പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
ജൂണ്‍ 15
![]() |
ക്യാമറക്കണ്ണുമായി ഡല്‍ഹി പോലീസ് ഓഫീസര്‍
ഡല്‍ഹി പൊലീസിന്‍റെ ഫിനാന്‍ഷ്യല്‍ അഡ്വൈസ് ബ്രാഞ്ചിലെ അതീവ ഉത്തരവാദിത്തമുള്ള ഔദ്യോഗിക ചുമതലകളും ധനകാര്യ നയങ്ങളുമാണ് അനീഷ് ഭാസ്കരന്‍റെ നിത്യജീവിതം. എന്നാല്‍ ഈ തിരക്കുകള്‍ക്കിടയിലും, വാരാന്ത്യങ്ങളും അവധി ദിനങ്ങളും അദ്ദേഹം കാടിന്‍റെ വന്യമായ ദിക്കുകളിലേയ്ക്ക് ക്യമറയുമായി ഇറങ്ങും. ഭാരതത്തിന്‍റെ വന്യജീവി സമ്പത്തിനെ ക്യാമറയില്‍ പകര്‍ത്തുന്നതിനോടൊപ്പം സംരക്ഷിക്കുന്നതിനും അനീഷ് ഭാസ്ക്കര്‍ മുന്‍പന്തിയിലുണ്ട്. കേരളത്തില്‍ കോട്ടയം സ്വദേശിയായ അനീഷ് ഭാസ്കരന്‍ 1998 മുതല്‍ ഡല്‍ഹിലാണ് താമസം. അയ്മനം വില്ലേജില്‍ പാണന്‍കുഴിയില്‍ പി. വി. ഭാസ്കരന്‍റെയും ശാന്തമ്മയുടെയും പുത്രനാണ്. ഭാര്യ സുജിത്ര അനീഷ് നൃത്യാലയ നൃത്ത വിദ്യാലയത്തിന്‍റെ സ്ഥാപക ഡയറക്ടര്‍ ആണ്. മകള്‍ ഹൃദിക അനീഷ് ദൂരദര്‍ശന്‍ ഗ്രേഡ് നര്‍ത്തകിയും നൃത്യാലയ അധ്യാപികയും ആണ്. ഇന്ത്യയിലെ വന്യമൃഗങ്ങളുടെയും പ്രത്യേകിച്ച് കടുവ, പുള്ളിപ്പുലി തുടങ്ങിയ വന്യമ്യഗങ്ങളുടേയും വൈവിധ്യമാര്‍ന്ന പക്ഷികളുടെയും ചിത്രങ്ങള്‍ പകര്‍ത്തുന്നതിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ദേശീയോദ്യാനങ്ങളിലും, പക്ഷിസങ്കേതങ്ങളിലും അദ്ദേഹം ക്യാമറയുമായി എത്തിയിട്ടുണ്ട്. ജിം കോര്‍ബറ്റിന്‍റെ ഇടതൂര്‍ന്ന സാല്‍ വനങ്ങളും, രാജാജിയുടെ ദുര്‍ഘടമായ ഭൂപ്രകൃതിയും മുതല്‍ തഡോബ, പന്ന, രണ്‍ഥംബോര്‍, സരിസ്ക, ജവായ്, ഝലാന, സത്പുര, സുന്ദര്‍ബന്‍ എന്നീ പ്രശസ്തമായ ദേശീയോദ്യാനങ്ങള്‍ വരെ നീളുന്ന അദ്ദേഹത്തിന്‍റെ യാത്രകള്‍ പ്രകൃതിയുടെ വന്യമായ സൗന്ദര്യത്തെ തന്‍റെക്യാമറയില്‍ അനീഷ് ഭാസ്ക്കര്‍ ഒപ്പിയെടുത്തിട്ടുണ്ട്. കാട്ടുചെടികള്‍ക്കിടയിലൂടെ നീങ്ങുന്ന ബംഗാള്‍ കടുവയുടെ തീക്ഷ്ണമായ നോട്ടമായാലും, അപൂര്‍വ്വമായൊരു പക്ഷിയുടെ വശ്യമായ പറക്കലായാലും, അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ വെറുമൊരു രേഖപ്പെടുത്തലല്ല; മറിച്ച് അത് അതിജീവനത്തിന്‍റെയും ഗാംഭീര്യത്തിന്‍റെയും കരുത്തിന്‍റെയും കഥകളാണ് വിളിച്ചോതുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലധികം വ്യത്യസ്ത