വളര്‍ന്ന് വളര്‍ന്ന് വളര്‍ന്ന് മലയാള സിനിമ
വിജയ് ചൗക്ക്
സുധീര്‍ നാഥ്
മലയാള സിനിമ ഏറെ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ലോകനിലവാരമുള്ള സിനിമകളോടൊപ്പം നമ്മുടെ കൊച്ചു മലയാളത്തില്‍ നിന്നുള്ള സിനിമകളും നിര്‍മ്മിക്കപ്പെടുന്നു എന്നുള്ളത് അഭിമാനിക്കാന്‍ സാധിക്കുന്ന ഒന്നാണ്. സാങ്കേതിക മികവുകള്‍ കാര്യമായി തന്നെ നമ്മുടെ മലയാള സിനിമകളില്‍ ഉപയോഗിക്കുന്നു എന്നുള്ളത് എടുത്തു പറയണം. ഫിലിം ഉപയോഗിച്ച് സിനിമ നിര്‍മ്മിച്ചിരുന്ന ആദ്യകാലങ്ങളില്‍ നിന്നും മാറി നമ്മള്‍ ഡിജിറ്റല്‍ യുഗത്തില്‍ എത്തിനില്‍ക്കുകയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് യുഗത്തില്‍ നിന്ന് കളറിലേക്കും നമ്മള്‍ മാറി. ശബ്ദത്തിന്‍റെ കാര്യത്തില്‍ നമ്മള്‍ ഏറ്റവും മുന്തിയ ഡോള്‍ബി അറ്റ്മോസ് സിസ്റ്റത്തിലേക്ക് തന്നെ എത്തിയിരിക്കുന്നു.
ആദ്യകാലങ്ങളില്‍ സിനിമ നിര്‍മാണം ഫിലിമുകളുടെ സഹായത്തിലാണ് ഉണ്ടായിരുന്നത് എന്നത് വലിയ ചെലവേറിയ സംഭവമായിരുന്നു. ഓരോ ടേക്കുകളും നിര്‍മ്മാതാവിന്‍റെ പണത്തിന്‍റെ ചിലവ് വര്‍ദ്ധിപ്പിക്കുന്നതായിരുന്നു - ഇന്ന് അത് ഡിജിറ്റല്‍ ലോകത്തിലേക്ക് മാറിയതോടുകൂടി ഇത്തരത്തിലുള്ള പണച്ചിലവുകള്‍ ഇല്ലാതായി എന്ന് തന്നെ പറയാം. ഒരു സംവിധായകനോ അല്ലെങ്കില്‍ ഒരു അഭിനേതാവിനോ തന്‍റെ സൃഷ്ടിക്കനുസരിച്ച് ഒരു രംഗം പൂര്‍ത്തീകരിക്കാം എന്നുള്ള സാഹചര്യം നമ്മുടെ സാങ്കേതികവിദ്യയുടെ വളര്‍ച്ചയോട് കൂടി ലഭ്യമായിരിക്കുന്നു.
നിശബ്ദ സിനിമയില്‍ നിന്നാണ് മലയാള സിനിമയുടെ തുടക്കം എന്ന് നമുക്കൊക്കെ അറിയാം. സംഭാഷണങ്ങളില്ലാത്ത ആ കാലത്ത് നിന്ന് നമ്മള്‍ സംഭാഷണങ്ങള്‍ കൊണ്ട് സിനിമകള്‍ നിര്‍മ്മിച്ചു തുടങ്ങിയതോടുകൂടി തിരക്കഥകള്‍ രൂപപ്പെട്ടു. മലയാളത്തിലെ പല പ്രമുഖ സാഹിത്യകൃതികളും സിനിമയുടെ പശ്ചാത്തലമായി. മലയാള സാഹിത്യത്തിലെ എത്രയെത്ര കഥകളാണ് അങ്ങനെ സിനിമയുടെ ഭാഗമായി മാറിയത്. വലിയ വലിയ കഥകള്‍ പറഞ്ഞിരുന്ന മലയാള സിനിമകള്‍ ഇപ്പോള്‍ ഒരു ചെറിയ സംഭവം സിനിമയാക്കുന്നു.
