വൈറ്റ് പേപ്പര്‍ അഥവാ ധവള പത്രം

വൈറ്റ് പേപ്പര്‍ അഥവാ ധവള പത്രം

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം നിയമസഭയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. കേരള രാഷ്ട്രീയ ചരിത്രത്തിലെ അഞ്ചാമത്തെ ധവള പത്രമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ സമ്പദ് വ്യവസ്ഥയിലെ സ്ഥിതി എന്തെന്ന് കേരളത്തിലെ ജനങ്ങളെ അറിയിക്കുന്നതിനാണ് ധവള പത്രം ഇറക്കിയത്. പബ്ലിക് ഡൊമൈനില്‍ ലഭ്യമാകുന്ന വിവരങ്ങളാണ് ധവള പധതത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് അവകാശപ്പെടുന്നത്. ഏറ്റവും പരിണത പ്രജ്ഞരായ മൂന്ന് ഉദ്യോഗസ്ഥരെയാണ് ഇതിന് ചുമതലപ്പെടുത്തിയത്. ധനകാര്യവകുപ്പിന്‍റെ നേതൃത്വത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ധവള പത്രം എന്ന് നമ്മള്‍ പലകുറി കേട്ടുകാണും. എന്നാല്‍ അതിന്‍റെ ഉദ്ദേശവും, ലക്ഷ്യവും, ചരിത്രവും പലര്‍ക്കും അറിയില്ല. 

ആശയക്കുഴപ്പങ്ങള്‍ മാറ്റാനും, സുതാര്യത ഉറപ്പാക്കാനും, ഭാവിയിലെടുക്കേണ്ട തീരുമാനങ്ങള്‍ക്ക് അടിത്തറയിടാനും ധവള പത്രം സഹായിക്കും എന്ന ന്യായീകരണമുണ്ട്. സങ്കീര്‍ണ്ണമായ വിഷയങ്ങളുടെ നിജസ്ഥിതി അറിയിക്കാന്‍ പുറത്തിറക്കുന്ന ആധികാരിക പ്രമാണമാണ് ധവളപത്രം അഥവാ വൈറ്റ് പേപ്പര്‍ എന്നറിയപ്പെടുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്‍റിലാണ് ധവളപത്രം എന്ന ഈ പേര് ആദ്യമായി ഉപയോഗിച്ചത്. 1939 ലായിരുന്നു അത്. പാലസ്തീനിലെ 1936-1939 കളിലെ അറബികളുടെ കലാപത്തിന് മറുപടിയായി നെവില്‍ ചേംബര്‍ലെയ്ന്‍റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു നയരേഖയാണ് 1939 ലെ ധവള പത്രം. 1939 മെയ് 23-ന് ഹൗസ് ഓഫ് കോമണ്‍സിന്‍റെ ഔപചാരിക അംഗീകാരം ലഭിച്ചതിനുശേഷം 1939 മുതല്‍ 1948-ലെ ബ്രിട്ടീഷ് വിടവാങ്ങല്‍ വരെ മാന്‍ഡേറ്റ് പാലസ്തീന്‍റെ ഭരണ നയമായി ഇത് പ്രവര്‍ത്തിച്ചു. 

1939 മാര്‍ച്ചില്‍ ആദ്യമായി തയ്യാറാക്കിയ ഈ ധവള പത്രം, അറബ്-സയണിസ്റ്റ് ലണ്ടന്‍ കോണ്‍ഫറന്‍സിന്‍റെ പരാജയത്തിന്‍റെ ഫലമായി ബ്രിട്ടീഷ് സര്‍ക്കാര്‍ ഏകപക്ഷീയമായി തയ്യാറാക്കിയതാണ്. നാഷണല്‍ ഡിഫന്‍സ് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന കൂടുതല്‍ മിതവാദികളായ അറബികള്‍ ഈ ധവളപത്രം അംഗീകരിക്കാന്‍ തയ്യാറായി. ഫലസ്തീനിലെ സയണിസ്റ്റ് ഗ്രൂപ്പുകള്‍ ധവളപത്രം നിരസിച്ചുകൊണ്ട് സര്‍ക്കാര്‍ സ്വത്തുക്കള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ പ്രചാരണത്തിന് നേതൃത്വം നല്‍കി. ഭൂമി കൈമാറ്റം സംബന്ധിച്ച നിയന്ത്രണങ്ങളും അതോടൊപ്പം കുടിയേറ്റം നിയന്ത്രണവിധേയമാക്കുന്ന വ്യവസ്ഥകളും നടപ്പിലാക്കി എന്നത് മാത്രമാണ് ഈ ധവള പത്രം കൊണ്ടുണ്ടായ നേട്ടം.

