പത്രസമ്മേളനങ്ങളുടെ കഥകള്‍
വിജയ് ചൗക്ക്
സുധീര്‍ നാഥ്
പത്രസമ്മേളനങ്ങള്‍ ഇപ്പോള്‍ വളരെ വ്യാപകമായി എല്ലായിടത്തും നടക്കുന്നുണ്ട്. ലോകത്തിന്‍റെ എല്ലാ ഭാഗത്തും, എല്ലാ രാജ്യങ്ങളുടെ നേതാക്കളും മാധ്യമപ്രവര്‍ത്തകരെ കാണുന്ന പതിവ് ഇപ്പോള്‍ സ്ഥിരമായി ഉണ്ട്. വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും തടയാന്‍ പത്രസമ്മേളനങ്ങള്‍ സഹായിക്കുന്നു. നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരിട്ട് ഉത്തരവാദിത്തം ഉറപ്പാക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊതുതാല്‍പ്പര്യമുള്ള ചോദ്യങ്ങള്‍ ചോദിക്കാനും വ്യക്തത വരുത്താനും പത്രസമ്മേളനങ്ങള്‍ വഴി അവസരം ലഭിക്കുന്നു. ഇപ്പോള്‍ നേതാക്കള്‍ മാത്രമല്ല അണികളും പത്രസമ്മേളനങ്ങള്‍ നടത്തുന്ന കാലമാണ്. പ്രതിയും വാദിയും പത്രസമ്മേളനം നടത്തുന്നു. മാധ്യമങ്ങളുടെ എണ്ണം കൂടിയപ്പോഴാണ് വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് പ്രാധാന്യം കൂടിയത് എന്ന് വേണം പറയാന്‍. ഒന്നിലേറെ മാധ്യമങ്ങളോട് നയപരമായ പല കാര്യങ്ങളും സംസാരിക്കുന്നതിനെയാണ് പത്രസമ്മേളനങ്ങള്‍ അഥവാ മാധ്യമ സമ്മേളനങ്ങള്‍ എന്ന് പൊതുവേ പറയുന്നത്. ഒരു മാധ്യമ പ്രവര്‍ത്തകനെ മാത്രം വിളിച്ചു നിര്‍ത്തി കാര്യം പറയുന്ന ഒന്നല്ല മാധ്യമ പത്രവാര്‍ത്താ സമ്മേളനങ്ങള്‍ എന്ന് ചുരുക്കം. ഇത് ഒന്നുകൂടി വിശാലമാക്കി പറയാം. പത്രസമ്മേളനം അഥവാ വാര്‍ത്താ സമ്മേളനം എന്നത് വ്യക്തികള്‍ക്കോ, സര്‍ക്കാരുകള്‍ക്കോ, സംഘടനകള്‍ക്കോ, മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലേക്ക് ഒരേസമയം വിവരങ്ങള്‍ എത്തിക്കാനും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുമുള്ള മാര്‍ഗമാണ്.
സമീപകാലത്താണല്ലോ കേരള മുഖ്യമന്ത്രി വി. ഡി. സതീശന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല എന്ന ആരോപണം വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോര്‍വെ സന്ദര്‍ശനത്തിനിടയില്‍ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നോര്‍വേയിലെ മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞ്മാറിയത് വലിയ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയായ ഹെല്ലെ ലങ് ഓസ്ലോയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യ സൂചികയിലെ റാങ്കിങ് ചൂണ്ടിക്കാട്ടിയാണ് ചോദ്യമുന്നയിച്ചത്. ഒരു ബാലികയുടെ പീഠനവാര്‍ത്ത അറിയിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചിരിച്ചതും വിമര്‍ശിക്കപ്പെട്ടു. ഇതൊക്കെ സമീപകാലത്ത് നടന്ന സംഭവങ്ങളാണ്.
ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് വാര്‍ത്താ സമ്മേളനങ്ങളുടെ ഇന്നത്തെ രീതികള്‍ രൂപപ്പെട്ടത്. 1900-കളുടെ തുടക്കത്തിലാണ് അമേരിക്കന്‍ ഐക്യനാടുകളുടെ ഇരുപത്തിയാറാമത്തെ പ്രസിഡന്‍റായിരുന്ന തിയോഡോര്‍ റൂസ്വെല്‍റ്റ് മാധ്യമപ്രവര്‍ത്തകരെ പതിവായി വിളിച്ച് ഔദ്യോഗിക വിവരങ്ങള്‍ നല്‍കുന്ന രീതിക്ക് തുടക്കം കുറിച്ചത്. യുദ്ധകാലത്ത് മാത്രമായിരുന്നു അങ്ങിനെ ഉണ്ടായത്. എഴുത്തുകാരന്‍, വേട്ടക്കാരന്‍, പര്യവേക്ഷകന്‍ എന്നീ നിലകളിലും പ്രശസ്തനായ ഒരു ബഹുമുഖപ്രതിഭയായിരുന്നു ടെഡി റൂസ്വെല്‍റ്റ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവായിരുന്ന ഇദ്ദേഹം 1901-ല്‍ തന്‍റെ 42-ആം വയസ്സിലാണ് അമേരിക്കന്‍ പ്രസിഡന്‍റാകുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റ് എന്ന ബഹുമതി ഇന്നും തിയോഡോര്‍ റൂസ്വെല്‍റ്റിനാണ്. റഷ്യ-ജപ്പാന്‍ യുദ്ധം അവസാനിപ്പിക്കുവാന്‍ നടത്തിയ ശ്രമങ്ങളെ പരിഗണിച്ച് സമാധാനത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആദ്യമായി നോബല്‍ സമ്മാനം നേടിയ അമേരിക്കക്കാരന്‍ ഇദ്ദേഹമാണ്.
അമേരിക്കന്‍ ഐക്യനാടുകളുടെ 27-ാമത് പ്രസിഡന്‍റായിരുന്നത് വില്യം ഹോവാര്‍ഡ് ടാഫ്റ്റ് ആണ്. അദ്ദേഹം 1909 മുതല്‍ 1913 വരെയാണ് ഈ പദവി വഹിച്ചത്. പത്രസമ്മേളനങ്ങള്‍ അദ്ദേഹത്തിന്‍റെ കാലത്ത് അങ്ങിനെ ഉണ്ടായില്ല. 28-ാമത് പ്രസിഡന്‍റായിരുന്ന തോമസ് വുഡ്രോ വില്‍സണ്‍ ഔദ്യോഗികമായി പത്രസമ്മേളനങ്ങള്‍ സ്ഥിരമായി നടത്തിത്തുടങ്ങി ചരിത്രത്തില്‍ ഇടം നേടി. 1913 മുതല്‍ 1921 വരെ അദ്ദേഹം സേവനമനുഷ്ഠിച്ചു. പ്രസിഡന്‍റ് സ്ഥാനത്തും നിയമനിര്‍മ്മാണ ശാഖകളിലും റിപ്പബ്ലിക്കന്‍മാര്‍ ആധിപത്യം പുലര്‍ത്തിയിരുന്ന പുരോഗമന കാലഘട്ടത്തില്‍ പ്രസിഡന്‍റായി സേവനമനുഷ്ഠിച്ച ഏക ഡെമോക്രാറ്റായിരുന്നു അദ്ദേഹം. പ്രസിഡന്‍റെന്ന നിലയില്‍, വില്‍സണ്‍ കാര്യമായ സാമ്പത്തിക പരിഷ്കാരങ്ങള്‍ വരുത്തുകയും ഒന്നാം ലോകമഹായുദ്ധത്തിലൂടെ അമേരിക്കയെ നയിക്കുകയും ചെയ്തു.
