1957 മുതല്‍ 2026 വരെ: അല്‍പ്പം പ്രതിജ്ഞാ ചരിത്രം

1957 മുതല്‍ 2026 വരെ: അല്‍പ്പം പ്രതിജ്ഞാ ചരിത്രം

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


കേരളത്തില്‍ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി. ഡി. സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. കേരള ചരിത്രം പരിശോധിക്കുകയാണെങ്കില്‍ 1957 ഇഎംഎസ് മന്ത്രിസഭാ അധികാരമേറ്റത് മുതല്‍ പിന്നീട് ഇങ്ങോട്ട് 13 മുഖ്യമന്ത്രിമാരാണ് ഉണ്ടായിട്ടുള്ളത്. ഇവരുടെയും ഒപ്പമുള്ള എല്ലാ എം.എല്‍.എമാരുടേയും സത്യപ്രതിജ്ഞകള്‍ ഏറെ ശ്രദ്ധേയവുമാണ്. സത്യപ്രതിജ്ഞത്തെക്കുറിച്ച് എത്രയോ തവണയാണ് കേരള രാഷ്ട്രീയത്തില്‍ വിവാദങ്ങളും ചര്‍ച്ചകളും ഉണ്ടായിട്ടുള്ളത്. വ്യത്യസ്തമായ രീതിയിലാണ് ഓരോരുത്തരും സത്യപ്രതിജ്ഞ ചെയ്യുന്നത് എന്നുള്ളതും ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. ഭരണഘടനയോടും നിയമങ്ങളോടും കൂറുപുലര്‍ത്തുമെന്നും, പദവിയുടെ ചുമതലകള്‍ നിര്‍ഭയമായും പക്ഷപാതമില്ലാതെയും നിര്‍വഹിക്കുമെന്നും അധികാരമേല്‍ക്കുമ്പോള്‍ നല്‍കുന്ന പ്രതിജ്ഞയോട് കാണിക്കുന്ന അവിശ്വസ്തതയോ ലംഘനമോ ആണ് സത്യപ്രതിജ്ഞാലംഘനം. അങ്ങിനെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഒട്ടേറെ സത്യപ്രതിജ്ഞാലംഘനവും നടന്നിട്ടുണ്ട്. സത്യപ്രതിജ്ഞാലംഘന ആരോപണവും ഉണ്ടായിട്ടുണ്ട്.

കേരള മുനിസിപ്പാലിറ്റി/പഞ്ചായത്ത് ആക്ടുകള്‍ പ്രകാരം നിര്‍ദ്ദിഷ്ട ഫോമില്‍ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാവൂ. 'ദൈവനാമത്തിലോ' അല്ലെങ്കില്‍ 'ദൃഢപ്രതിജ്ഞ'യായോ അല്ലാതെ, പ്രത്യേക ദൈവങ്ങളുടെയോ ഭാരതമാതാവ് പോലുള്ള ചരിത്ര/ആദര്‍ശ വ്യക്തികളുടെയോ പേരുചൊല്ലി സത്യപ്രതിജ്ഞ ചെയ്യുന്നത് ചട്ടലംഘനമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ 'ഭാരതാംബയുടെയും', 'ആറ്റുകാലമ്മയുടെയും' മറ്റ് ഹൈന്ദവ ദൈവങ്ങളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് വലിയ വിവാദമായി. ഇത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം ജില്ലാ നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്.