അടിയന്തിര പ്രാധാന്യമില്ലാത്ത, എന്നാല്‍ വിശദമായി പഠിക്കേണ്ട റിപ്പോര്‍ട്ടുകള്‍ ബൈന്‍ഡ് ചെയ്യാതെ വെളുത്ത കവറില്‍ നല്‍കിയിരുന്നതിനാലാണ് ഇതിന് 'വൈറ്റ് പേപ്പര്‍' അല്ലെങ്കില്‍ 'ധവളപത്രം' എന്ന പേര് ലഭിച്ചത്. ധവള പത്രം, നീല പത്രം, ഹരിത പത്രം എന്നിങ്ങനെ പുറംചട്ടയുടെ നിറത്തിന്‍റെ പേരില്‍ വ്യത്യസ്ഥ പത്രങ്ങള്‍ നിലവിലുണ്ട്. ഏതെങ്കിലും ഒരു വിഷയത്തിന്‍റെ കണക്കുകളെല്ലാം പ്രാമാണികമായും വിശദമായും വിശകലനം ചെയ്യുന്ന സമഗ്ര രേഖയാണ് ബ്ലൂ ബുക്ക് അഥവാ നീല പത്രം. സാധാരണക്കാരന് മനസ്സിലാക്കാന്‍ കഴിയാത്ത ഇവയെ ഹ്രസ്വമായി എന്നാല്‍ സമഗ്രമായി വിശകലനം ചെയ്ത രേഖയാണ് ധവള പത്രം. ഹരിത പത്രം എന്നുള്ളത് നടത്തുവാന്‍ ഉദ്ദേശിക്കുന്ന ഏതെങ്കിലും നിയമ നിര്‍മ്മാണമോ, നടപടിയിലേക്ക് നയിക്കുന്ന രേഖയെപ്പറ്റിയോ പൗരന്മാരെ അറിയിക്കാന്‍ ഉള്ളതാണ്.  പല രാജ്യങ്ങളിലും അന്തിമ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ചര്‍ച്ചകള്‍ക്കായി പുറത്തിറക്കുന്ന പ്രാരംഭ രേഖകളെയാണ് ഗ്രീന്‍ പേപ്പര്‍ എന്ന് വിളിക്കുന്നത്.

സര്‍ക്കാരുകള്‍ വലിയ സാമ്പത്തിക പ്രതിസന്ധികളോ നയപരമായ മാറ്റങ്ങളോ ഉണ്ടാകുമ്പോഴാണ് സാധാരണയായി ധവളപത്രം പ്രസിദ്ധീകരിക്കുന്നത്. ഒരു സര്‍ക്കാരിന്‍റെ കൃത്യമായ സാമ്പത്തിക നിലവാരം, വരുമാന സ്രോതസ്സുകള്‍, കടബാധ്യതകള്‍, ഭാവിയിലെ സാമ്പത്തിക വെല്ലുവിളികള്‍ എന്നിവ വ്യക്തമാക്കുകയാണ് ധവളപത്രത്തിന്‍റെ പ്രധാന ലക്ഷ്യം. ഇത് കൂടാതെ കമ്പനികള്‍ക്കും മറ്റ് സംഘടനകള്‍ക്കും പുതിയ ഉല്‍പ്പന്നങ്ങളെക്കുറിച്ചോ സേവനങ്ങളെക്കുറിച്ചോ വിശദീകരിക്കാനും ഇത് ഉപയോഗിക്കാം. 

കേരള രാഷ്ട്രീയത്തില്‍ ധവള പത്രങ്ങള്‍ക്കും രാഷ്ട്രീയമുണ്ടെന്ന് കാണാം. 1987ലാണ് കേരളത്തില്‍ ആദ്യമായി ധവളപത്രം ഇറക്കുന്നത്. സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയാകെ കെ കരുണാകരന്‍ സര്‍ക്കാര്‍ തകര്‍ത്തെന്ന് ആരോപിച്ച് ഇ കെ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ധനമന്ത്രി വിശ്വനാഥ മേനോന്‍ ധവള പത്രം അവതരിപ്പിച്ചു. മുന്‍ സര്‍ക്കാരിന്‍റെ ധൂര്‍ത്ത് മൂലം സര്‍ക്കാര്‍ ഖജനാവ് കലിയാണെന്ന് പൊതുജനങ്ങളെ അറിയിക്കുക എന്ന രാഷ്ട്രീയ നീക്കത്തിന് ധവള പത്രം അന്നുമുതല്‍ കേരള രാഷ്ട്രീയത്തിലുണ്ട്. ആദ്യമായി ധവള പത്രം കേരള നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ ഉണ്ടായി.

പിന്നീടുള്ള നാളുകളില്‍ ധവള പത്രം അവതരിപ്പിക്കുന്നത് പതിവായി. ഈ സമയങ്ങളില്‍ എതിര്‍ ചേരിയില്‍  നിന്ന് വലിയ പ്രതിഷേധങ്ങളും പതിവാണ്. 2001ല്‍ എ കെ ആന്‍റണി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ അന്നത്തെ ധനമന്ത്രി കെ ശങ്കരനാരായണനും ധവള പത്രം പുറത്തിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ബോധ്യപ്പെടുത്താനും തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ആന്‍റണി സര്‍ക്കാര്‍ ധവളപത്രം ഉപയോഗിച്ചു. ആനുകൂല്യങ്ങള്‍ വെട്ടികുറച്ചതിനെതിരെ 32 ദിവസം നീണ്ട സര്‍ക്കാര്‍ ജീവനക്കാരുടെ വന്‍ പ്രക്ഷോഭത്തിന് കാരണമായതും ഈ ധവളപത്രമായിരുന്നു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരം ഏറ്റപ്പോള്‍ ധനമന്ത്രി കെ എം മാണി ധവള പത്രം ഇറക്കി. 