ഇന്ത്യയില്‍ ഔദ്യോഗിക പത്രസമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ബ്രിട്ടീഷ് ഭരണകാലത്താണ്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം (1919ല്‍) രൂപീകൃതമായ 'സെന്‍ട്രല്‍ ബ്യൂറോ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍' ആണ് മാധ്യമങ്ങളെ വിവരങ്ങള്‍ അറിയിക്കുന്നതിനായി പത്രസമ്മേളനങ്ങള്‍ ഒരുക്കിയിരുന്നത്. വൈസ്രോയിയുടെയും ഗവണ്‍മെന്‍റിന്‍റെയും നയങ്ങള്‍ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കാന്‍ പത്രസമ്മേളനങ്ങളിലൂടെ തുടക്കം കുറിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ പത്രസമ്മേളനങ്ങളെ ഒരു പ്രധാന ഭരണകൂട ആയുധമാക്കിയത് ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റു ഡല്‍ഹിയില്‍ പതിവായി പത്രസമ്മേളനങ്ങള്‍ നടത്തിയിരുന്നു. ഇത് ജനാധിപത്യപരമായ ആശയവിനിമയത്തിന് അടിത്തറയിട്ടു. 1970കളിലും 80-കളിലും ഇന്ദിര ഗാന്ധി വലിയ രീതിയില്‍ ദേശീയതലത്തില്‍ പത്രസമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി 'ഇന്ദിരാഗാന്ധി' അടിയന്തരാവസ്ഥക്കാലത്ത് നടത്തിയ പത്രസമ്മേളനങ്ങള്‍ ഏറെ ചരിത്രപ്രസിദ്ധമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ വളര്‍ച്ചയില്‍, പ്രത്യേകിച്ചും നയതന്ത്രം, പ്രതിരോധം, രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ എന്നിവയില്‍ പത്രസമ്മേളനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഉദാഹരണത്തിന്, വിദേശകാര്യ നയങ്ങള്‍ വിശദീകരിക്കുന്ന ഔദ്യോഗിക പ്രസ്താവനകള്‍ വിദേശകാര്യ മന്ത്രാലയം പോലെയുള്ള ഔദ്യോഗിക വേദികളിലൂടെയാണ് ഇന്നും പുറത്തുവിടുന്നത്. കാലക്രമേണ, ആധുനിക മാധ്യമങ്ങളുടെ കടന്നുവരവോടെ പത്രസമ്മേളനങ്ങളുടെ രീതികളില്‍ വലിയ മാറ്റമുണ്ടായി.
കേരളത്തില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച 19ാം നൂറ്റാണ്ടിന്‍റെ അവസാനം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേതാക്കള്‍ നേരിട്ട് പ്രസ്താവനകള്‍ നല്‍കുകയോ, ലഘുലേഖകളിലൂടെയോ അവരുടെ ഭാഗം അറിയിക്കുന്ന പതിവായിരുന്നു. അത് കുറേ നാള്‍ തുടര്‍ന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതേ മാര്‍ഗമാണ് സ്വീകരിച്ചിരുന്നത്. ആദ്യ കാലങ്ങളില്‍ മാധ്യമങ്ങള്‍ മലയാളത്തില്‍ കുറവായിരുന്നു എന്നതായിരിക്കും അതിന് കാരണം. കേരളത്തില്‍ ജനകീയ പ്രക്ഷോഭങ്ങളും ശക്തമായ രാഷ്ട്രീയ മുന്നേറ്റങ്ങളും ഉണ്ടായതോടെയാണ് (പ്രത്യേകിച്ച് 1950-കളിലും 60-കളിലും) ഔദ്യോഗികമായി പത്രങ്ങളെ കാണാനും സംശയങ്ങള്‍ ദൂരീകരിക്കാനും നേതാക്കള്‍ തയ്യാറായത്. 1977-ല്‍ അടിയന്തരാവസ്ഥ അവസാനിച്ചതിന് ശേഷം മാധ്യമങ്ങള്‍ കൂടുതല്‍ സ്വതന്ത്രമായി. ഇതോടെ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും തങ്ങളുടെ നയങ്ങളും തീരുമാനങ്ങളും വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനങ്ങള്‍ സ്ഥിരമായി വിളിച്ചുചേര്‍ക്കാന്‍ തുടങ്ങി.
