വാട്ടര്‍ വാട്ടര്‍ സര്‍വ്വത്ര, വാട്ടര്‍ മെട്രൊ വേണം ട്ടോ...

വാട്ടര്‍ വാട്ടര്‍ സര്‍വ്വത്ര, വാട്ടര്‍ മെട്രൊ വേണം ട്ടോ...

വിജയ് ചൗക്ക്

സുധീര്‍ നാഥ്  


കേരളം നദികളും പുഴകളും കൊണ്ട് സമൃദ്ധമായ ഒരു ഭൂപ്രദേശമാണ് എന്നത് വളരെ പ്രശസ്തമാണ്.  കേരളത്തിലെ ജലഗതാഗതം വളരെ പ്രശസ്തമായിരുന്നു. മുന്‍പത്തെക്കാള്‍ നമ്മുടെ പുഴയും, നദികളും മലിനമായിരിക്കുന്നു എന്നത് ദുഖഃകരമാണ്. നമ്മുടെ നദികളും പുഴകളും മലിന്യ മുക്തമാക്കേണ്ടത് ഒരു കടമയായി നാം ഏറ്റെടുക്കേണ്ടതുണ്ട്. അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവും മറ്റും മറ്റും കൊണ്ട് ജനജീവിതം ദുസഹമായി മാറികൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണല്ലോ നമ്മള്‍ ജീവിക്കുന്നത്. നമ്മുടെ പ്രധാന ഗതാഗത മാര്‍ഗം പണ്ടുകാലത്ത് വള്ളങ്ങളിലും വഞ്ചികളിലും മറ്റും ആയിരുന്നു. റോഡ് മാര്‍സമുള്ള ഗതാഗതം വളരെ അപൂര്‍വ്വവും വലിയ ചിലവേറിയതുമായിരുന്നു. ഇപ്പോള്‍ നമ്മള്‍ വീണ്ടും ജലഗതാഗതത്തെ കുറിച്ച് ചിന്തിക്കുന്നു. ജലഗതാഗതം വളരെ പതുക്കെയുള്ള യാത്രയായിരുന്നു. സാങ്കേതിക വിദ്യകള്‍ മാറിമാറി വന്നു. ഡീസല്‍ എന്‍ജിന്‍ ഘടാപ്പിച്ച വഞ്ചികളില്‍ തുടങ്ങി ചെറു ബോട്ടുകളും വലിയ ബോട്ടുകളും, സ്പീഡ് ബോട്ടുകളും നമ്മുടെ ജലപാതകളില്‍ ഓടി തുടങ്ങി. ഡീസല്‍ ബോട്ടുകള്‍ നമ്മുടെ ജലാശയത്തെ മലിനമാക്കിയിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതില്‍നിന്നു മാറി സൗരോര്‍ജ്ജം ഉപയോഗിച്ചുകൊണ്ട് അതിവേഗതയില്‍ പറയുന്ന ബോട്ടുകള്‍ നമ്മള്‍ നിര്‍മ്മിച്ചു കഴിഞ്ഞിരിക്കുന്നു. ലോക മാധ്യമ സമ്മേളനത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ എത്തിയ ക്ഷണിക്കപ്പെട്ട വിദേശ മാധ്യമ പ്രവര്‍ത്തകരെയും ദേശീയ മാധ്യമ പ്രവര്‍ത്തകരെയും പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെയും കൊണ്ട് കൊച്ചി വാട്ടര്‍ മെട്രൊ ഒരു സൗഹ്യദ യാത്ര നടത്തുകയുണ്ടായി. ഈ യാത്രയില്‍ ലേഖകനും പങ്കാളിയാകാന്‍ സാധിച്ചു എന്നുള്ളത് ഒരു ഭാഗ്യമായി തന്നെ കരുതട്ടെ.