ഇനം പക്ഷികളെ അദ്ദേഹം തന്‍റെ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. അനീഷിലെ ഫോട്ടോഗ്രാഫറുടെ മികവിന് സാക്ഷ്യമായി നിരവധി ദേശീയ-അന്തര്‍ദേശീയ അംഗീകാരങ്ങള്‍ ഇതിനോടകം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ മികച്ച 10 ഫോട്ടോഗ്രാഫര്‍മാരുടെ പട്ടികയിലും, ഇന്ത്യയിലെ മികച്ച 150 ഫോട്ടോഗ്രാഫര്‍മാരുടെ പട്ടികയിലും അദ്ദേഹം ഇടം നേടിയിട്ടുണ്ട്. പ്രാദേശിക പക്ഷിനിരീക്ഷണ-ഫോട്ടോഗ്രഫി കൂട്ടായ്മകളില്‍ സജീവമായ അദ്ദേഹം, ഓഖ്ല പക്ഷിസങ്കേതവും ധനൗരി ചതുപ്പുനിലവും പോലുള്ള പരിസ്ഥിതി പ്രാധാന്യമുള്ള ഇടങ്ങളിലെ പരിചിതമായ ഒരു മുഖമാണ്. പക്ഷികളുടെ ജീവന് ഭീഷണിയാകുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ഉപേക്ഷിക്കപ്പെട്ട പട്ടംനൂലുകളും വനങ്ങളില്‍ നിന്നും ചതുപ്പുനിലങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം പ്രയത്നിക്കുന്നു.
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, പ്രകൃതിസംരക്ഷണം എന്നത് സെമിനാറുകളില്‍ ചര്‍ച്ച ചെയ്യേണ്ട ഒരു സൈദ്ധാന്തിക ആശയമല്ല; മറിച്ച് പ്രകൃതിയുടെ അന്തസ്സ് വീണ്ടെടുക്കാന്‍ നേരിട്ടിറങ്ങി ചെയ്യേണ്ട ഒരു പവിത്രമായ കടമയാണ്. വന്യജീവി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ എന്‍.ജി.ഓകളുമായും ഫോട്ടോഗ്രാഫി കൂട്ടായ്മകളുമായും ചേര്‍ന്ന് പരിസ്ഥിതി ബോധവല്‍ക്കരണം, പക്ഷികളെ നിരീക്ഷിക്കല്‍, നേച്ചര്‍ വാക്കുകള്‍ എന്നിവയില്‍ അദ്ദേഹം എപ്പോഴും സജീവ സാന്നിധ്യമാണ്.
അലീഗഢിലെ മലയാളശബ്ദം: ടി. എന്‍ സതീശന്‍
അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ മലയാളം പ്രൊഫസറായും, ആധുനിക ഇന്ത്യന്‍ ഭാഷാവിഭാഗത്തിന്‍റെ ചെയര്‍പേഴ്സണായും, ആര്‍ട്സ് ഫാക്കല്‍റ്റിയുടെ ഡീനായും പ്രവര്‍ത്തിച്ച പ്രൊഫസര്‍ ടി. എന്‍. സതീശന്‍ റിട്ടയറായി. ഒരാള്‍ റിട്ടയറായത് വലിയ സംഭവമല്ല. എന്നാല്‍ ടി. എന്‍. സതീശന്‍റെ കാര്യത്തില്‍ അതൊരു സംഭവമാണ്. ഏകദേശം നാല് ദശാബ്ദങ്ങളിലധികം വടക്കേ ഇന്ത്യയില്‍ മലയാള ഭാഷയ്ക്ക് സമര്‍പ്പിച്ച നീണ്ട സേവനത്തിന്‍റെ പ്രതീകമാണ് അദ്ദേഹം. അക്കാദമിക യാത്ര അധ്യാപനം, ഗവേഷണം, അക്കാദമിക നേതൃത്വം എന്നിവയിലൂടെ അദ്ദേഹം, സര്‍വകലാശാലയില്‍ മലയാള പഠനത്തെ വളര്‍ത്തുകയും ആധുനിക ഇന്ത്യന്‍ ഭാഷകളുടെ വ്യാപകമായ പഠനരംഗത്തെ ശക്തിപ്പെടുത്തുകയും ചെയ്തതില്‍ നിര്‍ണായക പങ്ക് വഹിച്ചു. തന്‍റെ സമ്പൂര്‍ണ്ണ സേവനകാലത്തുടനീളം പ്രൊഫസര്‍ സതീശന്‍ അക്കാദമിക മികവിനെയും ഉത്തരവാദിത്വമുള്ള സ്ഥാപനസേവനത്തെയും സമന്വയിപ്പിച്ചു. സര്‍വകലാശാലയുടെ ഭരണപരിപാടികളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തു. അലിഗഢ് മുസ്ലിം സര്‍വകലാശാലയുടെ മലപ്പുറം സെന്‍ററിന്‍റെ ഡയറക്ടറായി സേവനമനുഷ്ഠിച്ച കാലത്ത് കേരളത്തില്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളും അക്കാദമിക പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. പ്രൊഫസര്‍ സതീശന്‍റെ അക്കാദമിക യാത്ര കോഴിക്കോട് സര്‍വകലാശാലയില്‍ ശ്രദ്ധേയമായ മികവോടെയാണ് ആരംഭിച്ചത്. 1981-ല്‍ ബി.എ. മലയാളത്തില്‍ ഫസ്റ്റ് ക്ലാസ് ഫസ്റ്റ് റാങ്കും 1983-ല്‍ എം.എ. മലയാളത്തില്‍ ഫസ്റ്റ് ക്ലാസ് സെക്കന്‍ഡ് റാങ്കും അദ്ദേഹം നേടി. തുടര്‍ന്ന് 1985-ല്‍ എം.ഫില്‍.യും 1991-ല്‍ പി.എച്ച്.ഡിയും നേടി മലയാള ഭാഷയും സാഹിത്യവും സംബന്ധിച്ച പഠനങ്ങളില്‍ തന്‍റെ പ്രതിബദ്ധത തുടര്‍ന്നു. 1988-ല്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ അദ്ദേഹം അധ്യാപനജീവിതം ആരംഭിച്ചു. അതേ വര്‍ഷം നവംബര്‍ 1-ന് അദ്ദേഹം അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ ആധുനിക ഇന്ത്യന്‍ ഭാഷാവിഭാഗത്തില്‍ ചേര്‍ന്നു. അതോടെയാണ് സര്‍വകലാശാലയുമായുള്ള ദീര്‍ഘവും ഫലപ്രദവുമായ ബന്ധം ആരംഭിച്ചത്. ഭാഷയ്ക്കും വിജ്ഞാനത്തിനും ബൗദ്ധിക പാരമ്പര്യങ്ങളുടെ പരിപോഷണത്തിനും സമര്‍പ്പിച്ച ജീവിതമാണ് പ്രൊഫസര്‍ ടി. എന്‍. സതീശന്‍റെ അക്കാദമിക യാത്ര. അധ്യാപകനായും ഗവേഷകനായും വിവര്‍ത്തകനായും അക്കാദമിക ഭരണാധികാരിയായും അദ്ദേഹം നിരവധി തലമുറകളിലെ വിദ്യാര്‍ത്ഥികളെയും സഹപ്രവര്‍ത്തകരെയും പ്രചോദിപ്പിച്ചു. അലിഗഢിലെ മലയാളപഠനത്തെ ശക്തിപ്പെടുത്തുകയും ഇന്ത്യന്‍ ഭാഷകളും സാഹിത്യസംസ്കാരങ്ങളും സംബന്ധിച്ച വിപുലമായ ശാസ്ത്രീയ ചര്‍ച്ചകളെ സമ്പുഷ്ടമാക്കുകയും ചെയ്തതാണ് അദ്ദേഹത്തിന്‍റെ സംഭാവന. അധ്യാപകനായുള്ള ഔദ്യോഗിക ജീവിതത്തിന് വിരാമമായെങ്കിലും മലയാള ഭാഷയ്ക്ക് അദ്ദേഹത്തിന്‍റെ സംഭാവനകള്‍ക്ക് വിരാമമില്ല.