കോവിഡ് കാലത്തെ പത്രസമ്മേളനങ്ങള്‍ ഏറെ പ്രശസ്തമാണ്. കോവിഡ് സമയത്ത് കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രിയും, മുഖ്യമന്ത്രിയും ദിവസവും നടത്തുന്ന പത്രസമ്മേളനം വളരെ ജനകീയമായി. ഒട്ടുമിക്ക ചാനലുകളും വളരെ ഗൗരവത്തോടെ തല്‍സമയം ഈ പത്രസമ്മേളനം പ്രക്ഷേപണം ചെയ്തിരുന്നു. ഓരോ ദിവസവും നമ്മുടെ കേരളത്തില്‍ ഉണ്ടാകുന്ന കോവിഡ് രോഗികളുടെയും, കോവിഡ് വിമുക്തരാകുന്നവരുടേയും, കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടേയും കണക്കുകള്‍ അവതരിപ്പിച്ചത് വേറിട്ട അനുഭവമായിരുന്നു. ഈ പത്രസമ്മേളനങ്ങള്‍ കാണുവാന്‍ ജനങ്ങള്‍ കൗതുകത്തോടെ ടെലിവിഷനു മുന്നില്‍ ഇരിക്കുന്നത് നിത്യ കാഴ്ച്ചയായി. ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പത്രസമ്മേളനം വീക്ഷിച്ചത് ഈ കാലഘട്ടത്തില്‍ ആണെന്ന് പറയാതിരിക്കുവാന്‍ സാധിക്കുകയില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് രണ്ടാം തവണയും അധികാരം കൊടുക്കുന്നതില്‍ ഈ പത്രസമ്മേളനവും അതിന്‍റെ തല്‍സമയ പ്രക്ഷേപണവും കാരണമായിട്ടുണ്ട് എന്ന് പറയാതെ നിവൃത്തിയില്ല.
കേരളത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പത്രപ്രവര്‍ത്തക യൂണിയന്‍റെ പ്രസ് ക്ലബ്ബുകള്‍ നിലവിലുണ്ട്. ഈ പ്രസ് ക്ലബ്ബിനോട് ചേര്‍ന്ന് പത്രസമ്മേളനം നടത്തുവാനുള്ള ഹാളുകളും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പഞ്ചായത്ത് തലത്തില്‍ പ്രസ് ക്ലബ്ബുകളും, പത്രസമ്മേളനം നടത്തുവാനുള്ള ഹാളുകളും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ചില സ്ഥാപനങ്ങളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അവരുടെ പത്രസമ്മേളനങ്ങള്‍ അവരുടെ കേന്ദ്രങ്ങളില്‍ തന്നെ നടത്തുവാന്‍ സംവിധാനം ഉണ്ടാക്കിയിരിക്കുന്നു. വര്‍ത്തമാനകാലത്ത് ഓരോ നേതാക്കളും അവരുടെ വീടുകളില്‍ തന്നെ പത്രസമ്മേളനം നടത്തുന്നതിനുള്ള സംവിധാനം ഒരുക്കുന്നുണ്ട്. ദൃശ്യമാധ്യമങ്ങള്‍ ശക്തമായ ഈ കാലത്ത് ബാക്ക്ഡ്രോപ്പുകള്‍ പോലും അവര്‍ തയ്യാറാക്കി വെച്ചിരിക്കുന്നു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. പത്രസമ്മേളനങ്ങള്‍ വഴി നിരവധി ആശയവിനിമയം മാധ്യമപ്രവര്‍ത്തകരുമായി നടക്കുന്നു എന്നുള്ളതുകൊണ്ട് ഒരു മാധ്യമ സ്ഥാപനവും ഒരു പത്രസമ്മേളനങ്ങളും ഒഴിവാക്കാറില്ല എന്നുള്ളത് പരാമര്‍ശിക്കേണ്ടിയിരിക്കുന്നു.
ടെലിവിഷന്‍റെ വരവോടെ പത്രസമ്മേളനങ്ങള്‍ കൂടുതല്‍ സുതാര്യമായി. ആദ്യ കാലങ്ങളില്‍ റെക്കോഡ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രക്ഷേപണം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാം തത്സമയവുമായി മാറി. വലിയ ഒ.ബി. വാനുകള്‍ അപ്രത്യക്ഷമായിരിക്കുന്നു. ഇപ്പോള്‍ ബാക്ക്പാക്ക് ബാഗ് മാത്രമാണ് തത്സമയത്തിന് വേണ്ടത്. 1955-ല്‍ യു.എസ് പ്രസിഡന്‍റ് 'ഡ്വൈറ്റ് ഐസന്‍ഹോവര്‍' ആണ് ആദ്യമായി ടെലിവിഷന്‍ വഴി രാജ്യത്തിന് മുന്നില്‍ പത്രസമ്മേളനം നടത്തുന്നത്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ, വാര്‍ത്താ ചാനലുകള്‍ വഴിയും പിന്നീട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയും തത്സമയം ലോകത്തെവിടെയും ഒരേസമയം കാണാന്‍ സാധിക്കുന്ന രീതിയിലേക്ക് പത്രസമ്മേളനങ്ങള്‍ മാറി. പത്രസമ്മേളനങ്ങള്‍ പ്രസ് ഹാളുകളില്‍ നിന്ന് മാറി എവിടെവച്ചും അത് നടത്തപ്പെടാം എന്നുള്ള സാഹചര്യം ഇപ്പോള്‍ വന്നിരിക്കുന്നു. ഒരു യോഗത്തിലേക്ക് കയറുമ്പോഴും, യോഗം കഴിഞ്ഞ് ഇറങ്ങുമ്പോഴും, വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴും മാധ്യമ സംഘത്തെ കാണുന്ന രീതി വര്‍ത്തമാനകാലത്ത് അധികമായി കാണാന്‍ സാധിക്കുന്നതാണ്.