ലോകനിലവാരമുള്ള ബോട്ടുകളാണ് കൊച്ചി വാട്ടര്‍ മെട്രൊയില്‍ ഉപയോഗിക്കുന്നതെന്ന് ഒപ്പം സഞ്ചരിച്ച ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരായ ചെക്ക് സെന്‍റര്‍ ഫോര്‍ ഇന്‍വസ്റ്റിഗേഷന്‍ ജേര്‍ണലിസത്തിന്‍റെ സ്ഥാപക പാവ്ല ഹേല്‍കോവയും, ഗബ്രിയേല്‍ ഗാര്‍ഷ്യ മര്‍ക്കേസ് ഫൗഡേഷന്‍റെ സി.ഇ.ഒ. കൂടിയായ ജെയ്മേ അവേലോ ബാഫ്നിയും, ലോക പ്രശസ്ത അനിമേറ്ററായ സുരേഷ് ഏറിയാട്ടും മറ്റും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടത് അഭിമാനത്തോടു കൂടിയാണ് കേട്ടു നിന്നത്. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ സഞ്ചരിച്ച അവരുടെ അഭിപ്രായത്തിന് വലിയ വിലയാണുള്ളത്. ഇത് നമുക്ക് മലയാളികള്‍ക്ക് ഏറെ അഭിമാനം ഉണ്ടാക്കുന്ന ഒന്നാണ്. ലോകോത്തര നിലവാരത്തിലേയ്ക്ക് നമ്മുടെ നാടും വളര്‍ന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം. വ്യത്തിയുള്ള കൊച്ചി മെട്രൊ ബോട്ട് ജെട്ടി പരിസരവും ഉള്‍വശവും വാസ്തുശില്‍പ്പ ഭംഗി കൊണ്ട് ആകര്‍ഷകമാണ്. കാത്തിരുപ്പിനായി ഒരുത്തിയ പ്രദേശങ്ങളിലെ ഇരിപ്പിടവും ശുചിമുറികളും യാത്രയുടെ സൗകര്യങ്ങള്‍ വിളിച്ചു പറയുന്നു. കൊച്ചി മെട്രൊ തീവണ്ടിയും, സ്റ്റേഷനും വളരെ വ്യത്തിയായി സംരക്ഷിക്കപ്പെടുന്നുണ്ട് എന്നത് നമുക്ക് മുന്നിലെ നേര്‍ കാഴ്ച്ചയാണ്. സമാനമായി വാട്ടര്‍ മെട്രൊ ബോട്ടുകളും ജെട്ടികളും വ്യത്തിയായി സൂക്ഷിക്കും എന്ന കാര്യത്തില്‍ വലിയ പ്രതീക്ഷയാണ്. 

കേരളത്തില്‍ എല്ലാ പ്രദേശങ്ങളിലും വാട്ടര്‍ മെട്രൊയുടെ സേവനം നല്‍കാന്‍ കഴിയുന്ന തരത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. നിലവിലുള്ള ജലഗതാഗത സംവിധാനങ്ങള്‍ പരിഷ്ക്കരിക്കുകയും, ജനങ്ങള്‍ക്ക് സുരക്ഷയും, സൗകര്യങ്ങളുമുള്ള ബോട്ടുകള്‍ ഗതാഗതത്തിന് കൊണ്ടുവരികയുമാണ് വേണ്ടത്. ഉള്‍ഗ്രാമങ്ങളില്‍ നമ്മുടെ ജലഗതാഗതം ശക്തിപ്പെടുത്തിയാല്‍ നാട്ടില്‍ വലിയ വികസനം ഉണ്ടാകും എന്ന കാര്യത്തില്ല സംശയമില്ല. ഇതിന്‍റെ ആദ്യപടി എന്നാകണം നമ്മുടെ നാടിന്‍റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന കൊച്ചിയില്‍ ആരംഭിക്കുന്ന കൊച്ചിന്‍ വാട്ടര്‍ മെട്രൊയുടെ സേവനം. 78 കിലോമീറ്റര്‍ ദൂരം കൊച്ചിയിലെ ജലപാതകളില്‍ വാട്ടര്‍ മെട്രൊ ഓടി തുടങ്ങുമ്പോള്‍ അത് ജലഗതാഗത രംഗത്ത് ഒരു വിപ്ലവം തന്നെയായി മാറുന്നു. ജനങ്ങള്‍ ദുസ്സഹമായി അനുഭവപ്പെടുന്നു എന്ന് വിലപിക്കുന്ന തിങ്ങിനിറഞ്ഞ റോഡുകളില്‍ നിന്നുള്ള മോചനമായി വാട്ടര്‍ മെട്രൊയെ കാണും എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇത് മറ്റ് ജില്ലകളിലെ ജലപാതകളിലേയ്ക്കും വ്യാപിപ്പിക്കണം. കേരളത്തിലെ ജനങ്ങളുടെ സുഖമമായ യാത്രാ പ്രശ്നത്തിന് ഇത് പരിഹാരമാകും. കൊച്ചി വാട്ടര്‍ മെട്രൊയിലെ യാത്രചെയ്ത മലയാളികളായ മാധ്യമ പ്രവര്‍ത്തകരുടെ അഭിപ്രായമായിരുന്നു അത്.