ചരിത്രം ആവര്‍ത്തിക്കുമോ...?
ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ഒരു ജനകീയ സമരത്തിലൂടെ തന്നെയായിരുന്നു. സമാധാനത്തിന്‍റെ പാതയില്‍ മഹാത്മാ ഗാന്ധിയുടെ നേത്യത്ത്വത്തില്‍ നടന്ന സമര പരമ്പരകളുടെ ചരിത്രം സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടതാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സ്വാതന്ത്ര്യ സമരത്തിന് മുന്നില്‍ അടിയറവ് പറഞ്ഞ് പിന്തിരിയേണ്ടി വന്ന ചരിത്രം നമുടെ മുന്നിലുണ്ട്. അടിയന്തരാവസ്ഥകാലത്ത് ഒരു ഏകാധിപതിയുടെ രൂപത്തിലാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി പ്രവര്‍ത്തിച്ചിരുന്നത് എന്ന് വ്യാപകമായി ആക്ഷേപമുണ്ടായിരുന്നു. ഇന്ദിര എന്നാല്‍ ഇന്ത്യ എന്ന തരത്തില്‍ വരെ പ്രചരണമുണ്ടായി. ഏകാധിപതിയായ ഇന്ദിരാ ഗാന്ധിക്കെതിരെ അക്കാലത്തെ ക്ഷുഭിതരായ യുവാക്കളുടെ നേത്യത്ത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചു. ജയപ്രകാശ് നാരായണന്‍ എന്ന അന്നുവരെ രാജ്യം ചര്‍ച്ച ചെയ്യാത്ത വ്യക്തിയുടെ മുന്നില്‍ ഭരണവര്‍ഗത്തിന് അടിയറവ് പറയേണ്ടി വന്നു. നവനിര്‍മ്മാണ്‍ ആദോളന്‍ എന്ന പേരില്‍ ഗുജറാത്തില്‍ തുടങ്ങിയ സമരം ചരിത്രത്തിന്‍റെ ഭാഗമാണ്. 1973 ഡിസംബര്‍ 20ന് അഹമദാബാദിലെ എല്‍.ഡി. എന്‍ജിനിയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ ഫീസിലും, ഭക്ഷണ വിലയിലും 20 ശതമാനം വര്‍ദ്ധിപ്പിച്ചതിനെതിരെ സമരം തുടങ്ങി. ഗുജറാത്ത് മുഖ്യമന്ത്രി ചമന്‍ഭായ് പട്ടേല്‍ സര്‍ക്കാര്‍ ഫെബ്രുവരി 9ന് രാജിവെയ്ക്കേണ്ടി വന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന സമയം കര്‍ഷകര്‍ ഒരു സമരം നടത്തിയിരുന്നു. 1988ല്‍ ഒക്ടോബര്‍ മാസം മഹേന്ദ്ര സിംഗ് ടിക്കായത്തിന്‍റെ നേത്യത്ത്വത്തില്‍ കര്‍ഷകര്‍ ട്രാക്ടറും, കാളവണ്ടിയും, സൈക്കിളുമായി ഡല്‍ഹിയിലെ പാര്‍ലമെന്‍റിനോട് ചേര്‍ന്ന ബോട്ട് ക്ലബ് മൈതാനിയില്‍ എത്തി. അന്ന് മ്യഗീയ ഭൂരിപക്ഷത്തിന് രാജീവ് ഗാന്ധി പ്രധാനമന്ത്രി കസേരയിലുണ്ടായിരുന്നു. 1984ല്‍ കോണ്‍ഗ്രസിന് 426 സീറ്റുകളാണ് ലോക്സഭയില്‍ ഉണ്ടായിരുന്നത്. ഒട്ടേറെ ആരോപണങ്ങള്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ കോണ്‍ഗ്രസ് അന്ന് പ്രയോഗിച്ചിരുന്നു. പക്ഷെ വലിയ ഭൂരിപക്ഷമുണ്ടായിട്ടും രാജീവ് ഗാന്ധിക്ക് കര്‍ഷക സമരത്തില്‍ അടിതെറ്റുകയായിരുന്നു. 1989ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സീറ്റ് നേട്ടം 195 ആയി കുറഞ്ഞു. 