പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

മെയ് 15 


വൃക്ഷ് തിയേറ്ററിന്‍റെ 'ബല്ലഭ്പൂര്‍ രകി രൂപകഥ'

ന്യൂഡല്‍ഹിയിലെ നാടകാസ്വാദകര്‍ക്ക് ശ്രദ്ധേയമായൊരു വേദിയനുഭവമായി മാറി വൃക്ഷ് തിയേറ്ററിന്‍റെ യുവജന വിഭാഗമായ സ്കാര്‍ലറ്റ്സ് അവതരിപ്പിച്ച ഹിന്ദി നാടകം ബല്ലഭ്പൂര്‍ കി രൂപകഥ. മേയ് ആദ്യവാരം പ്രശസ്തമായ എല്‍.ടി.ജി ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ ഈ ടിക്കറ്റഡ് ഷോ നാടകം ഹൗസ്ഫുള്‍ ആയിരുന്നു. ഭൂരപക്ഷം മലയാളി നാടക പ്രവര്‍ത്തകരുള്ള  വൃക്ഷ് തിയേറ്ററിന്‍റെ ആദ്യ സമ്പൂര്‍ണ ദൈര്‍ഘ്യമുള്ള ഹിന്ദി കൊമേഴ്ഷ്യല്‍ നാടകമെന്ന പ്രത്യേകതയും ഈ അവതരണത്തിനുണ്ട്. നാടകത്തില്‍ രണ്ട് അന്യഭാഷാ നാടകപ്രവര്‍ത്തകരുള്‍പ്പടെ പത്ത് പേര്‍ രംഗത്തെത്തി. പിന്നണിയില്‍ മൂന്ന് അന്യഭാഷക്കാരുള്‍പ്പടെ പതിനഞ്ച് പേര്‍ ഉണ്ടായിരുന്നു. പ്രവീണ്‍ പീതാംബരന്‍ സംവിധാനം ചെയ്ത നാടകത്തില്‍ അഭിജിത്, കാര്‍ത്തിക, കീര്‍ത്തന, ഷിജോ പി. മാമന്‍, അങ്കിത്, ഹരീഷ്, അനില്‍ കുമാര്‍ മണി, ആദിത്യന്‍ എസ്., അജിത് കുമാര്‍, അനന്തു ആര്‍. നാരായണ്‍, ശരത് ചന്ദ്രന്‍ എന്നിവരായിരുന്നു അഭിനേതാക്കളായവര്‍. കഥാപാത്രങ്ങളുടെ വികാരതീവ്രതയും നര്‍മ്മത്തിന്‍റെ താളവും ഒരുപോലെ കൈകാര്യം ചെയ്ത ഇവരുടെ പ്രകടനം പ്രേക്ഷക പ്രശംസ നേടി.

നാടകത്തിന്‍റെ സംഗീതം നിര്‍വഹിച്ചത് ആദിത്യ എസ്. നായര്‍ ആയിരുന്നു. റിയ റോയ് അസിസ്റ്റന്‍റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. സെറ്റ് ഡിസൈന്‍, നിര്‍മ്മാണം എന്നിവ അമന്‍ ദിലീപ്, കണ്ണന്‍ ആചാരി, അഖില്‍, ഉണ്ണി എന്നിവര്‍ നിര്‍വഹിച്ചു. സ്നേഹ രാജനും സങ്കിത എസ്. നായരും വസ്ത്രാലങ്കാര ചുമതല കൈകാര്യം ചെയ്തപ്പോള്‍, ബാബു ഖാനും നൂറുല്‍ ഹസനും മേക്കപ്പ് നിര്‍വഹിച്ചു. യുവകലാകാരന്മാരുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഈ നാടകം ഡല്‍ഹിയിലെ സ്വതന്ത്ര നാടകപ്രസ്ഥാനത്തിന് പുതിയ ഊര്‍ജം നല്‍കുന്നതായാണ് കലാരംഗം വിലയിരുത്തുന്നത്. മൈക്രോ ഡ്രാമയുടെ വിജയകരമായ യാത്രയ്ക്ക് ശേഷം സമ്പൂര്‍ണ ദൈര്‍ഘ്യമുള്ള ഹിന്ദി നാടകവേദിയിലേക്കും വൃക്ഷ് തിയേറ്റര്‍ ആത്മവിശ്വാസത്തോടെ കടന്നുകയറുന്നുവെന്ന സൂചനയാണ് *ബല്ലഭ്പൂര്‍ കി രൂപകഥ*യുടെ വിജയം നല്‍കുന്നത്.