കൊച്ചി വാട്ടര്‍ മെട്രൊ 100 യാത്രക്കാര്‍ക്കും 50 യാത്രക്കാര്‍ക്കും സഞ്ചരിക്കാവുന്ന ബോട്ടുകള്‍ ആണ് ഇപ്പോള്‍ കമ്മിഷന്‍ ചെയ്തിരിക്കുന്നത്. കൊച്ചി വാട്ടര്‍ മെട്രൊയുടെ എല്ലാ ബോട്ടുകളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതാണ് എന്നുള്ളത് ഒരു പ്രത്യേകതയായി നാം കാണേണ്ടതുണ്ട.് മേക്ക് ഇന്‍ ഇന്ത്യ എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ മുദ്രാവാക്യത്തിന് ശക്തി പകരുന്ന ഒന്നാണ് കൊച്ചി മെട്രൊയിലെ ബോട്ടുകള്‍ എന്ന് പറയണം. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള ബോട്ട് നിര്‍മ്മാണ കമ്പനികള്‍ പങ്കെടുത്ത ടെന്‍റര്‍ നടപടിയില്‍ കൊച്ചിന്‍ ഷിപ്പ്യാഡ് വിജയിക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ - അറ്റകുറ്റപ്പണി ശാലയാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്. വിമാന വാഹിനി കപ്പലുകള്‍ ഉള്‍പ്പെടെ 35 കപ്പലുകള്‍ ഇതിനകം ഷിപ്പ് യാര്‍ഡ് നിര്‍മ്മിച്ചിട്ടുണ്ട്. 1972 ഏപ്രിലില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് ഈ കപ്പല്‍ശാലക്ക് തറക്കല്ലിട്ടത്. 1981 ല്‍ എം.വി റാണി പത്മിനിയുടെ ആദ്യ കപ്പല്‍ കൊച്ചിന്‍ ഷിപ്പ്യാഡില്‍ നിന്ന് പുറത്തിറങ്ങിയത് വലിയ സംഭവമായിരുന്നു. 1982 മുതല്‍ കപ്പല്‍ അറ്റകുറ്റപ്പണി സേവനങ്ങള്‍ കൊച്ചിന്‍ ഷിപ്പ്യാഡില്‍ വലിയ രീതിയില്‍ തുടങ്ങി. ഇന്ത്യന്‍ നാവികസേന, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ്, കൊച്ചി പോര്‍ട്ട് ട്രസ്റ്റ് എന്നിവയുടെ കപ്പല്‍ ഉള്‍പ്പെടെ എല്ലാത്തരം കപ്പലുകളുടെയും പരിഷ്കരണങ്ങളും അറ്റകുറ്റപ്പണികളും കൊച്ചിന്‍ ഷിപ്പ്യാഡില്‍ നടത്തിയിട്ടുണ്ട്. ഒ.എന്‍.ജി.സി.യില്‍ നിന്നുള്ള പ്രധാന നിര്‍മാണ, നവീകരിക്കപ്പെടുന്ന ഓര്‍ഡറുകള്‍ കൊച്ചിന്‍ ഷിപ്പ്യാഡ് ഏറ്റെടുക്കുന്നുണ്ട്. ഇന്ന് രാജ്യത്തിന്‍റെ അഭിമാനമായി മാറിക്കഴിഞ്ഞ കൊച്ചിന്‍ ഷിപ്പ്യാഡില്‍ നിന്നാണ് കൊച്ചി വാട്ടര്‍ മെട്രൊയുടെ ബോട്ടുകള്‍ നിര്‍മ്മിക്കുന്നത് എന്നത് എടുത്ത് പറയണം.