പത്രസമ്മേളനങ്ങളില്‍ ചിരിപ്പിക്കുന്ന വ്യക്തികള്‍ മുതല്‍ കരയിപ്പിക്കുന്ന വ്യക്തികള്‍ വരെ ഉണ്ടായിട്ടുണ്ട് എന്നുള്ളത് ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് രസകരമായി മറുപടി പറയുന്ന എത്രയോ നേതാക്കള്‍ നമുക്ക് കാണുവാന്‍ സാധിക്കും. ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന നേതാക്കളും കൂട്ടത്തിലുണ്ട് എന്നുള്ളത് ഇവിടെ പരാമര്‍ശിക്കണം. മുതിര്‍ന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത് ഇഎംഎസ് പത്രസമ്മേളനം നടത്തുമ്പോള്‍ വളരെ കൃത്യമായി പറയേണ്ട കാര്യങ്ങള്‍ മാത്രമേ പറയുകയുള്ളൂ എന്നാണ്. സമാനമായ രീതിയിലാണ് എ കെ ആന്‍റണിയും. മറ്റു ചോദ്യങ്ങള്‍ക്ക് ഒന്നും അവര്‍ മറുപടി പറയുകയില്ല. പറയാന്‍ ഉദ്ദേശിച്ചത് മാത്രം പറയും. എന്നാല്‍ കെ കരുണാകരന്‍ അങ്ങനെ ആയിരുന്നില്ല. ഏതു ചോദ്യങ്ങള്‍ക്കും കരുണാകരന് ഉത്തരമുണ്ടായിരുന്നു. പത്രസമ്മേളനങ്ങള്‍ വളരെ രസകരമാകുന്ന ഒരു നേതാവാണ് ഈ കെ നായനാര്‍. എന്നാല്‍ വളരെ ഗൗരവത്തോടുകൂടി പത്രസമ്മേളനം നടത്തുന്ന ആളുകളാണ് വി. എസ്. അച്യുതാനന്ദനും, പിണറായി വിജയനും. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായ രീതിയില്‍ പത്രസമ്മേളനത്തെ അഭിമുഖീകരിക്കുന്ന നേതാക്കളായിരുന്നു ഉമ്മന്‍ചാണ്ടിയും ഇപ്പോള്‍ വി ഡി സതീശനും.
10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു പത്രസമ്മേളനം ഒരു മണിക്കൂറ് വരെ നീണ്ട ചരിത്രവും നമ്മുടെ കേരളത്തിലുണ്ട്. നേരെ തിരിച്ചും സംഭവിച്ചിട്ടുള്ള ഒട്ടേറെ സംഭവങ്ങളും ഉണ്ട.് ഒറ്റ ചോദ്യം കൊണ്ട് തന്നെ പത്രസമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയ നേതാക്കള്‍ എത്രയോ പേരുണ്ട്. തൃശ്ശൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന ഒരു പത്രസമ്മേളനത്തിനിടയിലാണല്ലോ പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ പ്രൊഫസര്‍ എം. എന്‍. വിജയന്‍ അന്തരിക്കുന്നത്. ഇത്തരത്തില്‍ ഒട്ടേറെ നാടകീയ രംഗങ്ങളും പത്രസമ്മേളനത്തിനിടയില്‍ നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളും, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിദിന വിശദീകരണങ്ങള്‍ എന്നിവ കേരളത്തിന്‍റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലത്തിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്.