വ്യത്യസ്തമായ പ്രമേയങ്ങള്‍ ഇപ്പോള്‍ സിനിമയായി വരുന്നു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. ഒരു വിഷയത്തില്‍ തന്നെ കേന്ദ്രീകരിച്ച് നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ ഇപ്പോള്‍ സിനിമയാകുന്നു. മലയാള സിനിമ നിര്‍മാണത്തിന് കഥകള്‍ക്കു ഇപ്പോള്‍ ഒരു ക്ഷാമവുമില്ല. യുവാക്കളാണ് ഇപ്പോള്‍ മലയാള സിനിമയുടെ പ്രചാരകരായി മാറിയിരിക്കുന്നത്. തിരുവനന്തപുരത്ത് ആരംഭിച്ച ഐ എഫ് എസ് കെ യുടെ വേദിയില്‍ ചെന്നാല്‍ യുവാക്കളുടെ വലിയ സാന്നിധ്യം കാണാം. അതില്‍ പലരും സിനിമയുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവരാണ് എന്നുള്ളതാണ് പ്രത്യേകത. മുന്തിയ മൊബൈല്‍ ഉപയോഗിച്ചു പോലും ചെറിയ സിനിമകള്‍ നിര്‍മ്മിക്കുവാന്‍ സാധിക്കുന്ന സാങ്കേതികവിദ്യ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. അങ്ങനെയും നമ്മുടെ മലയാളത്തില്‍ പോലും സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ നിര്‍മ്മിക്കപ്പെട്ട പല സിനിമകളും മികച്ച നിലവാരം ഉള്ളവയാണെന്ന് തിരിച്ചറിയപ്പെടുമ്പോഴാണ് സാങ്കേതികവിദ്യയുടെ വളര്‍ച്ച കൊണ്ട് ഉണ്ടായ നേട്ടങ്ങളെ കുറിച്ച് നാം തിരിച്ചറിയുന്നത് -
ആദ്യകാലങ്ങളില്‍ സിനിമ നിര്‍മാണത്തിനാണ് കൂടുതല്‍ പണം ചെലവാക്കിയിരുന്നെങ്കില്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയോട് കൂടി അത് വളരെ കുറഞ്ഞ തലത്തിലേക്ക് മാറിയിരിക്കുന്നു. ഇപ്പോള്‍ ഒരു സിനിമ നിര്‍മാണത്തേക്കാള്‍ കൂടുതല്‍ ചെലവ് അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കുമായി ചെലവഴിക്കുന്ന ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്. അതേസമയം തന്നെ വളരെ ചെലവ് കുറഞ്ഞ സിനിമകളും നമുക്ക് നിര്‍മ്മിച്ച് കാണിച്ചുതരുന്ന യുവതലമുറയെ കാണാം. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സിനിമയുടെ വിഷയം ജനങ്ങള്‍ സ്വീകരിക്കുന്നു. കഴിവുള്ള അഭിനേതാക്കള്‍ക്ക് ജനങ്ങള്‍ കയ്യടി നല്‍കുന്നു. പുതുമുഖം എന്ന വ്യത്യാസം സിനിമ മേഖലകളില്‍ ഇല്ലാതായി വന്നിരിക്കുന്നു.
ഇക്കുറി കഎഎഗ യില്‍ പ്രദര്‍ശിപ്പിച്ച ഒരു മലയാള സിനിമ ഉദാഹരണമായി ചൂണ്ടി കാണിക്കാം. ആട്ടം എന്നാണ് സിനിമയുടെ പേര്. സംവിധായകന്‍ നവാഗതന്‍. നാടക രംഗത്ത് നിന്ന് വന്നവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെല്ലാം. അതില്‍ വിനയ് ഫോര്‍ട്ടും ഷാജോണും മാത്രമാണ് സിനിമാ രംഗവുമായി ബന്ധമുള്ളത്. നാടക കളരിയില്‍ നിന്ന് തന്നെയാണ് വിനയ് ഫോര്‍ട്ടും ഷാജോണും വന്നത്. പക്ഷെ സിനിമയില്‍ ഒരിടത്തും നാടക അഭിനയം ഉണ്ടായില്ല. നാടകത്തിന്‍റെ ഒരു ചെറിയ അംശം പോലും ഉണ്ടായില്ല. സിനിമ ചലചിത്രോത്സവത്തിലെ ഏറ്റവും മികച്ച മലയാള സിനിമ എന്ന അഭിപ്രായം ഉയര്‍ന്ന് കഴിഞ്ഞു. മറ്റ് സിനിമകള്‍ മോശമാണ് എന്ന് അര്‍ത്ഥമില്ല. രണ്ടഭിപ്രായം പല സിനിമകള്‍ക്കും ഉണ്ടായെങ്കില്‍ ആട്ടത്തിന് അതുണ്ടായില്ല.