കൊച്ചി മെട്രൊ ട്രെയിനിലെ പോലെ പൂര്‍ണ്ണമായും ശീതീകരിച്ച ക്യാബിനുകളിലാണ് മെട്രൊ ബോട്ടുകളിലെ യാത്ര. കൊച്ചി പട്ടണം മെട്രൊ ട്രെയിനില്‍ ഇരുന്ന് കാണുന്നത് പോലെ കൊച്ചിയുടെ തീര പ്രദേശങ്ങള്‍ മെട്രൊ ബോട്ടിലിരുന്ന് കാണുന്നത് അവിസ്മരണീയമാണ്. കേരളത്തിന്‍റെ തനത് ഭംഗി ആസ്വദിച്ചുള്ള യാത്ര വിദേശികളെ പോലെ, പ്രവാസി മലയാളികള്‍ക്കും, സ്വദേശികള്‍ക്കും അനുഭവ സമ്പന്നമാകും. ബോട്ടുകളില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട് എന്നുള്ളത് ആശ്വാസകരം തന്നെയാണ്. കേരളത്തിന്‍റെ ടൂറിസം ഭൂപടത്തില്‍ പോലും കൊച്ചിയിലെ വാട്ടര്‍ മെട്രൊ സേവനം വലിയ മാറ്റങ്ങള്‍ വരുത്തുവാന്‍ പോകുകയാണ്. തെരഞ്ഞെടുക്കപ്പെട്ട 15 റൂട്ടുകളിലാണ് വാട്ടര്‍ മെട്രൊ സര്‍വീസ് നടത്തുന്നത് എന്നാണ് മെട്രൊ ഉദ്യോഗസ്ഥര്‍ പറയുന്നത്. കേരളീയര്‍ക്ക് പരിചിതമായ ഫെറി സര്‍വ്വീസുകളില്‍ നിന്ന് വിഭഭിജമായ സര്‍വ്വീസുകളാണ് വാട്ടര്‍ മെട്രൊ ഒരുക്കുന്നത്. 78 കിലോമീറ്ററുകളില്‍ സര്‍വ്വീസ് നടത്തുന്ന ബോട്ടുകള്‍ക്ക് 38 ബോട്ട് ജെട്ടികള്‍ പ്രവര്‍ത്തനത്തിന് തയ്യാറായി കഴിഞ്ഞിരിക്കുന്നു. കൊച്ചിയിലെ മാത്രം 10 ദ്വീപുകളെ വാട്ടര്‍ മെട്രൊ ബന്ധിപ്പിക്കുന്നു എന്നുള്ളത് ഒരു ചെറിയ കാര്യമല്ല. ഇവിടുത്തെ ജനങ്ങള്‍ക്ക് യാത്രാ മേഖലയില്‍ വലിയ ഉണര്‍വ് ഉണ്ടാക്കുന്നു എന്നുള്ളത് അഭിമാനകരമാണ്. ഇത് കൊച്ചിയുടെ വികസനത്തിന് വലിയ ചുവടാണ്. 8 മുതല്‍ 15 മിനിറ്റ് ഇടവെട്ടാണ് ബോട്ടുകള്‍ സര്‍വ്വീസ് നടത്തുക. 