സാധാരണഗതിയില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ ദൃഢപ്രതിജ്ഞയാണ് ചെയ്യാറ്. വലതുപക്ഷ എംഎല്‍എമാര്‍ മിക്കവരും ദൈവനാമത്തിലും ആയിരുന്നു കാലങ്ങളായി സത്യപ്രതിജ്ഞ ചെയ്തിരുന്നത്.  എന്നാല്‍ ഇപ്പോള്‍ സ്ഥിതിയില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട്. എല്‍.ഡി.എഫിന്‍റെ ചില എം.എല്‍.എമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. യു.ഡി.എഫിന്‍റെ ചില എം.എല്‍.എമാരും ദൃഢപ്രതിജ്ഞയാണ് ചെയ്യാറ്. കോണ്‍ഗ്രസ് നേതാവ് എ. കെ. ആന്‍റണി എപ്പോഴും ദൃഢപ്രതിജ്ഞയാണ് ചെയ്യാറ്. ചേര്‍ത്തലയില്‍ അദ്ദേഹം മത്സരിക്കുമ്പോള്‍ ശിവഗിരിയും എന്‍.എസ്.എസും നഖശിഖാന്തരം എതിര്‍ത്ത് പരസ്യമായി എതിര്‍ത്ത് പ്രചരണം നടത്തിയിരുന്നു. പക്ഷേ ജനങ്ങള്‍ എന്നെ എ. കെ. ആന്‍റണി തിരഞ്ഞെടുത്തു. സമാനമായ അവസ്ഥയാണ് വി. ഡി. സതീശനും ഉണ്ടായത്. പക്ഷെ വി. ഡി സതീശന്‍ ദൈവ നാമത്തിലാണ് സത്യവാചകം ചൊല്ലിയത്.

1976ല്‍ ഇന്ത്യയില്‍ രാജ്യവ്യാപകമായ അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ കക്കയത്ത് ലോക്കല്‍ പോലീസ് കസ്റ്റഡിയില്‍ പീഡനത്തിനിരയായി കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായ പി. രാജന്‍ മരിച്ചതും, തുടര്‍ന്ന് നടന്ന നിയമപോരാട്ടവുമാണ് രാജന്‍ കേസ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം രാജന്‍റെ പിതാവായ ഈച്ചരവാരിയര്‍ നിയമ യുദ്ധം ആരംഭിച്ചു. സ്വന്തം മകനെ തേടി അദ്ദേഹം കോടതികള്‍ കയറിയിറങ്ങി. 1977 മാര്‍ച്ച് 25ന് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി അദ്ദേഹം നല്‍കി. തിരഞ്ഞെടുപ്പില്‍ വിജയിച്ച കെ കരുണാകരന്‍ മുഖ്യമന്ത്രിയുമായി. മാര്‍ച്ച് 31ന് രാജനെ പിടിച്ചിട്ടില്ലെന്നും പോലീസ് ക്യാമ്പിന്‍റെ കഥ വ്യാജമാണെന്നും കേസില്‍ പ്രതികളായ 12 പേര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കോഴിക്കോട് പോലീസ് സൂപ്രണ്ട് ലക്ഷ്മണ, ഡി.ഐ.ജി ജയറാം പടിക്കല്‍, ആഭ്യന്തര മന്ത്രി കെ കരുണാകരന്‍, എസ് ഐ പുലിക്കോടന്‍ നാരായണന്‍ തുടങ്ങിയവരായിരുന്നു അവര്‍. ഏപ്രില്‍ 13ന് വാദങ്ങളില്‍ നിന്ന് രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു എന്ന് കോടതി മനസ്സിലാക്കി. ഏപ്രില്‍ 25 കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കുകയും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതെന്ന് കാരണത്താല്‍ കരുണാകരന്‍ രാജിവെക്കേണ്ടിവന്നു. കെ കരുണാകരന്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ അറിയില്ല എന്ന് കോടതിയില്‍ പറഞ്ഞതാണ് രാജിക്ക് കാരണം എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. ഇതും സത്യപ്രതിജ്ഞാലംഘനമാണെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.

1994 95 കാലഘട്ടത്തില്‍ സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഐഎസ്ആര്‍ഒ ചാരക്കേസ്. കോണ്‍ഗ്രസിനകത്തെ വിഭാഗിയതയും, ഗ്രൂപ്പുകളുടെ ശക്തമായ വടംവലിയാണ് ഈ കേസിന് ആധാരം എന്ന് പിന്നീട് മനസ്സിലായി. ഈ വടംവലിയില്‍ തന്ത്രശാലിയും ശക്തനുമായ കെ കരുണാകരന്‍റെ കാലിടറുകയും അദ്ദേഹം രാജിവെക്കുകയമാണ് ഉണ്ടായത്. രാജ്യസുരക്ഷയെ അട്ടിമറിച്ചു എന്നുള്ളതായിരുന്നു വലിയ ആരോപണം. സത്യപ്രതിജ്ഞാലംഘനത്തിന്‍റെ ഭാഗമായിട്ടാണ് കരുണാകരന്‍ രാജിവെച്ചതെന്ന് നമുക്ക് പറയേണ്ടിയിരിക്കുന്നു. എന്നാല്‍ സത്യം മറ്റൊന്നായിരുന്നു എന്ന് പിന്നീട് ലോകമറിഞ്ഞു. 

1985ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ വൈദ്യുത മന്ത്രി ആയിരിക്കെ ആര്‍. ബാലകൃഷ്ണപിള്ള എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന കേരളാകോണ്‍ഗ്രസ് സമരപ്രഖ്യാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗമാണു പഞ്ചാബ് മോഡല്‍ പ്രസംഗം എന്ന പേരില്‍ പ്രസിദ്ധമായത്. പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി നാടകീയമായി പഞ്ചാബിലേക്കു കൊണ്ടുപോയതിനെപ്പറ്റിയാണു അദ്ദേഹം പ്രസംഗിച്ചത്. ഇത് രാജീവ് ഗാന്ധി പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണു ചെയ്തതെന്ന് അദ്ദേഹം വിശ്വസിച്ചു. കേരളത്തോടുള്ള അവഗണന തുടര്‍ന്നാല്‍ കേരളത്തിലെ ജനങ്ങളും പഞ്ചാബിലെ ജനങ്ങളെ പോലെ ഖാലിസ്ഥാന്‍ സമരത്തിന് നിര്‍ബന്ധിതരാകും എന്നും പ്രസ്താവിച്ചു.

ആര്‍. ബാലകൃഷ്ണപിള്ളയുടെ പ്രസംഗം സത്യപ്രതിജ്ഞാലംഘനമാണെന്നും, മന്ത്രിയായ പിള്ള രാജിവെയ്ക്കണമെന്നുമുള്ള ആവശ്യം ഉയര്‍ന്നു. കേരള ഹൈക്കോടതിയില്‍ വന്ന പൊതുതാല്‍പര്യ ഹര്‍ജിയിന്മേല്‍ ജസ്റ്റീസ് രാധാകൃഷ്ണമേനോന്‍റെ പരാമര്‍ശത്തെ തുടര്‍ന്ന് പിള്ള മന്ത്രിസ്ഥാനം രാജിവച്ചു. 

2001ല്‍ അന്നത്തെ കൊടുങ്ങല്ലൂര്‍ എം.എല്‍.എയായിരുന്ന ഉമേഷ് ചള്ളിയില്‍ ശ്രീനാരായണ ഗുരുവിന്‍റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് വലിയ നിയമപരവും രാഷ്ട്രീയവുമായ വിവാദങ്ങള്‍ക്ക് കാരണമായി. ഭരണഘടന അനുശാസിക്കുന്നതുപോലെ ദൈവനാമത്തിലോ അല്ലെങ്കില്‍ ദൃഢപ്രതിജ്ഞയായോ അല്ലാതെ സത്യപ്രതിജ്ഞ ചെയ്തത് ചോദ്യം ചെയ്യപ്പെടുകയായിരുന്നു. ഉമേഷ് ചള്ളിയിലിന്‍റെ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെടുകയും, തുടര്‍ന്ന് അദ്ദേഹത്തിന് തിരിച്ചടി നേരിടേണ്ടി വരികയും ചെയ്തു. സുപ്രീം കോടതിയുടെ ഇടപെടല്‍ അതിനെ തുടര്‍ന്ന് ഉണ്ടായി. ഹൈക്കോടതി വിധിക്കെതിരെ ഉമേഷ് ചള്ളിയില്‍ സുപ്രീം കോടതിയെ സമീപിച്ചു. വാദത്തിനിടെ, ശ്രീനാരായണ ഗുരു ദൈവമാണോയെന്നും ആള്‍ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കുമോ എന്നും സുപ്രീം കോടതി ചോദിക്കുകയുണ്ടായി. എന്നാല്‍, ഉമേഷ് ചള്ളിയില്‍ പിന്നീട് പ്രതിജ്ഞ മാറ്റി ചൊല്ലി ഭരണഘടനാ ചുമതലകള്‍ നിര്‍വഹിച്ച സാഹചര്യത്തില്‍ സുപ്രീം കോടതി ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.