2016ല്‍ പിണറായി വിജയന്‍ സര്‍ക്കാരിന് വേണ്ടി ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും ധവള പത്രം ഇറക്കിയിട്ടൂണ്ട്. 2016ല്‍ ഡോ. ടി.എം. തോമസ് ഐസക് സമര്‍പ്പിച്ച ധവളപത്രത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൈമാറിയ ഖജനാവ് പൂര്‍ണമായും ശൂന്യമാണെന്ന് പ്രഖ്യാപിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും നാടിന്‍റെ അടിസ്ഥാന സൗകര്യ വികസനം മുടങ്ങരുതെന്ന ലക്ഷ്യത്തോടെ ബജറ്റിന് പുറത്തുനിന്ന് ഫണ്ട് സമാഹരിക്കാന്‍ 'കിഫ്ബി' പുനഃസംഘടിപ്പിക്കുക എന്നതായിരുന്നു അന്ന് മുന്നോട്ടുവെച്ച സമീപനം.

സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് 1950-ല്‍ പുറത്തിറക്കിയ ചരിത്രപ്രസിദ്ധമായ ഒരു ധവള പത്രമുണ്ട്. 2009ല്‍ റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക സ്ഥിതിയും വ്യക്തമാക്കാന്‍ റെയില്‍വേ ധവള പത്രം അവതരിപ്പിച്ചിട്ടുണ്ട്. 2004 മുതല്‍ 2014 വരെയുള്ള യുപിഎ സര്‍ക്കാരുകളുടെയും, 2014 മുതല്‍ 2024 വരെയുള്ള എന്‍ഡിഎ സര്‍ക്കാരുകളുടെയും സാമ്പത്തിക നയങ്ങളും ഭരണനേട്ടങ്ങളും താരതമ്യം ചെയ്ത് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാലാമന്‍ 2024 ഫെബ്രുവരിയില്‍ പാര്‍ലമെന്‍റില്‍ 'ധവളപത്രം' അവതരിപ്പിച്ചിട്ടുണ്ട്. മുന്‍ യുപിഎ ഭരണകാലത്തെ അഴിമതി, സാമ്പത്തിക കെടുകാര്യസ്ഥത, നയപരമായ തളര്‍ച്ച എന്നിവ തുറന്നുകാട്ടുന്നതിനോടൊപ്പം, എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയെന്നും നിര്‍മല സീതാലാമന്‍റെ 'ധവളപത്രം' അവകാശപ്പെട്ടിരുന്നു.

ധവള പത്രം എന്നത് എല്ലാ സര്‍ക്കാരുകളുടെയും മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരു മുന്‍കൂര്‍ ജാമ്യമായി തന്നെ വേണം കരുതുവാന്‍. എന്താണ് തങ്ങളുടെ കൈയില്‍ ഉള്ളത് എന്നും എന്തൊക്കെയാണ് തങ്ങള്‍ ചെയ്യാന്‍ പോകുന്നതെന്നും ധവളപത്രത്തില്‍ വിശദീകരിക്കേണ്ട സാഹചര്യമുള്ളതുകൊണ്ട് ഒരു സുരക്ഷാ കവചകമായി എല്ലാ സര്‍ക്കാരുകളും തുടക്കത്തില്‍ ഇത് പ്രയോഗിക്കുന്നുണ്ട്. ഏതൊരു സര്‍ക്കാരും രാഷ്ട്രീയ സുരക്ഷിതത്തിനു വേണ്ടി നടത്തുന്ന ധവള പത്ര പ്രഖ്യാപനം എതിര്‍പക്ഷക്കാര്‍ക്ക് അസ്വാരസ്യം ഉണ്ടാക്കും എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. അത്തരത്തിലുള്ള സംഭവവികാസങ്ങളാണ് ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. 

ലോകത്തെല്ലായിടത്തും പുതുതായി വരുന്ന സര്‍ക്കാരുകള്‍ വൈറ്റ് പേപ്പര്‍ എന്ന ആശയത്തെ ആശ്രയിക്കുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും സര്‍ക്കാരുകള്‍ ഇത്തരം രേഖകള്‍ പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും, ഓരോ രാജ്യത്തും ഇതിന്‍റെ ഉപയോഗവും പേരുകളും വ്യത്യസ്തമായിരിക്കും. ബ്രിട്ടന്‍, അമേരിക്ക, ഇന്ത്യ തുടങ്ങിയ ജനാധിപത്യ രാജ്യങ്ങളില്‍ ഇത്തരം ഔദ്യോഗിക രേഖകള്‍ വ്യാപകമായി ഉപയോഗിക്കുന്നു.