2015-ല്‍ കേരള ക്ലബ്ബില്‍ രൂപംകൊണ്ട വൃക്ഷ് തിയേറ്റര്‍, സാമൂഹിക പ്രതിബദ്ധതയോടും പരീക്ഷണാത്മക നാടകശൈലികളോടും അടുപ്പമുള്ള കലാകാരന്മാരുടെ കൂട്ടായ്മയായാണ് തുടക്കം കുറിച്ചത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന, പുതുമയാര്‍ന്ന അവതരണങ്ങളിലൂടെയും യുവ നാടകപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധേയമായി മാറി. ഇന്ത്യയില്‍ ആദ്യമായി മൈക്രോ ഡ്രാമ ആശയം പ്രചരിപ്പിക്കുകയും ദേശീയ തലത്തില്‍ തെസ്പിസ് നാഷണല്‍ മൈക്രോ ഡ്രാമ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയും ചെയ്തത് വൃക്ഷ് തിയേറ്ററിന്‍റെ പ്രധാന സംഭാവനകളിലൊന്നാണ്.

ചുരുങ്ങിയ ദൈര്‍ഘ്യത്തില്‍ ശക്തമായ അവതരണങ്ങള്‍ സൃഷ്ടിക്കുന്ന മൈക്രോ ഡ്രാമ ശൈലിയെ ദേശീയ തലത്തില്‍ ശ്രദ്ധേയമാക്കുന്നതില്‍ തെസ്പിസ് നിര്‍ണായക പങ്കുവഹിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുതുമുഖ സംവിധായകര്‍, അഭിനേതാക്കള്‍, നാടകകൃത്തുകള്‍ എന്നിവര്‍ക്ക് അവരുടെ സൃഷ്ടികള്‍ അവതരിപ്പിക്കാനുള്ള വേദിയായി ഈ ഫെസ്റ്റിവല്‍ മാറി. അതേസമയം, ബല്ലഭ്പൂര്‍ കി രൂപകഥ ഒരു മൈക്രോ ഡ്രാമയല്ല; സമ്പൂര്‍ണ ദൈര്‍ഘ്യമുള്ള ഹിന്ദി നാടകമായാണ് ഇത് അരങ്ങേറിയത്. പ്രശസ്ത ബംഗാളി നാടകകൃത്തായ ബദല്‍ സര്‍ക്കാര്‍ രചിച്ച കൃതിയെ ആസ്പദമാക്കിയുള്ള ഈ നാടകം, സാമൂഹിക പരിഹാസവും നര്‍മ്മവും സസ്പെന്‍സും കലര്‍ന്ന അവതരണ ശൈലിയിലൂടെ പ്രേക്ഷകശ്രദ്ധ നേടി. സാമ്പത്തിക പ്രതിസന്ധിയിലായ ഒരു രാജകുടുംബവും അവരുടെ തകര്‍ന്നുപോകുന്ന കൊട്ടാരവും അതിനെ ചുറ്റിപ്പറ്റിയുള്ള അതിഭൗതികവും മാനസികവുമായ സംഭവവികാസങ്ങളുമാണ് നാടകത്തിന്‍റെ പ്രമേയം. അധികാരത്തിന്‍റെ തകര്‍ച്ച, മാനവലോഭം, തിരിച്ചറിവ്, സാമൂഹിക വ്യവസ്ഥകളിലെ മാറ്റങ്ങള്‍ എന്നിവയെ നര്‍മ്മഭാവത്തില്‍ അവതരിപ്പിക്കുന്നതിലാണ് നാടകത്തിന്‍റെ പ്രത്യേകത.

ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഉത്സവം

കേരളത്തിന് പുറത്തേക്ക് ഒരു മലയാളി പ്രവാസിയായി പോകുമ്പോള്‍ കൂടെ കൊണ്ടുപോകുന്നത് ഭാഷയും കേരളത്തിന്‍റെ സംസ്കാരവുമാണ്. അത്തരത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയില്‍ എത്തപ്പെട്ട ഒരു കൂട്ടം മലയാളികള്‍ ചേര്‍ന്ന് രൂപം കൊടുത്ത ക്ഷേത്രമാണ് ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഫേസ് ഒന്നില്‍ സ്ഥിതി ചെയ്യുന്ന ഉത്തരഗുരുവായുരപ്പന്‍ ക്ഷേത്രം. അവിടെ എല്ലാ വര്‍ഷവും കേരളീയ സാംസ്കാരിക തനിമയോടുകൂടിയ ഉത്സവ ആഘോഷങ്ങള്‍ നടക്കുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. ജാതി മത വ്യത്യാസമില്ലാതെ ആര്‍ക്കും ക്ഷേത്ര ദര്‍ശനം നടത്താം. കേരള സംസ്കാരത്തെ രാജ്യതലസ്ഥാനത്ത് അവതരിപ്പിക്കുന്ന ഒരു വേദിയായി ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രം മാറിയിരിക്കുന്നു എന്ന് തന്നെ പറയാം. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ നടക്കുന്ന ഉത്സവ ആഘോഷങ്ങള്‍ പോലെ തന്നെയാണ് ഇവിടെയും ആഘോഷം നടക്കുന്നത്. കേരളത്തിന്‍റെ തനതായ എല്ലാ തനത് കലാരൂപങ്ങള്‍ ഇവിടെ ഉത്സവത്തിന്‍റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്നു എന്നുള്ളത് ഏറെ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ അനുജന്‍ നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ച ചടങ്ങിലാണ് മെയ് 10ന് കൊടിയേറ്റ ചടങ്ങ് നടന്നത്. സോപാനസംഗീതം, നൃത്തസംഗീത നാടകം, വയലിന്‍ കച്ചേരി, കഥകളി, കഥകളിപ്പദക്കച്ചേരി, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍ക്കൂത്ത്, നാവോറ് പാട്ട്, നാടന്‍പാട്ടുകളും ദൃശ്യാവിഷ്കരണവും തുടങ്ങി ഒട്ടേറൈ കലാ പരിപാടികള്‍ ഉണ്ടായിരുന്നു.

ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവല്‍

രാജ്യ തലസ്ഥാനത്തെ സിനിമ പ്രേക്ഷകര്‍ക്ക് എന്നും ആശ്വാസമാണ് ഹാബിറ്റേറ്റ് ഫിലിം ഫെസ്റ്റിവല്‍. 20 ഭാഷകളില്‍ നിന്നുള്ള 46 ഫീച്ചര്‍ സിനിമകള്‍, 15 ഡോക്യുമെന്‍ററികള്‍,16 ഹ്രസ്വചിത്രങ്ങള്‍ എന്നിവയാണ് 10 ദിവസങ്ങളിലായി നീണ്ടുനിന്ന ഹാബിറ്റേറ്റ് ഫിലിം ഫെസ്റ്റിവല്‍ പ്രദര്‍ശിപ്പിച്ചത്. ഇന്ദിരാഗാന്ധി നാഷനല്‍ സെന്‍റര്‍ ഫോര്‍ ആര്‍ട്സിന്‍റെ നേത്യത്ത്വത്തില്‍ ഫിലിം പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചത് ഏറെ ആകര്‍ഷണമായി. 1950 മുതലുള്ള പ്രധാന സിനിമകളുടെ പോസ്റ്ററുകള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ചു ഡോക്യുമെന്‍ററികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഡോക്യുമെന്‍ററി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ 2025ല്‍ നിര്‍മിച്ച മികച്ച ഡോക്യുമെന്‍ററികളും പ്രദര്‍ശിപ്പിച്ചിരുന്നു. അന്തരിച്ച പിന്നണി ഗായിക ആശ ഭോസ്ലെയെ ആദരിക്കുന്ന മേളയില്‍ 'ഉംറാവു ജാനി'ന്‍റെ പ്രദര്‍ശനവും നടത്തി. 'ചുപ്കെ ചുപ്കെ' ഉള്‍പ്പെടെയുള്ള ക്ലാസിക് ചിത്രങ്ങളിലൂടെ നടന്മാരായ ധര്‍മേന്ദ്രയ്ക്കും ഗോവര്‍ധന്‍ അസ്രാനിക്കും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചിരുന്നു. പ്രദര്‍ശിപ്പിച്ച  വിവിധ ചിത്രങ്ങളുടെ സംവിധായകരുമായി സിനിയാ പ്രേമികള്‍ക്ക് സംവദിക്കാനും അവസരമുണ്ടായിരുന്നു. ഹാബിറ്റാറ്റ് ചലച്ചിത്രമേളയില്‍ മലയാളത്തില്‍ നിന്നുള്ള ഫാസില്‍ റസാക്കിന്‍റെ 'മോഹ'മായിരുന്നു ഉദ്ഘാടനച്ചിത്രം.  ണ് ഇന്നലെ പ്രദര്‍ശിപ്പിച്ചത്. റിനോഷനിന്‍റെ 'ശവപ്പെട്ടി', സജിന്‍ ബാബുവിന്‍റെ 'തിയറ്റര്‍', പി. ഭാസ്കരന്‍ രാമു കാര്യാട്ട് കൂട്ടുകെട്ടിന്‍റെ 'നീലക്കുയില്‍',  കെ.വി.തമറിന്‍റെ 'സര്‍ക്കീട്ട്', സഞ്ജു സുരേന്ദ്രന്‍റെ 'ഘിട്കി ഗാവ്', ടോം ജേക്കബിന്‍റെ 'കലാം ഫിഫ്ത് സ്റ്റാന്‍ഡേഡ്' എന്നീ മലയാള ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു.