1979ല്‍ ജനുവരിയിലാണ് മൊറാര്‍ജി ദേശായി പ്രധാനമന്ത്രി ആയിരുന്ന സമയത്ത് മണ്ഡല്‍ കമ്മിഷന്‍ രൂപീകരിക്കുന്നത്. 1990 ആഗസ്റ്റില്‍ വി.പി. സിംഗ് പ്രധാനമന്ത്രി ആയപ്പോഴാണ് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയത്. മണ്ഡല്‍ കമ്മിഷന്‍ സമരമാണ് പിന്നീട് ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ സമരം. വി.പി. സിംഗിന് പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വന്നത് മണ്ഡല്‍ സമരത്തിന്‍റെ ജനകീയ ശക്തി കൊണ്ടായിരുന്നു. 2011ല്‍ ഇന്ത്യന്‍ ആന്‍റി കറപ്ഷന്‍ മൂവ്മെന്‍റ് വലിയ കൊടുങ്കാറ്റുണ്ടാക്കി. ഡല്‍ഹിയില്‍ യുവാക്കള്‍ വ്യദ്ധനായ അണ്ണാ ഹസാരയ്ക്ക് പിന്നില്‍ അഴിമതിക്കെതിരെ ജന്‍ ലോക്പാല്‍ ബില്ലിനായി അണിനിരന്നു. 2011 ഏപ്രില്‍ 5ന് ജന്‍ന്തര്‍ മന്ദിറിലാണ് അണ്ണാ ഹസാരെ അഴിമതിക്കെതിരെ നിരാഹാര സമരം തുടങ്ങിയത്. ജന പിന്തുണ ഏറിയതോടെ പിന്നീട് സമരം രാംലീല മൈതാനിയിലേയ്ക്ക് മാറ്റിയിരുന്നു. 2012 ഡിസംബര്‍ 16നാണ് ജ്യോതി സിംഗ് എന്ന നിര്‍ഭയ കൂട്ട ബലാത്സംഘത്തിന് ഇരയായി പിന്നീട് മരണത്തിന് കീഴടങ്ങുന്നത്. സ്ത്രീ സുരക്ഷയ്ക്കായി ഡല്‍ഹിയിലെ യുവജനത ഇറങ്ങി. ഡല്‍ഹിയിലെ യുവജനത സ്ത്രീസുരക്ഷയ്ക്കായി തെരുവിലിറങ്ങിയപ്പോള്‍, രാജ്യം ഒപ്പം നിന്നു. രാജ്യത്താകമാനം ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് വലിയ പ്രക്ഷോഭമാണ് ഉണ്ടായത്. ഡല്‍ഹി മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിദിന്‍റേയും, പ്രധാനമന്ത്രിയായ ഡോക്ടര്‍ മന്‍മോഹന്‍ സിംഗിന്‍റേയും പതനത്തിലാണ് ലോക്പാല്‍ സമരവും, നിര്‍ഭയ സമരവും എന്നീ രണ്ട് പ്രക്ഷോഭങ്ങളും കൊണ്ടെത്തിച്ചത്. ഇപ്പോഴിതാ വീണ്ടും യുവജനങ്ങളും വിദ്യാര്‍ത്ഥികളും തെരുവിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഇത്തവണ കൊക്ക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) എന്ന സാമൂഹ്യമാധ്യമ കൂട്ടായ്മയിലൂടെയാണ് യുവജനങ്ങളുടെ ഇപ്പോഴത്തെ പേരായ ജെന്‍സികളുടെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ തെരുവിലേക്കുള്ള ഇറക്കം. ഇത് ഒരു വലിയ സമരമായി മാറിയിരിക്കുന്നു. ഈ സമരത്തില്‍ അവര്‍ ആവശ്യപ്പെടുന്നത് സി.ബി.എസ്.ഇ., നീറ്റ് പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച മൂലം ഭാവി തുലാസില്‍ ആയ യുവജനങ്ങളുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണം എന്നുള്ളതാണ് അവരുടെ മുഖ്യ ആവശ്യം. ഈ പ്രക്ഷോഭം ചരിത്രത്തിന്‍റെ ആവര്‍ത്തനമാകുമോ എന്നുള്ളതാണ് ഇപ്പോള്‍ എല്ലാവരും ഉറ്റ് നോക്കുന്നത്.