ആധുനിക സജ്ജീകരണങ്ങളോടുകൂടിയാണ് കൊച്ചി വാട്ടര്‍ മെട്രൊയുടെ ബോട്ടുകള്‍ കൊച്ചി കപ്പല്‍ശാലയില്‍ നിന്ന് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അംഗപരിമിതി സംഭവിച്ച് വീല്‍ചെയറില്‍ യാത്ര ചെയ്യുന്നവര്‍ക്കും പ്രായമായവര്‍ക്കും അനായാസാന ബോട്ടില്‍ കയറുവാനും ഇറങ്ങുവാനും സാധിക്കും. ബോട്ടുപോലെ തന്നെ ബോട്ടിലേയ്ക്ക് കയറുന്നതിനായി ഒരുക്കിയിരിക്കുന്ന ഫ്ളോട്ടിങ്ങ് പോണ്‍ഡൂണ്‍ (പൊങ്ങി കിടക്കുന്ന ജെട്ടി) എടുത്ത് പറയേണ്ട ഒന്നാണ്. നൂറുശതമാനവും സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി വാട്ടര്‍ മെട്രൊയുടെ ബോട്ടുകളില്‍ നിന്ന് മലിനീകരണം ഉണ്ടാകുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. മലിനീകരണം കൊണ്ട് പാരിസ്ഥിതിക ആഘാതം സംഭവിക്കുന്നു എന്ന് സമൂഹം വ്യാകുലതപ്പെടുമ്പോഴാണ് ഇത്തരം ആധുനിക സംവിധാനങ്ങളോടുകൂടിയുള്ള കൊച്ചി മെട്രൊ ബോട്ടുകള്‍ ജലഗതാഗത രംഗത്ത് എത്തുന്നത.് ഈ ബോട്ട് സര്‍വീസുകള്‍ എല്ലാം ഒരു കേന്ദ്രത്തില്‍ നിന്നാണ് നിയന്ത്രിക്കുന്നത് എന്നുള്ളത് ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടുള്ള സംവിധാനമാണ.്

കൊച്ചി വാട്ടര്‍ മെട്രൊ പ്രവര്‍ത്തനക്ഷമം ആകുമ്പോള്‍ കൊച്ചിയിലെ യാത്രാ ദുരിതത്തിന് ഒരു പരിതി വരെ ആശ്വാസമാകും എന്നുള്ള കാര്യത്തില്‍ സംശയമില്ല. വാട്ടര്‍ മെട്രൊ മൂലം ഉള്‍നാടന്‍ ജനഗതാഗതരംഗത്താണ് വലിയ മാറ്റം ഉണ്ടാകുന്നത്. കേരളത്തിന്‍റെ തനതായ ഗ്രാമഭംഗികള്‍ ആസ്വദിക്കാന്‍ വാട്ടര്‍ മെട്രൊയിലൂടെയുള്ള യാത്ര ഉപകരിക്കും എന്നുള്ളത് ഒരു വശം. വാട്ടര്‍ മെട്രൊയിലൂടെ അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്താം എന്നുള്ളത് മറുവശം. വായു മാലിന്യങ്ങളില്‍ നിന്നും, ഗതാഗതകുരുക്കില്‍ നിന്നും രക്ഷപ്പെട്ട് ലക്ഷ്യസ്ഥാനത്ത് എത്തുക എന്നുള്ള കൊച്ചി നിവാസികളുടെ ആഗ്രഹമാണ് കൊച്ചി വാട്ടര്‍ മെട്രൊ വഴി സഫലമാകാന്‍ പോകുന്നത് എന്നുള്ള കാര്യത്തില്‍ നമുക്ക് സന്തോഷിക്കാം. യാത്രയുടെ വേറിട്ട അനുഭവം സമ്മാനിക്കുന്നു എന്നത് ഇതിനെല്ലാം മുകളിലാണ്.