പക്ഷികളുടെ പ്രിയപ്പെട്ട മനോജ് നായര്‍

സുല്‍ത്താന്‍പൂര്‍ നാഷ്ണല്‍ പാര്‍ക്കില്‍, ഒരു ആഴ്ചയോളം കൊക്കില്‍ പ്ലാസ്റ്റിക് വളയം കുടുങ്ങിയതിനെ തുടര്‍ന്ന് 2018 ജൂണ്‍ മാസം ഓസ്ട്രേലിയന്‍ കറുത്ത കഴുത്തുള്ള കൊക്കോ പക്ഷിയെ രക്ഷപ്പെടുത്തിയത് വാര്‍ത്തയായിരുന്നു. കൊക്കില്‍ ഒരു പ്ലാസ്റ്റിക് വളയം കുടുങ്ങിയതിനാല്‍ പക്ഷിക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിഞ്ഞില്ല. അഞ്ച് ദിവസം ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യാതിരുന്നത് പക്ഷിയുടെ ആരോഗ്യത്തെ ബാധിച്ചു. അഞ്ച് ദിവസത്തെ തുടര്‍ച്ചയായ തിരച്ചിലിനുശേഷമാണ് പക്ഷിയെ പിടികൂടി രക്ഷിച്ചത്. കൊക്കില്‍ ഒരു പ്ലാസ്റ്റിക് വളയം കുടുങ്ങിയ ഫോട്ടോ എടുത്തതും രക്ഷയ്ക്കായി അഭ്യര്‍ത്ഥിച്ചതും ഫോട്ടാഗ്രാഫറായ കോഴിക്കോട് പയ്യോളി സ്വദേശിയായ മനോജ് കരുമാനക്കണ്ടി എന്ന മനോജ് നായരാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജൂണ്‍ 7 ന് പക്ഷിയെ കണ്ടെത്തി, ഒടുവില്‍ ജൂണ്‍ 13 ന് രക്ഷപ്പെടുത്തി. കുറച്ചുകാലം നിരീക്ഷണത്തില്‍ വച്ച ശേഷം അതിനെ കാട്ടിലേക്ക് തുറന്നുവിട്ടു. കൊക്കോയുടെ കൊക്കില്‍ അബദ്ധത്തില്‍ കുടുങ്ങിയ റബ്ബര്‍ സ്റ്റോപ്പര്‍ ഒരു കുപ്പിയില്‍ നിന്നോ ക്യാനില്‍ നിന്നോ വന്നതാകാമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നത്. മനോജ് നായര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത് ഡല്‍ഹിയിലെ ഒരു  എന്‍ജിഒയിലാണ്. പ്രാദേശിക ഗ്രാമീണരുടെ ഉപജീവനമാര്‍ഗ്ഗത്തെ പിന്തുണയ്ക്കുന്ന ഒരു കമ്മ്യൂണിറ്റി അധിഷ്ഠിത സമീപനത്തിലൂടെ സുരക്ഷിതമല്ലാത്ത തണ്ണീര്‍ത്തടങ്ങളുടെ  സംരക്ഷണത്തിനുമായിട്ടാണ് അവരുടെ എന്‍ജിഒ പ്രവര്‍ത്തിക്കുന്നത്. തണ്ണീര്‍ത്തട സംരക്ഷണവും സമൂഹക്ഷേമവും പരസ്പരം കൈകോര്‍ക്കുന്ന ഒരു സുസ്ഥിര സംരക്ഷണ മാതൃക സൃഷ്ടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഈ ആവാസവ്യവസ്ഥകളുടെ പങ്കാളികളായും സംരക്ഷകരായും പ്രാദേശിക ഗ്രാമീണരെ ഉള്‍പ്പെടുത്തുന്നതിലൂടെ, ജൈവവൈവിധ്യം, ദേശാടന പക്ഷികളുടെ ആവാസ വ്യവസ്ഥകള്‍, പ്രകൃതിദത്ത ജലസ്രോതസ്സുകള്‍ എന്നിവ സംരക്ഷിക്കുന്നതിനൊപ്പം ഉപജീവന അവസരങ്ങള്‍ സൃഷ്ടിക്കാനും അവര്‍ ലക്ഷ്യമിടുന്നു. മനോജ് നായരുടെ പ്രശസ്തമായ പക്ഷി ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാണ് സാരസ് (ക്രൗഞ്ച പക്ഷി) പക്ഷികളുടേത്. സാരസ് ക്രെയിന്‍ ( ആന്‍റിഗണി ആന്‍റിഗണി ) ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ ചില ഭാഗങ്ങളിലും, തെക്കുകിഴക്കന്‍ ഏഷ്യയിലും, വടക്കന്‍ ഓസ്ട്രേലിയയിലും കാണപ്പെടുന്ന ഒരു വലിയ ദേശാടനരഹിത പക്ഷിയാണ് കൊക്കുകളുടെ ഇനത്തില്‍ പെടുന്ന സാരസ്. പറക്കുന്ന പക്ഷികളില്‍ ഏറ്റവും ഉയരമുള്ള ഇവ 1.8 മീറ്റര്‍ (5 അടി 11 ഇഞ്ച്) വരെ ഉയരത്തില്‍ നില്‍ക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ കാവ്യമായ രാമായണം രചിക്കാന്‍ മഹാനായ വാല്‍മീകി മുനിക്ക് പ്രചോദനമായത് ക്രൗഞ്ച പക്ഷികളാണ്. ഇണചേര്‍ന്നു കൊണ്ടിരുന്ന ക്രൗഞ്ച പക്ഷികളില്‍ ഒന്നിനെ ഒരു വേട്ടക്കാരന്‍ അമ്പെയ്തു വീഴ്ത്തി. ഇണയുടെ ദയനീയമായ വിലാപം കണ്ടു ദുഃഖിതനായ മുനി വേട്ടക്കാരനെ ശപിച്ചു. ഈ ശാപവചനമാണ് 'മാ നിഷാദ...' എന്ന് തുടങ്ങുന്ന സംസ്കൃത ശ്ലോകവും രാമായണത്തിലെ ആദ്യ കാവ്യവുമായി മാറിയത്. ഫോട്ടോഗ്രാഫി വിനോദയായി മാറ്റിയ മനോജിന് പക്ഷികളുടെ ഫോട്ടോ എടുക്കുന്നതില്‍ നൂറിലേറെ പുരസ്കാരങ്ങള്‍ ലഭിച്ചു കഴിഞ്ഞു.