരിച്ചിരിക്കുന്നത് ന്യൂമോണിയ രൂക്ഷമായാണ്. ഇവരുടെ ഭര്‍ത്താവ് വാസുദേവന്‍ നായര്‍ ആണെന്ന് ആധാര്‍ കാര്‍ഡില്‍ നിന്നും അറിഞ്ഞിരുന്നു. താമസിച്ചിരുന്നത് ഡല്‍ഹിയിലെ കാല്‍ക്കാജി എക്സ്റ്റെന്‍ഷനില്‍ ആണ് എന്നുള്ളതും അവരുടെ ആധാര്‍ കാര്‍ഡില്‍ നിന്ന് മനസ്സിലാക്കുവാന്‍ സാധിച്ചു. എന്നാല്‍ ഈ വിലാസം മൂന്നുവര്‍ഷം മുമ്പ് വിറ്റു പോകുകയും ഒരു ബില്‍ഡര്‍ അവിടെ പുതിയ കെട്ടിടം വെക്കുകയാണ് എന്നാണ് അറിഞ്ഞത്. നവംബറില്‍ ആശുപത്രിയില്‍ വന്നപ്പോള്‍ നായര്‍ എന്നുള്ള വാക്ക് കേട്ട് അംബേദ്കര്‍ ആശുപത്രിയിലെ ചില മലയാളി നേഴ്സുമാര്‍ ഇവരോട് സംസാരിക്കുകയുണ്ടായി. മലയാളം കേട്ടാല്‍ മനസ്സിലാകും എന്നല്ലാതെ സംസാരിക്കുവാന്‍ അറിയില്ല എന്നാണ് അന്ന് അവര്‍ പറഞ്ഞത്. മലേഷ്യയില്‍ ജനിച്ചുവളര്‍ന്ന ഇവര്‍ പാലക്കാട് സ്വദേശികളാണ് എന്ന് പറഞ്ഞിരുന്നു. രോഹിണിയില്‍ കുറച്ചുനാളുകളായി താമസിക്കുന്ന ഇവര്‍ക്ക് സമൂഹവുമായി വലിയ ബന്ധമില്ല എന്നുള്ളതാണ് ഇവരുടെ മറ്റു വിവരങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കുന്നത്. രോഹിണിയിലെ ഒരു സന്നദ്ധസേവാ സംഘടനയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചതും ചികിത്സയ്ക്ക് സഹായം നല്‍കിയതും. സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായ തിരച്ചില്‍ നടന്നെങ്കിലും ഇവരുടെ ബന്ധുക്കളെ കണ്ടെത്തുവാന്‍ സാധിച്ചിരുന്നില്ല. 20 ദിവസത്തോളം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം ഒടുവില്‍ അജ്ഞാത മൃതശരീരം എന്ന രീതിയില്‍ സംസ്കരിക്കേണ്ടി വന്നു.