കെ.ടി. ജലീല്‍ ബന്ധു കെ ടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നുമുളള കണ്ടെത്തല്‍ ലോകായുക്ത 2021ല്‍ നടത്തി. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് അന്നത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീല്‍ സ്വജനപക്ഷപാതം കാണിച്ചെന്നും, സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ലോകായുക്ത കണ്ടെത്തി. ഹൈകോടതിയേയും, സുപ്രീം കോടതിയേയും കെ. ടി. ജലീല്‍ സമീപിച്ചിരുന്നെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. അന്ന് മന്ത്രിയായിരുന്ന കെ. ടി ജലീലിനെ മൂന്നുമാസത്തിനുളളില്‍ പുറത്താക്കണമെന്നായിരുന്നു ലോകായുക്ത ഉത്തരവ്. ഒന്നാം പിണറായി സര്‍ക്കാര്‍ കാവല്‍ മന്ത്രിസഭാ കാലയളവില്‍ മന്ത്രിസ്ഥാനത്ത് നിന്ന് ജലീല്‍ രാജിവെക്കുകയായിരുന്നു.

2021ല്‍ തോമസ് ഐസക് കിഫ്ബി മസാല ബോണ്ടുമായ ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുന്‍പ് പരസ്യപ്പെടുത്തിയതിലൂടെ അന്നത്തെ ധനമന്ത്രി തോമസ് ഐസക് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. 2022ല്‍ കേന്ദ്രമന്ത്രിയായിരുന്ന വി. മുരളീധരന്‍ വിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ പി.സി. ജോര്‍ജിനെ നേരിട്ടെത്തി പിന്തുണ നല്‍കിയത് സത്യപ്രതിജ്ഞാലംഘനമാണെന്ന് ആരോപിച്ച് രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിരുന്നു. 2023ല്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന ആര്‍. ബിന്ദു കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് സ്വജനപക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ആരോപിച്ച് പ്രതിപക്ഷം വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇത്തരത്തില്‍ സത്യപ്രതിജ്ഞാലംഘനമാണെന്ന് ആരോപണങ്ങള്‍ നിരവധി കേരള രാഷ്ട്രീയ ചരിത്രത്തില്‍ കാണാം.

കേരളത്തില്‍ ഇന്നലെ 20 മന്ത്രിമാരും ഒരു മുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞു. മെയ് 21ന് എല്ലാ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും. ഈ വരുന്ന അഞ്ചുവര്‍ഷം ഒട്ടേറെ സത്യപ്രതിജ്ഞാ ലംഘന ആരോപണങ്ങള്‍ ഉണ്ടാകും എന്നുള്ള കാര്യത്തില്‍ സംശയമില്ല. കാത്തിരുന്നു കാണുക തന്നെയാണ് വിധി. സത്യപ്രതിജ്ഞനങ്ങള്‍ക്കും, അതിന്‍റെ ലംഘനങ്ങളുടെയും വാര്‍ത്തകള്‍ക്കായി നമുക്ക് കാതോര്‍ക്കാം.