ലോകത്താകമാനം മെട്രൊ ട്രെയിന്‍ സര്‍വീസുകളും വാട്ടര്‍ മെട്രൊ സര്‍വീസുകളും വളരെ ശക്തമായ രീതിയില്‍ സേവനം നടത്തിവരുന്നു എന്നുള്ളത് നമ്മുടെ നാടിനും പ്രചോദനമായിട്ടുണ്ട്. അതുതന്നെയാണ് കൊച്ചി വാട്ടര്‍ മെട്രൊയുടെ വരവിന് പിന്നില്‍ എന്നതില്‍ സംശയമില്ല. കേരളത്തിന്‍റെ തെക്ക് വടക്ക് ബന്ധിപ്പിക്കുന്ന വാട്ടര്‍ മെട്രൊ സര്‍വ്വീസിനെ കുറിച്ച് നമുക്ക് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. മറ്റേത് നാടിനും ലഭിക്കാത്ത കടല്‍തീരം നമുക്കുണ്ട് എന്നത് തന്നെ പദ്ധതി വിജയിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല എന്ന് നിസംശയം പറയാം. കൊച്ചി നിവാസികള്‍ക്ക് വാട്ടര്‍ മെട്രൊ വലിയ ഒരു സേവനം സമ്മാനിക്കുമെന്നത് പോലെ നമ്മുടെ കടല്‍ തീരം വഴിയുള്ള വാട്ടര്‍ മെട്രൊ കേരളത്തിന്‍റെ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുകയും സമൂഹത്തിന് വലിയ ഒരു സേവനം സമ്മാനിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം. കടല്‍ യാത്രയില്‍ സ്ഥലം എന്‍ക്വയര്‍ ചെയ്യേണ്ടി വരുന്നില്ല എന്ന ആകര്‍ഷണവുമുണ്ട്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കേരളത്തില്‍ സ്ഥലമെടുപ്പാണ് ഏറ്റവും ദുഷ്ക്കരം. ഇവിടെ അതില്ല എന്നത് വാവാദങ്ങള്‍ക്ക് കുറവും ശക്തിയും കുറയും. കേരളത്തില്‍ ഏതൊരു പദ്ധതി വന്നാലും ചെറിയൊരു വിവാദം ഉണ്ടാകുമല്ലോ.

ചൈനയിലും, സിംഗപ്പൂരും സമാനമായ ബോട്ട് സര്‍വ്വീസുകള്‍ ഇപ്പോള്‍ തന്നെ ജനകീയമാണ്. വളരെ കുറഞ്ഞ നിരക്കില്‍ സുഖകരമായി കടല്‍ തീരത്തൂടെ അവിടെ രാജ്യാന്തര അതിര്‍ത്തികള്‍ വരെ കടന്ന് യാത്ര ചെയ്യുന്നു. കൊച്ചി വാട്ടര്‍ മെട്രൊയുടെ സേവനങ്ങള്‍ മാത്രം മതി അത്തരമൊരു ബോട്ട് സര്‍വ്വീസുകള്‍ ആരംഭിക്കാന്‍. മാലിയിലേയ്ക്കും, ശ്രീലങ്കയിലേയ്ക്കും, ലക്ഷദ്വീപിലേയ്ക്കും സര്‍വ്വീസ് നടത്തുന്നതിന്‍റെ സാധ്യതകള്‍ പരിശോധിക്കേണ്ടതുണ്ട്. വാട്ടര്‍ വാട്ടര്‍ സര്‍വ്വത്ര... വാട്ടര്‍ മെട്രൊ വേണം ട്ടോ...