ഒരു സിനിമ നിര്‍മ്മിച്ചാല്‍ അത് തീയേറ്ററില്‍ ഓടണം എന്നുള്ള പഴയകാല നടപടിക്രമങ്ങളില്‍ നിന്ന് സമൂഹം മാറിയിരിക്കുന്നു. ഓ ടി ടി പ്ലാറ്റ്ഫോമുകള്‍ സിനിമകള്‍ക്കായി തുറക്കപ്പെട്ട തോടുകൂടി തീയറ്ററുകള്‍ വലിയ പ്രാധാന്യം ഇല്ലാതായി മാറിയിരിക്കുന്നു. ചെറിയ ചെറിയ തീയറ്ററുകളായി നമ്മുടെ തീയറ്ററുകള്‍ മാറിക്കൊണ്ടിരിക്കുന്നു. ജനങ്ങള്‍ സ്വന്തം വീട്ടില്‍ തന്നെ ഹോം തിയറ്ററുകള്‍ നിര്‍മ്മിച്ചു തുടങ്ങുന്ന വര്‍ത്തമാനകാലത്തിലാണ് നമ്മളുള്ളത്.
മലയാളത്തിലെ ഫിലിം സൊസൈറ്റികളുടെ പ്രവര്‍ത്തനം തുടക്കം കുറിച്ചത് 1965 ജൂലൈ 21ന് തിരുവനന്തപുരത്ത് ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തനം ആരംഭിച്ചതോടുകൂടി ആണ്. പിന്നീട് കേരളത്തിന്‍റെ എല്ലാ മേഖലകളിലും ചെറുതും വലുതുമായ ഒട്ടേറെ ഫിലിം സൊസൈറ്റികള്‍ക്ക് തുടക്കം കുറിക്കുന്ന കാഴ്ചയാണ് കണ്ടത്. മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് ഇത്തരം ഫിലിം സൊസൈറ്റികള്‍ വഹിച്ച പങ്ക് വളരെ വലുതുമാണ്. ലോക സിനിമയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് ഇത്തരം ഫിലിം സൊസൈറ്റികള്‍ പ്രധാന കാരണമായി.
കേരളത്തിലെ സിനിമയുടെ വളര്‍ച്ചയ്ക്ക് കേരള ചലച്ചിത്ര അക്കാദമി നടത്തുന്ന ഫിലിം ഫെസ്റ്റിവല്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യന്‍ ചലച്ചിത്രമേളയും കൊല്‍ക്കട്ട ചലച്ചിത്രമേളയും ആണ് കേരള ചലച്ചിത്രമേളയെക്കാള്‍ വര്‍ഷംകൊണ്ട് മുന്‍പന്തിയില്‍ ഉള്ളത്. കേരളത്തില്‍ നടക്കുന്ന ഐ എഫ് എഫ് കെ ഇന്ന് ലോക സിനിമാ ഭൂപടത്തില്‍ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. ഓരോ വര്‍ഷം കൂടുന്തോറും ചലച്ചിത്രമേളയുടെ വര്‍ദ്ധിക്കുകയാണ് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല . ലോകത്തിലെ മികച്ച സിനിമകള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ അത് കാണുവാന്‍ വലിയ സിനിമ പ്രേമികളെ നാം കാണുന്നു. വീട്ടിലിരുന്നു പോലും ലോകോത്തര സിനിമ കാണുവാന്‍ സാധിക്കുന്ന സാങ്കേതികവിദ്യ വളര്‍ന്ന സമയത്താണ് ഇത്തരം ചലചിത്രങ്ങള്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്നത് എന്നതും പരാമര്‍ശിക്കപ്പെടേണ്ടതാണ്.
ആദ്യമായി ചലച്ചിത്രമേള ആരംഭിക്കുന്നത് 1952 അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു താല്പര്യമെടുത്ത് ആയിരുന്നു. നെഹ്റു തുടക്കം കുറിച്ച ചലച്ചിത്രമേള രാജ്യത്തിന്‍റെ പല സംസ്ഥാനങ്ങളിലും നടത്തപ്പെട്ടത് കേരളത്തില്‍ ഒരു ചലചിത്രോത്സവത്തിന്‍റെ ആലോചനയ്ക്ക് തുടക്കം കുറിച്ചു എന്നുതന്നെ പറയാം. 1988ല്‍ ചലച്ചിത്രോത്സവം എന്ന പേരില്‍ തിരുവനന്തപുരത്ത് നടന്ന മേളയാണ് കേരളത്തിന്‍റെ സ്വന്തം ചലചിത്രോത്സവത്തിന് തുടക്കമാകാന്‍ കാരണം. ജയ ബച്ചന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് തന്നെ നടന്ന കുട്ടികളുടെ ചലച്ചിത്രോത്സവം കൂടുതല്‍ ആവേശം പകരുകയാണ് ഉണ്ടായത്. 1994 ഡിസംബര്‍ 17 മുതല്‍ 23 വരെ കോഴിക്കോട് വെച്ച് അങ്ങനെ ആദ്യത്തെ കേരളത്തിന്‍റെ ചലച്ചിത്രോത്സവം നടന്നു. ഇത് മലയാള സിനിമ ചരിത്രത്തിലെ ഒരു വലിയ നാഴികക്കല്ലായിരുന്നു. സിനിമയുടെ നൂറാം വാര്‍ഷികത്തിന്‍റെ ഭാഗമായി നടന്ന ഈ ചടുലമായ തീരുമാനം മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് കാരണമായി എന്നുതന്നെ നമുക്ക് പ്രഖ്യാപിക്കാം.
സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലും സിനിമ എന്ന കലാരൂപം സമാനതകളില്ലാതെ ശക്തിപ്രാപിക്കുകയാണ്. അതിനു തെളിവാണ് ഇത്തവണ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന 180 ഓളം ചലച്ചിത്രങ്ങള്‍. സമീപകാല ലോകചരിത്രം, യുദ്ധം, അഭയാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധികള്‍, സ്ത്രീ പുരുഷ സംഘര്‍ഷം തുടങ്ങി മനുഷ്യനും പ്രകൃതിയും നേരിടുന്ന രാഷ്ട്രീയവും പാരിസ്ഥികവുമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് ഈ സിനിമകളത്രം. ഇതിനിടയില്‍ ശക്തമായ പ്രമേയങ്ങളുമായി ഇന്ത്യന്‍ ഭാഷകളിലെ ചിത്രങ്ങളും മലയാള സിനിമകളും ശക്തമായ സാന്നിധ്യമറിയിക്കുകയും ചെയ്യുന്നു.
ലോകരാജ്യങ്ങളിലെ സിനിമകളുമായി മലയാളചിത്രങ്ങളും മത്സരിക്കുന്നു. വൈകാതെ മലയാള ചിത്രങ്ങളുടെ ഫിലിമോത്സവം ക്യൂബയില്‍ നടക്കാനിരിക്കുന്നു. ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ചടങ്ങിലാണ് ഇതു സംബന്ധിച്ച ആദ്യ പ്രഖ്യാപനം ഉണ്ടായത്. തിരുവനന്തപുരം സന്ദര്‍ശിച്ച ക്യുബന്‍ സ്ഥാനപതി അലെഹാന്ദ്രോ സിമാന്‍കാസ് മരീനുമായി ഇതു സംബന്ധിച്ച് ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഹവാന ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലും ഐഎഫ്എഫ്കെയും തമ്മിലുള്ള സഹകരണത്തിന്‍റെ സാധ്യതകളും ചര്‍ച്ച ചെയ്തിട്ടുണ്ട്. . മലയാളത്തിലെ മികച്ച സമീപകാല സിനിമകള്‍ ഉള്‍പ്പെടുത്തിയാകും ക്യൂബയില്‍ മലയാള ചലച്ചിത്രമേള നടത്തുന്നത്. ഈയൊരു ഉദ്യമത്തിന് അലെഹാന്ദ്രോ സിമാന്‍കാസ് മരീന്‍ പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇത്തവണ ഐ.എഫ്.എഫ്.കെയുടെ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ആറ് ക്യൂബന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എല്‍ ബെന്നി, ഇന്നസെന്‍സ്, മാര്‍ത്തി ദ ഐ ഓഫ് ദ കാനറി, ദ മേയര്‍, സിറ്റി ഇന്‍ റെഡ്, വിത്ത് യു ബ്രെഡ് ആന്‍റ് ഒനിയന്‍സ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവര്‍ മേളയില്‍ അതിഥികളായി പങ്കെടുക്കുകയും ചെയ്യുന്നു. ഇത് മലയാള ചിത്രങ്ങളുടെ രാജ്യാന്തര സാന്നിധ്യവും പ്രാതിനിധ്യവും ഉറപ്പാക്കുന്ന ചുവടുവയ്പ്പാണ്. ചലച്ചിത്ര മേളയുടെ ഭാഗമായി ചലച്ചിത്ര വികസന കോര്‍പറേഷന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഫിലിം മാര്‍ക്കറ്റിനെയും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. രാജ്യാന്തര നിര്‍മാണ വിതരണ കമ്പനികള്‍, നിര്‍മാതാക്കള്‍, സംവിധായകര്‍, മറ്റു ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവരുമായി മലയാള സിനിമയിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഫിലിം മാര്‍ക്കറ്റ് നേരിട്ട് സംവാദത്തിനും ആശയവിനിമയത്തിനും അവസരം ഒരുക്കുകയാണ്. വിദേശ പങ്കാളികളുമായി ചേര്‍ന്നുള്ള സിനിമാ നിര്‍മാണം, അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും കൈമാറ്റം എന്നിവയ്ക്കെല്ലാം ഫിലിം മാര്‍ക്കറ്റ് അവസരമൊരുക്കും.
